കെ.ആർ ഗൗരി എന്ന തീ എരിഞ്ഞടങ്ങി

215
0

ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ കെ.ആർ ഗൗരി എന്ന തീ എരിഞ്ഞടങ്ങി. ചരിത്രത്തിലേക്ക് വീശുന്ന ഏത് കാറ്റിലും ഒരു കനൽ കെടാതെ നിൽക്കും.

സാമൂഹ്യ നീതിയെ കുറിച്ചും ലിംഗ സമത്യത്തെ കുറിച്ചും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ പുസ്തകം വായിച്ച് പഠിക്കുന്ന കാലത്ത് പഠിച്ച രാഷ്ട്രീയ പാഠങ്ങൾ യാഥാർത്ഥ്യമാക്കാൻ കുന്തമുന പോലെ പോരാടിയിട്ടുണ്ട് ഗൗരി. സർ സി.പി യുടെ പോലീസിൻ്റെ ലാത്തിക്ക് ഗൗരിയെ തളർത്താനായില്ല. പക്ഷേ CPM സംസ്ഥാന സമിതിയിൽ EMS നമ്പൂതിരിപ്പാടിനെ മിസ്റ്റർ EMS എന്ന് അഭിസംബോധന ചെയ്തതിൻ്റെ പേരിൽ അയാളുടെ മകൻ EM ശ്രീധരൻ ചാടി എഴുനേറ്റ് “ഗൗരി ചോത്തിക്ക് അവിടെ ഇരിക്കാം എന്ന് ആക്രോശിച്ചപ്പോൾ” ഒരു നിമിഷം അവരൊന്ന് പതറിയിട്ടുണ്ടാവാം!

ജീവിത സഖാവായ ടി.വി തോമസ് മരിച്ചപ്പോഴും അവർ കരഞ്ഞില്ല. ഉള്ളിൽ വേദന ഉണ്ടായിരുന്നെന്ന് എവിടെയോ പറഞ്ഞു കേട്ടു. മരിച്ച ടി.വി ക്കും മരിക്കാത്ത ഗൗരിക്കും സാക്ഷിയായ അനേകം മനുഷ്യർക്കുമിടയിലെ വൈകാരിക സംഘർഷം കണ്ട് കളക്റ്റർ ഓമനകുഞ്ഞമ്മ ഉറക്കെ കരഞ്ഞു. മരിക്കുന്നതിന് മുൻപ് കടുത്ത കാൻസർ ബാധിതനായി മുംബൈ റ്റാറ്റാ ഹോസ്പിറ്റലിൽ ആഡ്മിറ്റായിരുന്ന ടി.വിയെ കാണാൻ അവർ പാർട്ടിയോട് അനുമതി ചോദിച്ചിരുന്നു. ആദ്യം നിഷേധിച്ചു. പിന്നെ ടി.വി യുടെ നില അതീവ ഗുരുതരമായപ്പോൾ കമ്മിറ്റി കൂടി വ്യവസ്ഥകളോടെ സമ്മതിച്ചു. പാർട്ടി അനുവധിച്ച സമയം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് തിരികെ പോരാനിറങ്ങുമ്പോൾ ടി.വി കരഞ്ഞുകൊണ്ട് അവരുടെ കൈയ്യിൽ മുറുകെ പിടിച്ചു. ഗൗരി കരഞ്ഞില്ല. കണ്ണുനീരൊക്കെ വരണ്ടുപോയിരുന്നു.

ജെ.എസ്.എസ് കാലത്ത് അഛനോട് വളരെ അടുപ്പമുണ്ടായിരുന്ന ഗൗരിയമ്മ കുട്ടിയായിരുന്ന എന്നെ മടിയിലിരുത്തി “മോൻ ഏത് പാർട്ടിയാണെന്ന്” ചോദിച്ചത് ഓർമ്മയുണ്ട്. “കരുണാകരൻ്റെ പാർട്ടിയാണെന്ന് ” അപ്പോൾ തന്നെ ഞാൻ മറുപടിയും പറഞ്ഞു. അവരുടെ മുഖത്ത് വിരിഞ്ഞ വാത്സല്യം നിറഞ്ഞ പുഞ്ചിരി ഇപ്പോഴും കണ്ണിലുണ്ട്.

കരുണാകരൻ്റെ പാർട്ടി വിമോചന സമരകാലത്ത് ഗൗരിയമ്മക്കെതിരെ വിളിച്ച വംശീയ മുദ്രാവാക്യങ്ങളെ കുറിച്ച് വായിച്ചപ്പോഴൊക്കെ കണ്ണു നിറയുകയും അന്നത്തെ പുഞ്ചിരി ഓർമ്മകളിൽ വന്ന് നിൽക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഞാൻ വിമോചന സമരത്തെ പിന്തുണക്കാത്ത കോൺഗ്രസായി. വിയോജിപ്പുകളോടെ ചരിത്രത്തെ വായിക്കാനുള്ള കാരണം കൂടിയായി എനിക്ക് ഗൗരിയമ്മ.

അമ്മേ വിട! വിപ്ലവാഭിവാദ്യങ്ങൾ.
മറ്റൊരു ചുടുകാട്ടിലിരുന്ന് ചരിത്രവും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒരിക്കലും നീതി കാട്ടിയിട്ടില്ലാത്ത സഖാവ് കുന്തക്കാരൻ പത്രോസ് അമ്മയെ അഭിവാദ്യം ചെയ്യുന്നതായി സങ്കൽപ്പിക്കുന്നു.