കഥയുടെ ആത്മകഥ

92
0


ഡോ.എം.ഷാജഹാന്‍


കഥ രൂപപ്പെടുന്നതെങ്ങനെ എന്നാണ് ഓരോ എഴുത്തുകാരനോടും അനുവാചകര്‍ ആരാധനയോടെ ചോദിക്കുന്നത്. കഥാജനനം എന്ന പ്രതിഭാസത്തെ അതിന്റെ തനതുരൂപത്തില്‍ ഇങ്ങനെ വിശദീകരിക്കാം.
സ്വാതിനാളില്‍ ചിപ്പിക്കുള്ളി ല്‍ വീഴുന്ന ജലകണങ്ങളാണ് പിന്നീട് മുത്തുകളായി മാറുന്നത് എന്നൊരു വിശ്വാസമുണ്ട്. കുറച്ചുകൂടി കാവ്യാത്മകമായി പറഞ്ഞാല്‍ നിത്യകന്യകകളായ ജലദേവതകളുടെ മനോഹരനയനങ്ങളില്‍ നിന്നും വിരഹാര്‍ദ്രവേളകളില്‍ അശ്രുകണങ്ങള്‍ ഉതിര്‍ന്നുവീഴുമ്പോള്‍ അടിത്തട്ടിലെ പവിഴച്ചിപ്പികള്‍ അനുതാപത്തോടെ തോടുകള്‍ വിടര്‍ത്തുകയും ആ ബാഷ്പബിന്ദുക്കളെ മൃദുലമായ പുതുമാംസ അടരുകള്‍ക്കിടയിലൊതുക്കി സുദീര്‍ഘമായ ഒരു തപോവസ്ഥയിലേക്കു പോവുകയും ചെയ്യുന്നതായി സങ്കല്‍പിക്കാം. ഒരു ഹൃദയവേദനപോലെ സദാ ഉള്ളില്‍ കൊണ്ടുനടക്കുന്ന ആ കണികയ്ക്കുചുറ്റും സ്‌നേഹത്തിന്റേയും, മനനത്തിന്റേയും,ത്യാഗത്തിന്റെയും സഹനത്തിന്റെയും നേര്‍ത്തപാളികള്‍ പലപ്പോഴായി രൂപപ്പെടുകയും പിന്നീടൊരുദിവസം ആത്മാവു നഗ്നമാക്കപ്പെടുന്ന വേദനയോടെ തോടുകള്‍ തുറന്ന് ആ മനോഹരസൃഷ്ടിയെ ബാഹ്യലോകത്തിനു സമ്മാനിച്ച് ചിപ്പി മൃതിയടയുകയും ചെയ്യുന്നു.
സര്‍ഗ്ഗസൃഷ്ടിയുടെ വേളയില്‍ ഏതാണ്ട് സമാനമായൊരു ഭൗതികാവസ്ഥയില്‍ തന്നെയാണ് എഴുത്തുകാരനും എന്നു പറയാം. നിത്യജീവിതത്തിന്റെ ചൂടും വേവും നിറഞ്ഞ നട്ടംതിരിച്ചിലിനിടയിലും സംവേദനക്ഷമമായ ഒരു മനസ്സു നിലനിര്‍ത്തുമ്പോഴാണ് ഇതു സംഭവിക്കുന്നത്. ഒരു മണല്‍ത്തരിയോ കനല്‍പ്പൊരിയോ മനസ്സിന്റെ ഉള്ളടരുകളിലെവിടെയോ ഒരു ദിനം ആഞ്ഞു പതിക്കുകയും അത് അവിടെത്തന്നെ തറഞ്ഞു നില്‍ക്കുകയും ചെയ്യുന്നു. വെളുപ്പും കറുപ്പും നിറത്തില്‍ എണ്ണമറ്റ ദിനരാത്രങ്ങള്‍ കടന്നുപോകവേ അനുഭവങ്ങളുടെയും ഭാവനയുടെയും മനോഹരവും മൃദുലവുമായ അനേകം പാളികള്‍ ആ കണികയ്ക്കുചുറ്റും വിന്യസിക്കപ്പെടുന്നു. പിന്നീടൊരു ഘട്ടത്തില്‍ മുത്തും പാളികളും കൂടുതല്‍ കൂടുതല്‍ സങ്കോചിച്ചുവരികയും അനാവശ്യമായ തോടുകള്‍ പലവട്ടം പൊഴിച്ച് അതു കൂടുതല്‍ സുന്ദരമാവുകയും ചെയ്യുന്നു. അങ്ങനെയൊരുദിനം വേര്‍പെടുന്നതിന്റെ വേദനയോടെയോ വേറിടുന്ന നിര്‍വൃതിയോടെയോ അയാള്‍ സൃഷ്ടിയെ പകല്‍ വെളിച്ചത്തിലേക്കെടുക്കുകയും ആ നിമിഷം മുതല്‍ പൊതുസ്വത്തായി മാറുന്ന മുത്തിനെ സംബന്ധിച്ചിടത്തോളം സ്വയം അന്യനായിത്തീരുകയും ചെയ്യുന്നു. വാക്കുകള്‍ അച്ഛനുപേക്ഷിച്ച കുട്ടിയെപ്പോലെയാണെന്നും പിന്നീട് കവിയുടെ ശ്രാദ്ധമൂട്ടാന്‍പോലും അവ ഒത്തുചേരുന്നില്ലെന്നും ദെറീദ പറഞ്ഞത് ഈയര്‍ത്ഥത്തിലാണ്.
