ബന്ധങ്ങൾ

91
0

 മോഹൻകുമാർ S. കുഴിത്തുറ

ചെന്നൈ അണ്ണാനഗറിലെ അമ്പലത്തിൽതൊഴുതിറങ്ങി കാർ എടുത്തു മൗണ്ട്റോഡിലുള്ള ഓഫീസിലേക്ക് പോകാൻ തിരിക്കുമ്പോഴാണ് ആ സ്കൂട്ടി വന്നു കാറിൽ ഇടിച്ചത് . അതു ഓടിച്ചിരുന്ന പെണ്കുട്ടി സ്ലീവ്ലെസ്സ് ബ്ലൗസ് ഇട്ടു നല്ല രീതിയിൽ സാരി ഞൊറിഞ്ഞുടുത്തിരുന്നു. തലയിൽ മല്ലികപ്പൂ ചൂടിയിരുന്നു. അമ്പലത്തിൽ കയറാൻ ധൃതികൂട്ടി വന്നതാണെന്ന് തോന്നി.      കാറിന്റെ ഹെഡ്ലൈറ്റ് ഉടഞ്ഞു പോയിരുന്നു.      അവനിറങ്ങി റോഡിൽ വീണുകിടന്ന അവളെ പിടിച്ചെണീപ്പിച്ചു. സ്കൂട്ടിയെടുത്തു സ്റ്റാൻഡ് ഇട്ടു നിറുത്തി.     എന്തുപറയണമെന്നറി യാതെ ആ കുട്ടി അവന്റെ മുഖത്തു നോക്കി നിന്നു. അവൻ വഴക്കുണ്ടാക്കുമോ എന്ന ഭയം അവൾക്കുണ്ടാ യിരുന്നത് മുഖത്തു വായിക്കാൻ കഴിഞ്ഞു.     ആ അമ്പലത്തിൽ മിക്കവാറും മലയാളികളാ ണെത്തുന്നത്.അതുകൊണ്ടു തന്നെ ഇവളും ഒരു മലയാളിയാവുമെന്ന് അവൻ വിചാരിച്ചു. “സൂക്ഷിച്ചു വണ്ടി ഓടിച്ചുകൂടെ?” എന്നവൻ മലയാളത്തിൽ ചോദിച്ചു.    “സാർ, ഞാൻ ഇവിടെ പുതിയതാണ്. ഒരു കമ്പനിയുടെ മഹാരാഷ്ട്ര ശാഖയിൽ നിന്നു കഴിഞ്ഞയാഴ്ച സ്ഥലംമാറി വന്നതാണ് . ഇവിടമൊക്കെ പരിചയപ്പെട്ടുവരുന്നതേയുള്ളൂ.”   ശുദ്ധമായ മലയാളത്തിൽ അവൾ പറഞ്ഞതു കേട്ടപ്പോൾ അവന് ഒരു സന്തോഷം. അടുത്ത നാടുകളിൽ ചെല്ലുമ്പോൾ സ്വന്തഭാഷക്കാരെ കാണുന്നതു തന്നെ, സ്വന്തം നാട്ടുകാരെയോ അല്ലെങ്കിൽ സ്വന്തക്കാരെയോ കാണുന്ന പ്രതീതിയാണ് നമ്മിലുണ്ടാക്കുക. പ്രതേകിച്ചും മലയാളിക്ക് യാതൊരു നാട്ടിൽ ചെന്നാലും ഒരു മലയാളിയെ കണ്ടുകഴിഞ്ഞാൽ മനസ്സിനകത്തു അവനറിയാതെ ഒരു സന്തോഷം ഉണ്ടാവും എന്നത് അനുഭവിച്ചവർക്കേ അറിയാനാവു.      ആ കുട്ടിയുടെ കൈയിൽ മുട്ടിനുതാഴെ ഉരഞ്ഞ് രക്തം പൊടിയുന്നു. അവൻ എതിരെയുള്ള അപ്പോളാമെഡിക്കൽസിൽ നിന്നു പഞ്ഞിയും പൊടിയും വാങ്ങി ക്ലീൻ ചെയ്തു പൊടിവച്ചു ഒട്ടിച്ചു കൊടുത്തു.     അവൾ അമ്പലത്തിൽ കയറാതെ ആഫീസിൽ പോകാൻ ധൃതികൂട്ടി.       