പൂജാനിലയം ശശി എന്റെ സ്മരണയില്‍

8
0


ഡോ. എം.ആര്‍. തമ്പാന്‍


സാംസ്‌കാരിക പ്രവര്‍ത്തകന്‍, സാഹിത്യകാരന്‍, അദ്ധ്യാപകന്‍, പത്രാധിപര്‍ എന്നിങ്ങനെ വിവിധ നിലകളില്‍ തലസ്ഥാന നഗരിയിലെ നിറ സാന്നിദ്ധ്യമായിരുന്ന പൂജാനിലയം ശശി നമ്മെ വിട്ടുപിരിഞ്ഞിട്ട് മേയ് 19 ന് പത്ത് വര്‍ഷം തികയുന്നു.
സഹൃദയവേദിയുടെ സാരഥി എന്ന നിലയിലാണ് ശശിയും ഞാനുമായി കൂടുതല്‍ അടുത്തത്. സഹൃദയവേദിയുടെ സ്ഥാപക പ്രസിഡന്റായിരുന്ന പ്രൊഫ. പി.എസ്. അച്യുതന്‍പിള്ളയുടെ അദ്ധ്യക്ഷതയില്‍ ട്രിവാന്‍ഡ്രം ഹോട്ടല്‍ ഹാളില്‍ സാംസ്‌കാരിക യോഗങ്ങള്‍ കൂടിയിരുന്നത് ഇന്നും ഓര്‍ക്കുന്നു. തുടര്‍ന്ന് പാച്ചല്ലൂര്‍ രാജാരാമന്‍നായരുടെ അദ്ധ്യക്ഷതയില്‍ ശശിയും ഉഷയും കൂടി തീര്‍ത്ഥപാദമണ്ഡപത്തില്‍ സംഘടിപ്പിച്ച എത്രയെത്ര മീറ്റിംഗുകളിലാണ് ഞാന്‍ പങ്കെടുത്തിട്ടുള്ളത്.
ഇന്നലെകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മറക്കാത്ത സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ തെളിമയോടെ മനസ്സിലുള്ള ചിത്രമാണ് ശശിയുടേത്. ശശിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ വേര്‍പാടിന്റെ വേദനയെക്കാള്‍ മുന്നിട്ടുനില്‍ക്കുന്നത് മറ്റൊരു കാര്യമാണ്. അര്‍ഹതയ്ക്കുള്ള അംഗീകാരമോ കഴിവുകള്‍ക്കനുസരിച്ചുള്ള സ്ഥാനമാനങ്ങളോ നിര്‍ഭാഗ്യവശാല്‍ ശശിയ്ക്ക് കിട്ടിയിരുന്നില്ല. അതിന്റെ കാരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതില്‍ വലിയ പ്രസക്തി ഇല്ലെന്നറിയാം. ഒരു വ്യക്തിയുടെ ഉയര്‍ച്ചയ്ക്കും താഴ്ച്ചക്കും കാരണം അതാത് വ്യക്തികള്‍ തന്നെയാണ്. നാലര ദശാബ്ദങ്ങള്‍ക്കു മുമ്പ് എം.എ. ബിരുദമെടുത്ത ശശിയ്ക്ക് സര്‍ക്കാര്‍ തലത്തിലോ അക്കാദമിക തലത്തിലോ നല്ലൊരു ഉദ്യോഗം കിട്ടാന്‍ സാദ്ധ്യതയുണ്ടായിരുന്നു. എന്നാല്‍ അതിനൊന്നും ശ്രമിക്കാതെ സ്വതന്ത്രചിന്തകനും സ്വാതന്ത്ര്യകാംക്ഷിയുമായ ശശി ട്യൂട്ടോ
റില്‍കോളേജ് അദ്ധ്യാപകനാവുകയാണ് ചെയ്തത്. വിക്ടറി കോളേജിലെ വൈസ് പ്രിന്‍സിപ്പലായിരുന്ന ശശി നല്ലൊരു അദ്ധ്യാപകനായിരുന്നു. എന്നാല്‍ അദ്ധ്യാപനവൃത്തിയില്‍ ഉറച്ചു നില്‍ക്കാതെ സോവിയറ്റ് എംബസി പ്രസിദ്ധീകരണ വിഭാഗത്തിന്റെ മേധാവിയായി.
എംബസിയ്ക്കുവേണ്ടി മലയാളത്തില്‍ ലഘുലേഖകള്‍ വിവര്‍ത്തനം ചെയ്യുന്ന ജോലി അദ്ദേഹം സ്തുത്യര്‍ഹമായി നിര്‍വ്വഹിച്ചു. എ ന്നാല്‍ ഈ മേഖലയിലും കൂടുതല്‍ തുടര്‍ന്നില്ല. മദ്രാസിലെത്തി ‘മിത്രകൈരളി’ എന്ന മലയാളം പത്രത്തിന്റെ എഡിറ്ററെന്ന നിലയിലായി തുടര്‍ന്നുള്ള പ്രവര്‍ത്തനം.
പ്രശസ്ത ഹാസ്യസാമ്രാട്ടായിരുന്ന അടൂര്‍ഭാസി, എം.എം.ഹസ്സന്‍, വഴുതക്കാട് നരേന്ദ്രന്‍ എന്നിവരുമൊത്ത് ഒരു കലാസമിതി ശശി രൂപീകരിക്കുകയും ഇതിന്റെ ആഭിമുഖ്യത്തില്‍ നാടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കലാപ്രവര്‍ത്തനങ്ങളില്‍ ശശിയുടെ സഹപ്രവര്‍ത്തകനായിരുന്ന എം.എം. ഹസ്സന്‍ പറഞ്ഞാണ് ഞാനീ വിവരങ്ങള്‍ അറിഞ്ഞത്.
