പ്രദോഷത്തിലെ വസന്തം

70
0

കെപി യൂസഫ് പെരുമ്പാവൂർ

ഇന്നലെ വെളുപ്പിന്
പടിയിറങ്ങിപ്പോയ
വസന്തം
ഉച്ചയിൽ തിളച്ച് ക്ഷീണിച്ച്
പ്രദോഷത്തിൽ
തിരികെ വന്നിരിക്കുന്നു
പുലർകാലത്തെ
ഘനീഭവിച്ച
ദുഃഖ ബാഷ്പത്തിൽ
പ്രതീക്ഷയുടെ മഴത്തുള്ളികൾ
അടക്കം ചെയ്തിരുന്നു
സാന്ധ്യ മേഘങ്ങൾ
നീലച്ച മരവിപ്പുകളായി
തുടു ശോഭയേറും
മാരിവില്ല്
ചെമ്മാനത്ത് തുടിച്ചുനിന്നു
മാനത്ത് മുകിലുകളുടെ
യുഗപരിവർത്തനം
ഇരുണ്ട ഭൂഖണ്ഡങ്ങളിൽ
പ്രതീക്ഷയുടെ
പുതിയ വെളിച്ചം
ദൂത് പേറുന്ന
ഹംസങ്ങൾ
ദേശാടനപക്ഷികളായി
വാനിലലഞ്ഞു
നീല വർണ്ണമണിഞ്ഞ്
വാനം മുഖം
വർണ്ണാഭമാക്കി.