മുപ്പതാണ്ടിന്റെ മുടിനീളം..

560
0

മുപ്പതാണ്ടിന്റെ മുടിനീളം
പന്ന്യന്‍ രവീന്ദ്രന്‍ / സുനില്‍

രാഷ്ട്രീയത്തിലെ ആദര്‍ശവാദി എന്നതിനപ്പുറം സാഹിത്യ സാംസ്‌കാരികമേഖലകളിലെ തന്റെ കരുത്തുറ്റ സാന്നിധ്യം വിളിച്ചറിയിക്കുന്ന ബഹുമുഖ ആള്‍രൂപമാണ്  പന്ന്യന്‍ രവീന്ദ്രന്‍. വായനയെന്ന കല ഇദ്ദേഹത്തെ ബാധിച്ച ആധിയാണ്. ഫുട്‌ബോളിന്റെ കേരളത്തിലെ ആധികാരിക ശബ്ദമാണ്. പുസ്തകങ്ങള്‍ എഴുതാറുണ്ട്. ലേഖനങ്ങളും കവിതകളും എഴുതി വരുന്നു. സാഹിത്യ-രാഷ്ട്രീയ-സാസ്‌കാരികമേഖലകളെ അതിഗൗരവമായി നിരീക്ഷിക്കുന്ന പന്ന്യന്റെ ഇതുവരെ വെളിപ്പെടുത്താത്ത സ്വകാര്യതകള്‍.
ഒന്ന് സാഹിത്യം/ സംസ്‌കാരം
സാംസ്‌കാരിക ജീര്‍ണ്ണത നമ്മുടെ സംസ്‌കാരത്തെ പല രീതിയില്‍ ഇപ്പോള്‍ മുറിപ്പെടുത്തുന്നുണ്ട്. സാംസ്‌കാരിക ഇടിവിനെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
ശരിയാണ്- ഇപ്പോള്‍ സാംസ്‌കാരിക ജീര്‍ണ്ണത വര്‍ദ്ധിച്ചു വരികയാണ്. പക്ഷെ ഒരുകാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനത്തെ ഏറെ പ്രാധാന്യത്തോടെ കണ്ട നാടായിരുന്നു കേരളം. അതിന് ഏറെ പരിഗണനയും കൊടുത്തിട്ടുണ്ട്. മാത്രമല്ല നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഒരു നീണ്ടനിര ആള്‍ക്കാര്‍ നമുക്കുണ്ടായിരുന്നു. പുരോഗമന കവിത്രയങ്ങള്‍, ഭക്ത കവിത്രയങ്ങള്‍ അങ്ങനെ വലിയൊരു സമൂഹമുണ്ട്. പുരോഗമന കലാസാഹിത്യസംഘം വലിയൊരു ശക്തിയായിരുന്നു. അതും നവോത്ഥാനത്തിലേക്കു വന്നു. പൊറ്റെക്കാട്, ദേവ്, ബഷീര്‍, തകഴി തുടങ്ങിയവര്‍ മലയാളത്തിന്റെ മേന്‍മ ഉയര്‍ത്തിക്കാട്ടാവുന്ന സാംസ്‌കാരിക നായകന്‍മാരായിരുന്നു. പക്ഷെ ഒരു ഘട്ടമെത്തിയപ്പോള്‍ സാസംകാരികമായ തര്‍ക്കങ്ങള്‍ ഉണ്ടായി- ‘കല കലയ്ക്കു വേണ്ടിയോ’ അതോ കല ജീവിതത്തിനു വേണ്ടിയോ എന്നതായിരുന്നു തര്‍ക്കം. അങ്ങനെ ഒന്നിച്ചു നിന്ന സാംസ്‌കാരിക കൂട്ടായ്മകള്‍ രണ്ടു വഴിക്കായി.
തുടര്‍ന്ന് നമ്മുടെ നാടിന്റെ സാംസ്‌കാരികതയെ കീഴടക്കിയത് നാടക സംവിധായകന്‍മാരാണ്, നാടകരംഗത്ത് ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്”എന്റെ മകനാണ് ശരി’ തുടങ്ങിയ പ്രശസ്ത നാടകങ്ങള്‍ മലയാളിയുടെ ജീവിതത്തിന്റെ പരിഛേദമായി മാറി. കെ.പി.എ.സി,കാളിദാസ നാടകകലാകേന്ദ്രം തുടങ്ങി ഒരുപാട് നാടകസമിതികള്‍ പ്രൊഫഷണല്‍ രംഗത്തുവന്നു. പിന്നീട് സിനിമയുടെ കാലമായിരുന്നു. 1959-ല്‍ ‘നീലക്കുയിലില്‍’ തുടങ്ങിയ മലയാളസിനിമയ്ക്ക് ഒരു കുതിച്ചുച്ചാട്ടം ഉണ്ടായി. നീലക്കുയിലിന് വെള്ളിമെഡലാണ് കിട്ടിയതെങ്കില്‍ പിന്നീട് സ്വര്‍ണ്ണമെഡല്‍ കിട്ടുന്ന സിനിമകളുടെ കാലമുണ്ടായി. അങ്ങനെ ലോകം ശ്രദ്ധിക്കുന്ന സിനിമകളുടെ വിളനിലമായി കേരളം മാറി. ഇതു എക്കാലത്തെയും കേരളത്തിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ്.
കാവ്യരംഗത്ത് ചങ്ങമ്പുഴയുടെ കാല്‍പനിക കാവ്യത്തില്‍ നിന്നു തുടങ്ങി, കേരളത്തിലെ ഒരു പുതിയനിര ജനകീയ കവികളായിമാറി. വയലാര്‍, ഒ.എന്‍.വി, പിഭാസ്‌കരന്‍ ഒക്കെ അവരില്‍ പ്രധാനരാണ്. മലയാളികള്‍ക്ക് മനസ്സില്‍ കൊണ്ടുനടക്കാവുന്ന ഒട്ടേറെ നല്ല നാടക-സിനിമാഗാനങ്ങള്‍ ഒക്കെ കാവ്യരംഗത്ത് ഒരു വലിയ മാറ്റത്തിനു കാരണമായി. പുതിയ സങ്കേതങ്ങളിലേക്ക് കാവ്യലോകം കടന്നുവരുമ്പോള്‍ പഴയതിനെ പൂര്‍ണ്ണമായും തിരസ്‌കരിക്കാതെയാണ് വന്നത് എന്നതു സത്യമാണ്. മാപ്പിളപ്പാട്ടും വടക്കന്‍പാട്ടും തോറ്റംപാട്ടും തുള്ളല്‍പാട്ടും പഴമയുടെ നന്മയായി സാംസ്‌കാരിക രംഗത്ത് കടന്നുവന്ന എല്ലാം പുതിയകാലത്തും വലിയകുഴപ്പമില്ലാതെ നിലനില്‍ക്കുമെന്നതാണ് സത്യം. വര്‍ത്തമാനകാലത്തില്‍ സാംസ്‌കാരിക രംഗത്ത് വലിയ ചര്‍ച്ചകള്‍ വരുന്നുണ്ട്. അതുകൊണ്ടുതന്നെ ചില ഒറ്റപ്പെട്ട സാംസ്‌കാരിക വീഴ്ചകളെ നമുക്ക് നിരാകരിക്കാവുന്നതാണ്.