കഥാകാരനും കഥാപാത്രങ്ങളും തമ്മിലുള്ള ആത്മബന്ധത്തെ പറ്റിയാണ് മറ്റുചിലര്‍ക്ക് സംശയം.
ഒരു കാര്യം ശരിയാണ്. കഥയുടെ ശരീരത്തില്‍ എന്തൊക്കെ മാറ്റപ്പണികള്‍ ചെയ്തുവച്ചാലും മുഖ്യകഥാപാത്രം പൂര്‍ണ്ണമായോ അതല്ലെങ്കില്‍ ഏതാനും കഥാപാത്രങ്ങള്‍ ചേര്‍ന്ന് ഭാഗികമായോ കഥാകാരന്റെ മനസ്സിനെ ലോകത്തിനുമുന്നില്‍ വെളിപ്പെടുത്തും. ആത്മാവിനെ ഇരുട്ടില്‍ ഒരു പെരുച്ചാഴിയെപ്പോലെ ഒളിപ്പിച്ചുനിര്‍ത്തി എനിക്കെഴുതാനാവില്ല എന്ന് മാധവിക്കുട്ടി തുറന്നുതന്നെ പറയുന്നുണ്ട്. അങ്ങനെ നോക്കിയാല്‍ കഥാന്ത്യത്തില്‍ എഴുത്തുകാരന്‍ ഏതാണ്ടു നഗ്നനായാണ് വായനക്കാര്‍ക്കുമുന്നില്‍ നില്‍ക്കുന്നത് എന്നു കാ ണാം. അത് അസ്ഥികൂടങ്ങളുടെ നഗ്നതപോലെ ആത്യന്തികമായ ഒരവസ്ഥയുമാണ്.
കൃത്രിമസ്വഭാവങ്ങളും വ്യത്യസ്തവേഷസംഭാഷണ ശൈലികളും വരുത്തിയും ഭൂപ്രകൃതിപോലും ആകെ മാറ്റിയുംകൊണ്ട് കഥാകാരന്‍ സ്വന്തം നഗ്നതയ്ക്കുമേല്‍ വാരിച്ചുറ്റിയ ആവരണങ്ങളെല്ലാം നിഷ്‌കര്‍ഷനായ ഒരു വായനക്കാരനുമുന്നില്‍ നിശ്ചയമായും ഉതിര്‍ന്നുവീണിരിക്കും. ആ ജാള്യതയില്‍ നിന്നും പിന്നെ അയാള്‍ക്ക് രക്ഷപ്പെടാനാവുന്നത് കഥയില്‍ പ്രകടിപ്പിക്കപ്പെട്ട ചിന്താധാരയുമായും സ്വഭാവരീതിയുമായും സമരസപ്പെടാന്‍ തയ്യാറായിക്കൊണ്ട് അനുവാചകന്‍ മുന്നോട്ടുവരുമ്പോഴാണ്. ആ ഭാഗ്യം എല്ലാ എഴുത്തുകാര്‍ക്കും കിട്ടിക്കൊള്ളണമെന്നുമില്ല.
താന്‍ കണ്ടതും പരിചയിച്ചതുമായ ജീവനുള്ള മനുഷ്യരില്‍ താന്‍ ഭാവനയിലൂടെ രൂപംകൊടുത്ത സ്വഭാവ വിശേഷങ്ങളും ചില ആദര്‍ശ സ്വഭാവങ്ങളും പ്രത്യേക അനുപാതത്തില്‍ വിലയിപ്പിച്ചെടുത്താണ് ഓരോ എഴുത്തുകാരനും കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത്. അതിനു തന്റെ മുഖച്ഛായ വരരുതെന്നാണ് അയാള്‍ ആഗ്രഹിക്കുന്നതും. പക്ഷേ ചിത്രീകരിച്ചുവരുമ്പോള്‍ ഒരു കമ്പനിയുടെ ഹാള്‍ മാര്‍ക്കുപോലെയോ ഒരു ജനിതകകോഡുപോലെയോ രചയിതാവിന്റെ ചിഹ്നങ്ങള്‍ അതില്‍ പതിഞ്ഞുപോവുകയാണ്.
