കാറ്റു പറഞ്ഞ കഥ/ അദ്ധ്യായം 8

196
0

വേനല്‍ക്കാലം വന്നു. വേനല്‍ചുഴലിയേയും കൊണ്ടു വന്നു. പെട്ടെന്നു ഒരു വിങ്ങലോടെ അതു വരും. കാറ്റ് ചുഴറ്റിക്കളയും. മണല്‍ രാക്ഷസസര്‍പ്പമായി രൂപമെടുത്ത് ആകാശം മുട്ടെ ചുഴറ്റി വളരും.

തുള്ളിപ്പുളയും തോട്ടിന്‍ വക്കില്‍
ഉയരും ചൂണ്ടല്‍ കമ്പിപ്പിടിയില്‍
കോര്‍ത്തിട്ട മറ്റിരപോല്‍
കൂനിപ്പിടിച്ചിരിക്കും ചെക്കന്മാര്‍
തന്‍ വാടിയ മുഖങ്ങളില്‍ കാത്തിരിപ്പിന്‍
വൈവശ്യം ഉലയൂതുന്നു.

കാത്തിരിപ്പ്,
വാക്കുകള്‍ ഏകാന്തതകൊണ്ട് നനഞ്ഞ്, കുതിര്‍ന്ന,് വിറങ്ങലിച്ചു നില്‍ക്കുന്നു. തെരുവു വിളക്കുകളുമണഞ്ഞ് കണ്ണുകാണാനാകാതെ കാലം ചലനമറ്റു കിടക്കുന്നു. എന്റെ ഓര്‍മയുടെ കവാടങ്ങളെല്ലാം മലര്‍ക്കെ തള്ളിത്തുറക്കപ്പെട്ട,് നിന്നെക്കുറിച്ചുള്ള ചിന്തകള്‍ സ്‌നേഹപ്പൂത്തുമ്പികളായി തലങ്ങും വിലങ്ങും ചിറകടിക്കുന്നു.
ഇവിടെ ഇപ്പോള്‍ എല്ലാത്തിനും ഒരേ നിറമാണ്. ആകാശത്തിന്റെ ചാരനിറം.
കാത്തിരിപ്പ് മരണമാണ്. ഓരോ നിമിഷവും സംഭവിച്ചുകൊണ്ടിരിക്കുന്ന മരണം. ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്ന മരണം.
ഇന്നെത്ര ദിവസമായി
തിങ്കള്‍ക്ക് തിങ്കളെട്ട് ചൊവ്വ ഒന്‍പത് ബുധന്‍ പത്ത് വ്യാഴം പതിനൊന്ന് വെള്ളി പന്ത്രണ്ട്
എന്റെ പ്രാണന്‍, വാക്കുകളായി നിന്റെ അടുത്തെത്തിയിട്ട് ഇന്ന് പന്ത്രണ്ടു ദിനരാത്രങ്ങള്‍. അതെന്താ മടങ്ങി വരാത്തത്, സ്‌നേഹത്തിന്റെ ജലവിതാനമറിയാനുള്ള സമയം അതിക്രമിച്ചുവല്ലോ. വഴിയില്‍ എച്ചിലുകള്‍ കൊത്തി അത് അലയില്ലല്ലോ. പിന്നെന്തിയേ…?ഇന്നെത്ര ദിവസമായി.
കാത്തിരിപ്പ് വേവലാതിയാണ്
ആണോ /അല്ലയോ, വേണോ/വേണ്ടയോ, എത്തുമോ/എത്തില്ലയോ, കിട്ടുമോ/കിട്ടില്ലയോ, വരുമോ/വരില്ലയോ, തരുമോ /തരില്ലയോ, കാണുമോ/കാണില്ലയോ, ചെയ്യുമോ/ചെയ്യില്ലയോ, കൊടുക്കുമോ/കൊടുക്കില്ലയോ, തെറ്റുമോ/തെറ്റില്ലയോ,
പറയുമോ/പറയില്ലയോ. കുറെ ”ഓ” കള്‍
ഇന്നെത്ര ദിവസമായി….
മടങ്ങിവരുന്ന ഓരോ എഴുത്തും/സൃഷ്ടിയും ഓരോ ഗര്‍ഭം അലസലാണ്. അപ്പോള്‍ എത്താതെയും, മടങ്ങിവരാതെയും ഇരുന്നാലോ? ഇനി വഴിതെറ്റിയോ. ഏയ്
സുനിതാ ജനാര്‍ദ്ദനന്‍/ മനയ്ക്കകുഴിയില്‍/ പരീക്കപ്പീടിക /ആവോലി. പി. ഒ./മൂവാറ്റുപുഴ. അങ്ങനെ തന്നെയല്ലേ എഴുതിയത്, അതേന്നേ. അങ്ങനെ തന്നെയാണ.് പല ആവര്‍ത്തി വായിച്ചുനോക്കി ഉറപ്പാക്കിയതാണ്. എന്നാലും, ഇത്രയും ദിവസങ്ങളായിട്ടും. ഇരിക്കപ്പൊറുതിയില്ലായ്മയുടെ ഒരു കടലായി ദിവസങ്ങള്‍ കടന്നുപൊയ്‌ക്കൊണ്ടിരുന്നു. എത്ര ദിവസങ്ങളായി. ഒരാഴ്ച രണ്ടാഴ്ച. എന്റെ പ്രാവുകളൊന്നും മടങ്ങിയെത്തിയില്ലല്ലോ. ഒരു സ്‌നേഹ സന്ദേശവും എനിക്കായ് ഇല്ലല്ലോ
ദൈവമേ,. എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോള്‍ ഒരു പ്രതീക്ഷയുണ്ടാകും. അതാണ് ദൈവം. ജോണ്‍ സാമുവേലിന്റെ നിഘണ്ടുവിലെ അവസാനത്തെ വാക്കായിരുന്നു ദൈവം. ഒരു പക്ഷേ ആദ്യത്തേതും.
ജോണ്‍ സാമുവേല്‍ വിളിച്ചു. ദൈവമേ, ഒരുത്തരവും ഇല്ലല്ലോ.