കേരളത്തിലെ അവാര്‍ഡു സംവിധാനങ്ങളില്‍ സുതാര്യതയില്ലെന്ന ആക്ഷേപം പരക്കെ നിലനില്‍ക്കുന്നുണ്ട്, അതില്‍ എത്രത്തോളം വാസ്തവമുണ്ട്?
കേരളത്തിലെ അവാര്‍ഡുസംവിധാനങ്ങളെക്കുറിച്ച് പറയുമ്പോള്‍ അര്‍ഹതയ്ക്ക് അംഗീകാരം കൊടുക്കുന്നുവെന്ന കാര്യത്തില്‍ പക്ഷാന്തരങ്ങളുണ്ടാവില്ല. എന്നാല്‍ അര്‍ഹതയെ നിര്‍ണ്ണയിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് പലപ്പോഴും താളം തെറ്റുന്നു. മതം/ ജാതി എന്നിവ നോക്കുന്നത് ഒരു പ്രവണതയായി വളര്‍ന്നിട്ടുണ്ട്. അതിനുമപ്പുറം അതു സൃഷ്ടിയെക്കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം. ഇന്നുവരുന്ന ചര്‍ച്ചകളോ മറ്റുപലതിനെയും കണക്കിലെടുത്തുകൊണ്ടാണ് അവാര്‍ഡുകൊടുക്കുന്നത്. അതു ജാതിയുടെ പേരു പറയുമ്പോള്‍, മതത്തിന്റെ പേരു പറയുമ്പോള്‍ പ്രദേശം തുടങ്ങിയ അന്യമായ ഒരുപാട് പരിഗണനകള്‍ ഇതിലുണ്ട്. ഇതു പലപ്പോഴും അര്‍ഹരായ പലരെയും പുറന്തളളുന്നു. ഇതു കലാ-സാഹിത്യ മൂല്യത്തെ അപഹസിക്കുന്നതിന് തുല്യമാണ. ഒരു ഉദാഹരണം ഓര്‍മ്മിക്കുക-കലാഭവന്‍ മണി അനുഗ്രഹീത നടനാണ്. ഭാവനാശാലിയായ ഫോക ്‌ലോര്‍ ഗായകനാണ ്. ജനഹൃദയങ്ങളില്‍ അദ്ദേഹത്തിന് സ്ഥാനമുണ്ട്.
‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമ ജനങ്ങളെ സ്വാധീനിച്ചു. അതിന് അവാര്‍ഡ് കിട്ടുമെന്ന് ധരിച്ചത് മണിയുടെതെറ്റല്ല. ഏറ്റവുംപുതിയ സിനിമയായ ‘പത്തേമാരി’യിലെ മമ്മൂട്ടിയുടെ അഭിനയത്തെ മലയാളികള്‍ ഹൃദയം കൊണ്ട് സ്വീകരിച്ചു. നാരായണന്‍ എന്ന കഥാപാത്രത്തെ നാം മറക്കില്ല. പക്ഷെ അവാര്‍ഡിന്റെ കാര്യം വന്നപ്പോള്‍ മമ്മൂട്ടിയെ തള്ളി. അര്‍ഹിക്കുന്നവര്‍ക്കു അവാര്‍ഡു നല്‍കുന്നില്ല. മറ്റുള്ളവര്‍ക്കു നല്‍കുന്നു. അത്തരം അവാര്‍ഡുകള്‍ക്ക് പിന്നീട് ഫലമില്ലാതെ പോകുന്നു.