യഥാര്‍ത്ഥജീവിതത്തില്‍ പറയാനുദ്ദേശിച്ച വാചകങ്ങളും ചെയ്യാനുദ്ദേശിച്ച കാര്യങ്ങളും കഥാകാരന്‍ സ്വന്തംകഥാപാത്രങ്ങളെക്കൊണ്ട് നടപ്പിലാക്കുന്നു. അഴിമതിക്കാരനായ രാഷ്ട്രീയക്കാരന്റെയും പോലീസുമേധാവിയുടെയും മുഖത്തേക്കു വിരല്‍ചൂണ്ടി നീളന്‍ വാചകങ്ങള്‍ കൊണ്ട് വെടിക്കെട്ടുനടത്തി ആവേശജനകമായ ഒരു സംഗീതത്തിന്റെ അകമ്പടിയോടെ തിരിഞ്ഞുനടക്കുന്ന സിനിമാ നായകന്‍ പ്രേക്ഷകനു നല്‍കുന്നതിലും ഉയര്‍ന്ന ആഹ്ലാദസംതൃപ്തികളാണ് തകര്‍പ്പന്‍ പ്രകടനം നടത്തി കടലാസിലിരുന്നു പുഞ്ചിരിക്കുന്ന കഥാനായകന്‍ കഥാകാരനു നല്‍കുന്നത്. തനിക്കു രണ്ടഭിപ്രായമുള്ള വിഷയങ്ങളില്‍പോലും അതു രണ്ട് വ്യത്യസ്തകഥാപാത്രങ്ങളെക്കൊണ്ട് പറയിക്കാനുള്ള അസുലഭസ്വാതന്ത്ര്യവും സൗകര്യവും ഒരു കഥാകാരനു ലഭിക്കുന്നു. ഒരു സ്വകാര്യഡയറിയില്‍പോലും കുറിച്ചുവയ്ക്കാനാവാത്ത ജീവിതവ്യവഹാരങ്ങള്‍ തന്റെ കഥാപാത്രങ്ങളിലൂടെ എഴുത്തുകാരന്‍ ലോകത്തോടുപറയുന്നു.
ഇവിടെ പ്രത്യേകം പരിഗണിക്കേണ്ടതായ മറ്റൊരു അപകടസാധ്യതയുണ്ട്. തന്റെ കഥാപാത്രങ്ങളെ വിധിപ്രകാരമുള്ള ചട്ടക്കൂടുകളില്‍ ബന്ധിപ്പിച്ചുനിര്‍ ത്താനുള്ള ജാഗ്രത എഴുത്തുകാരന്‍ പ്രകടിപ്പിക്കണം. അല്ലെങ്കില്‍ അനുവാചകലോകത്തില്‍നി ന്നും ഭീമമായ ഊര്‍ജ്ജം ഉള്‍ ക്കൊണ്ട് അവ വളരും. പാവം എഴുത്തുകാരനെ കാല്‍ക്കീഴില്‍ ചവിട്ടി ഞെരിച്ചുകൊണ്ട് ഫ്രാ ങ്കന്‍സ്റ്റീന്‍ സത്യങ്ങളെപ്പോലെ അവ കടന്നുപോവുകയും ചെ യ്യും. സ്രഷ്ടാവിനെ ഹനിച്ച് ധൂളിയാക്കി ഭീമന്‍ കാല്‍വയ്പ്പുകളോടെ കടന്നുപോയ കഥാപാത്രങ്ങളാണ് ജീന്‍വാല്‍ജീനും, റോബിന്‍സണ്‍ ക്രൂസോയും, ഷെര്‍ലകഹോസും, ഫ്രാങ്കന്‍ സ്റ്റീനും,മൈക്കല്‍ കെയും റീമയും എന്തിനധികം നമ്മുടെ സ്വന്തം രാമനും കൃഷ്ണനും അര്‍ജുനനും,അള്ളാപ്പിച്ചമൊല്ലാക്കയുമെല്ലാം.