കാത്തിരിപ്പ് ഒരു പ്രതീക്ഷയാണ്
എല്ലാ കാത്തിരിപ്പുകളും ആത്യന്തികമായി എത്തിച്ചേരുന്നിടം ഒരു പ്രതീക്ഷയിലാണ്. ദൈവ തിരുഹിതം നിറവേറപ്പെടുമെന്ന പ്രതീക്ഷ. ജോണ്‍ സാമുവേല്‍ പിന്നെയും വിളിച്ചു. ദൈവമേ,

ആ ദിവസ്സങ്ങളിലാകെ സന്ദേഹത്തിന്റെ ചില സൂചിമുനകള്‍ ജോണ്‍ സാമുവേലില്‍ പതിയുന്നുണ്ടായിരുന്നു. ഏയ,് തോന്നലാകാം. സന്ദേഹങ്ങളും നിരാസങ്ങളും കൂടിക്കുഴഞ്ഞപ്പോള്‍ രണ്ടും കല്‍പ്പിച്ച് റീത്ത ചോദിച്ചു: ജോണ്‍ ഞാനീ ദിവസങ്ങളില്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജോണിലെന്തൊക്കെയോ മാറ്റങ്ങള്‍. ഇന്നലെ കോളേജിലെ സ്റ്റാഫ് റൂമില്‍ വച്ച് സൂസന്നയും ചോദിച്ചു ”സാറിനെന്തു പറ്റി. വല്ലാത്തൊരു മൗനമാണല്ലോ” എന്ന്. അവള്‍ ഒന്നു കൂടി ചോദിച്ചു നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും….
എന്താ ജോസ?
സ്‌നേഹം കൂടുമ്പോള്‍ അവള്‍ ജോസ (ജോണ്‍ സാമുവേല്‍) എന്നാണ് വിളിക്കാറുള്ളതെന്ന,് ജോണ്‍ സാമുവേല്‍ ഓര്‍ത്തുപോയി. വെറുമൊരു മറുപടിയില്‍ അവളുടെ വേവലാതികള്‍ ഒതുക്കിവയ്ക്കാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും, അയാള്‍ അവളോടുള്ള സ്‌നേഹം കൊണ്ടു പറഞ്ഞു ”ഒന്നുമില്ല”
എന്നാലും. അവളുടെ വാക്കുകള്‍ക്കും, വാക്കുകളിലെ വാത്സല്യത്തിനും ആയിരം മണിച്ചിത്രത്താഴുകള്‍ തകര്‍ക്കുവാനുള്ള ശക്തിയുണ്ടായിരുന്നു. അയാള്‍ തരളിതനായി
എനിക്കൊരെഴുത്ത് വന്നോ……?
എഴുത്തോ….. ആരുടെ. ആരുടേതായാലും ഞാന്‍ ജോസയുടെ എഴുത്തു വായിക്കാറില്ലല്ലോ. പൊട്ടിച്ചു നോക്കാറുപോലുമില്ലല്ലോ.
അതല്ല…… ഒരെഴുത്ത്
എന്താണ് ജോണ്‍ തെളിച്ചുപറ. നമ്മള്‍ തമ്മില്‍ രഹസ്യങ്ങളില്ലല്ലോ. ഞാന്‍ നിനക്കും. നീ എനിക്കും മാത്രമല്ലേ. പിന്നെന്തിയേ.
ഏയ് ഒന്നുമില്ല. സംശയത്തിന്റ ഇത്തിരി തീപ്പൊരികള്‍ റീത്തയുടെ മനസ്സിലെ ഉമിപ്പാത്രത്തില്‍ വിതറിയിട്ട് അയാള്‍ സംസാരം നിര്‍ത്തി, സ്വന്തം മുറിയിലേക്ക് പോയി. മുറിയില്‍ നിന്ന് ഒരു കസേര എടുത്ത് ജനാലയോടു ചേര്‍ത്തിട്ട് പുറത്തെ ആകാശത്തേക്ക് നോക്കി ഇരുന്നു. അപ്പോഴും മനസ്സ് ഉരുവിട്ടുകൊണ്ടിരുന്നു ദൈവമേ….,പ്രാര്‍ത്ഥന ഒരാശ്വാസമോ,മാര്‍ഗ്ഗമോ, ഒരു പോം വഴിയോ ആകാതെ വന്നപ്പോള്‍ ജോണ്‍ സാമുവേല്‍ ബൈബിള്‍ കയ്യിലെടുത്തു. ദൈവമേ, എന്നു വിളിച്ചിട്ട,് കണ്ണടച്ച,് ബൈബിള്‍ പകുത്ത്, കൈതൊട്ട വചനം മുതല്‍ വായന തുടങ്ങി
ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകള്‍ ആനന്ദം കൊണ്ട് ആര്‍ത്തു വിളിക്കാന്‍ അങ്ങ് ഇടയാക്കുന്നു.അവിടന്നു ഭൂമിയെ സന്ദര്‍ശിച്ച് അതിനെ നനയ്ക്കുന്നു. അങ്ങ് അതിനെ അത്യധികം ഫലപുഷ്ടമാക്കുന്നു. ദൈവത്തിന്റെ നദി നിറഞ്ഞൊഴുകുന്നു. അവിടുന്ന് ഭൂമിയെ ഒരുക്കി അവര്‍ക്ക് ധാന്യം നല്‍കുന്നു. അവിടുന്ന് അതിന്റെ ഉഴവുചാലുകളെ സമൃദ്ധമായി നനയ്ക്കുന്നു. കട്ടയുടച്ച് നിരത്തുകയും മഴവര്‍ഷിച്ച് അതിനെ കുതിര്‍ക്കുകയും ചെയ്യുന്നു. അവിടുന്ന് അതിന്റെ മുളകളെ അനുഗ്രഹിക്കുന്നു. സംവത്സരത്തെ അവിടുന്ന്‌സമൃദ്ധികൊണ്ടു മകുടം ചാര്‍ത്തുന്നു
അങ്ങയുടെ രഥത്തിന്റെ ചാലുകള്‍ പുഷ്ടി പൊഴിക്കുന്നു. മരു പ്രദേശത്തെപുല്‍പ്പുറങ്ങള്‍ സമൃദ്ധിചൊരിയുന്നു. കുന്നുകള്‍ സന്തോഷം അണിയുന്നു. മേച്ചില്‍പ്പുറങ്ങള്‍ ആട്ടിന്‍കൂട്ടങ്ങളെ കൊണ്ട് ആവൃതമാകുന്നു. താഴ്‌വരകള്‍ ധാന്യം കൊണ്ട് മൂടിയിരിക്കുന്നു. സന്തോഷം കൊണ്ട് അവ ആര്‍ത്തു പാടുന്നു.
അരയാല്‍ ചോദിച്ചു: വളരെ ജ്ഞാനിയല്ലേ.
കാറ്റു വിനീതനായി: അല്ല. അങ്ങയോളം വലിപ്പം എനിക്കില്ല.