മലയാളിയുടെ സംസ്‌കാരത്തില്‍ ‘സയന്‍സ് ലിറ്ററേച്ചര്‍’ അര്‍ഹിക്കാത്ത സ്ഥാനം കൈയടക്കുകയും വായനാസംസ്‌കാരത്തിന് പ്രാധാന്യം കുറയുകയും ചെയ്തിട്ടില്ലേ?
അതു പൂര്‍ണ്ണമായും ശരിയല്ല. വിഷ്വല്‍ മീഡിയയുടെ (visual media) സ്വാധീനം വന്നപ്പോള്‍ പുസ്തകവായനയില്‍ നിന്ന് വായനക്കാര്‍ അകന്നുവെന്നും വായന കുറഞ്ഞുവെന്നും പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ഇന്ന് വായന കൂടുതലായിട്ടുണ്ട്. പക്ഷെ വായനയുടെ രൂചുിഭേദങ്ങള്‍ മാറിയിട്ടുണ്ട്. അപ്പോഴും നന്നായി വായിക്കുന്നവരുണ്ട്. പുതിയ രചനയുടെ ഉള്‍ക്കാമ്പു പഴയകാലത്തെ പോലെ നമുക്ക് എടുത്തു പറയത്തക്കതാകുന്നില്ല. ഈയടുത്തകാലത്ത് രണ്ടു നോവലുകള്‍ വായനക്കാരെ വായനയെന്ന കലയിലേക്ക് തിരിച്ചുകൊണ്ടുവന്നു. അവ പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീര്‍ ത്തനം പോലെ’ എന്ന നോവലും ബന്യാമിന്റെ ‘ആടുജീവിതം’എന്ന നോവലുമാണ്. ദസ്തയേവ്‌സ്‌കിയുടെ ജീവിതത്തെ ആധാരമാക്കി പെരുമ്പടവം നടത്തിയ ആഖ്യാനം അതിന്റെ രചനാവൈഭവംകൊണ്ട് അതിനെ ജനപ്രിയമാക്കി. ഗള്‍ഫ്‌നാട്ടിലെ മലയാളിജീവിതം പറയുന്ന ബന്യാമിന്റെ ആടുജീവിതത്തെയും ജനങ്ങള്‍ സ്വീകരിച്ചു. അതിനെതിരെയും വിമര്‍ശനം വന്നു. ഇതു എനിക്കു പറഞ്ഞുതന്ന കഥയാണ് എന്നാണ് ബന്യാമിന്‍ പറഞ്ഞത്. ഈ എഴുത്തുകാരന്റെ അവതരണ  മികവാണ് അതിനെ ജനങ്ങളിലെത്തിച്ചത്. അതൊരു കേട്ടെഴുത്തുകൃതിയല്ല. എന്നാല്‍ നിലവാരമില്ലാത്ത ഒരുപാട് പുസ്തകങ്ങളുണ്ട്. ജനങ്ങള്‍ പുസ്തകം വാങ്ങുന്നത് ചില ധാരണകള്‍വച്ചാണ്.

ഇവിടുത്തെ പെണ്‍സാഹിത്യത്തെ ശ്രദ്ധിച്ചിട്ടുണ്ടോ?
പെണ്ണെഴുത്ത് എന്ന ബ്രാന്‍ഡ്‌നെയിമിന് ഇപ്പോള്‍ മാറ്റംവന്നിട്ടുണ്ട്. അത്തരം ആലോചനകള്‍തന്നെ മങ്ങി. കെ.ആര്‍.മീരയെപ്പോലുള്ളവര്‍ നന്നായിഎഴുതുന്നു. അതിനെയൊന്നും പെണ്ണെഴുത്തെന്ന്പറഞ്ഞ് നമുക്ക് തരംതാഴ്ത്താനാവില്ല. പെണ്ണെഴുത്ത് എന്നൊന്നില്ല. ഒറ്റ സാഹിത്യമേയുള്ളു.സുഭാഷ് ചന്ദ്രനും സി.മുരളിയുമൊക്കെ നമ്മെ പിടിച്ചിരുത്തുന്ന ഒരുപാട് കൃതികള്‍ എഴുതിയിട്ടുണ്ട്. ഒരു പെട്രോള്‍പമ്പില്‍ എണ്ണയടിക്കുന്ന ചെറുപ്പക്കാരന്റെ ജീവിതം പറയുന്ന അമലിന്റെ ‘കല്‍ഹണനില്‍’ എത്തിനില്‍ക്കുന്ന ഇവിടുത്തെ സാഹിത്യത്തെ കള്ളിതിരിയ്‌ക്കേണ്ടതില്ല. എന്തായാലും ഇന്ന് എഴുത്തുകാരുടെ എണ്ണം വര്‍ദ്ധിച്ചു. രചനയുടെ എണ്ണം വര്‍ദ്ധിച്ചു. എടുത്തുപറയപ്പെടാവുന്ന സൃഷ്ടികളുടെ എണ്ണം കുറഞ്ഞുവെന്നതാണ് സത്യം.