അങ്ങനെ നോക്കിയാല്‍ താന്‍ സൃഷ്ടിച്ച ഭൂമികകളില്‍ നിന്നും അവിടത്തെ മനുഷ്യരില്‍ നിന്നും കഥാന്ത്യത്തില്‍ കഥാകാരന്‍ ഇറങ്ങിനടക്കുന്നത് വേദനയോടൊപ്പം സ്വല്‍പം അങ്കലാപ്പോടെയുമാണെന്നു പറയാം. ഒട്ടും സംതൃപ്തിയോടെയല്ല. അതവന്റെ ഭൗത്യമായതിനാല്‍ തല്‍ക്കാലം അവിടെ നിന്നിറങ്ങുന്നു. അത്രമാത്രം.
കഥ എന്തിനെഴുതുന്നു എന്നും അതുകൊണ്ട് ആര്‍ക്കെന്തുപ്രയോജനം എന്നും ചിലര്‍ ചോദിക്കാറുണ്ട്.
സാഹിത്യപരമോ അതായത് ആസ്വാദനപരമോ സാമൂഹ്യമോ ആയ ഒരു ധര്‍മ്മം നിര്‍വഹിക്കുന്നതായിരിക്കണം ഒരു സാഹിത്യസൃഷ്ടി. അതായത് സമൂഹത്തോട് എന്തെങ്കിലും ഒന്ന് പറയാനുള്ളവര്‍ മാത്രമേ സാഹിത്യസൃഷ്ടിക്ക് മുതിരാവൂ. പിന്നിട്ട ജീവിതത്തിലെ അനുഭവങ്ങളും കാഴ്ചകളും തത്ജന്യമായ ദര്‍ശനങ്ങളും പിറകെ കടന്നുവരുന്നവര്‍ക്കു കാണാനായി വഴിയരികില്‍ ചില്ലിട്ടു സ്ഥാപിച്ചുമാത്രമേ താന്‍ കടന്നുപോകാവൂ എന്ന സാമൂഹ്യബോധത്തില്‍നിന്നാണ് ഒരുവിഭാഗം രചനകള്‍ ഉണ്ടാവുന്നത്. താന്‍ ജീവിതത്തെ ഇങ്ങനെയെല്ലാം വിശകലനം ചെയ്തിരുന്നു എന്ന് ലോകത്തോടുപറയാനുള്ള ആത്മാര്‍ത്ഥമായ ഒരു നിര്‍ബന്ധബോധം മൂലം ചിലരും നിങ്ങളുടെ മൃദുലഭാഗങ്ങളില്‍ കുത്തിയിളക്കി,ഹാസ്യത്തിലൂടെയും ,ആസ്വാദനത്തിലൂടെയും ബോധനത്തിലൂടെയുംമെല്ലാം നിങ്ങളെ ഉത്തേജിതനാക്കാന്‍ എനിക്കു കഴിയുമെന്ന ആത്മവിശ്വാസംമൂലം മറ്റുചിലരും സാഹിത്യരചനയിലേര്‍പ്പെടുന്നു. കടന്നുപോവുന്ന കാലത്തിന്റെ സാംസ് കാരികഭാവത്തെ വരും തലമുറയ്ക്കായി സത്യസന്ധതയുടെ ഒരു ചെപ്പിലടച്ചുസൂക്ഷിക്കുക എന്ന പൊതുധര്‍മ്മമാണ് ഇവരെല്ലാം നിര്‍വഹിക്കുന്നത്.
മനുഷ്യന്റെ ദുഃഖങ്ങളെയും നൈരാശ്യത്തെയും ഗൃഹാതുരത്വത്തേയും മൂല്യശോഷണത്തെയും കാപട്യത്തെയും ക്രൂരതയെയും നിസ്സംഗതയെയും അസ്വസ്ഥതയെയും ഭയത്തെയും വൈരാഗ്യത്തെയുമെല്ലാം ചോരയോടും ചലത്തോടും മാലിന്യത്തോടും വ്രണങ്ങളോടും ഛര്‍ദിയോടുമൊപ്പം വലിച്ചുവാരി പുറത്തിട്ട് പുറമേക്ക് ശാന്തസുന്ദരമായ സാമൂഹ്യപ്രകൃതിയെ വൃത്തിഹീനമാക്കുന്നതെന്തിന് എന്ന് ചിലര്‍ സന്ദേഹിക്കുന്നു. സാഹിത്യകാരന്‍മാര്‍ മാത്രമാണ് മനുഷ്യന്‍ ദുഃഖിതനാണെന്ന് നിരന്തരം വിളിച്ചുപറയുന്നതത്രെ.