അരയാലിന്റെ മനസ്സില്‍ എന്തോ ഉണ്ടെന്നു കണ്ട കാറ്റ് ചോദിച്ചു:എന്താ
അരയാല്‍: ദുഃഖത്തിലും സന്തോഷത്തിലും ഒരേ പോലെ ഉപയോഗിക്കാന്‍ പറ്റിയ ഒരു സൂക്തം പറയാമോ. സ്ഥിതപ്രജ്ഞനാകാന്‍ അരയാല്‍ തണല്‍ തേടുന്നവര്‍ക്കായിട്ടാണ്.
കാറ്റ്:പരീക്ഷിക്കുകയാണോ. അങ്ങയുടെ ആത്മജ്ഞാനത്തിനു മുന്നില്‍ ഞാന്‍….
അരയാല്‍:അല്ല. എന്റെ വഴികള്‍ നേരേ വാ നേരേ പോ ആണല്ലോ. അതറിയാവുന്നതല്ലേ. എന്നിട്ടും.
കാറ്റ്:ഞാന്‍ വെറുതെ. ഒന്നു പരീക്ഷിക്കാന്‍. അതെന്റെ ഒരു സ്വഭാവമല്ലേ. എന്റെ അറിവില്‍ ഏറ്റവും നല്ലത് ”ഇതും കടന്നുപോകും” എന്നതാണത്
അരയാല്‍ മൗനത്തിലാണ്ടു. ധ്യാനത്തിന്റെ ആഴങ്ങളിലേക്ക് കണ്ണുകള്‍ പൂട്ടി.
കാറ്റ് ദൂരെനിന്നും റീത്തയോടു പറഞ്ഞു ”ഇതും കടന്നു പോകും.” പക്ഷേ, റീത്ത അതു കേട്ടില്ല. റീത്ത അപ്പോള്‍ ആഴമാര്‍ന്ന ചിന്തയിലായിരുന്നു. ഒരെഴുത്ത്….!ഞാനറിയരുതെന്ന് ജോണ്‍ സാമുവേല്‍ ആഗ്രഹിക്കുന്ന ഒരെഴുത്ത്….!ജോണ്‍ അങ്ങനെ പറഞ്ഞോ….?ജോണ്‍ അങ്ങനെ പറഞ്ഞില്ല. പക്ഷേ, ആ ശരീരഭാഷ. പൂര്‍ണ്ണവിരാമമിട്ടുള്ള സംഭാഷണം നിര്‍ത്തല്‍….എന്താണ് ജോണ്‍ മറയ്ക്കാന്‍ ശ്രമിക്കുന്നത്. അല്ലെങ്കില്‍ ജോണ്‍ എന്തെങ്കിലും മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടോ…പതിനെട്ടും, പതിനഞ്ചും വയസ്സുള്ള രണ്ടു മക്കളായി, രണ്ട് പെണ്‍മക്കള്‍ ഈ കാലമത്രയും ജോണ്‍ ഒന്നും മറച്ചു വച്ചിട്ടില്ല. ഞാനും. ഞങ്ങളുടെ ജീവിതം ഒരു തുറന്ന പുസ്തകമായിരുന്നു. ഇനിയങ്ങോട്ടും ഞാനതാണ് ആഗ്രഹിക്കുന്നത്.പക്ഷേ, ഈ നിമിഷത്തിനുമേല്‍ ഒരു സന്നിഗ്ദ്ധത മൂടി നില്‍ക്കുന്നു. നിശ്ചല ജലാശയത്തില്‍ ഒരു കൊച്ചുകല്ല് വീണതു പോലെ,
ഒരെഴുത്ത്…..ആരുടെയായിരിക്കും. ആരുടെയായിരിക്കാം. ഞാനറിയരുതെന്ന് ജോണ്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍……
സ്വാഭാവികമായും അതൊരു സ്ത്രീയുടേതാകാം. ഒരേ കോളേജില്‍ ഒരേ വിഷയം പഠിപ്പിക്കുന്ന….ഒരേ കോളേജില്‍ ഒരേ വിഷയം പഠിച്ച….ഒരേ കോളേജില്‍ വര്‍ഷങ്ങള്‍ ഒരുമിച്ചു പഠിച്ച….ജീവിതത്തില്‍ ഒരാളെ മാത്രം പരസ്പരം പ്രണയിച്ച ….മാതാപിതാക്കളുടെ പൂര്‍ണ്ണസമ്മതത്തോടെ വിവാഹജീവിതത്തില്‍ പ്രവേശിച്ച…ഞങ്ങളുടെ ഇടയില്‍ അങ്ങനെയൊരു പെണ്ണോ….ഞാനറിയാത്ത ഏതൊരു പെണ്ണ്…ഏയ്….. അങ്ങനെയൊരു പെണ്ണില്ല. ഒരു സാധ്യതാ പഠനത്തിനൊടുവില്‍, റീത്ത അത് എഴുതി തള്ളി.
പിന്നെ ഒരെഴുത്ത്….ഏതെങ്കിലും സാമ്പത്തിക ഇടപാടിന്റെ ജപ്തി….റിക്കവറി…..അറിയിപ്പ്…..നോട്ടീസ്….ഞങ്ങള്‍ക്ക് രണ്ട് പണപ്പെട്ടികള്‍ ഇല്ലല്ലോ. അപ്പോള്‍ ഞാനറിയാതെ ഒരു സാമ്പത്തിക ഇടപാട്. ഏയ്….ആ സാദ്ധ്യതയും റീത്ത തള്ളിക്കളഞ്ഞു.
ഇനി ജോലി സംബന്ധമായ….കാരണം കാണിക്കല്‍ നോട്ടീസ്. വിശദീകരണം നല്‍കല്‍.കുറിപ്പ്. അങ്ങനെയൊരു സാധ്യതയും ഇല്ല. ബന്ധുക്കളുടെ, മിത്രങ്ങളുടെ, സഹോദരങ്ങളുടെ ആണെങ്കില്‍ തന്നെ അതെന്നില്‍ നിന്നും മറച്ചു വയ്ക്കണോ.
അപ്പോള്‍….റീത്ത ഒരു തീരുമാനത്തിലെത്തി. സൂസന്ന പറഞ്ഞതാണ് ശരി. ഏതെങ്കിലുമൊരു സ്ത്രീ. എങ്കില്‍ അതൊന്നു കണ്ടുപിടിക്കണം. അത് റീത്തയുടെ ഒരു തീരുമാനമായിരുന്നു. ചുവന്ന മഷിയില്‍ ഒപ്പിട്ട ഒരു തീരുമാനം.