രാഷ്ട്രീയക്കാര്‍ കവിതയില്‍ ഇടപെടുന്നതിനെക്കുറിച്ച് എന്തുതോന്നുന്നു?
കവിതയെന്ന ഒരു സങ്കേതം മലയാളിയുടെ മനസ്സില്‍ ഏറെ സ്വാധീനങ്ങള്‍ ചെലുത്തിയിട്ടുണ്ട്. അങ്ങനെ സ്വാധീനിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത് ആശാനാണ്. ഒരു പുതിയ അനുഭൂതിയും ഉള്‍ക്കരുത്തുംആ കവിതകള്‍ക്കുണ്ടായിരുന്നു. അനാചാരങ്ങള്‍ക്കെതിരെ ആ കവിതകള്‍ പോരാടി. ചങ്ങമ്പുഴ കവിതകളുടെ സ്വാധീനവുമായി ബന്ധപ്പെട്ടാണ് ഇവിടുത്തെ പുതിയ കവികള്‍ കവിതകളെഴുതിയത്. ‘മാറ്റൊലി കവിതകള്‍’ എന്നു പറഞ്ഞു നാം വയലാറിനെ ആക്ഷേപിച്ചു. മനസ്സിന്റെ നൊമ്പരങ്ങളും ആകുലതകളും യൗവനകാലത്തില്‍ മനസ്സില്‍ കടന്നുകൂടിയ നിറങ്ങളും എഴുത്തിലേക്ക് പല രാഷ്ട്രീയക്കാരെയും നയിച്ചു. ഇങ്ങനെ ആനുകാലികങ്ങളില്‍ ഒട്ടുമിക്കതിലും രാഷ്ട്രീയക്കാരുടെ കവിതകളുണ്ട്. കവിതയെഴുത്ത് ഒരര്‍ത്ഥത്തില്‍ യൗവനത്തിന്റെ കലയാണ്.

പന്ന്യന്‍ രവീന്ദ്രന്‍ എന്ന കവിയെ ഒന്നു പരിചയപ്പെടുത്താമോ?
ഞാന്‍ യൗവ്വനകാലത്താണ് കവിത എഴുതാന്‍ തുടങ്ങിയത്. അതിനിടയില്‍ രസകരമായ ഒരു കാര്യം സംഭവിച്ചു. ഞാന്‍ ഒരുപാട് കവിതകള്‍ എഴുതി പത്രാധിപന്‍മാര്‍ക്ക് അയച്ചു. ഒന്നും അച്ചടിച്ചുവന്നില്ല. നിന്റെ പേരില്‍ കവിതയെഴുതിയാല്‍ അവര്‍ പ്രസിദ്ധീകരിക്കാനൊന്നും പോണില്ലായെന്ന് ഒരു സുഹൃത്ത് എന്നോടു പറഞ്ഞു. അപ്പോള്‍ ഞാന്‍ പ്രമീള എന്ന തൂലികാനാമത്തില്‍ എഴുതി. മാതൃഭൂമി ബാലപംക്തിയില്‍ കവിത അച്ചടിച്ചുവന്നു. 25 രൂപ പ്രതിഫലവും വന്നു. നിര്‍ഭാഗ്യം എന്നു പറയട്ടെ ഞാന്‍ എഴുതിയതാണെന്ന ്അവര്‍ അംഗീകരിച്ചില്ല. പ്രതിഫലവും കൈപ്പറ്റാനായില്ല. അന്നുമുതല്‍ കവിതയെഴുത്തിന് ഒരു ബ്രേക്കായി. പിന്നീട് ഈയടുത്ത കാലത്താണ് ‘പ്രണയചോരന്‍'(കലാകൗമുദി) ‘പാമ്പിനെ പ്രണയിച്ചവന്‍’ (മതേതരം വാര്‍ഷി കപ്പതിപ്പ്) എന്നീ കവിതകള്‍ എഴുതിയത്. ജി.സുധാകരന്റെ കവിതകള്‍ പലപ്പോഴും ഒരു പോരാളിയുടെ വിങ്ങലുകളാണ്. അതില്‍ രോഷമുണ്ട്. അതു അനീതിക്കെതിരെയുള്ള രോഷമാണ്. അതു രോഷമായി വരുമ്പോള്‍ പ്രാസമുണ്ടോ, വൃത്തമുണ്ടോ എന്നൊക്കെയുള്ള അന്വേഷണങ്ങള്‍ അപ്രസകതമാണ്. അപ്പോഴും കവിതയോട് ബഹുമാനമുണ്ട്. ഇപ്പോള്‍ പുതുതായി ഒരുപാട് ചെറുപ്പക്കാരുണ്ട്. അതില്‍ ശ്രദ്ധിക്കപ്പെടുന്നവരുമുണ്ട്. അതിനിടയില്‍ ഞാനും വല്ലപ്പോഴും കവിത എഴുതുന്നുവെന്നുമാത്രം.

