അതാണിതല്ലെന്ന്

380
0

പായിപ്ര രാധാകൃഷ്ണന്‍


രാവിന്റെ പടിപ്പുരയില്‍ നിന്നു ദൂരെ
ഓര്‍മ്മകളുടെ പാടവരമ്പില്‍
മെല്ലെ ഇളകുന്ന ഒരു റാന്തല്‍ വെട്ടം.
ബാല്യത്തിന്റെ ചവര്‍പ്പുകളുടെ മുറിപ്പാടില്‍ ഇറ്റിക്കാന്‍,
വിശപ്പിന്റെ രസമുകുളങ്ങളെ ഉണര്‍ത്താന്‍
വാര്‍ദ്ധക്യവാത്സല്യം വിതറിയ പായസമധുരം
തോട്ടിറമ്പത്തുകൂടെ വേച്ചുവേച്ച്…

കണക്കും കള്ളക്കണക്കും എഞ്ചുവടിയും
ഗുണനപ്പട്ടികയിലാവര്‍ത്തിച്ച മാതുലത്വം
അഷ്ടാംഗഹൃദയത്തില്‍ മുങ്ങിനിവരുന്ന
അച്ഛന്റെ കഷായഗന്ധത്തെ തോര്‍ത്തി
ചിന്തയുടെ നീര്‍ദോഷമകറ്റുവാന്‍
വിപരീതങ്ങളും പര്യായങ്ങളും ഉരുവിടുന്ന മാതൃത്വം

കൗമാരത്തിന്റെ കുസൃതിയൂഞ്ഞാലില്‍
ആകാശത്തേക്ക് ആഞ്ഞ് ഉയര്‍ത്തിവിടുന്ന,
നട്ടുച്ചക്കിരുള്‍ വീഴുന്ന ഇടവഴികളിലും
ഇടനാഴികളിലും തക്കംപാര്‍ക്കുന്ന
ശാര്‍ദ്ദൂല വിക്രീഡിതത്തിന്റെ കൂട്ടുകുറുമ്പിത്തം.

വാത്സല്യത്തിന്റെ ഈണങ്ങളില്‍
മുറുക്കാന്‍ താമ്പാളത്തിലെ ഇരട്ടിമധുരം
ദരിദ്രവാര്‍ദ്ധക്യത്തിന്റെ വേഷപ്പകര്‍ച്ചകള്‍
അച്ഛനും മുത്തച്ഛനും ആളില്ലാക്കസേരയില്‍
അന്യോന്യം പകര്‍ന്നാടും
അതാണിതല്ലെന്ന പരിസംഖ്യയോ?