അവൻ കാറുമെടുത്തു മൗണ്ടുറോഡ് നോക്കി നീങ്ങി. എന്തോ ആ കുട്ടിയുടെ മുഖം, ആ ശാലീനത അവന്റെ മനസ്സിൽ തിരിച്ചും തിരിച്ചും മിന്നി മറയുന്നതുപോലെ. മനസ്സിനു സ്വസ്ഥത നഷ്ടപ്പെടുന്ന പ്രതീതി.      ആഫീസിൽ അഡ്വാൻസ് സെക്ഷനിൽ ആഫീസർ ആയതിനാൽ എല്ലാ ശാഖകളിൽ നിന്നും ലോൺ പ്രൊപ്പോസൽസ്, റിന്യൂവെൽസ് ഒക്കെ ധാരാളം വന്നു കൊണ്ടിരിക്കും. സെക്ഷൻ ക്ലർക്ക് തീയതി അനുസരിച്ചു എൻട്രി ഇട്ടു കെട്ടിവയ്ക്കും. ഓരോന്നായി ക്രമമായി ഓഫീസ്നോട്ടുനോക്കി ബാക്കി പേപ്പറുകളെല്ലാം വിലയിരുത്തി കുറവുകൾ ഉള്ളതിനു കൊറിയിടുകയും, ശരിയായി വന്നീട്ടുള്ളതിനെ സെക്ഷൻ റെക്കമണ്ടേഷൻഎഴുതി ചീഫിന്റെ മേശക്ക് അയക്കുകയുമാണ് ജോലി. ഇതിനിടെ വലിയ ലോണുകൾ നൽകീട്ടുള്ള സ്ഥാപനങ്ങളിൽ ഇൻസ്പെക്ഷനും പോകണം.      അണ്ണാനഗർ ശാഖയിലെ പത്തുകോടി അഡ്വാൻസ് ഉള്ള ഒരു കമ്പനിയുടെ പ്രാപ്പോസൽ റിന്യൂവൽ ഉണ്ട് . അതിന്റെ പ്രോജെക്ഷൻ ബാലൻസ് ഷീറ്റ് പരിശോധിച്ചപ്പോൾ അതിന്റെ കറണ്ട് ലയബിലിറ്റിയിൽ ഒരു ചെറിയ വ്യത്യാസം കണ്ടതിനാൽ പ്രൊപ്പോസൽഫയൽ മാറ്റിവച്ച് സംശയനിവൃത്തിക്കായി അണ്ണാനഗർ ശാഖയിലേക്കു  വിളിച്ചു. അവിടത്തെ സീനിയർ മാനേജർ എന്തോഒക്കെ ഉരുണ്ടും തിരിഞ്ഞും പറഞ്ഞെങ്കിലും ഉത്തരം ഒരുതരത്തിലും കൻവിൻസ് ആയില്ല . അയാൾക്ക് ആ ബാലൻസ് ഷീറ്റിനെ കുറിച്ചു ഒന്നും അറിയില്ല . കിട്ടിയപേപ്പർ എല്ലാം കെട്ടി നമ്പരിട്ട് ഇങ്ങയച്ചിരിക്കുന്നു. ആ കമ്പനിയിലെ  അകൗണ്ടു സെക്ഷനിൽ ചോദിച്ചു വിശദമായ വിവരം ഉടൻ അറിയിക്കാൻ പറഞ്ഞു ഫോൺ വച്ചു.    കുറച്ചുസമയം കഴിഞ്ഞപ്പോൾ ആ മാനേജർ വീണ്ടും വിളിച്ചു. “സാർ ആ കമ്പനിയിലെ ചീഫ് അക്കൗണ്ടന്റ് സാറിനോട് സംസാരിക്കുവാൻ പെർമിഷൻ ചോദിച്ചു വെയിറ്റ് ചെയ്യുന്നു. കാണ്കാൾ കണക്ട് ചെയ്യട്ടുമാ സാർ?”        