കവി എ.അയ്യപ്പനോട് വല്ലാത്തൊരു ഇഷ്ടമുണ്ടെന്നു തോന്നുന്നുവല്ലോ?
അയ്യപ്പനെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്നത് ഒരു ആക്‌സിഡന്റില്‍ മരിച്ച് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ചെറുപ്പക്കാരന്റെ പോക്കറ്റിലെ അഞ്ചുരൂപനോട്ടാണ്. കാലത്തിന്റെ ചുവരെഴുത്തുകളെ കവിതയില്‍ ആവിഷ്‌കരിച്ച ആളാണ് അയ്യപ്പന്‍. അതില്‍ തീക്ഷ്ണമായ വാങ്മയങ്ങള്‍ ഉണ്ടായിരുന്നു. എല്ലാ വിഷയങ്ങളെക്കുറിച്ചും ശരങ്ങള്‍ പോലെയുള്ള വാക്കുകള്‍ വൈകാരിക അടുപ്പത്തോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. അയ്യപ്പന്മാത്രമാണ ്ഞാന്‍ മദ്യപിക്കാന്‍ കാശുകൊടുത്തത്. അയ്യപ്പന് ഞാന്‍ അമ്പതുരൂപകൊടുക്കാനുണ്ട്. മരിക്കുന്നതിനുമുമ്പ് ഒരുദിവസം നൂറുരൂപ എന്നോടുചോദിച്ചു. എന്റെകയ്യില്‍ ആകെ അന്‍പതുരൂപയേ ഉണ്ടായിരുന്നുള്ളു. ഹോട്ടലിലേക്ക് പോകുംവഴി അമ്പതുരൂപ കൊടുത്തു. അങ്ങനെ ഞാന്‍ 50 രൂപ കടക്കാരനായി. ആകെയുള്ള കടഭാരമാണ് അയ്യപ്പനോടുള്ള ഈ 50രൂപ.

സ്ഥിരം വായിക്കുന്ന കവികള്‍ ആരൊക്കെയാണ്?
എനിക്ക് മനസ്സിലുള്ള ഒരു കവി/കവിത യെക്കുറിച്ച് പറയാം-
ആകാശവീഥി അളക്കാന്‍ ഒരു വിരല്‍
ഭൂമിയില്‍ നീളം അളക്കാന്‍ ഒരുനിഴല്‍
ആഴിതന്‍ ആഴമളക്കാന്‍ ഒരുനുള്ള് പൂഴിയെന്നെന്നെ പഠിപ്പിച്ചത് ഈ കവിത എഴുതിയ പി.കെ ഗോപിയാണ്. അദ്ദേഹത്തിന്റെ ഭാവന എന്നെ സ്വാധീനിച്ചിട്ടുണ്ട്. കുരീപ്പുഴ ശ്രീകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി, റഫീക്ക് അഹമ്മദ്, മുരുകന്‍ കാട്ടാക്കട ഒക്കെ എന്റെ കാവ്യഇഷ്ടങ്ങളാണ്.

