ഗുണ്ടാവണ്ടികള്‍

17
0

പി.ആര്‍.ശിവപ്രസാദ്


കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളായും IT മേഖലയിലെ ഉദ്യോഗസ്ഥരായും വ്യവസായ സ്ഥാപനങ്ങളില്‍ തൊഴിലാളികളായും ഏ റ്റവും കൂടുതല്‍ യുവാക്കള്‍ ചേക്കേറിയിരിക്കുന്നത് ബെംഗളൂരു നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമാണ്. സാമാന്യം നല്ല സാമ്പത്തിക ഭദ്രതയും ഇവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെയാവണം കേരളത്തിലെ എല്ലാ ചെറുതും വലുതുമായ നഗരങ്ങളില്‍ നിന്നും ബെംഗളൂരുവിലേക്ക് ആഡംബരബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത്. ഇത്തരം ബസ്സുകളില്‍ അമിതമായ നിരക്കിലാണ് യാത്രാക്കൂലി ഈടാക്കുന്നതെങ്കിലും സുരക്ഷിതത്വവും സുഖസൗകര്യങ്ങളും പ്രതീക്ഷിച്ചാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഈ ബ സ്സ് സര്‍വ്വീസുകളെ ആശ്രയിക്കുന്നത്. എന്നാല്‍ ആ വിശ്വാസത്തെ പൊളിച്ചടുക്കുന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് തത്സമയവീഡിയോ ദൃശ്യത്തിലൂടെ സോഷ്യല്‍മീഡിയയിലും പിന്നീട് റ്റി.വി യിലും പത്രങ്ങളിലുമായി കണ്ടത്. തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിനുപോയ ‘സുരേഷ് കല്ലട’ എന്ന ആഡംബരബസ്സ് ഇടയ്ക്കുവച്ച് ബ്രേക് ഡൗണ്‍ ആയി വിജനമായ വഴിയില്‍ കിടക്കുകയും യാത്രക്കാരെ കൂരിരുട്ടത്ത് വഴിയില്‍ നിര്‍ത്തുകയും മണിക്കൂറുകള്‍ പിന്നിട്ടിട്ടും പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താ തിരുന്നതിനെപ്പറ്റി ചോദ്യംചെയ്ത യുവാക്കളെ ബസ്സിലെ ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് ഭീകരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനു സാക്ഷികളാകേണ്ടിവന്ന മറ്റുയാത്രക്കാര്‍ ആക്രമണം ഭയന്ന് സ്വയരക്ഷയോര്‍ത്ത് നിശബ്ദരായിരിക്കുകയായിരുന്നു. യുവാക്കള്‍ പ്രതികരിച്ചതുകൊണ്ടുമാത്രമാണ് ഹരിപ്പാട് പോലീസ് സംഭവത്തില്‍ ഇടപെടുകയും പകരം ബസ്സ് എത്തിച്ച് യാത്ര തുടരാന്‍ സാധിച്ചതും. എന്നാല്‍ കൊച്ചിയിലെത്തിയ ബസ്സിലേക്ക് കുറെ വാടകഗുണ്ടകളും തൊഴിലാളികളും ഇടിച്ചുകയറി അജയഘോഷ്,സച്ചിന്‍,അഷ്‌കര്‍ എന്നീ യുവാക്കളെ അതിക്രൂരമായി മര്‍ദ്ദിച്ചവശരാക്കി. ഗുരുതരമായി പരുക്കേറ്റ യുവാക്കള്‍ പിന്നീട് ആശുപത്രിയില്‍ എത്തി ചികിത്സതേടി. മൂന്നു ചെറുപ്പക്കാരെ ബസ്സില്‍ നിന്നും അടിച്ചു പുറത്തിട്ടിട്ടും കലിയടങ്ങാതെ തൊഴുതുകാലുപിടിച്ചിട്ടും യാതൊരു സഹതാപവും കാട്ടാതെ ഒന്നിലധികം പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കാന്‍ തക്കവണ്ണം എന്തു തെറ്റാണവര്‍ ചെയ്തത്. മര്‍ദ്ദനംകണ്ട് ഭയന്നെങ്കിലും ആ ബസ്സിലെ യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് എന്നയാള്‍ രഹസ്യമായി സംഭവം വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ്‌ചെയ്യാന്‍ തയ്യാറായില്ലായിരുന്നെങ്കില്‍ പുറംലോകം ഈ സംഭവം ഒരിക്കലും അറിയില്ലായിരുന്നു. ഇനിയൊരിക്കലും ആവര്‍ ത്തിക്കില്ല എന്നുറപ്പു വരുത്തേണ്ടതാണ് ബെംഗളൂരുവിലേക്കുള്ള യാത്രക്കാരായ യുവാക്കളെ മര്‍ദ്ദിച്ച സംഭവം. വലിച്ചിഴച്ചു പുറത്തിറക്കുക,വസ്ത്രം വലിച്ചുകീറുക കരിങ്കല്ലുകൊണ്ടിടിക്കുക. ബിയര്‍കുപ്പികൊണ്ടെറിയുക തുടങ്ങിയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് സോ ഷ്യല്‍മീഡിയയില്‍ കണ്ടത്.
ഇത്തരം ഗുണ്ടായിസവും ധിക്കാരവും ബസ്സ്ജീവനക്കാരില്‍ നിന്നും സ്ഥിരമായി ഉണ്ടാകാറുണ്ടെന്ന് ഈ സംഭവം പുറത്തുവന്നു കഴിഞ്ഞ പ്പോള്‍ മാത്രമാണ് പലരും വെളിപ്പെടുത്താന്‍ തയ്യാറായതും, അവര്‍ക്ക് സംഭവിച്ചിട്ടുള്ള സമാനഅനുഭവങ്ങള്‍ മാധ്യമങ്ങളിലൂടെ പങ്കുവച്ചതും. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആരുംതന്നെ പോ ലീസ് സ്റ്റേഷനിലോ, ആര്‍ ടി ഒ ഓഫീസുകളിലോ പരാതി നല്‍കാറില്ല. നൂറുനൂറു പ്രശ്‌നങ്ങളുമായി യാത്രയ്ക്കിറങ്ങുന്നവര്‍ എങ്ങനെയെങ്കിലും എത്തേണ്ടിടത്ത് എത്തിച്ചേരാന്‍ തത്രപ്പെടുന്നു. ജോലിത്തിരക്കുമൂലവും സമയനഷ്ടം ഭയ ന്നും പരാതിപ്പെടാന്‍ തുനിയാതെ തന്റെ തിക്താനുഭവത്തെ അവഗണിക്കുന്നു. കാരണം പരാതിപ്പെട്ടാല്‍ നൂറായിരം നൂലാമാലകളി ല്‍പ്പെട്ട് വലയുകയും അവസാനം വാദി പ്രതിയാവുകയും ചെയ്യുക മാത്രമായിരിക്കും ഫലമെന്ന് അനുഭവങ്ങളിലൂടെ അറിഞ്ഞിട്ടുള്ളവരാണല്ലോ പ്രബുദ്ധരായ നമ്മള്‍ പൗരന്മാര്‍. കേരളത്തിലെയും കര്‍ണാടകയിലെയും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകളെപോലും നിഷ്പ്രഭമാക്കി ഈ അഹങ്കാരസര്‍വ്വീസ് നടത്തുന്നവര്‍ വമ്പന്‍സ്രാവുകളാണ് എന്ന് നിരീക്ഷിച്ചാല്‍ മനസ്സിലാകും.
സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയുണ്ടാകണം എന്നു മാത്രമല്ല, കൂടുതല്‍ പണം കൊടുത്ത് സുരക്ഷിതയാത്രയ്ക്കു തയ്യാറാകുന്നവരെ ചൂഷണം ചെയ്യുവാന്‍ സ്വകാര്യബസ് ലോബിക ള്‍ക്ക് വേണ്ടി ആരൊക്കെയോ ഒത്തുകളിക്കുന്നുണ്ട്. കൂടുതല്‍ സാമ്പത്തികനേട്ടം ഉണ്ടാകുമെന്നറിഞ്ഞിട്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആര്‍.ടി.സി കര്‍ണാടക സര്‍ ക്കാരുമായി ചേര്‍ന്ന് എന്തുകൊണ്ടാണ് കൂടുതല്‍ സം സ്ഥാനാന്തര സര്‍വീസുകള്‍ നടത്താത്തത്. സ്വകാര്യബസ് ലോബികളുടെ ഇടപെടലുകള്‍ സംശയിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ ട്രെ യിന്‍ സര്‍വീസുകള്‍ നടത്താത്തതും ഇവരുടെ ശക്തിവെളിപ്പെടുത്തുന്നതാണ്. കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന ആവശ്യത്തിന് ആരാണ് എതിരു നില്‍ക്കുന്നത്.
പണം കയ്യിലുണ്ടെങ്കില്‍ ആരെവേണമെങ്കിലും കൊല്ലാം എന്തു ഗുണ്ടായിസവും കാണിക്കാം എന്ന ഒരു ധൈര്യം, യാത്രക്കാരെ പിഴിഞ്ഞ് പണം സമ്പാദിക്കുന്ന ഈ മുതലാളിമാര്‍ക്ക് ഉണ്ടാവുന്നത് രാഷ്ട്രീയ ബിനാമികളും ഉന്നത ഉദ്യോഗസ്ഥരും ഈ വ്യവസായത്തിന്റെ സംരക്ഷകരായിട്ടു ള്ളതു കൊണ്ടാവാം. അന്യായമായ കൂലി നല്‍കി മലയാളി യാത്രക്കാര്‍ ഇത്തരം ബസ്സുകളില്‍ യാത്രചെയ്യാന്‍ തിക്കിതിരക്കുന്നതിനാല്‍ ഒരിക്കലും നഷ്ടമുണ്ടാകാനിടയില്ലാത്ത ഈ വ്യവസായത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളില്‍നിന്നും ബെംഗളൂരിലേക്കും ചെന്നെയിലേക്കും മുംബയിലേക്കും സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഇത്തരം ബസ്സ് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഉപഭോക്താക്കളില്ലാതെ ഒരു വ്യവസായവും നിലനില്‍ക്കില്ല എന്ന അടിസ്ഥാനതത്വം പോലും മറന്ന് ഇത്തരം ധിക്കാരം കാട്ടുന്നതില്‍ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്? യാത്രക്കാരില്ലെങ്കിലും ലാഭകരമായിത്തന്നെ ഈ വ്യവസായം നടത്താന്‍ മറ്റെന്തോ അനധികൃത ഇടപാടുകള്‍ക്ക് ഈ ബസ്സ്‌വ്യവസായം മറയാകുന്നുണ്ട് എന്നല്ലേ ഊഹിക്കേണ്ടത്. അല്ലെങ്കില്‍ വന്‍ മുതല്‍മുടക്കില്‍ നടത്തുന്ന തന്റെ വ്യവസായത്തില്‍ ജോലിചെയ്യാന്‍ കഴിവും സംസ്‌കാരവും വിദ്യാഭ്യാസവുമുള്ള യോഗ്യന്മാരായ തൊഴിലാളികളെ നിയമിക്കുന്നതിനു പകരം വെറും നാലാംകിട ഗുണ്ടകളെ ജോലിക്കുവച്ചിരിക്കുന്നതിന്റെ ഉദ്ദേശം നല്ലതല്ലായെന്ന് ധരിക്കുന്നതില്‍ എന്താണ് തെറ്റ്.