യാത്ര പുറപ്പെടുന്നതിനു മുമ്പേ, ഓര്‍ത്തോര്‍ത്ത് ഹൃദ്യസ്ഥമാക്കിയ സ്ഥലനാമങ്ങള്‍ മനസ്സിലുണ്ടായിരുന്നെങ്കിലും, മനസ്സിന്റെ അനുസരണക്കേടില്‍ അക്ഷരങ്ങള്‍ മാറിപ്പോയാലോ എന്ന പേടിയില്‍ ഒരു മുന്‍കരുതലായി, തലേന്നു തന്നെ ഒരു വെള്ളക്കടലാസ്സില്‍ അതെഴുതി, വളരെ ഭദ്രമായി ഷര്‍ട്ടിന്റെ ഉള്ളിലെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്നു.
സുനിതാ ജനാര്‍ദ്ദനന്‍/മനയ്ക്കക്കുഴിയില്‍/പരീക്കപ്പീടിക/ആവോലി. പി. ഒ./മൂവാറ്റുപുഴ.യാത്രക്കൊരുങ്ങുമ്പോള്‍ ഹൃദയത്തോട് ചേര്‍ത്ത് അത് ഭദ്രമായി വച്ചിരുന്നു. രാവിലെ എങ്ങോട്ടാണ് എന്ന റീത്തയുടെ ചോദ്യത്തിന് ഉത്തരങ്ങളുടെ പെരുക്കങ്ങളുണ്ടായിട്ടുപോലും ഒരു മറുപടി അനാവശ്യമാണെന്നു തോന്നി. കാരണം അതൊക്കെ വെ റും നുണകളല്ലേ. ഇതുവരെ റീത്തയോട് നുണ പറയാന്‍ കഴിഞ്ഞിട്ടില്ലല്ലോ. യാത്രയ്ക്ക്, കളവുപോയ സീതാന്വേഷണത്തിന്റെ പരിവേഷമുണ്ടായിരുന്നു. രാമനെപ്പോലെ എനിക്കും സുനിതയെ കളഞ്ഞു പോകാന്‍ വയ്യല്ലോ. ഒരു അഡ്രസിന്റെ പിന്‍ബലത്തില്‍ മനസ്സില്‍ നേരിയൊരു പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അതിലേറെ ആശങ്കകളായിരുന്നു.
ഒരഡ്രസ്, പേര് ശരിയാണ്. സുനിത. സുനിതാ ജനാര്‍ദ്ദനന്‍. ആ പേര് തന്നെയാണ് ഡോക്ടര്‍ ജോസിന്റെ ചെറുപുഷ്പം ആശുപത്രിയില്‍ നേഴ്‌സ് വിളിച്ചത് ബാക്കിയുള്ളവ. വീട്ടുപേര്,സ്ഥലപ്പേര്,പോസ്റ്റ് ഓഫീസ് ഒക്കെ കളവായി മറ്റേ പെണ്‍കുട്ടി, (എന്താണവളുടെ പേര്…. ഓ….! അതു മറന്നു. ആരെങ്കിലുമാകട്ടെ) പറഞ്ഞതാണെങ്കിലോ….എന്തായാലും ആകട്ടെ…. എല്ലാം ഒരു പരീക്ഷണമല്ലേ. ആദ്യത്തെ പരീക്ഷണം പരാജയപ്പെട്ടു.
ഒന്നല്ല. ഒന്ന്, രണ്ട്, മൂന്ന്, നാല്, എഴുത്തുകള്‍. ഒന്നും മടങ്ങിവന്നില്ല. ഒന്നിനും മറുപടിയും വന്നില്ല. അതു കൊണ്ട് മറ്റൊരു പരീക്ഷണം. ഇതും പരാജയപ്പെട്ടാലോ. ജോണ്‍ സാമുവേലിന് അത് ചിന്തിക്കാന്‍ കൂടി കഴിയുമായിരുന്നില്ല. ആ ചിന്തകളെ ഒഴിവാക്കാന്‍ വണ്ടിയുടെ സ്പീഡിത്തിരി കുറച്ച് ജോണ്‍ മാനത്തേക്കു നോക്കി. മാനത്തേക്കു നോക്കിയപ്പോള്‍ മനസ്സിനൊപ്പം മാനവും ഇരുളുകായിരുന്നു. ഇത്തിരി മുന്‍പത്തെ ആകാശത്തിന്റെ കോണില്‍ മാത്രമേ ഇരുളിമ ഉണ്ടായിരുന്നുള്ളു. അതു ക്രമേണ യാത്രയ്‌ക്കൊപ്പം വളര്‍ന്നു വരാന്‍ തുടങ്ങിയിരുന്നു. ഭൂമിയില്‍ ഇരുളു പരക്കുന്നതറി ഞ്ഞ് ആകാശം ഇടയ്ക്കിടെ ചൂട്ടുകറ്റകള്‍ ആഞ്ഞുവീശി ഇരുളകറ്റാന്‍ പണിപ്പെട്ടു കൊണ്ടിരുന്നു. വീശലിന്റെ വേഗതയ്‌ക്കൊ പ്പം ശക്തമായ മുഴക്കങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. എപ്പോള്‍ വേണമെങ്കിലും മഴയുടെ ആദ്യത്തെത്തുള്ളി ഭൂമിയില്‍ പതിക്കാം. പിന്നെ ഒന്നായി, രണ്ടായി, മൂന്നായി പലതായി മഴയുടെ തൂവലുകള്‍ പൊഴിഞ്ഞു വീഴും.
ആവോലിയിലെത്തുമ്പോള്‍ മഴ തുടങ്ങിയിരുന്നു. ഇത്രടം വഴി പരിചിതമായിരുന്നു. ഇനി പരീക്കപ്പീടിക. അവിടെ, എവിടെയോ സുനിത. ഒരാളോട് ഒന്നു വഴി തിരയാമെന്നു വച്ചാല്‍…മഴ. മഴ തന്നെ മഴ. വഴിയും വിജനമാണ്. കയ്യിലൊരു കുടയുമില്ല. വഴിയരികില്‍ ആദ്യം കണ്ട ഓടിട്ട ചെറിയ വീടിനരികില്‍ കാറു നിര്‍ത്തി, മഴ നനഞ്ഞ്, വീടി ന്റെ തിണ്ണയിലെത്തി, വാതിലില്‍ മുട്ടി. വീട് വിജനമാണോ എന്നചിന്തയില്‍ ഇത്തിരി ഒച്ചയുയര്‍ത്തി ചോദിച്ചു ,
”ആരുമില്ലേ….?” അകത്തു നിന്നും ഒരു വലിയ ചിരിയാണ് കേട്ടത്. പ്രത്യുത്തരമൊന്നും കേള്‍ക്കാതെ വന്നപ്പോള്‍ വീണ്ടും ചോദിച്ചു ”ആരുമില്ലേ….?”