ഒരു കവിതാപുസ്തകം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
ഞാന്‍ ഒരുപാട് എഴുതിയിട്ടുണ്ട്. പക്ഷെ ഒന്നും ഞാന്‍ സൂക്ഷിച്ചിട്ടില്ല. അങ്ങനെ ഒരു ശീലം ചെറുപ്പത്തിലേ തു ടങ്ങിയിട്ടില്ല. അതൊന്നും എന്റെ എഴുത്തുബാങ്കിലില്ല. പലകാലങ്ങളിലായി ഞാന്‍ എഴുതിയ ലേഖനങ്ങളാണ് ‘ചരിത്രം എഴുതി ചരിത്രമായവര്‍’ എന്ന പുസ്തകം. അവയില്‍ അധികവും ഗ്രന്ഥലോകത്തില്‍ എഴുതിയവയാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ഒ.ചന്തുമേനോന്‍, തിരുനെല്ലൂര്‍ കരുണാകരന്‍, വയലാര്‍ രാമവര്‍മ്മ, കെ.ദാമോദരന്‍, മുണ്ടശ്ശേരി തുടങ്ങിയവരെക്കുറിച്ചായിരുന്നു അപുസ്തകം. സിനിമയോടുള്ള താല്‍പര്യം കൊണ്ട് ഭരത്മുരളിയുടെ വേര്‍പാടിനു ശേഷം അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടു ഞാന്‍ എഴുതിയ പുസ്തകമാണ് ‘മുരളി: അഭിനയവും ജീവിതവും’. ഫുട്‌ബോളിനോടുള്ള വല്ലാത്തൊരു അടുപ്പം കൊണ്ട് ‘ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തിലൂടെ’ ഫിഫാകപ്പും ഫുട്‌ബോള്‍ ചരിത്രവും, എന്നീ പുസ്തകങ്ങള്‍ എഴുതി. ഇപ്പോള്‍ എഴുതുന്നത് ഒ.എന്‍.വിയെക്കുറിച്ചുള്ള ഒരു പുസ്തകമാണ്. അതു അദ്ദേഹത്തിന്റെ രചനകളെക്കുറിച്ചുള്ള പഠനമല്ല. അതു വൈകാരിക അടുപ്പത്തിന്റെ രേഖകളാണ്.

കഥകള്‍ ഒക്കെ വായിച്ചിരുന്നോ?
ഞാന്‍ വായനയുടെ ഒരു ലോകത്തേക്ക് വരുന്നത് അമ്മയിലൂടെയാണ്. അമ്മ നന്നായി സംസ്‌കൃതം പഠിച്ചയാളാണ്. രാമായണവും മഹാഭാരതവും ഒക്കെ പറഞ്ഞുതന്നിരുന്നു. പുരാണങ്ങളും ഇതിഹാസങ്ങളും അമ്മ പരിചയപ്പെടുത്തിയിരുന്നു. അമ്മ ഉച്ചത്തില്‍ വായിക്കാന്‍ പരിശീലിപ്പിച്ചു. അമ്മതന്നെ പുസ്തകങ്ങളുടെ പേര്തരും. അതു ലൈബ്രറിയില്‍ നിന്നും എടുക്കും. ഉറൂബ്, തകഴി, പൊറ്റക്കാട്, ബഷീര്‍ എന്നിവരിലൂടെ അങ്ങനെ വായനയിലേക്ക് കടന്നു. ദേശാഭിവര്‍ദ്ധിനി വായനശാലയില്‍ നിന്ന് ഒരുകാലത്ത് ഏറ്റവും കൂടുതല്‍ പുസ്തകം എടുത്തിരുന്നത് ഞാനാണ്. ഗോര്‍ക്കിയുടെ ‘അമ്മ’ ‘അന്ന കരെനീന’ ‘വിലയ്ക്കു വാങ്ങാം’ ഇവയൊക്കെ ആ സമയത്താണ് വായിക്കുന്നത്. വിവര്‍ത്തനം വായിച്ചിരുന്നു ഒരുപക്ഷെ ഞാന്‍ ഇന്ന് ഈ നിലയില്‍ എത്തിയതിന്റെ പിന്നില്‍ വായന കരുത്തായിരുന്നു. ഞാന്‍ വായിച്ച പുസ്തകങ്ങള്‍ പ്രതിസന്ധികളിൽ എനിക്ക് ഉത്തരം തരും. നമ്മള്‍ ഏതു കുടുക്കുപിടിച്ച സമയത്തും ഒരു പ്ര തിവിധിക്കുള്ളവഴി കാണിച്ചുതരും. പുരാണങ്ങള്‍ ക്കും ഇതിഹാസങ്ങള്‍ ക്കും ഒരുപാട് നന്മയുടെ വഴികള്‍ കാട്ടിത്തരാന്‍ കഴിയും. മനുഷ്യന്‍ അനുഷ്ഠിക്കുന്ന അഹിംസാസിദ്ധാന്തങ്ങള്‍ അങ്ങനെയുണ്ടായവയാണല്ലോ. മാനി ഷാദ/ അരുത്കാട്ടാള എന്നിങ്ങനെയുള്ള പ്രബോഘനങ്ങള്‍നമുക്ക് ലഭിച്ച ത് അങ്ങനെയാണ്. നമ്മു ടെ പുരാണങ്ങളും ഇതിഹാസങ്ങളും വഴികാട്ടികള്‍ തന്നെയായിരുന്നു. അവയൊക്കെയാണ് എ ന്നെ സ്വാധീനിച്ചത്.
. നിലനില്‍ക്കുന്ന മത-വര്‍ഗീയ പ്രശ്‌നങ്ങളെ എങ്ങനെ നിരീക്ഷിക്കുന്നു?
ഞാന്‍ ഒരു ദൈവവിശ്വാസിയല്ല. പക്ഷെ ഞാന്‍ വിശ്വാസികളെ മാനിക്കുന്നു. അവര്‍ നല്ല മനുഷ്യരായി നിലനില്‍ക്കാന്‍ പ രിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അപ്പോള്‍ തെറ്റുകള്‍ ചെയ്യാനാവില്ല. ജനങ്ങള്‍ എനിക്കു ദൈവമാണ്. ര ണ്ടു തര്‍ക്കങ്ങള്‍ ലോകത്തിനുമുമ്പിലുണ്ട്. സമാധാനത്തിനുവേണ്ടിയാണ് മനുഷ്യന്‍ ജീവിക്കുന്നത്. എല്ലാ അല്ലലിലും പ്രശ്‌നങ്ങളിലും നേര്‍വഴി കാട്ടുന്നത് മനസ്സിന്റെ നിയന്ത്രണത്തിലൂടെയാണ്. ആ സമാധാനമാണ് മനുഷ്യന് ഏറ്റവും പ്രധാനം മനസ്സ് നന്നാവട്ടെ. പൊതുവികാരവും നന്നാകും.
സിനിമ.