ഈ ബസ്സുകളുടെ പ്രവര്‍ത്തനത്തില്‍ നിയമപരമായ യാതൊരു മാര്‍ഗ്ഗരേഖകളും അധികൃതരുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ല എന്നരീതിയിലാണ് അവര്‍ യാത്രക്കാരെ കൈകാര്യം ചെയ്യുന്നത്. 20 കിലോ മാത്രം തൂക്കമു ള്ള രണ്ട് കെട്ട് കൊണ്ടുപോകുന്നതിന് ‘സുരേഷ്‌കല്ലട’ ബസ്സിലെ യാത്രക്കാരനായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ജയ്‌മോന്‍ ജോസിനോട് 600 രൂപയാണ് ബസ്സിന്റെ ജീവനക്കാര്‍ ആവശ്യപ്പെട്ടത്. മന്ത്രി ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു അന്വേഷണം പോലും ഉണ്ടായില്ല എന്നാണറിയാന്‍ കഴിഞ്ഞത്. അതുതന്നെയല്ലേ ഈ ബസ് ലോബിയുടെ ശക്തി.
കെ.എസ്.ആര്‍.ടി.സിയെ നവീകരിക്കാനും അന്തര്‍സംസ്ഥാനസര്‍വീസുകള്‍ ലാഭകരമാക്കാനുമുള്ള റിപ്പോര്‍ട്ടുകളെ തഴഞ്ഞതിന്റെ ഫലമായാണ് ദീര്‍ഘദൂരറൂട്ടുകളില്‍ മേല്‍ക്കൈ ഇല്ലാത്തതും സ്വകാര്യമേഖല കൊഴുത്തതും. പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ച എം.ഡി മാരെയെല്ലാം തെറിപ്പിച്ച സര്‍ക്കാരുകള്‍ സ്വകാര്യ ബസ്മുതലാളിമാരെ സന്തോഷിപ്പിക്കുന്നതില്‍ കവിഞ്ഞ് ഒന്നും ചെയ്തില്ല.
ബെംഗളൂരു പോലുള്ള നഗരങ്ങളിലേക്ക് മികച്ച സര്‍വീസും ആധുനിക ബസുകളും വേണമെന്ന കാഴ്ചപ്പാടോടെ 2008 ല്‍ വോള്‍വോ ബസ് നിരത്തിലിറക്കിയത് അന്നത്തെ എം.ഡി. ടി.പി.സെന്‍കുമാറാണ്. ഈ സര്‍വീസുകളില്‍ മര്യാദയുള്ള ജീവനക്കാരെയും അദ്ദേഹം നിയമിച്ചു. എം.ജി രാജമാണിക്യം എം.ഡി യായപ്പോള്‍ ചെന്നൈ,മുബൈ തുടങ്ങിയ നഗരങ്ങളിലേക്ക് മള്‍ട്ടി ആക്‌സില്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കി. അത് ഗതാഗതവകുപ്പ് നടപ്പാക്കിയില്ല. പരിഷ്‌കരണത്തിന്റെ അടുത്ത ഘട്ടമായപ്പോള്‍ രാജമാണിക്യത്തെ മാറ്റി. പകരം വന്ന ടോമിന്‍ ജെ. തച്ചങ്കരി പരിഷ്‌കാരങ്ങള്‍ ആരംഭിച്ചു. ബസ് വാടകയ്‌ക്കെടുത്ത് ദീര്‍ഘദൂര സര്‍വീസ് എന്ന ആശയം അദ്ദേഹത്തിന്റേതായിരുന്നു. കിടന്ന് യാത്രചെയ്യാവുന്ന സ്ലീപ്പര്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്നും അദ്ദേഹം സര്‍ക്കാരിന് കത്തെഴുതി. അതിനായി സര്‍ക്കാര്‍ നിയമം മാറ്റിയെങ്കിലും ഒറ്റ സ്ലീപ്പര്‍ബസും വാങ്ങിയില്ല. എന്നാല്‍ നിയമം അനുകൂലമായതോടെ നിരവധി സ്വകാര്യകമ്പിനികള്‍ സ്ലീപ്പര്‍ബസുകള്‍ നിരത്തിലിറക്കി. യാത്രക്കാര്‍ ആകര്‍ഷിക്കപ്പെട്ടതോടെ തമിഴ്‌നാട്,കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളും സ്ലീപ്പര്‍ ബസിറക്കി.