അപ്പോഴും അകത്തു നിന്ന് ഒരു പൊട്ടിച്ചിരിയാണ് കേട്ടത്. അതൊരു സ്ത്രീയുടെ ചിരിയാണെന്ന് ജോണ്‍ സാമുവേല്‍ തിരിച്ചറിഞ്ഞു. ഉള്ളിലപ്പോള്‍ ഒരുള്‍ക്കിടിലമുണ്ടായി. ധൃതിയില്‍പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍ വാതില്‍ തുറക്കപ്പെട്ടു. എന്തേ, അ വിടെ നിന്നു കളഞ്ഞത്. സാര്‍, അകത്തേക്ക് വരണം. കിടക്ക വിരിച്ചിട്ടുണ്ട്. ഇന്നത്തെ വിരിപ്പില്‍ ചുളിവുകളൊന്നും വീണിട്ടില്ല. മനുഷ്യസ്ത്രീയാണ്. നോട്ടം പല പ്രാവശ്യം ആവര്‍ത്തിച്ചുനോക്കി ഉറപ്പു വരുത്തി. എന്നാലും അകത്തേക്ക് കയറാന്‍ ജോണ്‍ സാമുവേല്‍ മടിച്ചു.
വേണ്ട. ഞാനതിഷ്ടപ്പെടുന്നില്ല.
എനിക്ക് സ്വര്‍ണ്ണ നാണയമൊന്നും വേണ്ട. നാളെത്തേക്കുള്ള കരുതല്‍ ധനത്തിനുമല്ല. ഈ പകലിന്റെ പട്ടിണിയകറ്റാന്‍.
വേണ്ട. ഞാനത് ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.
പിന്നീടുള്ള അവളുടെ വാക്കുകള്‍ തൊണ്ടയില്‍ തടഞ്ഞു പോകുന്നതും, നോട്ടത്തിന്റെ പ്രത്യശ മഴത്തുള്ളികളില്‍ അലിഞ്ഞു പോകുന്നതും കണ്ണുകളില്‍ മൂ ടല്‍പരക്കുന്നതും ജോണ്‍ സാമുവേല്‍ അറിഞ്ഞു.
പേഴ്‌സ് തുറന്ന് കയ്യില്‍ കിട്ടിയ പണമത്രയും അയാള്‍ പുറത്തെടുത്തു.
എനിക്കു വേണ്ട. അതിന് ഔദാര്യത്തിന്റെ നിറമാണ്. സഹതാപത്തിന്റെ മണമുണ്ട്. വേണ്ട.
വെറുതെ തരുന്നതല്ല.
പിന്നെ….
ഒരു വീടെത്താന്‍ എന്നെയൊന്നു സഹായിച്ചാല്‍ മതി.
എവിടെയാണ്……?അവള്‍ ഉത്സാഹിയായി.
ഈ ജനാര്‍ദ്ദനന്‍
അറിയാം. വല്ലപ്പോഴുമൊക്കെ ഇവിടെ വരാറുണ്ടയിയുന്നു. കള്ളിന്റെയും കഞ്ചാവിന്റെയും നാറ്റം സഹിക്കാന്‍ വയ്യാത്തതുകൊണ്ട് ഞാന്‍…..
പക്ഷേ, ജനാര്‍ദ്ദനനെ…..?
ഒരു വലിയ സംശയം കണ്ണുകളിലൊതുക്കി അവള്‍ നോക്കി നിന്നു.
ജനാര്‍ദ്ദനനെ അല്ല.
പിന്നെ ലച്ചുമിയമ്മയെ…?
ജോണ്‍ സാമുവേലിന് അതൊരു പുതിയ അറിവായിരുന്നു. പുതിയ വഴിയും.
അവള്‍ ചോദിച്ചു: ”വല്ല ജോത്സ്യവും. പാഴൂര്‍ പടിപ്പുരക്കാരുടെ ചാര്‍ച്ചക്കാരാണവര്‍. പറഞ്ഞാല്‍ അച്ചട്ടമാണ്. പക്ഷേ ഗതിയില്ല. സാറിന്റെ വല്ല കാര്യവും അറിയാനാണോ….
അപ്പോള്‍ ജോണ്‍ സാമുവേല്‍ മടിച്ചു മടിച്ചു ചോദിച്ചു ”ഈ സുനിതാ ജനാര്‍ദ്ദനന്‍”
ഒരു മറു ചോദ്യം, സംശയങ്ങളുടെ കുന്തമുനയില്‍ കോര്‍ത്തതും പ്രതീക്ഷിച്ച്, എന്തു മറുപടി പറയുമെന്ന് വിചാരപ്പെട്ട് ജോണ്‍ സാമുവേല്‍ നില്‍ക്കുമ്പോള്‍, വളരെ ഋജുവായി അവള്‍ പറഞ്ഞു
ഓ… സുനിത. ലച്ചുമിയമ്മേടെ….
മോളാണോ
അല്ല.
സംസാരം അധികം ദീര്‍ഘിപ്പിച്ചാല്‍ വാക്കുകള്‍ വേണ്ടാത്തതു പറയുമെന്ന ഭീതിയില്‍ ജോണ്‍ സാമുവേല്‍ പെട്ടെന്ന് ചോദിച്ചു, ”അവരുടെ വീട്”
വഴിയറിഞ്ഞപ്പോള്‍, മഴമറന്ന്, മഴയില്‍ നനഞ്ഞ്, കാറിനടുത്തെത്തി യാത്ര തുടര്‍ന്നു.
കാറ്റ് അരയാലിന്റെ കൊമ്പില്‍ മഴ നനഞ്ഞ് ഇരിക്കുകയായിരുന്നു. കാറ്റ് ഇത്രയും മാത്രം അരയാലിനോട് പറഞ്ഞു ”സംഭവാമിയുഗേ യുഗേ.”
ജോത്സ്യത്തിന്റെ അനന്തസാധ്യതകള്‍ ഒരു വഴിത്തിരിവാകുമെന്ന് ജോണ്‍ സാമുവേല്‍ കരുതിയില്ല. അല്ലെങ്കില്‍ വഴിതേടിച്ചെന്ന പഥികന് വീടെത്താനുമുള്ള സുഗമവഴി തുറന്നു കിട്ടുമായിരുന്നോ. നാട്ടുകാരേയും വീട്ടുകാരേയും സംശയത്തിന്റെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ, സുനിതയെ ഒന്നു കണ്ടെങ്കിലും മടങ്ങാന്‍…. അത്രത്തോളമെങ്കിലും മതി. മേലങ്കി ചോദിച്ചവന് കു പ്പായം കൂടി കിട്ടുക. ഒരു കാല്‍ച്ചുവട് ഒപ്പം നടക്കാന്‍ ആവശ്യപ്പെട്ടവന് വഴിയന്ത്യോളം കൂട്ടാകുക. മനസ്സ് തൃപ്തമായി. ഇനിയൊന്നും വേണ്ടാത്തിടത്തോളം കിട്ടിയവനെപ്പോലെ.