ഒരര്‍ത്ഥത്തില്‍ അതു യാഥാര്‍ത്ഥ്യമാണെന്നു സമ്മതിക്കേണ്ടിവരും. ഒപ്പം അതു സാഹിത്യകാരന്റെ ഉത്തരവാദിത്തവുമാണെന്നതാണ് വസ്തതുത. ഒരു കുഞ്ഞിന്റെ ശരീരത്തില്‍ ഉണ്ടായിവരുന്ന ചെറിയ ഉണലുകളെപ്പോലും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുകയും അതിന്റെ ചികിത്സയാക്കായി കുഞ്ഞിന്റെ അച്ഛനെ വിടാതെ ശല്യം ചെയ്യുകയും ചെയ്യുന്ന ഒരമ്മയുടെ കര്‍മ്മവുമായി സാമ്യമുണ്ട് അതിന്. അതൊരു ജാഗരൂകമായ കാവലാണ്. സമൂഹത്തിന്റെ അന്യഥാ സുന്ദരമായ ദേഹത്തിലെ കറുത്ത പുള്ളികളെ ഭാഗ്യമറുകായല്ലാതെ വ്രണമായിത്തന്നെ കണ്ട് അതിന്റെ പരിഹാരത്തിനായി സമൂഹമനഃസാക്ഷിയെ നിരന്തരം തട്ടിയുണര്‍ത്തിക്കൊണ്ടിരിക്കുകയാണ് സാഹിത്യകാരന്‍. ഒരു ആദര്‍ശസമൂഹത്തിലേക്കുള്ള സുന്ദരപ്രയാണത്തിലെ അവിഭാജ്യപ്രക്രിയയാണ് ഈ വിമലീകരണവും അതിന്റെ ഭാഗമായുള്ള വലിച്ചുപുറത്തിടലും. ഇവിടെ സാഹിത്യകാരന്റെ കഠിനപ്രയത്‌നത്തെ ശ്ലാഘിക്കുകയാണ് വേണ്ടത്.
വ്യക്തിപരമായ പ്രയോജനപരതയുടെ കാര്യം പരിഗണിക്കുമ്പോള്‍ സാഹിത്യം പ്രത്യക്ഷത്തില്‍ വളരെ അപ്രധാനമെന്നുതോന്നാം. പകലന്തിയോളം പാടുപെട്ടദ്ധ്വാനിച്ച് വൈകുന്നേരം മീനും മരച്ചീനിയുമായി മടങ്ങുന്ന ഏറ്റവും പാവപ്പെട്ടവനും കോടതിവ്യവഹാരങ്ങളും ആശുപത്രിയും ഔദ്യോഗികരേഖകളുമായി കെട്ടിമറിയുന്ന മധ്യവര്‍ഗപ്രതിനിധിയും പണം ചെലവിടാന്‍ പുത്തന്‍ മാര്‍ഗ്ഗങ്ങള്‍ കാണാതെ മുഷിയുന്ന സമ്പന്നനും ദൈനംദിനകാര്യങ്ങളില്‍ സാഹിത്യത്തിന് യാതൊരു സ്ഥാനവും അനുവദിച്ചുകൊടുക്കാനാവാത്ത ഒരവസ്ഥയില്‍ തന്നെയാണ്. എന്നാല്‍ എല്ലാ ജീവിതവ്യവഹാരങ്ങളില്‍ നിന്നും വേര്‍പെട്ട് നേടിയെടുക്കുന്ന സ്വാസ്ഥ്യനിമിഷങ്ങളില്‍ മനസ്സിന്റെ അപ്പോഴത്തെ തരംഗദൈര്‍ഘ്യത്തില്‍ തന്നെ പ്രാപ്യമായിവരുന്ന ഒന്ന്-അത് സംഗീതമായാലും സാഹിത്യമായാലും-പകര്‍ന്നു നല്‍കുന്ന ഊര്‍ജ്ജപുനഃസ്ഥാപനത്തിന്റേതായ ഒരുന്‍മേഷമുണ്ട്. ജീവിതത്തെ അതിന്റെ സമഗ്രതയോടെ നോക്കിക്കാണാനുള്ള തത്വശാസ്ത്രപരമായ ഒരുള്‍ക്കാഴ്ചയും ഈ സ്വാസ്ഥ്യവേളകളില്‍ സാഹിത്യം പ്രദാനം ചെയ്യുന്നു.
കഥാകാരന്റെ മാനസികജീവിതത്തെകുറിച്ചുള്ളതാണ് മറ്റൊരു കൗതുകം.