സിനിമയുടെ മാറിവരുന്ന സംസ്‌കാരത്തെയും അവയുടെ കഴമ്പില്ലായ്മയെയും കുറിച്ച് എന്തുപറയുന്നു?
നമ്മുടെ പഴയസിനിമകള്‍ പുരാണേതിഹാസങ്ങളായിരുന്നു. അതുകൊണ്ട് മികച്ച തിരക്കഥകള്‍ ഉണ്ടായി. അവയില്‍ നോവലില്‍ നിന്നു എടുത്തവയും ഉണ്ടായിരുന്നു. അവയില്‍ കഥയും സന്ദേശവുമുണ്ടായിരുന്നു. ‘നീലക്കുയില്‍’ നല്ല സന്ദേശം ഉള്‍ക്കൊള്ളുന്ന സിനിമയായിരുന്നു. പട്ടികജാതിക്കാരിയായ പെണ്ണിനെ ഉയര്‍ന്ന സമുദായത്തിലെ മാഷ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. വാക്കു പാലിക്കാതെ കടന്നുകളഞ്ഞു. ഉറൂബ് എഴുതിയ നോവലാണ് നീലക്കുയില്‍. പിന്നീട് അതു ചിത്രമാവുകയായിരുന്നു. ഇന്ന് സിനിമ വെറും എന്റര്‍ടെയ്ന്‍മെന്റാണ്. കണ്ടോ എന്നു ചോദിച്ചാല്‍ കണ്ടു എന്നുമറുപടി പറയാം. പക്ഷെ ഒന്നുംനേടുന്നില്ല. മലയാളസിനിമ ലോകസിനിമയുടെ നിലവാരത്തിലേക്ക് വളര്‍ന്നകാലമുണ്ടായിരുന്നു. ‘ചെമ്മീന്‍’ ഒക്കെ അത്തരത്തില്‍ കീര്‍ത്തി നേടിയവയാണ്. സിനിമ എന്നമൂല്യത്തിന് ഇനി ജനങ്ങള്‍ക്കെന്ത്‌നല്‍കാനാവും എന്ന ആശങ്ക നിലനില്‍ക്കുന്നു. തട്ടിക്കൂട്ടു സിനിമകളുടെ കാലം വന്നിരിക്കുന്നു. ആസ്വാദനമികവും സന്ദേശവും നഷ്ടപ്പെട്ടവയാണവ. അതുകൊണ്ട് മറ്റുഭാഷകളിലെ സിനിമകളെ ജനങ്ങള്‍ സ്വീകരിച്ചുതുടങ്ങി. കോടികള്‍ മുടക്കി നല്ല ക്യാമറ, നടന്‍മാര്‍, സൂപ്പര്‍സ്റ്റാര്‍ ഇവയൊക്കെ മാത്രം പോരാ നല്ലൊരു സിനിമയ്ക്ക്. സിനിമ എന്നത് മാനുഷികജീവിതത്തിന്റെ വിവിധഭാവങ്ങളുടെ എക്‌സ്പ്രഷന്‍ എന്ന നിലയില്‍ പരിജയപ്പെടുന്നു.
ജീവിതത്തെ അതായിത്തന്നെ ചിത്രീകരിക്കാന്‍ ശേഷിയുള്ളവര്‍ ആ രംഗത്തേക്കു വരണം. എങ്കില്‍ മാത്രമേ സിനിമ എന്നമാധ്യമത്തിന് ഒരു ജനകീയതയുണ്ടാവുകയുള്ളു

ഇഷ്ടപ്പെട്ട സിനിമാ സംവിധായകര്‍ ആരൊക്കെയാണ്?
പേരുകള്‍ ലിസ്റ്റു ചെയ്യുക എന്നത് ഒരു ഇടിച്ചുകെട്ടലാകും. സിനിമയുടെ നേരത്തെപറഞ്ഞ ആ ടെംമ്പോ സൂക്ഷിക്കുന്ന എല്ലാവരെയും ഇഷ്ടമാണ്. പക്ഷെ സംവിധാനം മാത്രമല്ലല്ലോ സിനിമ എന്ന മാധ്യമം.