അരയാലിന്റെ തുഞ്ചത്തെ കൊമ്പിലിരുന്ന് കാറ്റ് ചോദിച്ചു
കണ്ടോ….
എന്ത്….
യാത്രയുടെ തുടക്കത്തില്‍ അവര്‍ രണ്ടുപേരായിരുന്നു. ദൈവവും അയാളും. അയാള്‍ ആരാണ്. ജോണ്‍ സാമുവേല്‍. അയാളും ദൈവവും. നാല് കാല്‍പ്പാദങ്ങള്‍. പിന്നെപ്പിന്നെ കാല്‍പ്പാദങ്ങള്‍ ഒരുമിച്ച് ഒന്നായി. രണ്ട് കാല്‍പ്പാദങ്ങള്‍ മാത്രം. ആരുടേതെന്ന് മനസ്സിലായോ. മനസ്സിലായി. ദൈവത്തിന്റെ കാല്‍പ്പാദങ്ങള്‍.
അരയാലിന്റെ തുഞ്ചത്തെ കൊമ്പില്‍ നിന്നും കാറ്റ് മെല്ലെ പറന്നുയര്‍ന്നു.
എങ്ങോട്ടാണ്.
പ്രവാചകന് ഒരു ദൗത്യമേയുള്ളു. കാണുക. കാണുന്നതു പ്രവചിക്കുക. അതു നല്ല നിലത്തു വീഴാം. വഴിയില്‍ വീഴാം. മുള്ളുകള്‍ക്കിടയിലാകാം. പക്ഷികളുടെ ചുണ്ടിലാകാം. എന്നാലും വിതച്ചു വിതച്ചു പോകുക. കാറ്റ് ലക്ഷംവീട് കോളനി ലക്ഷ്യമാക്കി പറന്നു.
മഴതോര്‍ന്ന്, മരം തോര്‍ന്ന്, നനവാര്‍ന്ന വഴികളിലൂടെ ജോണ്‍ സാമുവേല്‍ യാത്ര തുടര്‍ന്നു. പി ന്നെ ആരോടും വഴിചോദിക്കേണ്ടിവന്നില്ല. നേരെ വണ്ടിയോടിച്ച് രക്ഷകന്റെ പള്ളിയുടെ ചാരെയുള്ള നടപ്പുവഴി വന്നു ചേരുന്ന റോഡില്‍ വണ്ടിയൊതുക്കി അവിടെനിന്നും രക്ഷകന്റെ പള്ളിയുടെ സ മീപത്തുകൂടി അള്ളാപ്പാറ. അള്ളാപ്പാറയില്‍ നി ന്നും ലക്ഷം വീട് കോളനി. കോളനിയില്‍ മൂന്നാമത്തെ വീട്.
ലക്ഷ്മിയമ്മ അപ്പോള്‍ മഴ പകര്‍ന്നു കൊടുത്ത മയക്കത്തിലായിരുന്നു. കാറ്റ് വിളിച്ചു. കാറ്റ് അവതാരങ്ങളുടെ കഥ പറഞ്ഞു. കാറ്റ് പറഞ്ഞ കഥ ലക്ഷ്മിയമ്മയുടെ കാതില്‍ കോളുകൊണ്ടു. അവതാരങ്ങളുടെ, പുനരാവര്‍ത്തനങ്ങളുടെ കഥയില്‍ ഞെട്ടി, ലക്ഷ്മിയമ്മ മയക്കത്തിന്റെ പോള വിടര്‍ത്തി സ്വപ്നമാണെന്ന് പറഞ്ഞ്, മടിച്ച പോളകള്‍ പിന്നെയുംഅടഞ്ഞു.
കാറ്റ് കവടിയുടെ കീഴറ്റ തുറസ്സിലൂടെ ഊതിപ്പെരുക്കി, മേലറ്റ തുറസ്സിലൂടെ കനപ്പെട്ട പുറത്തേക്ക് വന്ന് ലക്ഷ്മിയമ്മയുടെ ഉറക്ക ത്തെ തട്ടിയുണര്‍ത്തി. വെളിപാടിന്റെ വിളിയറിഞ്ഞ ലക്ഷ്മിയമ്മ ഉണര്‍ന്നു. ഇതാ ഞാന്‍. നിന്റെ ദാസി
കവടിക്കണ്ണുകളിലൂടെ പുതിയ അവതാര കഥയുടെ പ്രകമ്പനം അവരറിഞ്ഞു. കവടിപ്പലകയും കി ഴിക്കെട്ടുമായി അവര്‍ ഉമ്മറത്തെത്തി. കണ്ണു പിടയ്ക്കുന്നല്ലോ. ഇടം കണ്ണാണ്. സീതയിലൂടെ, സാവിത്രിയിലൂടെ ദുര്‍നിമിത്തങ്ങള്‍ ലക്ഷ്മിയമ്മയിലേക്ക് ഇടം തേടുകയായിരുന്നു.
രാശിപ്പലകയും, കിഴിക്കെട്ടും ഉത്തരത്തിനും ഓലക്കെട്ടിനുമിടയില്‍ തിരുകിയിട്ട്, ലക്ഷ്മിയമ്മ പുറത്തേക്കിറങ്ങി വിളിച്ചു: ചുന്‌തേ. എടി, ചുന്തപ്പ് ണ്ണേമറുപടിയൊന്നും കേള്‍ക്കാതെ വന്നപ്പോള്‍ ലക്ഷ്മിയമ്മയുടെ ഉള്ളൊന്നു കനപ്പെട്ടു. ഈ പെണ്‍ണ്ണെവ്ടാ…. ആ തിരി വിളക്കില്ത്തിരി എണ്‍ണൊഴിക്ക്…. എന്‌ക്കൊരു രാശിനോക്കണം. എന്ത് ന്തൊക്യൊ മന്‌സ്‌ല്…. അപ്പോള്‍ ഉമ്മറത്തെ ഉത്തരത്തിലിരുന്ന് പല്ലി ചിലച്ചു. ഓ……..ഇട്ത് വശത്ത്ന്നാണല്ലോ. പിന്നെം ദുര്‍നിമ്ത്ത്ങ്ങ്ള്‍…ന്റെ പരദേവ്തകളേ എന്താത്. പെട്ടെന്ന് സുനിതയെ ഓര്‍ത്തിട്ടവര്‍ പറഞ്ഞു, ഓ….. ന്‌ന്റെ തല കണ്‍ണ്ട്‌പ്പോ, ന്‌ന്റെ തള്ള പോയ്‌ല്ലേ. ന്‌ന്നെ കണ്ട്ിട്ട് ഇന്ന്‌ന്നൊന്നും……കോപവും ഭീതിയും കാറ്റു പറഞ്ഞ കഥയും കൂടിക്കലര്‍ന്ന തെളിമകേടില്‍ ലക്ഷ്മിയമ്മ അകത്തേക്കു കയറി. വ്‌ളക്കെട്ക്ക്ണം. കവ്ടീടെ വിള്യറ്‌യ്ണം.
