നോവല്‍ @2017

346
0

ഡോ. എം.എസ്. പോള്‍


ആഖ്യാനപരവും പ്രമേയപരവുമായ വ്യത്യസ്തതകള്‍ സ്വീകരിച്ചുകൊണ്ട് സമകാല നോവല്‍ കരുത്താര്‍ജിക്കുകയാണ്. ഉത്തരാധുനിക രചനാസങ്കേതങ്ങളെ സൗകര്യപ്രദമായി സ്വീകരിക്കുകയും അവയെത്തന്നെ പൊളിച്ചെഴുതുകയും ചെയ്യുകയാണ് നമ്മുടെ നോവലിസ്റ്റുകള്‍. രണ്ടായിരത്തിനുശേഷമുണ്ടായ നോവലുകളില്‍ ചരിത്രവും ചരിത്രരചനയും മുഖ്യവിഷയമായി മാറുകയായിരുന്നു. ആ പ്രവണത ഇപ്പോഴും തുടരുന്നുണ്ട്. രണ്ടായിരത്തിപ്പതിനേഴില്‍ പുത്തിറങ്ങിയ നോവലുകള്‍ക്ക് സാമാന്യം തൃപ്തികരമായ ഒരു വായനാനുഭവം നല്‍കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ചരിത്രവും ഫിക്ഷനും കൂട്ടിയോജിപ്പിച്ച പുതിയ ആഖ്യാനരീതി (Historiographic Metafiction) എന്നതിനോടാണ് മിക്ക എഴുത്തുകാര്‍ക്കും പ്രതിപത്തിയെന്ന് തോന്നുന്നു. മുഖ്യധാരാ ചരിത്രവും പ്രാദേശിക വ്യക്തി ചരിത്രങ്ങളും മിത്തുകളും ഫിക്ഷന്റെ ഭാഗമായി മാറുകയാണിവിടെ. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മിക്ക നോവലുകളും ചരിത്രവസ്തുക്കളെ പിന്‍പറ്റുന്നവയോ ചരിത്രവ്യാഖ്യാനങ്ങളോ ആണ്. ഇത്തരത്തില്‍ ശ്രദ്ധേയങ്ങളായ ചില നോവലുകളെ പരിചയപ്പെടുത്തുക മാത്രമാണിവിടെ ചെയ്യുന്നത്.
എം. മുകുന്ദന്റെ ‘നൃത്തം ചെയ്യുന്ന കുടകള്‍’ കുടനന്നാക്കുന്ന ചോയി എന്ന നോവലിന്റെ തുടര്‍ച്ചയാണ്. ആധുനികതയിലും ഉത്തരാധുനികതയിലും തന്റെ സാന്നിധ്യമുറപ്പിക്കുകയും നിരന്തര പരിവര്‍ത്തനത്തിന് വിധേയനാവുകയും ചെയ്യുന്ന ഈ എഴുത്തുകാരന്റെ രചനാശൈലി ഒട്ടേറെ പരിഷ്‌കരിക്കപ്പെട്ടു കഴിഞ്ഞു. ലളിതാഖ്യാനത്തിന്റെ തെളിമ പുലയപ്പാട്ടിനു ശേഷമുള്ള മുകുന്ദന്റെ നോവലുകളുടെ സവിശേഷതയാണ്. ചോയി മയ്യഴിയില്‍ നിന്ന് ഫ്രാന്‍സിലേക്ക് കപ്പല്‍ കയറിയപ്പോള്‍ കുഞ്ഞിക്കൂനിയില്‍ അമ്പൂട്ടിയുടെ മകന്‍ മാധവനെ എല്‍പ്പിച്ചുപോകുന്ന കത്തിന്റെ ഉള്ളടക്കം ആരുമറിയാതെ ഏറെക്കാലം രഹസ്യമാക്കി വയ്ക്കാന്‍ മാധവന് കഴിഞ്ഞു. ഇങ്ങനെ ചോയിയോടുള്ള വാക്കുപാലിച്ചെങ്കിലും ചോയിയുടെ മരണശേഷം മാധവന്‍ കത്തുവായിക്കുമ്പോള്‍ ബോധപൂര്‍വ്വം തിരുത്തിവായിക്കുകയാണ്. ത്രിവര്‍ണ്ണ പതാക പുതച്ചുകിടക്കണമെന്ന ചോയിയുടെ ആഗ്രഹത്തിന് വിപരീതമായി കാവിപുതച്ചു കിടത്തണമെന്ന തിരുത്ത് പിന്നീടുള്ള കഥാഗതിയില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ക്കിടയാകുന്നു. ഈ തിരുത്ത് മാധവനെ കുറ്റബോധത്തിലാഴ്ത്തുന്നു. മാധവന്റെ പിന്നീടുള്ള ജീവിതമാണ് ‘നൃത്തം ചെയ്യുന്ന കുടകള്‍’ എന്ന നോവലിലുള്ളത്. ഗാന്ധിയില്‍ നിന്ന് കമ്മ്യൂണിസ്റ്റിലേക്കും അവിടെനിന്ന് കാവിയിലേക്കും വഴിമാറുന്ന സമകാല കേരള സമൂഹത്തിന്റെ ആദര്‍ശരാഹിത്യമാണ് മാധവനില്‍ കാണുന്നത്. ഗാന്ധിയനായി ജീവിച്ച ചോയി മനസ്സുകൊണ്ട് കമ്മ്യൂണിസ്റ്റായിരുന്നെങ്കിലും മാധവന്റെ തിരുത്തലിലൂടെ കാവിപുതച്ച് കാവി പുകയായി അവസാനിക്കാനായിരുന്നു വിധി. നൃത്തം ചെയ്യുന്ന കുടകളില്‍ ചോയിയുടെ നാല്‍പത്തിയൊന്നാം അടിയന്തിരമുണ്ട്. ‘ചോയിയുടെ രണ്ടാമത്തെ മരണം’ എന്നാണ് ഈ അധ്യായത്തിന് നോവലിസ്റ്റ് പേര് കൊടുത്തിരിക്കുന്നത്. ചോയിയുടെ മരണശേഷം മാധവന്‍ നേരിടുന്ന സംഘര്‍ഷങ്ങളും ഒറ്റപ്പെടലും നോവലിലുണ്ട്. ഒടുവില്‍ മാധവന്‍ ബി.എ. കുടനന്നാക്കുന്ന മാധവനായി മാറുന്നിടത്ത് നോ വല്‍ അവസാനിക്കുന്നു. മയ്യഴിയിലെ ഒട്ടേറെ സാധാരണ മനുഷ്യര്‍ നൃത്തം ചെയ്യുന്ന കുടകളിലെ കഥാപാത്രങ്ങളാണ്. അവരുടെ ഭാഷണങ്ങളും പരിമിതമായ ജീവിതവും ഈ നോവലിന് സവിശേഷഭംഗി നല്‍കുന്നു. മുകുന്ദന്‍ വീണ്ടും മയ്യഴിയുടെ കഥപറയുകയാണ്.
പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ ‘എരി’ ബന്യാമിന്റെ ‘മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ രാമചന്ദ്രന്റെ ‘പാപസ്‌നാനം’ ഫ്രാന്‍സിസ് നെറോണയുടെ ‘അശരണരുടെ സുവിശേഷം’ എന്നിവ ദേശചരിത്രവും വ്യക്തികളും മുഖ്യപ്രമേയമാകുന്ന നോവലുകളാണ്. ചരിത്രാന്വേഷണത്തിന്റെയും ചരിത്രരചനയുടെയും പശ്ചാത്തലം എരി എന്ന നോവലിനുണ്ട്.കൊളോണിയല്‍ ചരിത്രരചനാ പദ്ധതികളുടെ വഴികളില്‍നിന്ന് മാറി വാമൊഴി പാരമ്പര്യവും കേട്ടറിവുകളും തിരിച്ചറിവുകളും ചേര്‍ന്ന് ചരിത്രം നിര്‍മ്മിച്ചെടുക്കുകയാണ് ഈ നോവലില്‍ പ്രദീപന്‍ പാമ്പിരിക്കുന്ന്. പറയ സമുദായത്തില്‍ പിറന്ന മന്ത്രവിദ്യയിലും വൈദ്യത്തിലും അഗാധജ്ഞാനമുണ്ടായിരുന്ന കരുത്തനായ മനുഷ്യനായിരുന്നു ഇവിടെ പുനരാവിഷ്‌കരിക്കപ്പെടുന്ന ‘എരി’ വടക്കന്‍ കേരളത്തിലെ കുറുമ്പ്രനാട് താലൂക്കിലെ പറയനാര്‍പുരമാണ് എരിയുടെ തട്ടകമായി നോവലില്‍ കാണുന്നത്. ഒരു കീഴാളഭാഷാ ഗവേഷകനെന്ന നിലയില്‍ നോവലിന്റെ ആഖ്യാതാവ് എരിയുടെ ചരിത്രം അന്വേഷിക്കുകയാണ്. ഇരുപതാം ശതകത്തിന്റെ ആദ്യദശകങ്ങളിലെ വടക്കന്‍ കേരളത്തിന്റെ ചരിത്രത്തിലേക്ക് കടക്കുകയും എരിയെ മുഖ്യധാരാചരിത്രത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യുകയാണിവിടെ. ആധുനികത പ്രചരിപ്പിച്ച ജ്ഞാന മാതൃകകളായിരുന്നില്ല കേരളത്തിലെ ദളിതര്‍ പിന്തുടര്‍ന്നത്. അതുകൊണ്ട് ആധുനിക ചരിത്രരചനയിലൊന്നും ദലിതന്റെ ജീവിതം കടന്നുവരുന്നുമില്ല. ചരിത്രാന്വേഷണത്തോടൊപ്പം തനതു ജ്ഞാന വ്യവഹാരങ്ങളെക്കുറിച്ചും ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നു. കൃഷിജ്ഞാനവും മന്ത്രവാദവും കാലാവസ്ഥയെക്കുറിച്ചുള്ള അറിവും പ്രകൃതിയില്‍ നിന്ന് കീഴാളര്‍ സ്വാംശീകരിച്ചെടുത്ത ജ്ഞാനമാതൃകകളാണെന്നിവിടെ പറയുന്നുണ്ട്. ശ്രീനാരായണ ഗുരുവിനും മുന്‍പേ ജനിച്ച ആത്മബോധം നേടിയ ഒരാള്‍, അറിയപ്പെടുന്ന ജാതിവിരുദ്ധ കലാപങ്ങള്‍ക്ക് മുന്‍പേ ചത്ത പശുവിന്റെ ഇറച്ചി പറയന്‍ തിന്നില്ല എന്ന് പ്രഖ്യാപിച്ച ഒരാള്‍, സാമുദായിക സംഘടനകള്‍ രൂപപ്പെടും മുന്‍പേ സാമുദായകമായി സംഘടിക്കാനുറച്ച പറയസമുദായത്തിലെ ഉത്പതിഷ്ണു. ഇങ്ങനെയൊരാളുടെ ചരിത്രം പരിമിതമായ രേഖകളുടെ വെളിച്ചത്തില്‍ ഉത്ഖനനം ചെയ്യുകയാണ് പ്രദീപന്‍. ദലിതരില്‍ നിന്നും ഒരാള്‍ ആധുനികവിദ്യഭ്യാസം നേടി സാമുദായിക പരിഷ്‌ക്കരണത്തിനിറങ്ങുക സ്വന്തം സമുദായത്തിനുള്ളില്‍ പ്രവര്‍ത്തിക്കുകവഴി അയാള്‍ നേരിടുന്ന സ്വത്വപ്രതിസന്ധികള്‍ അവതരിപ്പിക്കുക സ്വസമുദായത്തോട് സഹതപിച്ചുകൊണ്ട് പരാജയപ്പെടുക എന്നിങ്ങനെയുള്ള ദലിത് നോവലുകളുടെ ഘടനയെ തകര്‍ത്തുകൊണ്ട് ദലിതന്റെ ചരിത്രവും അവരുടെ ജ്ഞാനാന്വേഷണങ്ങളും മറ്റൊരു രീതിയില്‍ സ്ഥാപിച്ചെടുക്കുകയാണ് ഈ നോവലില്‍. നിസഹായതയുടെയും പുറംന്തള്ളലിന്റെയും കയ്‌പേറിയ അനുഭവങ്ങളും ദലിതന്റെ ദുരിതജീവിതവും അസ്പര്‍ശ്യതയുമല്ല അതിനപ്പുറത്തെ ദാര്‍ശനികപ്രശ്‌നങ്ങളും എരി എന്ന നോവലിലുണ്ട് ദലിതന്റെ അറിവിനെക്കുറിച്ചുള്ള അന്വേഷണം തങ്ങളുടെ ചരിത്രം സംബന്ധിച്ച ഉത്കണ്ഠ സാമുദായികമായി സംഘടിക്കേണ്ടതിന്റെ ചെറുത്തുനില്‍ക്കേണ്ടതിന്റെ ആവശ്യം ഇങ്ങനെ ആത്മാഭിമാനത്തിന്റെ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഇവിടെയുണ്ട്. ചരിത്രപുരുഷന്മാരും ചരിത്രസന്ദര്‍ഭങ്ങളും ഈ നോവലിന്റെ ഭാഗമാണ്. ചരിത്രാന്വേഷണത്തിന്റെ വഴികളിലൂടെ രൂപപ്പെടുന്ന ഈ നോവലിനെ ദലിത് സ്വത്വാന്വേഷണത്തിന്റെ ദലിത് സ്വത്വബോധത്തിന്റെ ഉദാത്ത മാതൃകയായി വിശേഷിപ്പിക്കാം.
അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍ക്കു ശേഷം മാന്തളിര്‍ എന്ന മധ്യതിരുവിതാംകൂര്‍ ഗ്രാമത്തിന്റെ കഥപറയുന്ന നോവലാണ് ബന്യാമിന്റെ മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍. പാറപ്പുറത്തിനുശേഷം മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ സമൂഹത്തിന്റെ ജീവിതശൈലിയും വിചിത്രസ്വഭാവങ്ങളും ചിത്രീകരിച്ച എഴുത്തുകാരനാണ് ബന്യാമിന്‍. അടിയന്തിരാവസ്ഥകാലം മുതല്‍ തൊണ്ണൂറുകള്‍ വരെയുള്ള മാന്തളിര്‍ പ്രദേശത്തെ ജീവിതമാണ് ഈ നോവലിലുള്ളത്. കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന ശീര്‍ഷകഭാഗമാണ് ഈ നോവലിന്റെ മറ്റൊരു സവിശേഷത. നാടുവിട്ടുപോയി പട്ടാളത്തില്‍ ചേര്‍ന്ന മാന്തളിര്‍ കുഞ്ഞൂഞ്ഞ് രണ്ടാമന്‍ വിവാഹം കഴിച്ച് പഞ്ചാബിയായ സര്‍ദ്ദാറിണിയും മക്കളുമായി നാട്ടില്‍ തിരിച്ചെത്തുന്നിടത്ത് നോവല്‍ ആരംഭിക്കുന്നു. ഹര്‍ക്കിഷന്‍ സിംഗ് സുര്‍ജിതിന്റെ ബന്ധുവായ സര്‍ദ്ദാറിണിയിലൂടെ കുഞ്ഞൂഞ്ഞ് എന്ന റിബലിലൂടെ മാന്തളിര്‍ വീട്ടില്‍ കമ്യൂണിസം കടന്നു വരികയാണ്. പള്ളിയും കൃഷിയും സുരക്ഷിതജീവിതവും മാത്രമാഗ്രഹിക്കുന്ന ഇവിടുത്തെ മധ്യവര്‍ഗ ക്രിസ്ത്യാനികള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി വര്‍ഗശത്രുവാണ്. മുന്‍വൈരാഗ്യത്തോടെ കമ്യൂണിസ്റ്റുകളെ കാണുന്ന ആ നാട്ടില്‍ പാര്‍ട്ടി മെല്ലെ വേരുപിടിക്കുകയാണ്. തിരുവിതാംകൂര്‍ ക്രിസ്ത്യാനികളുടെ ഗോത്രസവിശേഷതയായ സഹോദരങ്ങള്‍ തമ്മിലുള്ള തീരാത്ത പകയും വൈരാഗ്യവും ഈ നോവലില്‍ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നുണ്ട്. മോഹന്‍ഡേവിഡ് എന്ന കഥാപാത്രത്തിലൂടെ രണ്ടുദശകങ്ങളിലെ ജീവിതം വൈകാരികമായി ബന്യാമിന്‍ ആവിഷ്‌കരിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ്, വിമോചനദൈവശാസ്ത്രം കേരളത്തിലേക്ക് കടന്നു വരുന്നത്, അടിയന്തരാവസ്ഥ, മന്നം ഷുഗര്‍മില്‍ സമരം എന്നിവ ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന ചരിത്രസംഭവങ്ങളാണ്. ഇ.എം.എസ്, ടി.വി. തോമസ്,കെ.ആര്‍.ഗൗരി തുടങ്ങിയ കമ്യൂണിസ്റ്റുകളും ഏണസ്റ്റോ ചെഗുവേര, പാട്രിക് ലുമുംബ തുടങ്ങിയ വിപ്ലവകാരികളും ഈ നോവലിന്റെ ഭാഗമാണ്. മാന്തളിര്‍ കുഞ്ഞൂഞ്ഞിന് ചെഗുവേര സമ്മാനിച്ച ക്യൂബന്‍ചുരുട്ട് അമൂല്യനിധിയായി കാത്തുസൂക്ഷിക്കുന്നുണ്ട്. മാന്തളിര്‍ കുഞ്ഞൂഞ്ഞിന്റെ ലാറ്റിനമേരിക്കന്‍ വിപ്ലവകാരികളുമായുള്ള ബന്ധവും ലാറ്റിനമേരിക്കയിലാരംഭിച്ച വിമോചന ദൈവശാസ്ത്രത്തിന്റെ കേരള മാതൃകയും വിദഗ്ധമായി സമന്വയിപ്പിച്ചിരിക്കുകയാണ് ഈ നോവലില്‍. ലാറ്റിനമേരിക്ക വഴി വന്ന കമ്യൂണിസ്റ്റ് കാല്‍പനികശൈലിയും വിമോചനദൈവശാസ്ത്രത്തിന്റെ വിപ്ലവശൈലിയും കേരളത്തില്‍ അധികകാലം നിലനിന്നിരുന്നില്ല എന്ന യാഥാര്‍ത്ഥ്യവും ഇവിടെ പ്രസക്തമാണ്. പകയും വിദ്വേഷവും സ്‌നേഹവും കരുണയും പ്രണയവും മരണവുമൊക്കെ ഈ നോവലിലുണ്ട്. കാലം ഇവിടുത്തെ മനുഷ്യരെ മാറ്റത്തിന് വിധേയരാക്കുന്നു. കടുത്ത കമ്യൂണിസ്റ്റായ കുഞ്ഞൂഞ്ഞ് ജീവിതാന്ത്യത്തില്‍ തന്റെ പ്രത്യയശാസ്ത്രങ്ങളെ ഉപേക്ഷിച്ച് ഭക്തനും സ്വാര്‍ത്ഥനുമായി മാറുന്നു. പിതൃബിംബവും സഭാവിശ്വാസിയും മൂരാച്ചിയുമായ മാന്തളിര്‍ മത്തായി ജീവിതസായന്തനത്തില്‍ മനുഷ്യനായി പരിണമിക്കുന്നു. ഇങ്ങനെ കാലം മാറ്റിയെടുക്കുന്ന മനുഷ്യരും കാലത്തിനൊത്ത് സഞ്ചരിക്കുന്ന സാധാരണ മനുഷ്യരും ഇവിടെയുണ്ട്. ദേശീയവും അന്തര്‍ദേശീയവുമായ വിഷയങ്ങള്‍ പരാമര്‍ശിക്കപ്പെടുമ്പോഴും പ്രാദേശിക ജീവിതാഖ്യാനമെന്ന നിലയിലാണ് ഈ നോവല്‍ പ്രസക്തമാകുന്നത്.