എഴുത്തുകാരന്‍ ഒരര്‍ത്ഥത്തില്‍ സദാദുഃഖിതനാണെന്നു പറയാം. അതിനുള്ള കാരണങ്ങള്‍ പലതാണ്. പ്രതിഫലനശേഷിയും പ്രകമ്പനപരതയും പ്രതികരണശേഷിയും കൂടുതലുള്ള മനസ്സായതിനാല്‍ ഏതൊരു വിഷമകാഴ്ചയും അയാളെ തരളിതനാക്കുന്നു. റോഡരുകില്‍ കരഞ്ഞിരിക്കുന്ന തമിഴ്ബാലനും വേവലാതിയോടെ തിരക്കിട്ടുനടക്കുന്ന വൃദ്ധസ്ത്രീയും അയാളെ ചിന്താഭരിതനാക്കുന്നു. എല്ലാ അനീതികളോടും പ്രതികരിക്കണമെന്നതാണ് എഴുത്തുകാരന്റെ സാമാന്യ മാനസികാവസ്ഥ. ക്രമം തെറ്റിയുള്ള ഒന്നും അയാള്‍ക്കു സഹിക്കാനാവുന്നില്ല. ഒപ്പം തന്നെ നിരന്തരമായി എഴുതിക്കൊണ്ടിരിക്കാന്‍ കഴിയാത്തതില്‍ അയാള്‍ ഖിന്നനുമാണ്. അതിനാല്‍ ഏതൊരു ജീവിത സന്നിഗ്ധതയിലും ഒരു രക്തദാഹിയെപ്പോലെ അയാളുടെ കണ്ണുകള്‍ കഥാസാധ്യതകള്‍ തിരയുന്നു. ആളുകളുടെ കണ്ണുകളിലേക്കും ചലനങ്ങളിലേക്കും അയാള്‍ ആര്‍ത്തിയോടെ നോക്കുന്നത് ആശയങ്ങള്‍ക്കാണ്. മനുഷ്യരുടെ പ്രവൃത്തികള്‍ക്കു പിന്നിലെ മാനസികവ്യാപാരങ്ങളെ പറ്റി അയാള്‍ എന്തൊക്കെയോ ചിന്തിച്ചുകൂട്ടുന്നു. ആഖ്യാനരീതി സ്വാധീനിക്കപ്പെടുമെന്ന ഭയത്താല്‍ മറ്റുള്ളവരുടെ സര്‍ഗ്ഗാത്മകരചനകള്‍ ആത്മാര്‍ത്ഥമായി ഇഷ്ടപ്പെടാന്‍ കൂട്ടാക്കാതെ,ആസ്വദിക്കാന്‍പോലും കഴിയാതെ അയാള്‍ വിമര്‍ശനത്തിന്റെ പാത സ്വീകരിക്കുന്നു.
ഇങ്ങനെ പൊതുവേ അസ്വസ്ഥനായ എഴുത്തുകാരനെ വീണ്ടും വിഷമിപ്പിക്കുന്ന രണ്ടു സംഗതികള്‍ കൂടിയുണ്ട്. ഭക്ഷണജീവിതത്തിനും ആദര്‍ശ,സ്വതന്ത്ര ജീവിതത്തിനും ഇടയില്‍ അയാള്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളാണ് ഒന്നാമത്തേത്. ജീവസന്ധാരണത്തിനും കടമനിര്‍വ്വഹണത്തിനും വേണ്ടിയു ള്ള തന്റെ പ്രാഥമിക ജീവിതത്തില്‍ നിന്നും വേദനയോടെ വലിച്ചൂരിയെടുക്കുന്ന നിമിഷങ്ങളും മണിക്കൂറുകളുമാണ് ഒരാള്‍ സര്‍ഗ്ഗാത്മകതയ്ക്കു സമ്മാനിക്കുന്നതെന്ന് ഉറൂബ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ വേളകളില്‍ പോലും തന്നെ മാനസികമായും ശാരീരികമായും നഷ്ടപ്പെടുന്ന തന്റെ പ്രിയപ്പെട്ടവരെ പറ്റി അയാള്‍ ഖേദിക്കുന്നുണ്ട്. ഈ വേദനകളാണ് പലപ്പോഴും സമര്‍പ്പണങ്ങളുടെ രൂപത്തില്‍ പുറത്തുവരുന്നത്. അങ്ങനെ വേദനിക്കുന്ന വിരലുകള്‍ ജീവരക്തത്തില്‍ മുക്കി പ്രതീക്ഷയുടെ മെഴുകുതിരിവെട്ടത്തില്‍ എഴുതിയൊരുക്കുന്ന രചനകള്‍ പുലരികളില്‍ ചാരിതാര്‍ത്ഥ്യത്തോടെ പുറത്തെടുക്കുന്ന അവസരത്തിലാണ് മറ്റൊരു നൈരാശ്യം അയാളെ കാത്തിരിക്കുന്നത്. പകല്‍ വെളിച്ചത്തില്‍ കണ്ണു മഞ്ഞളിച്ചവരെപോലെ പത്രാധിപരും പ്രസാധകരും ആ പേജുകളിലേക്കു മിഴിച്ചുനോക്കുന്നു. പിന്നെ ഒന്നും മനസ്സിലാവാത്തപോലെ നിഷേധാര്‍ത്ഥത്തില്‍ തലകുലുക്കി അവര്‍ നടന്നു നീങ്ങുകയും ചെയ്യുന്നു. തളര്‍ന്ന താളുകളും പിടിച്ച് അപ്പോള്‍ വിഷണ്ണനായി നില്‍ക്കുന്ന പാവം എഴുത്തുകാരന്റേതിനു തുല്യമായ മറ്റൊരു മാനസികാവസ്ഥ മനുഷ്യന്റെ മറ്റൊരു ബൗദ്ധികവ്യാപാരത്തിലും സംഭവിക്കുന്നില്ല എന്നുതന്നെ പറയാം.
