വിനയ പുരസ്സരം സമർപ്പിക്കുന്ന ഒരു തുറന്ന കത്ത്

7
0

ഹൃദയ സ്പന്ദനം നിലച്ചിട്ടില്ലാത്ത കമ്മ്യുണിസ്റ്റ് കാരുടെയും ഹൃദയാലുക്കളായ പൊതു സമൂഹത്തിന്റെയും മുമ്പിൽ വിനയ പുരസ്സരം സമർപ്പിക്കുന്ന ഒരു തുറന്ന കത്താണ് അമ്മയും ഭാര്യയും മക്കളും എല്ലാമുള്ള ഒരു കുടുംബനാഥന്റെ കത്താണിത്. എന്ന് കരുതിയാൽ മതി സുഹൃത്തുക്കളെ.
. എന്റെ fb പ്രൊഫൈലിൽ ഒരു വർഷത്തോളമായി കണ്ടിരുന്നത് ഒരു വയസ്സ് പ്രായമുള്ള എന്റെ പേരക്കുട്ടിയുടെ ഫോട്ടോയായിരുന്നു. അതെന്റെ ഒരു സ്വകാര്യ സന്തോഷമായിരുന്നു. അതിന് മുമ്പ് എന്റെ ഇളയ മകളുടെ ചിത്രമായിരുന്നു ഇട്ടിരുന്നത്. സൈബർ അധിക്ഷേപത്തിന് മോൾ ഇരയായപ്പോൾ ഞാൻ ആ ചിത്രം മാറ്റി. എന്റെ വീട്ടിലെ ലാൻഡ് ലൈനിൽ നിരന്തരം അധിക്ഷേപ കോളുകൾ വന്നപ്പോൾ സഹികെട്ട്
ഈ വർഷം മധ്യത്തിൽ ഞാൻ താമസിക്കുന്ന പ്രദേശത്തെ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്റ്റർക്കു നേരിട്ട് പോയി പരാതി നൽകി. രസീതും തന്നു. പുളിച്ച തെറിയാണ് ഫോണിലൂടെ എന്റെ കുടുംബാംഗങ്ങൾ കേൾക്കേണ്ടി വന്നിരുന്നത്.ഒരു ഫലവും ഉണ്ടായില്ല. തുടർന്ന് സൈബർ സെൽ ഡി വൈ എസ് പിക്ക് പരാതി നൽകി. എന്നിട്ടും ഫലമുണ്ടായില്ല. ഞാൻ വിശ്വസിക്കുന്ന ആശയങ്ങൾ ഭയപ്പെടുന്നവർക്കു ഞാൻ നൽകേണ്ടി വരുന്ന വലിയ വിലയാണിത് .ഞാൻ ഒരു പാർട്ടിയിലും അംഗമോ അനുഭാവിയോ അല്ല. പക്ഷെ എനിക്ക് സ്വതന്ത്രമായ അഭിപ്രായമുണ്ട്. അതെന്റെ സ്വാതന്ത്ര്യം.
എന്റെ ദുരനുഭവം മാധ്യമങ്ങളെയോ പ്രതിപക്ഷ നേതാക്കളെയോ അറിയിക്കാതെ ഇത്രയും നാൾ അപമാനം കടിച്ചിറക്കി കഴിയുകയായിരുന്നു. ഇതെല്ലാം ഏത് രഹസ്യ കേന്ദ്രത്തിൽ നിന്ന് ചെയ്യിപ്പിക്കുന്നത് ആണെന്ന് എനിക്കറിയാം. ആരുടെ പിൻബലത്തിലാണെന്നും വ്യക്തം.
എന്നാൽ ഇന്ന് രാവിലെ സിപിഎം സൈബർ വിഭാഗത്തിലെ ഷാജി ചാൾസ് എന്നൊരാൾ എന്റെ പോസ്റ്റിന് പ്രതികരണമായി ഇട്ട കമന്റ് ഇപ്രകാരമാണ് : ” ജി ശക്തിധരന്‌ ഒരു സംശയം ചോയിച്ചോട്ടെ ,തന്റെ കയ്യിൽ ഇരിക്കുന്ന കൊച്ചുമകൾ വളർന്ന് വലുതായി കല്യാണം കഴിക്കുന്നതിന് മുന്നേ ഒരു ഭാര്യ ഉള്ളവന്റെ കൊച്ചിനെ വയറ്റിൽ ആക്കി വന്നാൽ താൻ എങ്ങിനെ നേരിടും ആ പ്രശ്നം .”
ഇതാണ് അയാളുടെ ചോദ്യം. ഇത് ഇവിടെ പകർത്താൻ തന്നെ എനിക്ക് കടുത്ത മാനസിക നിയന്ത്രണം പാലിക്കേണ്ടിവരുന്നു..സ കോടിയേരി ബാലകൃഷ്‌ണാ ഇതാണ് നിങ്ങളുടെ പാർട്ടിയുടെ ഇന്നത്തെ അവസ്ഥ. നാണമാകുന്നില്ലേ സ: കോടിയേരി ബാലകൃഷ്ണാ?.
ഞാൻ കൊടുത്ത മറുപടി “സ: കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകനോട് ചോദിക്കൂ ” എന്നായിരുന്നു..