ചരിത്ര വസ്തുതകളുടെ ബാഹുല്യമാണ് രാമചന്ദ്രന്റെ ‘പാപസ്‌നാനം’ എന്ന നോവലിനെ വ്യത്യസ്തമാക്കുന്നത്. ‘ജേക്കബ് രാമവര്‍മ്മന്റെ ജീവിതവും മരണവും’ എന്ന ഉപശീര്‍ഷകവും ഈ നോവലിലുണ്ട്. കൊച്ചീരാജാവ് വീരകേരളവര്‍മ്മയുടെയും കുഞ്ഞിക്കാവ് അമ്മത്തമ്പുരാട്ടിയുടെയും മകനായി ജനിച്ച രാമവര്‍മ്മന്‍ ബാസല്‍ മിഷന്റെ ഭാഗമായി യാക്കോബ് രാമവര്‍മ്മന്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു. 21-ാം വയസ്സില്‍ കൊട്ടാരംവിട്ട് 1835-ല്‍ ഫോര്‍ട്ട് കൊച്ചിയില്‍വച്ച് പ്രൊട്ടസ്റ്റന്റ് ആചാരപ്രകാരം ക്രിസ്തുമതത്തില്‍ ചേര്‍ന്നു. 1840 മുതല്‍ 42 വരെ ബല്‍ഗാമിലും 1842 മുതല്‍ 58 വരെ കണ്ണൂരിലും രാമവര്‍മ്മന്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിലവഴിച്ച പതിനെട്ടുവര്‍ഷങ്ങളാണ് ഈ നോവലിലുള്ളത്. ഈ കാലയളവില്‍ രാമവര്‍മ്മന്‍ അനുഭവിച്ച സംഘര്‍ഷങ്ങളും തിരിച്ചറിവുകളും അവസാനിക്കാത്ത അന്വേഷണങ്ങളുമാണ് ‘പാപസ്‌നാനം’. ദ്വൈതവും അദ്വൈതവും സെമിറ്റിക് ദൈവസങ്കല്‍പ്പവും സംഘര്‍ഷഭരിതമാക്കിയ രാമവര്‍മ്മന്റെ മനസ് ഇവിടെ കാണാം. ലൈംഗികതയുടെ ആഘോഷവും അതു സംബന്ധിച്ച് പാപബോധത്തിലധിഷ്ഠിതമായ കുമ്പസാരങ്ങളും രാമവര്‍മ്മനെ ശിഥിലമാക്കുന്നു. മലയാളത്തിന്റെ ആദ്യ ആത്മകഥാകാരനെന്ന ഖ്യാതിനേടിയ യാക്കോബ് രാമവര്‍മ്മന്റെ മനസ്സിലൂടെയുള്ള സഞ്ചാരമാണിത്. രാമവര്‍മ്മനൊപ്പം മതപരിവര്‍ത്തനം നടത്തിയ അനന്തന്‍ എന്ന കൊങ്ങിണിബ്രാഹ്മണനും ഈ നോവലിലെ കഥാപാത്രമാണ്. കേവലം പതിനെട്ടു വര്‍ഷത്തെ ചരിത്രം മാത്രമല്ല പതിനഞ്ചാം ശതകത്തിലെ പോര്‍ട്ടുഗീസ് കൊളോണിയല്‍ കാലഘട്ടം മുതല്‍ പത്തൊമ്പതാം ശതകത്തിന്റെ പകുതിവരെയുള്ള ചരിത്ര വസ്തുതകള്‍ ഈ നോവലിലുണ്ട്.കൊച്ചി തിരുവിതാംകൂര്‍ സാമൂതിരി രാജവംശത്തിന്റെ ചരിത്രത്തിന് സമാന്തരമായി പോര്‍ട്ടുഗീസ്, ഡച്ച്, ഫ്രഞ്ച്,ഇംഗ്ലീഷ് കോളനികളുടെ പ്രവര്‍ത്തനങ്ങളും ചില ശ്രദ്ധേയ സന്ദര്‍ഭങ്ങളും ചരിത്രപരമായിത്തന്നെ നോവലിലുണ്ട്. കൊങ്ങിണി ബ്രാഹ്മണരുള്‍പ്പെടെ കൊച്ചിയിലുണ്ടായിരുന്ന വിവിധ സമുദായങ്ങളുടെ ചരിത്രവും നോവലിന്റെ ഭാഗമാണ്. തെക്കേ ഇന്‍ഡ്യ കേന്ദ്രീകരിച്ചുണ്ടായ സി.എം.എസ് ബാസല്‍ മിഷ്യന്‍ പ്രവര്‍ത്തനങ്ങളുടെ നാള്‍വഴിരേഖകള്‍,ഉദയംപേരൂര്‍ സുന്നഹദോസ് കൂനന്‍കുരിശ് പ്രഖ്യാപനം, മാവേലിക്കര ആര്‍ത്താറ്റ് പടിയോലകള്‍ തുടങ്ങി ക്രൈസ്തവസഭാവിഭാഗങ്ങളിലുണ്ടായ നിരവധി സംഭവവികാസങ്ങള്‍ നോവലിലുണ്ട്. വില്യം കാരി ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്, ഹെന്ട്രി ബേക്കര്‍, ബഞ്ചമിന്‍ ബയ്‌ലി എന്നിങ്ങനെ നിരവധി വിദേശമിഷനറികളും വാസ്‌കോഡ ഗാമ മുതല്‍ കേണല്‍ മണ്‍ട്രോ വരെയുള്ള അധിനിവേശകരും ഒട്ടേ റെ നാട്ടുരാജാക്കന്മാരും ഈ നോവലില്‍ കടന്നു വരുന്നുണ്ട്. ചരിത്രവസ്തുതകളെ കോര്‍ത്തിണക്കിയുള്ള ഈ ആഖ്യാനരീതി പുതുമയുള്ളതാണ്.