ചെയ്തോളാൻ പറഞ്ഞു അവൻ വെയിറ്റ് ചെയ്തു. അപ്പുറത്ത് വളരെ മധുരമായ ഒരു സ്ത്രീ ശബ്ദം . കമ്പനിയുടെ ചീഫ് അക്കൗണ്ടന്റ് ഒരു സ്ത്രീയാണെന്നു അവൻ അറിഞ്ഞിരുന്നില്ല. വളരെ ലളിതമായ ഇംഗ്ലീഷിൽ മലയാളചുവയുള്ളതുപോലെ. ബാലൻസ് ഷീറ്റിലെ പ്രോജെക്ഷന്റെ വിവിധ വശങ്ങൾ അവിടെ നിന്നും വിവരിച്ചു പറഞ്ഞെങ്കിലും കറണ്ട് ലയബിലിറ്റിയിൽ ചില മാറ്റങ്ങൾ ഉള്ളത് പ്രത്യക്ഷമായിരിന്നു. ലയബിലിറ്റി റേഷ്യോ കൃത്യമാക്കാൻ ചെയ്ത ഒരു  ചെറിയ അഡ്ജസ്റ്റ്മെന്റ് കറണ്ട് റേഷ്യോയിൽ മാറ്റം ഉണ്ടാക്കുന്നത് അവൻ നോട്ടു ചെയ്തു. അതു ഫോണിലൂടെ പറഞ്ഞു പരിഹരിക്കേണ്ട കാര്യമല്ല എന്നതിനാൽ അടുത്ത ദിവസത്തിന് ഒരു അപ്പോയിന്റമെന്റ് ഫിക്സ് ചെയ്തു അവൻ ഫോൺ താഴെ വച്ചു.       സി .എ .യിൽ നല്ല റാങ്കും അക്കൗണ്ടൻസിയിൽ നല്ല പരിജ്ഞാനവും ഉള്ള ഒരു ലേഡിയാണ് ആ സീറ്റിൽ എന്നു അവൻ അനുമാനിച്ചു.      അടുത്തദിവസം പതിവുപോലെ അണ്ണാനഗർ അമ്പലത്തിൽ തൊഴുതീട്ടു , ശരവണഭവയിൽ നിന്നു ബ്രേക്ഫാസ്റ്റ് കഴിച്ചു അവൻ കാറുമായി റൗണ്ടാന വഴി സിക്സ്റ്റീന്ത് റോഡിലുള്ള അണ്ണാനഗർ ശാഖയുടെ മുന്നിലെത്തി. മണി 9.40 ആയീട്ടും ശാഖ തുറന്നീട്ടില്ല . സീനിയർ മാനേജർ ശാഖയാണ്. അവനോർത്തു , അവൻ മാനേജർ ആയിരുന്ന ശാഖയെല്ലാം കൃത്യം 9 മണിക്ക് തുറന്നിരുന്നു. 9.45 നു മുമ്പ് എല്ലാ സ്റ്റാഫുകളും സീറ്റിൽ എത്തുമായിരുന്നു. ഓരോ ആളുകൾക്ക് ഓരോ രീതി. സ്ട്രിക്റ്റും ഡിസിപ്ലിനും കൂടുതൽ ആയതിനാൽ പലർക്കും തന്നെ ഇഷ്ടമായിരുന്നില്ല.അതൊട്ടു കാര്യമാക്കീട്ടും ഇല്ല.       പത്തുമിനിറ്റിൽ സ്റ്റാഫുകൾ ഓരോരുത്തരും സ്കൂട്ടറിലും, ബൈക്കിലും, കാറിലുമൊക്കെയായി വിരണ്ടു പിടിച്ചെത്തി. എല്ലാപേരും പുറത്തു നിൽക്കുമ്പോൾ ദൂരെ മാനേജർ നടന്നു വരുന്ന തല കണ്ടു.      ആഫീസ് തുറന്നു ഓരോരുത്തരും ധൃതിയിൽ ഓടി സീറ്റുകളിലിരിക്കു ന്നതും കമ്പ്യൂട്ടർ തുറക്കുന്നതും നോക്കി അവനിരുന്നു. സെക്കന്റ് ലൈൻ മാനേജർ ഡേ ബിഗിൻ ധൃതിയിൽ അടിക്കുന്നത് അവൻ ശ്രദ്ധിച്ചു. അതിൽ കാണുന്ന നോട്ടുകൾ അയ്യാൾ ശ്രദ്ധിക്കുന്നില്ല . ആളുകൾ ഇരിക്കുമ്പോൾതന്നെ ഒരു സ്വീപ്പർ ലേഡി ചൂലുമായി അവിടെയും ഇവിടെയും നടന്ന് വൃത്തിയാക്കുന്ന പോലെ കാണിക്കുന്നുണ്ട്.      