എയ്ത്ത് നക്ഷത്രങ്ങളുടെ പിറകെ നടന്ന് വഴി മറന്ന, കവടികളുടെ ചിലമ്പല്‍ കേട്ടാണ് സുനിത വീടെത്തിയത്.
”മുത്തിയമ്മേ…..” ചുണ്ടോളമെത്തിയിട്ട് ആ വിളി കെട്ടുപോയി. മുത്തിയമ്മയുടെ മുഖത്ത് ഗുളികന്റെ നോട്ടം. കണ്ണുകളില്‍ ശനിയുടെ അപഹാരം. ഒന്നും കാണാതിരിക്കുക. കേള്‍ക്കാതിരിക്കുക. ഉരിയാടാതിരിക്കുക. അവള്‍ ചിറകൊതുക്കി പിന്നാമ്പുറത്തുകൂടെ ഉള്ളിലേക്ക് വലിഞ്ഞു. ലക്ഷ്മിയമ്മ കവടിസഞ്ചിയില്‍ നിന്നും കവടികള്‍ പലകയിലേക്ക് ചൊരിഞ്ഞു. ഇടം കൈകൊണ്ട് മറച്ച് വലം കൈകൊണ്ട് കവടി വട്ടംചുഴറ്റി, മനസ്സില്‍ മന്ത്രം ചൊല്ലി.
”മൂര്‍ത്തിത്വേ പരികല്പിതശ്ശശഭൃതോ
വര്‍ത്മാപുനര്‍ജ്ജന്മനാ-
മാത്മേത്യാത്മവിദാം ക്രതുശ്ചയജതാം
ഭര്‍ത്താമരജ്യോതിഷാം
ലോകാനാം പ്രളയോ ദയ സ്ഥിതി
വിഭുശ്ചാനേകഥായ ശ്രുതൗ
വാചന്നസ്സദദാത്വനേകകിരണ
സ്‌ത്രൈലോക്യദീപോരവി: ” ശ്ലോകം ചൊല്ലി നാളും പേരും മനസ്സില്‍ കുറിച്ചു. ഒരു പിടി കവടി വാരി നെഞ്ചോട് ചേര്‍ത്ത് ഉപാസന മൂര്‍ത്തിയെ ധ്യാനിച്ചു കൊണ്ട് പലകയില്‍ വച്ചു. കര്‍ക്കടം വിറുച്ചികം മീനം അവര്‍ നാലു കവടികള്‍ വീതം പകുത്തു മാറ്റി, കവടികളെ സൂക്ഷ്മമായി നിരീക്ഷിച്ചു. ആരൂഢം തടഞ്ഞിരിക്കണു. രാശിയില്ല. ഇന്നിനി…
അവര്‍ മുകളിലേക്കു നോക്കി, ”ന്റെ പരദേവ്തകളേ …..”
മുകളിലവര്‍ ഓലയുടെ തുരുത്തിലിരുന്ന് മറു തുരുത്ത് നോക്കി വിഷാദിച്ചിരിക്കുന്ന ചിലന്തിയെ കണ്ടു. ലക്ഷ്മിയമ്മ കണ്ണടച്ചിട്ട് പറഞ്ഞു
അഷ്ടപദീ, ച്ാട്
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ്. ആറെണ്ണിക്കഴിഞ്ഞ് ലക്ഷ്മിയമ്മ കണ്ണു തുറന്നു നോക്കി. അഷ്ടപദി അതിന്റെ ജന്മ- ദുഃഖവുമായി അടരുകളില്‍ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു.
ന്റെ, പരദേവ്തകളേ ആപ്‌ത്തൊന്നും വര്ത്തര്‌തേ….. എല്ലാം ഒടുവില്‍ ചെന്നു ചേരുന്നത് പ്രാര്‍ത്ഥനയിലല്ലേ. അവര്‍ ഉരുവിട്ടു പാഹിമാം….പാഹിമാം…പിന്നെ ഒരു സങ്കടത്തേടെ പറഞ്ഞു ന്റെ ചുന്തയ്ക്ക്…..ന്റെ മണ്ണ്‌റശാല അമ്മേ ആയ്‌ല്യം തൊഴാം ഞാ വന്നോളാവേ. ന്റെ ചുന്‌തെനെ കാത്ത്‌കൊള്ളണേ.
ജോണ്‍ സാമുവേല്‍ ലക്ഷ്മിയമ്മയുടെ വീടെത്തുമ്പോള്‍, അതിനൊര് അസാധാരണത്വം ഉണ്ടായിരിന്നില്ല. നാലുപേരുടെ വായില്‍പ്പെട്ട്, എട്ടായിപ്പെരുകി, നാടാകെ വൈറല്‍പ്പനിയായി പടരാനുള്ള പതിവ് ഏഷണിക്കുള്ള വഴിയുമുണ്ടായിരുന്നില്ല. ലക്ഷ്മിയമ്മ അറിയപ്പെടുന്നവളല്ലെങ്കിലും, ആകാശത്തെ ചലനങ്ങള്‍ കവടിയുടെ കണ്ണിലൂടെ കണ്ട്, ഭാവി അച്ചട്ടായി പറയുന്നവള്‍.