റൈനോള്‍ഡ്‌സ് പുരയ്ക്കല്‍ എന്ന വൈദികന്റെ ജീവിതകഥയാണ് ഫ്രാന്‍സിസ് നെറോണയുടെ അശരണരുടെ സുവിശേഷം. ഇരുപതാം ശതകത്തിലെ കേരള ചരിത്രത്തിന് സമാന്തരമായി ചരിത്രത്തിലെഴുതപ്പെടാതെ പോയ ചില മനുഷ്യരുടെ ജീവിതകഥ എഴുതിച്ചേര്‍ക്കുകയാണ് നെറോണ. ജീവിതത്തിലുടനീളം അസ്തിത്വവ്യഥയനുഭവിക്കുന്നു കഥാപാത്രമാണ് ഈ നോവലിലെ റൈനോള്‍ഡ്‌സ് പുരയ്ക്കല്‍. സമൃദ്ധിയുടെ ഭൂതകാലവും അരക്ഷിതമായ ഭാവിയും തനിക്കുചുറ്റും കാണുന്ന അനീതിയും ഉച്ചനീചത്വങ്ങളുമായിരിക്കണം റൈനോള്‍ഡ്‌സിനെ ഇത്തരമൊരു പ്രതിസന്ധിയിലേക്കെത്തിച്ചത്. പുരോഹിതവൃത്തിയിലേക്ക് കടക്കുമ്പോഴും തന്നോടുതന്നെ നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുകയാണ് ഈ കഥാപാത്രം.
ഇതുപതാം ശതകത്തിലെ കേരളീയജീവിതം പ്രത്യേകിച്ച് ആലപ്പുഴയുടെ തീരദേശത്തെ മനുഷ്യരുടെ ചരിത്രം ഈ നോവലിലുണ്ട്. റൈനോള്‍ഡ്‌സിന്റെ ആത്മസുഹൃത്തായ ദാസന്‍ പുന്നപ്ര വയലാര്‍സമരത്തില്‍ കൊല്ലപ്പെടുകയാണ്. കുട്ടിക്കാലത്ത് വിശപ്പിനെക്കുറിച്ച് ദാസന്‍ പറഞ്ഞുകൊടുക്കുന്ന പാഠങ്ങള്‍ പിന്നീട് നേരിട്ടനുഭവിക്കുന്നത് അനാഥരുടെ ജീവിതവുമായി ബന്ധപ്പെടുമ്പോഴാണ്. പള്ളിയും മതവും അനാഥാലയങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും അവ മുഖ്യധാരാ പുരോഹിതവൃത്തിയുടെ പരിസരങ്ങളല്ല. നിഷ്‌കാമ കര്‍മ്മികളായ ചിലരുടെ ആത്മാര്‍ത്ഥ പരിശ്രമങ്ങളിലൂടെയായിരുന്നു അത്തരം സ്ഥാപനങ്ങള്‍ ഒരിക്കല്‍ മുന്നോട്ടുപോയിരുന്നത്. പൗരോഹിത്യത്തിന്റെ സുരക്ഷിത മേഖലകളുപേക്ഷിച്ച് അശരണര്‍ക്കുവേണ്ടി നിലകൊണ്ട മോണ്‍സിഞ്ഞോര്‍ റൈനോള്‍ഡ്‌സ് പുരയ്ക്കലിന്റെ സംഘര്‍ഷം നിറഞ്ഞ ജീവിതമാണീനോവലിലുള്ളത്. കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയുടെ ആദ്യനോവലാണിത്.