അനുഭവങ്ങളില്‍ നിന്നുമാത്രമാണോ കഥയുണ്ടാവുന്നത് എന്ന് ചിലര്‍ സന്ദേഹിക്കാറുണ്ട്. അങ്ങനെയെങ്കില്‍ ജാതിവ്യവസ്ഥ,തൊഴിലില്ലായ്മ,നക്‌സലിസം,അടിയന്തരാവസ്ഥ, വിമോചനസമരം,ഒളിവുജീവിതം,സ്വാതന്ത്ര്യസമരം തുടങ്ങിയ പ്രത്യുല്‍പന്നപരമായ ജീവിതാവസ്ഥകളൊന്നുമില്ലാത്ത ഇന്നത്തെ കാലത്ത് എങ്ങനെ ജീവിതച്ചൂടുള്ള ചോരച്ചൂരുള്ള കഥകള്‍ ജനിക്കും എന്നുമവര്‍ ആശങ്കപ്പെടുന്നു.
ബാഹ്യതലത്തിലെ ജീവിതാനുഭവങ്ങളുടെ കാര്യമെടുത്താല്‍ സംഗതി ഏറെക്കുറെ ശരിയാണെന്നു തോന്നാം.പരസ്പരം കണ്ടുമുട്ടാതിരിക്കാന്‍ വേണ്ടി മനുഷ്യര്‍ ബട്ടണുകളെ ആശ്രയിക്കുന്ന,മനുഷ്യപ്പറ്റും മനുഷ്യസംസര്‍ഗ്ഗവും കുറഞ്ഞ ഇക്കാലത്ത് ജീവിതഗന്ധിയായ എന്തു കഥയുണ്ടാവാനാണെന്നും സംശയിക്കാം. പണ്ടത്തെ അലഞ്ഞുതിരിഞ്ഞ ജീവിതങ്ങള്‍ക്കുപകരം ഉപഭോക്തൃസംസ്‌കാരത്താല്‍ വശങ്ങള്‍ കൊട്ടിയടയ്ക്കപ്പെട്ട് വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയില്‍ മുന്നോട്ടുമാത്രം കുതിച്ചുകൊണ്ടിരിക്കുന്ന ആധുനികജനതയ്ക്ക് പരസ്പരം എന്തു കഥകളുണ്ട് പറയാന്‍?
പക്ഷേ അനുഭവം മാനസികമാണെന്നതാണ് ഇതിനെല്ലാമൊരുത്തരം. ആധുനികകാലത്തും ധാര്‍മ്മികസമസ്യകള്‍ക്കു മുന്നില്‍ അന്തിച്ചുനില്‍ക്കുന്ന മനുഷ്യനുണ്ടല്ലോ. യന്ത്രവല്‍കൃത ലോകത്തില്‍ അന്യവല്‍ക്കരിക്കപ്പെടുന്ന മനുഷ്യനുമുണ്ട്. അനേകം ബീപ് ബീപുകള്‍ക്കിടയില്‍ തന്റെ വീര്‍പ്പുമുട്ടലിനെ ആരും അറിയുന്നില്ലല്ലോ എന്നു വിഷമിക്കുന്ന മനുഷ്യനുണ്ട്. എല്ലാറ്റിനുമുപരി ഓരോ സൂക്ഷ്മ സ്ഥൂലകാര്യങ്ങളും ഓരോ മനുഷ്യരിലും ഉയര്‍ത്തിവിടുന്ന എണ്ണമറ്റതും വൈവിധ്യമാര്‍ന്നതുമായ വിചാരധാരകളും തിരയിളക്കങ്ങളുമുണ്ട്. മനുഷ്യ വര്‍ഗ്ഗം അവസാനിച്ചൊടുങ്ങുന്നതുവരെ ഉറവുവറ്റാത്ത ഈ ബൃഹദ് ഖനികളില്‍നിന്നാണ് അനുഭവങ്ങളെന്നപേരില്‍ പുതിയ പുതിയ രചനകള്‍ ഉണ്ടായിവരുന്നത്. ആ പ്രിക്രിയ തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും.