മാനേജരുടെ ഒപ്പം കമ്പനിയിലേക്ക് പോയി.അവിടത്തെ ഡയറക്ടർ, ചീഫ് അക്കൗണ്ടന്റിനെ ഇന്റർക്കമ്മിൽ വിളിച്ചു. ഡോർ തുറന്നെത്തിയ ആളിനെ കണ്ട് അവനൊന്നു ഞെട്ടി. അവളുടെ കയ്യിൽ തലേനാളത്തെ മുറിവ് ഉണങ്ങാതെ ഉണ്ടായിരുന്നു.  വളരെ സിമ്പിളായി ഡ്രസ് ചെയ്ത സുന്ദരിയായ പെണ്കുട്ടി. അവൾ അത്ഭുതത്തോടെ അവനെ നോക്കി നിന്നു .        ബാലൻസ് ഷീറ്റിലെ അപാകതകൾ ചൂണ്ടിക്കാട്ടി,പുതിയ ഒരെണ്ണം എഴുതിയുണ്ടാക്കാനുള്ള ധാരണകൾ ആയി അവിടെനിന്നും ഇറങ്ങുമ്പോൾ ഏകദേശം രണ്ടുമണിക്കൂർ കഴിഞ്ഞിരിക്കും . ആ രണ്ടു മണിക്കൂറിൽ അവന്റെയുള്ളിൽ എന്തോ വൈക്ലബ്യം ഉണ്ടാകുന്നതും, ഇതേവരെ ഒരിക്കലും തോന്നാത്ത തരത്തിൽ ആ കുട്ടിയെ കുറിച്ചു ഒരു ബന്ധം മനസ്സിനകത്തു ഉടലെടുക്കുന്നതും അവനറിഞ്ഞു.      തിരികെ മൗണ്ടുറോഡ് ഹെഡ്ഓഫീസിലേയ്ക്കു കാർ ഓടിയ്ക്കുമ്പോഴും അവളുടെ പെരുമാറ്റങ്ങൾ മിന്നിമറഞ്ഞു.         കാരണങ്ങൾ ഉണ്ടാക്കി അവൻ അവളെ വിളിച്ചു. ദിവസങ്ങളിൽ മൊബൈയിലൂടെ ആ അടുപ്പം വളർന്നു . മിക്കവാറും രാവിലെ  അമ്പലത്തിൽ അവർ കണ്ടു. ലീവു ദിവസങ്ങളിൽ ടവ്വർപാർക്കിലും മെറീനാബീച്ചിലും കറങ്ങി. ഒന്നിച്ചു ആഹാരം കഴിച്ചു. നല്ല സൗഹൃദം തുടരുമ്പോൾ അവന് അവളെ കല്യാണം കഴിച്ചാൽ കൊള്ളാം എന്നു തോന്നി. അവളുടെ അച്ചടക്കവും സ്വഭാവഗുണങ്ങളും അവനെ അത്രകണ്ട് ആകർഷിച്ചു.        ഒരു നല്ലസമയം നോക്കിഅവൻ ആ കാര്യം അവളോട് അവതരിപ്പിച്ചു. ഒരു നേരിയ ചിരിയിൽ അവൾ ഉത്തരമൊതുക്കി . ആ ചിരിയിൽ ദുഃഖത്തിന്റെ ലാഞ്ചന അവനു അനുഭവപ്പെട്ടു. അവൻ നിരന്തരമായി നിർബന്ധിക്കാൻ തുടങ്ങിയപ്പോൾ അവൾ ഉറപ്പായി പറഞ്ഞു ,” അത് നടക്കാത്ത കാര്യമാണ്. നിങ്ങളുടെ ഭാര്യയായി നിങ്ങളുടെ കുഞ്ഞുങ്ങളുടെ അമ്മയായി ജീവിക്കാൻ എനിക്ക് ആഗ്രഹം ഇല്ലെന്നാണോ ? പക്ഷെ അത് നടക്കാത്തതാണ് .”    