നികുതി നല്‍കാതെ വന്‍തോതില്‍ ലഗേജുകള്‍ ഈ സ്വകാര്യബസില്‍ കൊണ്ടുവരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. എന്നിട്ടും എന്തുകൊണ്ടാണ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പും നികുതിവിഭാഗവും ഉറക്കം നടിക്കുന്നത് എന്നത് അവരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. ആരുടെയൊക്കെ നേരെ സാധാരണക്കാര്‍ വിരല്‍ചൂണ്ടിയാലും നടപടിയെടുക്കേണ്ടവര്‍ക്കു ലോബിയുടെ ഗുണ്ടായിസത്തിന്റെ നിഴലിലോ പണത്തിന്റെ തണലിലോ ഉറങ്ങുന്നതില്‍ നാണം തോന്നാത്തിടത്തോളം കാലം അര്‍ദ്ധരാത്രിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളയാത്രക്കാര്‍ മര്‍ദ്ദിക്കപ്പെടുമ്പോഴും ഗുണ്ടകള്‍ക്കുമുന്നില്‍ നമുക്ക് വാപൊത്തി നില്‍ക്കുകയല്ലാതെ തരമില്ലല്ലോ. സ്‌പെയര്‍ ബസുകള്‍ ഇല്ലെങ്കിലും തോന്നിയപോലെ ചാര്‍ജ്ജുകള്‍ ഈടാക്കിയാലും അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നുംതന്നെ ലഭിക്കുന്നില്ലെങ്കിലും ഓഫീസുകളില്‍ ശുചിമുറികളുടെ അപര്യാപത്ത ഉണ്ടായാലും സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനംപോലും ലഭിക്കുന്നില്ലെങ്കിലും പെരുവഴിയില്‍ നമ്മുടെ കുഞ്ഞുങ്ങളുടെ ജീവന്‍ പൊലിഞ്ഞാലുംനമുക്ക് നാവടക്കാം.
ഭയംമൂലം ഒരാള്‍ക്കും പ്രതികരിക്കാന്‍ ശക്തിയില്ലാത്തത് പ്രതികരിക്കുന്നവനെ സംരക്ഷിക്കാന്‍ ഒരു സ്വതന്ത്രമനസ്സുള്ള സമൂഹമോ,മാധ്യമങ്ങളോ ഇല്ലാത്തതു കൊണ്ടാണ്. അവഗണിക്കുന്ന ഭരണകൂടവും പ്രതികരിക്കുന്നതില്‍ നിന്ന് അവനെ പിന്തിരിപ്പിക്കുന്നു എന്ന് നിരീക്ഷിക്കുന്നതില്‍ തെറ്റില്ല. ബസ്സിനകത്തെ ഈ ക്രൂരതയ്ക്ക് സാക്ഷിയായവരുടെ മൗനം തന്നെ ഉദാഹരണം. ഭീതിയുണ്ടായിരുന്നിട്ടും സംഭവം രഹസ്യമായി വീഡിയോ ചെയ്ത് എഫ്.ബിയില്‍ പോ സ്റ്റ് ചെയ്യാന്‍ ഒരാള്‍ തയ്യാറായതുകൊണ്ടു മാത്രമല്ലെ ഈ ക്രൂരത ജനമറിഞ്ഞത്. അങ്ങനെ അറിഞ്ഞതുകൊണ്ടല്ലേ വകുപ്പുമന്ത്രിയുള്‍പ്പെടെ ഈ വിഷയത്തില്‍ ഇടപെട്ടത്. മാധ്യമങ്ങള്‍ ഈ വ്യവസായലോബിയുടെ പിന്നാമ്പുറങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. ഇത്തരം ദുരനുഭവങ്ങള്‍ നിര്‍ഭയം വെളിപ്പെടുത്താന്‍ അ നുഭവസ്ഥര്‍ ധൈര്യം കാട്ടിയത്. സോഷ്യല്‍ മീഡിയ ഇല്ലായിരുന്നെങ്കില്‍ ആ ചെറുപ്പക്കാരനും തന്റെ മനസാക്ഷിയെ വഞ്ചിച്ച് ആത്മരോഷം കൊള്ളാന്‍ മാത്രമല്ലേ കഴിയുമായിരുന്നുള്ളൂ.