മാത്രമല്ല ഞാൻ പോസ്റ്റു അപ്പോൾ തന്നെ സ കോടിയേരി ബാലകൃഷ്ണനും മറ്റും ഫോർവേർഡ് ചെയ്തു കൊടുത്തു. ഈ നിമിഷം വരെ അദ്ദേഹം പ്രതികരിച്ചിട്ടില്ല. അത് എന്തിന്റെ സൂചന എന്ന് വ്യക്തം.
എന്റെ പേരക്കുട്ടിയുടെ മൂന്നിരട്ടിയോളം പ്രായമുള്ള, ശ്രീ ബിനീഷ് കോടിയേരിയുടെ ചിത്രശലഭം പോലുള്ള കുഞ്ഞു, അച്ഛൻ ജയിലിൽ കിട ക്കുമ്പോൾ അന്വേഷണ ഏജൻസികളുടെ പീഡനത്തിന് ഇരയാകുന്നത് കണ്ടപ്പോൾ ആദ്യം ഇടപെട്ട് ആ കുഞ്ഞിനെ വേദനിപ്പിക്കാതിരിക്കാൻ ആദ്യം രംഗത്തിറങ്ങിയതിൽ ഒരാൾ ഞാനായിരുന്നു. സിപിഎം എന്ന മഹാ പാർട്ടിയുടെ ഒരുത്തനും രംഗത്തുണ്ടായിരുന്നില്ല. എല്ലാം പേടിച്ചരണ്ട് നിൽക്കുകയായിരുന്നു. പേടിച്ചരണ്ട ആ കുഞ്ഞിന്റെ പരമ ദയനീയാവസ്ഥ കണ്ടാണ് ഞാൻ ഇടപെട്ടത്. മകനെ പകപോക്കലെന്നോണം ജയിലിൽ ഇട്ടതിനെ പരസ്യമായി ചോദ്യം ചെയ്‌തു എഴുതിയ ഏക ലേഖകൻ ജി ശക്തിധരൻ എന്ന ഞാൻ മാത്രമാണ്.ഇതൊന്നും ഒളിച്ചോ മറവിലോ ചെയ്തതെയല്ല. എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. പരസ്യമായിട്ടാണ്. എന്നാൽ സ : കോടിയേരിയുടെ അടുത്ത അനുയായിയായ സൈബർ :ഗൂണ്ട എട്ടും പൊട്ടും തിരിയാത്ത സ്വന്തം കാലിൽ നിൽക്കാൻ പോലും ശേഷിയെത്താത്ത ഒരു പാവം കുഞ്ഞിനെ കുറിച്ച് ഇങ്ങിനെ പരസ്യമായി എഴുതിയതിലെ എന്റെ വേദന അറിയിച്ചിട്ട് ഒന്ന് പ്രതികരിക്കാൻ പോലും തയാറാകാത്ത ഒരു പാറക്കഷണമാണല്ലോ താങ്കൾ എന്നതിൽ എനിക്ക് ഖേദം ഉണ്ട്.
എനിക്കിന്ന് എന്റെ വീട്ടിൽ ചെന്ന് കയറാൻ ധൈര്യമില്ലാതെ ഓഫീസിൽ കഴിയുകയാണ്. എന്റെ കുടുംബത്തിന്റെ അവസ്ഥ തന്നെ കാരണം. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തിൽ നിൽക്കുമ്പോൾ പരസഹായം ഇല്ലാതെ വോട്ട് ചെയ്യാനാകാത്ത എന്റെ അമ്മയോട് ആർക്ക് വോട്ട് ചെയ്യണമെന്ന് പോളിംഗ് ഓഫീസർ ചോദിച്ചപ്പോൾ നടപടി ക്രമങ്ങൾ ഒന്നും നോക്കാതെ “അരിവാളും ചുറ്റികയ്ക്കും” എന്ന് ബൂത്തിൽ ഉറക്കെ വിളിച്ചു പറഞ്ഞതാണ് എന്റെ ‘അമ്മ. ഇപ്പോഴത്തെ വനിതാ കമ്മീഷൻ അധ്യക്ഷ തെരെഞ്ഞെടുപ്പ് പ്രചാരണ ആവശ്യത്തിന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തു വന്നപ്പോൾ സ്വന്തം മകളെ പോറ്റുന്ന പോലെ ഒരു മാസത്തോളം എന്റെ വീട്ടിൽ സംരക്ഷിച്ചതാണ് ഈ ‘അമ്മ.
സിപിഎം നേതാക്കളുടെ കുടുംബങ്ങളിൽ മനുഷ്യപ്പറ്റ് അവശേഷിച്ചിട്ടുള്ള സ്ത്രീകൾ ഉണ്ടെങ്കിൽ അവർ ഇതറിയണം. നിങ്ങളുടെ പാർട്ടി വംശ നാശത്തിലേക്ക് പോകുകയാണ്. ഇന്നത്തെ സൗകര്യങ്ങൾ നിങ്ങളെ ദന്തഗോപുരത്തിൽ വാഴിക്കുമായിരിക്കാം.പക്ഷെ നാളെ പട്ടിയെ തെരുവിലിട്ട് തല്ലുന്നത് പോലെ തല്ലു കൊള്ളുന്നത് കാണേണ്ടിവരും .അതാണ് ബംഗാളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെക്കൂടി പാർട്ടി ഏരിയാ സമ്മേളനത്തിന് എന്നാലാകുന്ന സംഭാവന നൽകിയ ഒരാൾ കൂടിയാണ് ഞാൻ.