കഥയുടെ പര്യവസാനം എപ്പോഴും മുന്‍വിചിന്തിതം തന്നെയാണോ എന്നതാണ് അവസാനത്തെ വിഷയം.
ആശയമെന്ന മുത്തിനെ ഉള്ളിലൊതുക്കി ആന്തരികവും ബാഹ്യവുമായ ഒട്ടനവധി സംഘര്‍ഷങ്ങളെയും അതിജീവിച്ച് അങ്ങനെ നീങ്ങുന്നതിനിടയില്‍ ഒരു ദിനം എഴുത്തുകാരന്‍ എന്ന ജൈവമനുഷ്യന്‍ തന്നെ സ്വയം പ്രചോദിപ്പിച്ച് എഴുത്തുമേശയ്ക്കു മുന്നിലിരുത്തുന്നു. പിന്നെ സംഭവിക്കുന്നത് രചനയുടെ ഒരു സ്വയം പ്രയാണമാണ്. സത്യത്തില്‍ ആ ഘട്ടം മുതല്‍ എഴുത്ത് എഴുത്തുകാരനെയും വഹിച്ച് സ്വതന്ത്രമായി മുന്നോട്ടു നീങ്ങുന്നു. കഥയുടെ ജീവിതത്തിലെ സംഭവഗതികളും പരിണാമങ്ങളും ജീവിതത്തിന്റെ കഥപോലെത്തന്നെ പലപ്പോഴും നിയതിനിശ്ചിതവും തന്മൂലം മനുഷ്യനാല്‍ പ്രവചനാതീതവുമാണ്. നിത്യജീവിതത്തിലെ ഏതൊരു സംഭവത്തിന്റെയും രണ്ടാംഘട്ടവും അന്ത്യഘട്ടവും അതിവിചിത്രമാംവിധം കുഴച്ചുമറിയ്ക്കുക എന്നതും വിസ്മയാവഹമാക്കുകയെന്നതും പ്രകൃതിയും ദൈവവും കാലവും സ്വയം ആസ്വദിച്ച് നടപ്പിലാക്കുന്ന വിനോദങ്ങളാണ്. ആദ്യാക്ഷരം മുതല്‍ പൂര്‍ണ്ണവിരാമംവരെ രചയിതാവും അവന്റെ തൂലികയും നിയതിയുടെ കൈകളിലെ ഉപകരണങ്ങളും തന്മൂലം രചനയുടെ നിമിത്തവുമായി മാറുന്നു.
ശുഭപര്യവസായിയായി ഉദ്ദേശിച്ചവ ട്രാജഡിയായി മാറുന്നതും, ചെറുകഥ നോവലായിത്തീരുന്നതും ദുഷ്ടകഥാപാത്രത്തിന്റെ മുഖം ക്രമേണപ്രകാശമാനമായി തെളിയുന്നതും ഈ ശക്തികളുടെ ഇടപെടല്‍ മൂലമാണ്. യഥാര്‍ത്ഥത്തില്‍ അമാനുഷികമായ ഈ സംഭവപരിണാമങ്ങളുടെ ഇന്ദ്രജാലം കണ്ട് അന്തിച്ചുനില്‍ക്കുകയാണ് എഴുത്തുകാരന്‍. ഒപ്പം ഇതിലെല്ലാം പങ്കാളിയാവാന്‍ കഴിഞ്ഞല്ലോ എന്ന ചാരിതാര്‍ത്ഥ്യവും. കഥയുടെ ഗതി ഒരു പൂര്‍ണ്ണവിരാമത്തില്‍ ചെന്നുമുട്ടുന്നതുവരെ തുടരുന്ന ഈ മാനസികാനുഭവങ്ങള്‍ കഥാന്ത്യത്തില്‍ എഴുത്തുകാരനെ ഉല്‍സവം കഴിഞ്ഞപറമ്പിലെ ഏകാന്തനെപോലെ ദുഃഖിതനാക്കുന്നു. അടുത്ത പ്രഭാതത്തിലാണ് അയാള്‍ കഥ ലോകത്തിനുമുന്നില്‍ തുറന്നുവയ്ക്കുന്നത്.