ആഡംബര സൗകര്യങ്ങളോടെ അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ നടത്തിയാല്‍ നല്ല സാമ്പത്തികലാഭം നേടാം എന്നുറപ്പുണ്ടായിട്ടും കേരള കര്‍ ണാടക ഗതാഗതവകുപ്പുകള്‍ അതിന് തയ്യാറാകാത്തതെന്തുകൊണ്ടാണ്. ഒരുപക്ഷേ ഇവിടുത്തെ ട്രേ ഡ്‌യൂണിയനുകള്‍ സ്വകാര്യബസ് ലോബിയുടെ ഗുണ്ടായിസത്തിനും ചൂഷണത്തിനും കൂട്ടുനിന്നുകൊണ്ട് കോര്‍പ്പറേഷന്റെ ആഡംബര സര്‍വ്വീ സുകള്‍ക്കെതിരെ അനാവശ്യസമരങ്ങള്‍ നടത്തു മോ എന്നു ഭയന്നിട്ടായിരിക്കാം. ഈ സ്വകാര്യലോബിയുടെ ആട്ടുംതുപ്പും സഹിച്ചാലും അതി ല്‍ത്തന്നെ വീണ്ടും യാത്രചെയ്യുന്ന നമ്മള്‍തന്നെ സര്‍ക്കാര്‍ പരിമിതികള്‍ക്കകത്തുനിന്ന് ഇത്തരം സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ ‘ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം’ എന്നു പറഞ്ഞതുപോലെ, കൂലികൂടുതലിനും സുഖസൗകര്യങ്ങളുടെ അപര്യാപ്തത യെക്കുറിച്ചും വേഗതക്കുറവിനെപ്പറ്റിയും കഴമ്പില്ലാത്ത ഒരു നൂറായിരം കാര്യങ്ങളില്‍ വിമര്‍ശനങ്ങളും തര്‍ക്കങ്ങളും സമരങ്ങളും അന്തിച്ചര്‍ച്ചയുമായി അതിനെ അട്ടിമറിക്കും. അതിന്റെയെല്ലാം പിന്നില്‍ ഈ സ്വ കാര്യലോബി ഉണ്ടായിരിക്കും. സ്വകാര്യലോബികള്‍ എന്തു ചെയ്താലും നമ്മളാരും പ്രതികരിക്കില്ല. പകരം അവന്റെ ബസ്സിന്റെ വാതിലില്‍ വലിയതുക നല്‍കി ക്യൂ നില്‍ക്കും.
സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ കര്‍ണാടക സര്‍ക്കാരുമായി യോജിച്ച് കൂടുതല്‍ അന്തര്‍സംസ്ഥാന ആഡംബര സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ സുഖം അല്‍പം കുറഞ്ഞാലും അടിമേടിക്കാതെ യാത്രചെയ്യാം. അങ്ങനെ അവകാശവും അഭിമാനവും സ്വാതന്ത്ര്യവും സംരക്ഷിച്ച് മനസമാധാനത്തോടെ നിര്‍ഭയം യാത്രചെയ്യാം എന്ന വസ്തുതയും പൗരബോധമുള്ള നമ്മള്‍ ഓര്‍ക്കണം. ‘കയ്യില്‍ കിടക്കുന്ന കാശ് കൊടുത്ത് ഗുണ്ടകളുടെ അടിമേടിക്കുന്നതിനെക്കാള്‍ സുഖസൗകര്യങ്ങള്‍ അല്‍പം കുറഞ്ഞാലും സുരക്ഷിതമായി യാത്ര ചെയ്യുന്നതല്ലേ അഭികാമ്യം.