വി.എം. ദേവദാസിന്റെ ‘ചെപ്പും പന്തും’ രവിവര്‍മ്മ തമ്പുരാന്റെ’പൂജ്യം’ എന്നീ നോവലുകള്‍ ആഖ്യാനസവിശേഷതകൊണ്ട് വേറിട്ടുനില്‍ക്കുന്നു. ‘പന്നിവേട്ട’ എന്ന ആദ്യനോവലിനു ശേഷം വി.എം.ദേവദാസ് എഴുതിയ ചെപ്പും പന്തും ഇതിനകംതന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു നഗരത്തില്‍ ഒരേ സ്ഥലത്ത് വ്യത്യസ്തകാലങ്ങളില്‍ ജീവിക്കുന്ന രണ്ടുപേരുടെ ജീവിതമാണ് ഈ നോവലിലുള്ളത്. 1980കളില്‍ മദ്രാസില്‍ താമസിച്ചിരുന്ന ഉബൈദിന്റെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ അവിടെയെത്തുന്ന മുകുന്ദന്റെയും ജീവിതം. തിര, തിരഞ്ഞെടുക്കപ്പെട്ടവന്‍ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി വേര്‍പിരിയുന്ന ഈ നോവല്‍ വ്യത്യസ്തമായ വായനാനുഭവങ്ങള്‍ നല്‍കുന്നുണ്ട്. 1979 മുതല്‍ 1984 വരെ ശാന്തിറാം മാണിക് സേട്ടിനൊപ്പം ലക്ഷ്മിയക്കയുടെ വീട്ടില്‍ താമസിക്കുന്ന ഉബൈദ് എന്ന കൗമാരപ്രായക്കാരന്റെ ജീവിതമാണ് ഈ നോവലിന്റെ ആദ്യപകുതി. ഉബൈദിന്റെ ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലം ശാന്തിറാം സേട്ടിനെ കണ്ടുമുട്ടുന്നത് സേട്ടുവിന്റെ സംഭവബഹുലമായ ജീവിതത്തിന്റെ ഭാഗമാകുന്ന ഉബൈദ് ശത്രുക്കളായ ഇല്യാസ് വെട്രിവേല്‍ എന്നിവരിലൂടെ ഉബൈദ് ചരിത്രത്തില്‍ നിന്നുതന്നെ അപ്രത്യക്ഷമാകുന്നത് വൈകാരികമായി ഉലയ്ക്കുന്ന ഒരു വായനാനുഭവം ആദ്യഭാഗത്തുണ്ട്. ഉബൈദേ ഉബൈദേ ഉള്ളാലെ ഉലയ്ക്കുന്നുവല്ലോ നീ…ഈ തുടക്കം ഉബൈദുമായി ബന്ധപ്പെടുന്നവര്‍ക്കെല്ലാം തോന്നുന്ന ഒന്നാണ്. വായനക്കാര്‍ക്കും. മുകുന്ദന്‍ എന്ന കഥാപാത്രമാണ് നോവലിന്റെ രണ്ടാം പകുതിയിലുള്ളത്. ജാലവിദ്യയുമായി മുകുന്ദന്‍ അവിചാരിതമായി ബന്ധപ്പെടുകയാണിവിടെ. ജാലവിദ്യക്കാരന്‍, ടീം ഹഹഹ എന്ന ചെറുപ്പക്കാരുടെ സംഘം ലിസ. ജാലവിദ്യയ്ക്ക് സമാനമായ നഗരാനുഭവമാണ് രണ്ടാം പകുതിയില്‍. എന്നാല്‍ പരസ്പരവിരുദ്ധമെന്നു തോന്നുന്ന രണ്ടുഭാഗങ്ങളെ സമന്വയിപ്പിക്കുന്ന ചില ഘടകങ്ങളുണ്ട്. ഉബൈദും മുകുന്ദനും അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും നഗരത്തിന്റെ ജാലവിദ്യയ്ക്ക് സമാനമായ ദുരൂഹതയുമാണത്. ഒരേ വീട് വ്യത്യസ്ത കാലങ്ങള്‍ ഒട്ടേറെ കഥാപാത്രങ്ങള്‍, ടി. ഉബൈദ് എന്ന കവിയുള്‍പ്പെടെ ജീവിച്ചിരുന്ന ചിലര്‍, ചരിത്രസംഭവങ്ങള്‍, മതം, സിനിമ, സംഗീതം എന്നിങ്ങനെ സകലതും നോവലിലേക്ക് കടന്നുവരുന്നു. ഇങ്ങനെ പലതും കൂട്ടിവായിക്കാനറിയാത്തവര്‍ക്ക് മാജിക്കിന്റെ രസതന്ത്രം വശമില്ലാത്തവര്‍ക്ക് ഈ നോവലിന്റെ ആഖ്യാനവഴികളിലൂടെ സഞ്ചരിക്കാന്‍ കഴിയില്ല എന്നതാണ് വസ്തുത. മലയാളിയുടെ നഗരജീവിതാനുഭവങ്ങളില്‍ മദ്രാസിന് വിശേഷസ്ഥാനമുണ്ട്. ഒരേസമയം സ്‌നേഹിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന നഗരം അരക്ഷിതാവസ്ഥയിലും അഭയമാകുന്ന നഗരം. അത്തരമൊരു പശ്ചാത്തലത്തിലെ വ്യത്യസ്തഘട്ടങ്ങളാണ് ഈ നോവലിലുള്ളത്. മലയാളിയെ സംബന്ധിച്ച് ആധുനികവും ഉത്തരാധുനികവുമായ രണ്ടുഘട്ടങ്ങള്‍ എന്നാല്‍ മാറ്റമില്ലാതെ തുടരുന്ന ജീവിതാവസ്ഥകളും കാരണമില്ലാത്ത പീഢാനുഭവങ്ങളും ഈ നോവലിലെ വ്യത്യസ്തകാലങ്ങളെ ഒന്നിപ്പിക്കുന്നു. ഇന്‍ഡ്യന്‍ സമൂഹത്തില്‍ ജാതിയും മതവും രാഷ്ട്രീയവും അസമത്വങ്ങളും എങ്ങനെ സങ്കീര്‍ണ്ണമായ ജീവിതം സൃഷ്ടിക്കുന്നുവെന്ന അന്വേക്ഷണം ഇവിടെയുണ്ട് അതുതന്നെയാണ് ചെപ്പും പന്തും എന്ന നോവലില്‍ ചര്‍ച്ച ചെയ്യു ന്ന രാഷ്ട്രീയവും.