ജോണ്‍ സാമുവേല്‍ ഓര്‍ത്തു: ലക്ഷ്മിയമ്മ മറ്റൊരു മാഡം സൊസോസ്റ്ററിസ്. ഒരുപിടി കവടികളുമായി അവള്‍ പറയും
ബുധന്‍ നിന്റെ രാശി. സൂര്യനില്‍ നിന്നും വെളിച്ചം കട്ടെടുക്കാന്‍ നടക്കുന്നവള്‍. ഒറ്റക്കണ്ണന്‍ വ്യാപാരി. പിന്നെ അവ്യക്തത. കവടിയുടെ കണ്ണില്‍പ്പെടാത്ത് എന്തോ ഒന്ന് ഇത് രാശിയില്‍ തെളിയാത്തത് രാശികള്‍ക്കുമപ്പുറംനില്‍ക്കുന്നത് ഇയാള്‍ ചുമന്നുകൊണ്ട് നടക്കുന്ന എന്തോ ഒന്നാണത്. അതു കാണാന്‍ എനിക്കു കഴിയുന്നില്ലല്ലോ. ഞാന്‍ കാണുന്നില്ലല്ലോ. ഞാന്‍ കാണുന്നില്ലല്ലോ. ടി.എസ്. എലിയ ന്റെ മാന്ത്രികയെ അവിടെ തടഞ്ഞു നിര്‍ത്തിയിട്ട് ജോണ്‍ സാമുവേല്‍ പറഞ്ഞു: തുടരേണ്ട. ഞാന്‍ കാണുന്നുണ്ട്. ഞാന്‍ കാണാന്‍ വന്നത് ഇവിടെയുണ്ട്. അത് എന്റെ ഉള്‍ക്കണ്ണിലെ രാശിയില്‍ തെളിയുന്നുണ്ട്. ഞാന്‍ കാണാന്‍ വന്നത് സുനിതയെ ആണ്. സുനിതാ ജനാര്‍ദ്ദനനെ. ബുധനും ശുക്രനും എവിടെയൊക്കെ മറഞ്ഞിരുന്നാലും, എനിക്ക് തെളിഞ്ഞു കാണാവുന്ന രാശി. എന്റെ രാശിക്കരുക്കളും രാശിപ്പലകയും സുനിതയാണ്. അരൂപിയായ സ്‌നേഹമാണത്. അകാലിയായ സ്‌നേഹമാണത്. അദ്വൈത സ്‌നേഹമാണത്. ഞാന്‍ തേടി വന്നത് അതു മാത്രമാണ്.
പ്രത്യക്ഷത്തില്‍ ആഢ്യത്വമുള്ള, ധനാഢ്യനായ ഒരാള്‍ തന്റെ വീടിന്റെ നേരെ നടന്നു വരുന്നത് കണ്ടപ്പോള്‍ ലക്ഷ്മിയമ്മ സന്തോഷിച്ചു. കാശല്ല… കാശിനേക്കാള്‍… ഒരാള്‍ തന്നെത്തേടി, ദൂരെ നിന്ന് വരുന്നല്ലോ. പക്ഷേ, അടുത്തെത്തിയ ആ മനുഷ്യന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍…ആകാശത്തെ സൂര്യന്‍ മങ്ങി കെട്ടുപോകുന്നതു പോലെ. അനുസരണ കെട്ട നക്ഷത്രങ്ങള്‍ കെട്ടുപിണഞ്ഞ് കണ്‍മറയുന്നതു പോലെ. മണ്ണിന്റെ ആഴങ്ങളിലേക്ക് ഒരു മൂന്നാം കാല് ചവിട്ടിയിറക്കുന്നതുപോലെ. കാതുകളില്‍ രാശിയുടെ വിളി ഇല്ല.
”ഇന്ന് രാശയില്ല.” പെട്ടെന്ന് അയാളോട് അങ്ങനെ പറയാനാണ് തോന്നിയത്.
ഞാന്‍ ഇത്രയും ദൂരെ നിന്ന്…
എന്നെത്തേടിയോ…
അല്ല
പിന്നെ…?
അല്ല. അതെ. അതെയതെ. കണ്ണുകള്‍ മറ്റെവിടെയോ ആരെയോ തിരയുകയാണെന്ന തിരിച്ചറിവിന്റെ നീരസത്തില്‍ ലക്ഷ്മിയമ്മ പറഞ്ഞു. ഇന്ന് രാശ്‌യില്ല.
എന്നാലും….
ഉമ്മറത്ത് സുനിത കൊണ്ടുവച്ച നെയ് വിളക്കിനു മുന്നിലിരുന്ന് കവടികള്‍ ചുഴറ്റിച്ചുഴറ്റി ഒരു പിടി വാരുമ്പോള്‍, കൈകള്‍ക്കു പനിക്കുന്നുണ്ടായിരുന്നു. ഇടത്തെ ചെവിയില്‍ കാറ്റ് മൂളുന്നുണ്ടായിരുന്നു. കവടി എണ്ണിതിരിക്കുമ്പോള്‍, രാശി കിട്ടരുതെന്ന പ്രാര്‍ത്ഥന ആരോ ഉള്ളില്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. തൂക്കിലിടപ്പെട്ട മനുഷ്യന്‍. ഒരു വലയത്തിനുള്ളില്‍ നടക്കുന്ന മനുഷ്യന്‍. കീറിപ്പോയ ജാതകം.
ഒരു മഞ്ഞു പ്രഭാതത്തിലെ തണുപ്പിനു കീഴില്‍ (മൂവാറ്റുപുഴ) പാലത്തിനു മീതെ ഒഴുകിപ്പോകുന്ന ഒരാള്‍ക്കൂട്ടം. ജലം മൂലം മരണം. മനസ്സില്‍ ഭഗ്നബിംബങ്ങളുടെ ഒരു കൂമ്പാരം മാത്രം. അവസാനം കവടിപ്പലകയുടെ കളത്തിലേക്ക് ഒരു മഞ്ഞക്കവടി നീക്കിവച്ചിട്ട് ലക്ഷ്മിയമ്മ പറഞ്ഞു:
നിങ്ങ്‌ടെ രാശ്‌യി….. ശ്‌നി
പിന്നെയെന്തുണ്ട്?
അത് പറ്‌യാന്‍ എന്ക്കു വെലക്ക്ണ്ട്‌ല്ലോ
എല്ലാം മഞ്ഞപ്പ്‌ന്റെ ഇര്‌ളിലേക്ക്….
ഭീതിയോടെ അവര്‍ രാശിക്കരുക്കള്‍ വാരിക്കൂട്ടി സഞ്ചിയിലിട്ട് ഞൊടിയിടയിലെഴുന്നേറ്റ് അകത്തെ മുറിയില്‍ക്കയറി, ഓലവാതിലടച്ച് വര്‍ദ്ധിച്ച ഭയത്തോടെ വിളിച്ചു:
ന്റെ കടമ്റ്റ്ത്ത് കത്ത്‌നാരേ
രാശ്‌യില്‍ ഞാ കാണ്‌ണേ
മര്ണമാണ്‌ല്ലോ.