എപ്പോൾ ഈ കാര്യം എടുത്താലും അവൾക്കു പറയാൻ ഈ മറുപടി തന്നെയുണ്ടായിരുന്നുള്ളൂ. അതിന്റെ സത്യാവസ്ഥ അറിയാൻ അവൻ അവളെ നിർബന്ധിച്ചുകൊണ്ടേയിരുന്നു.         “നമുക്ക് നല്ല സുഹൃത്തുകളായിരിക്കാം.”എന്നാണവളുടെ സ്ഥിരം മറുപടി.            നിർബന്ധവും പിണക്കവുമൊക്കെയായി നാളുകൾ പോയപ്പോൾ അവൻ വല്ലാതെ വിഷമിച്ചു. അതു മനസ്‌സിലാക്കിയ അവൾ പറഞ്ഞു, “നിങ്ങൾ വിചാരിക്കുന്നപോലുള്ള ഒരു പെണ്ണല്ല ഞാൻ. ഞാനൊരു ട്രാൻസ്ജെൻഡർ ആണ്. കണ്ണൂരിൽ ജനിച്ചു വളർന്ന ഞാൻ നാട്ടുകാരുടെയും വീട്ടുകാരുടെയും പരിഹാസപാത്രമായി.ഒരുദിവസം ചേച്ചിയുടെ ഡ്രസ് എടുത്തിട്ടതിന് അച്ഛൻ പൊതിരെ തല്ലി.  പതിനൊന്നാം വയസ്സിൽ ആ വേഷത്തിൽ ഞാൻ നാടുവിട്ടു. മുംബൈയിലേക്ക്‌ പോകുന്ന നേത്രാവതി എസ്പ്രെസ്സിൽ കയറിപ്പറ്റിയപ്പോൾ കണ്ടുമുട്ടിയ ദമ്പതിമാർ എന്നെ പെണ്ണായിത്തന്നെ വളർത്തി. വേറെ മക്കളില്ലാതിരുന്ന അവർ എന്നെ പഠിപ്പിച്ചു. നാവിമുമ്പയിലെ ബി.എ. ആർ.സി. ക്വാർട്ടർസിൽ ഞാൻ ഒരു പെണ്കുട്ടിയായി തന്നെ ജീവിച്ചു. സി.എ നല്ല മാർക്കോടെ പാസ്സായ ഞാൻ നെരോളിലെ കമ്പനിയിൽ അക്കൗണ്ടന്റ് ആയി. ആ അച്ഛൻ മരിച്ചു. അമ്മ ഇപ്പോഴും അവിടെ ജോലി നോക്കുന്നു. ഞാൻ ഇവിടെ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്യാൻ ബുക്ക് ചെയ്തു കാത്തിരിക്കുന്നു. അതിനായാണ് ട്രാൻസ്ഫർ വാങ്ങി ചെന്നൈയിൽ വന്നത് ”     അവളുടെ വാക്കുകൾ അവനു വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും തോന്നി. എന്തുതന്നെയായാലും അവളെ അത്രകണ്ട്‌ ഇഷ്ടപ്പെട്ടുപോയി . അവളോടൊപ്പമുള്ള  സുന്ദരമായുള്ള ജീവിതം സ്വപ്‍നം കണ്ടുപോയി. ഇനി ഉപേക്ഷിക്കുക വയ്യ.      ശരീരത്തിനെകാളും മനസ്സിന്റെ ബന്ധമാണ് പ്രധാനം. അവനും , ഒരുതരത്തിൽ അവളും അനാഥകൾ ആണ്. ഒരു അനാഥയ്ക്കുകൂടെ ജീവിതം കൊടുക്കാൻ അവർക്കാവും. അവന്റെ തീരുമാനത്തിന് മാറ്റമുണ്ടായിരുന്നില്ല. അവളുടെ സമ്മതത്തിനായി അവൻ കാത്തു.