രവിവര്‍മ്മ തമ്പുരാന്റെ മൂന്നാമത്തെ നോവലാണ് ‘പൂജ്യം’ പേര് സൂചിപ്പിക്കുംപോലെ സമഗ്രതയുടെ,പൂര്‍ണ്ണതയുടെ ഭാരതീയ ദര്‍ശനം. അതുതന്നെയാണ് ഈ നോവല്‍ പറയാന്‍ ഉദ്ദേശിക്കുന്നതും. സമാന മനസ്‌ക്കരായ കുറെ ആളുകള്‍ അവരുടെ സ്വപ്നസാക്ഷാത്കാരത്തിനൊരുങ്ങുമ്പോള്‍ വന്നുചേരുന്ന അപകടങ്ങളാണിവിടെ. അക്രൂരന്‍, സനാതനന്‍, പുരന്ദരന്‍, കൊരിന്ത്യര്‍,മുഹമ്മദ് യശയ്യാവ് തുടങ്ങിയ കഥാപാത്രങ്ങള്‍ ആദിമപിതാക്കന്മാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇവര്‍ വേദേതിഹാസങ്ങളില്‍ നിന്ന് പുറത്തുചാടിയവരല്ല മറിച്ച് ചില സ്വപ്നങ്ങളെ ഉള്ളില്‍ വഹിക്കുന്ന സാധാരണ മനുഷ്യര്‍. മതിലുകളില്ലാത്ത വീട് എന്ന സങ്കല്‍പ്പമാണവര്‍ക്കുള്ളത്. ഹൃദയനഗരി എന്ന ആദര്‍ശനഗരം സൃഷ്ടിച്ചെടുക്കാനുള്ള ശ്രമമാണവരുടേത്. വീടിനെക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങള്‍ക്ക് പരിധിയില്ല. എന്നാല്‍ ഭൂമി അതിരിട്ട് വീടുപണി തുടങ്ങുന്നതോടെ സാമ്പ്രദായിക ഭവനസങ്കല്‍പ്പങ്ങളിലേക്ക് തിരിച്ചുപോവുകയാണവര്‍. ആദി പിതാക്കന്മാരും അവരെ പിന്തുടര്‍ന്നുവന്നവരും അവരുടെയൊക്കെ വീട്ടുകാരും ‘ഹൃദയനഗരി’ എന്ന സങ്കല്‍പ്പത്തെതന്നെ തകര്‍ത്തു കളയാനൊരുങ്ങുകയാണ്. വീടുകളും മതിലുകളുമായി അവയ്ക്കിടയില്‍ പള്ളികളും അമ്പലങ്ങളുമുണ്ടായി ഹൃദയനഗരിയെന്ന ആദര്‍ശനഗരി കലുഷിതമാവുകയാണ്. ഒടുവില്‍ മതിലുകളെല്ലാം പൊളിഞ്ഞുമാറിയപ്പോള്‍ മതിലുപോലെ നെടുകെ നിന്നിരുന്ന മതമന്ദിരങ്ങളും നിലം പൊത്തിയപ്പോള്‍ ഹൃദയനഗരിക്ക് പെട്ടെന്ന് വലിപ്പം കൂടിയതായി നോവലിസ്റ്റ് പറയുന്നു. മനുഷ്യന്റെ സ്വാര്‍ത്ഥത മതമായി സങ്കുചിതചിന്തകളായി സമൂഹത്തിലേക്ക് സംക്രമിക്കുന്ന വര്‍ത്തമാനകാല അനുഭവങ്ങളാണ് രവിവര്‍മ്മ തമ്പുരാന്‍ ഈ നോവലില്‍ ചര്‍ച്ച ചെയ്യുന്നത്.
വീടിനെക്കുറിച്ചുള്ള മറ്റൊരു നോവലാണ് പി.സുരേന്ദ്രന്റെ ‘ജിനശലഭങ്ങളുടെ വീട്’. വീട് എന്ന സങ്കല്‍പ്പത്തെ വാണിജ്യവല്‍ക്കരിക്കുന്ന ഉത്തരാധുനിക വികസന സങ്കല്‍പങ്ങളെയാണ് ഈ നോവല്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. ഏതൊരു സാധാരണ മലയാളിയെയും പോലെ സ്വന്തമായൊരു വീട് എന്ന മോഹം ധനലക്ഷ്മിക്കും രാമാനുജനുമുണ്ട്. അത് സാക്ഷാത്കരിക്കുന്നതിനിടയില്‍ അവര്‍ നേരിടുന്ന പ്രതിസന്ധികാളാണിവിടെ. ഫ്‌ളാറ്റു നിര്‍മ്മാതാക്കളുടെ മോഹനവാഗ്ദാനങ്ങള്‍ പലതും തട്ടിപ്പുകളാണെന്ന് അവര്‍ തിരിച്ചറിയുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന ശക്തിവേല്‍ കരുണാനിധി പോസ്റ്റുചെയ്യുന്ന ശ്രാവണപുത്തൂര്‍ എന്ന ദേശവും അവിടുത്തെ പ്രകൃതിയും മഴയും മരങ്ങളും മിന്നാമിനുങ്ങുകളും പുല്‍മേടുകളും അവരെ ആകര്‍ഷിക്കുന്നു. ശ്രാവണപുത്തൂരിന്റെ വശ്യതയിലേക്ക് പോവുകയായിരുന്നു അവര്‍. എന്നാല്‍ യാത്രയിലുടനീളം കണ്ടത് കീറിപ്പറിഞ്ഞ പര്‍വ്വതങ്ങളും ഉഷ്ണകാറ്റ് നായാടുന്ന തരിശുകളുമായിരുന്നു. അങ്ങനെയൊരു സ്ഥലം സങ്കല്‍പ്പങ്ങളില്‍ മാത്രമാണെന്നും അതൊരു വ്യാജ പ്രൊഫൈലാണെന്നുമുള്ള തിരിച്ചറിവില്‍ നോവല്‍ അവസാനിക്കുന്നു. മനുഷ്യന്റെ സ്വാതന്ത്ര്യങ്ങളിലേക്ക് തുറന്നു വയ്ക്കാവുന്ന വീട്, കാലാവസ്ഥയെയും ഋതുക്കളെയും പക്ഷികളെയും ശലഭങ്ങളെയും അരികിലെത്തിക്കുന്ന വീട് ഇങ്ങനെയൊക്കെയുള്ള ഭവന സങ്കല്‍പ്പങ്ങളെ വിപണി ഏറ്റെടുക്കുകയും ആരുടെയൊക്കെയോ ഭാവനയ്‌ക്കൊത്ത് നിര്‍മ്മിച്ച് ആര്‍ക്കോ കൈമാറുന്ന ചതുരക്കളികളായി അവ പരിണമിക്കുകയും ചെയ്യുകയാണിന്ന്.