പത്രപ്രവര്‍ത്തനത്തിലായിരുന്നു ശശിയുടെ അഭിരുചിയും താല്പര്യവും. പക്ഷെ ഒരു പത്രത്തിലോ ഒരു പ്രവര്‍ത്തനമേഖലയിലോ ശശി ഉറച്ചുനിന്നതായി കാണുന്നില്ല. തൊഴിലാളിശബ്ദം, തനിനിറം, കലാനിലയം, കേരളപത്രിക, ചിത്രദേശം, പ്രഭാതവാര്‍ത്ത, തെക്കന്‍ വാര്‍ത്ത എന്നിങ്ങനെ നിരവധി പത്രങ്ങളില്‍ എഡിറ്ററായി ശശി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ശശി
യും ഉഷയും കൂടി ആരംഭിച്ചതും പില്ക്കാലത്ത് ഡോ. ഷാജിപ്രഭാകരന്‍ ചീഫ് എഡിറ്ററായതുമായ ‘ആര്‍ത്തേക്’ലാണ് അന്ത്യം വരെയും ശശി ഉറച്ചുനിന്നത്. തന്റെ രണ്ടു മക്കളെപ്പോലെ ആര്‍ത്തേക്-നെയും സഹൃദയവേദി എന്ന സംഘടനയെയും ശശി പരിപാലിച്ചുപോന്നു.
മണ്‍മറഞ്ഞ സാഹിത്യ സാംസ്‌കാരിക നായകന്മാരെ അവരുടെ വീട്ടുകാര്‍ പോലും മറന്നപ്പോഴും അവര്‍ക്കുവേണ്ടി അനുസ്മരണങ്ങള്‍ നടത്തുവാനും അവരുടെ പേരില്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നതിലും മുന്നോട്ടു വന്നത് ശശിയാണെന്നുള്ള വസ്തുത തലസ്ഥാനത്തെ സാംസ്‌കാരികപ്രവര്‍ത്തകര്‍ ഒരിക്കലും മറക്കുകയില്ല.
ബഹുമുഖപ്രതിഭയായ ശശി രാഷ്ട്രീയരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടികള്‍ മാറിയതുകൊണ്ടാണോ രാഷ്ട്രീയരംഗത്ത് സ്ഥായിയായി നില്‍ക്കാത്തതുകൊണ്ടാണോ എന്തെന്നറിയില്ല ഈ രംഗത്തും ശശിയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരമുണ്ടായില്ല. അവസാന കാലഘട്ടത്തില്‍ ‘ആര്‍ത്തേ ക’ും സഹൃദയവേദിയുമായിരുന്നു ശശിയുടെ അഭയകേന്ദ്രം. 2007-ല്‍ പ്ര മേഹരോഗം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി മെഡിക്കല്‍കോളേജില്‍ പ്രവേശിച്ചപ്പോള്‍ രക്ഷപ്പെടുമെന്ന് ഡോ ക്ടര്‍മാര്‍ക്കുപോലും പ്രതീക്ഷയില്ലായിരുന്നു. എന്നാല്‍ ഈശ്വരാനുഗ്രഹത്താല്‍ അദ്ദേഹം സുഖം പ്രാപിച്ചു. തുടര്‍ന്നുള്ള രണ്ടുവര്‍ഷം ജീവിച്ചിരിക്കാന്‍ മരുന്നുകളെക്കാള്‍ സഹായകരമായത് തീര്‍ത്ഥപാദമണ്ഡപത്തിലെ ശശി സംഘടിപ്പിച്ച സാംസ്‌കാരിക യോഗങ്ങളും രണ്ടാഴ്ചയിലൊരിക്കല്‍ പ്രസിദ്ധീകരിച്ചിരുന്ന സഹൃദവേദിയുടെ മുഖപത്രമായിരുന്ന ‘ആര്‍ത്തേ ക’ും ആയിരുന്നു. ശശിയുടെ ഏറ്റവും വലിയ സ്മാരകം ‘സഹൃദയവേദി’യും ആര്‍ത്തേകും ആണ്. അവ സജീവമായി നിലനിറുത്താന്‍ ശശിയെ സ്‌നേഹിക്കുന്ന പൂവച്ചല്‍ ഉഷ, ഡോക്ടര്‍ ഷാജി പ്രഭാകരന്‍,അഡ്വ.കൊണ്ണിയൂര്‍ എസ് ഹരിചന്ദ്രന്‍ തുടങ്ങിയവര്‍ നടത്തുന്ന പ്രവര്‍ത്തനം പ്രശംസനീയമാണ്.
സാഹിത്യസംവാദങ്ങള്‍,ചര്‍ച്ചാക്ലാസുകള്‍,മാധ്യമപുരസ്‌കാരങ്ങള്‍,വേദാന്തപഠനം തുടങ്ങി കലാസാഹിത്യ മേഖലകളില്‍ സഹൃദയവേദിയും ആര്‍ത്തേക് ദ്വൈവാരികയും ഇന്നും സജീവ സാന്നിദ്ധ്യമാണ്.
2019 മെയ് 17 വെള്ളിയാഴ്ച്ച പ്രസ് ക്ലബ് ഹാളില്‍ പൂജാനിലയം ശശിയുടെ 10-ാം ചരമവാര്‍ഷികം ആചരിക്കുന്ന വേളയില്‍ ടൂറിസം വകുപ്പ് മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന്‍ പൂജാനിലയം ശശിയുടെ പേരിലുള്ള മാധ്യമ പുരസ്‌കാരം കോട്ടയത്തുനിന്നും പതിനെട്ട് വര്‍ഷമായി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന കവിമൊഴി മാസികയ്ക്ക് നല്‍കിയിരുന്നു.