തമോവേദം മറപൊരുള്‍ തുടങ്ങിയ നോവലുകളെഴുതിയ രാജീവ് ശിവശങ്കറിന്റെ ഏറ്റവും പുതിയ നോവലാണ് ‘കലിപാകം’. മഹാഭാരതത്തിലെ നളോപാഖ്യാനത്തിന്റെ മറ്റൊരാവിഷ്‌കാരമാണിത്. മഹാഭാരതം ഒട്ടേറെ പുനര്‍വായനയ്ക്ക് വിധേയനമാകുന്ന വര്‍ത്തമാനഘട്ടത്തില്‍ അധികാരവും ആസക്തികളും പ്രമേയമാകുന്ന നളോപാഖ്യാനത്തിന് ഏറെ പ്രസക്തിയുണ്ട്. നളനെയും ദമയന്തിയെയും അപ്രധാനകഥാപാത്രങ്ങളായി മാറ്റിക്കൊണ്ട് പുഷ്‌കരന്‍,കേശിനി, വാര്‍ഷാണേയന്‍ സുനന്ദ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ഈ നോവല്‍ വികസിക്കുന്നു. പുഷ്‌കരന്റെ സുഹൃത്ത് ദിനനാഥന്‍,സോമകീര്‍ത്തി ഉത്താനപാദന്‍ എന്നിവരും മറ്റുകഥാപാത്രങ്ങളാണ്. നിഷ്‌ക്കാസിതനും നിന്ദ്യനുമായ കലി സത്താരൂപം കൈവരിക്കുകയാണിവിടെ. ചിരംഞ്ജീവിയായ കലി വര്‍ത്തമാനകാലത്തേക്ക് വളരുന്ന ഒരു യാഥാര്‍ത്ഥ്യമായി മാറുകയാണ്. ഒട്ടേറെ വായനാസാധ്യതകള്‍ ഈ കൃതി തുറന്നിടുന്നുണ്ട്. മലയാളത്തിലെ ഇതിഹാസ പുനരാഖ്യാനങ്ങളില്‍ ഈടുറ്റ ഗ്രന്ഥമെന്ന നിലയില്‍ രാജീവ് ശിവശങ്കറിന്റെ കലിപാകം പരിഗണിക്കപ്പെടുമെന്നതില്‍ സംശയമില്ല. ഇതിനോടു ചേര്‍ത്തു വായിക്കാവുന്ന മറ്റൊരു നോവലാണ് രാജേന്ദ്രന്‍ എടത്തുംകരയുടെ ‘ഞാനും ബുദ്ധനും’ സിദ്ധാര്‍ത്ഥന്‍ ഉപേക്ഷിച്ച കപിലവസ്തുവിന്റെ പില്‍ക്കാലകഥ പറയുകയാണിവിടെ നോവലിസ്റ്റ്. ഗൗതമബുദ്ധന്റെ മകനായ രാഹുലന്റെ മരണവും കപിലവസ്തുവിലെ അധികാരതുടര്‍ച്ചകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. ചരിത്രത്തിന്റെ ശൂന്യസ്ഥലികളിലേക്കുള്ള സഞ്ചാരമാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്.
എഴുപതുകളുടെ തീവ്ര ഇടതുപക്ഷപ്രവര്‍ത്തനങ്ങളുടെ കാലം പ്രമേയമാകുന്ന രണ്ടുനോവലുകള്‍ കഴിഞ്ഞവര്‍ഷമുണ്ടായി. കരുണാകരന്റെ ‘യുവാവായിരുന്ന ഒന്‍പതുവര്‍ഷം’, ഷീബ ഇ.കെ.യുടെ ‘മഞ്ഞ നദികളുടെ സൂര്യന്‍’. രണ്ടും എഴുപതുകളുടെ കഥ പറയുകയോ ചരിത്രം അന്വേഷിച്ചുപോവുകയോ ചെയ്യുന്ന നോവലുകളാണ്. കവിയും നക്‌സല്‍ പ്രവര്‍ത്തകനുമായ രാമു കേന്ദ്രകഥാപാത്രമാകുന്ന നോവലാണ് കരുണാകരന്റെ ‘യുവാവായിരുന്ന ഒന്‍പതുവര്‍ഷം’. പലിശയിടപാടുകാരനായ വര്‍ക്കിച്ചന്‍ മുതലാളിയുടെ ഉന്‍മൂലനവും കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനവുമൊക്കെയാണ് പ്രതിപാദ്യമെങ്കിലും രാമു എന്ന കേന്ദ്രകഥാപാത്രത്തെ മുന്‍നിര്‍ത്തിയാണ് നോവല്‍ മുന്നോട്ടു പോകുന്നത്. നക്‌സല്‍ പ്രസ്ഥാനങ്ങളുടെ ചരിത്രവും അതില്‍ പ്രവര്‍ത്തിച്ചവരുടെ ജീവിതവും പ്രമേയമാകുന്ന നോവലാണ് ‘മഞ്ഞ നദികളുടെ സൂര്യന്‍’. നിരുപമ കെ.എസ് എന്ന എഴുത്തുകാരി നടത്തുന്ന നോവല്‍ രചനയുടെ പശ്ചാത്തലമാണ് പ്രമേയം. രഞ്ജന്‍ എന്ന കഥാപാത്രത്തിലൂടെ ഒട്ടേറെ നക്‌സല്‍ പ്രവര്‍ത്തകര്‍ ഈ നോവലിലെത്തുന്നു. വിസ്മൃതിയിലാണ്ടുപോയ കാലത്തെയും ചരിത്രത്തെയും വീണ്ടെടുക്കുകയാണ് രണ്ടു നോവലുകളും.
ആഖ്യാനപരമായ പരീക്ഷണങ്ങളാണ് സമകാല നോവലുകളെ വ്യത്യസ്തമാക്കുന്നത്. മറ്റാരും പറഞ്ഞിട്ടില്ലാത്തവിധം കഥപറയുകയെന്ന സമീപനമാണ് ഓരോ നോവലിസ്റ്റിനുമുള്ളത്. ചരിത്രം പ്രാദേശികചരിത്രം മിത്തുകളുടെ പുനര്‍വായനകള്‍ എന്നിങ്ങനെയുള്ള പൂര്‍വ്വപാഠങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഉത്തരാധുനിക നോവല്‍രചന. എഴുത്തും വായനയും ഗൗരവമേറിയ പ്രക്രിയകളായി മാറിയിട്ടുണ്ടിന്ന്.