സിനിമാഗാനങ്ങളെകുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ?
സിനിമാഗാനത്തെ കുറിച്ച് പറയുമ്പോള്‍ ഒടുവില്‍ വന്ന രണ്ടുസിനിമകളിലെ പാട്ടുകളെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. ‘പ്രേമം’ എന്ന സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതമേയുള്ളു. സാഹിത്യമില്ല. എന്നാല്‍ നിന്റെ മൊയ്തീനിലെ പാട്ടുകള്‍ക്ക് സാഹിത്യവും സംഗീതവുമുണ്ടായിരുന്നു. പണ്ടത്തെ പാട്ടുകളെ ജനങ്ങള്‍ ഇന്നും മൂളുന്നത് അതിന് സാഹിത്യ ഗുണവും സംഗീതഗുണവും ഉള്ളതുകൊണ്ടാണ്.

ശ്രീജിത്ത്‌ കെ. വാരിയര്‍ എന്ന പത്രപ്രവര്‍ത്ത കനാണ് താങ്കളുടെ മുടിയെക്കുറിച്ച് ആദ്യമായി എഴുതിക്കണ്ടത്. അതപൂര്‍ണ്ണമായിരുന്നു. മുടിയുടെ രഹസ്യം ഒന്നു വെളിപ്പെടുത്താമോ?
1975-ല്‍ അടിയന്തിരാവസ്ഥക്കാലത്ത് ഞാനവിടെ കണ്ണൂര്‍താലൂക്ക് യൂത്ത്‌സെക്രട്ടറിയായിരുന്നു. എപ്പോഴും ടൗണില്‍കാണും. അപ്പോള്‍ പു ലിക്കോടന്‍നാരായണന്‍ എസ്. ഐ ആയിരുന്നു. ഇദ്ദേഹം വന്നു എന്നുകാണിക്കാന്‍ ഒരു പൊടി ക്കൈ കാണിച്ചു. അന്നു തലമുടിവളര്‍ത്തി നടന്നിരുന്ന ഹിപ്പികളെ കണ്ടാല്‍ പിടിച്ചുകൊണ്ടുപോയി മുടി മുറിപ്പിക്കും. എ.ഐ.വൈ.എഫ് കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരുന്ന എനിക്ക് മുടിനീട്ടലിനോടോ ഹിപ്പികളോടോ പ്രത്യേക മമതയില്ലായിരുന്നു. ഹിപ്പി സ്റ്റൈല്‍ വിദേശത്ത് നിഷേധമാണ്.  പലരും പുലിവന്നു എന്നുപറഞ്ഞു പുറത്തിറങ്ങാതെയായി. പ്രതിഷേധിക്കാന്‍ വകയില്ല. അടിയന്തിരാവസ്ഥയാണ്. ഒറ്റ ഒരുകാര്യംചെയ്യാം. സ്വയം അതിനോട്‌വഴങ്ങാം. ഇതു ഒരാളുടെ അവകാശമാണ്. ആ അവകാശത്തെ ചോദ്യം ചെയ്യാന്‍ ഇയാള്‍ക്ക് എന്താണ് അധികാരം. അപ്പോള്‍ എന്റെമനസ്സുപറഞ്ഞു സ്വയം ഇതു വളര്‍ത്താന്‍ തുടങ്ങിയാലോ? 3 മാസംകൊണ്ട് മുടി വളര്‍ത്തി. അടിയന്തിരാവസ്ഥയല്ലേ; പുലി വന്നു എന്നെനോക്കി. ഈ മുടി ഞാന്‍ കാണാത്തതുകൊണ്ടല്ല. എന്ന മട്ടില്‍ എന്നെ ഉഴിഞ്ഞു. എന്റെ അവകാശമാണിത് എന്നുറച്ചു ഞാനും നീങ്ങി. ഇനി എനിക്ക് ഒരു ആഗ്രഹമേയുള്ളു. ഇനി എന്റെ മുടിവെട്ടുന്നത് ഒരു പോലീസുദ്യോഗസ്ഥനായിരിക്കണം. ഒരു വ്യക്തിക്ക് ജനാധിപത്യത്തില്‍ അവകാശമുണ്ട്. ഒരിക്കല്‍ മുടിമുറിച്ചു. ക്യാന്‍സര്‍രോഗികള്‍ക്കു വേണ്ടി 9 ഇഞ്ച് മുടി കൊടുത്തു. നന്ദിപറയാന്‍ ഒരുപെണ്‍കുട്ടി വിളി ച്ചു, അപ്പോള്‍ മുടി വളര്‍ത്തിയതില്‍ അഭിമാന വും സന്തോഷവും തോന്നി.
. ആരോ ഈ മുടിക്കു വില പറഞ്ഞതായി കേട്ടിട്ടുണ്ടല്ലോ?
അതുശരിയാണ്. സഖാവ് ബിനോയ്‌വിശ്വം വിവര്‍ത്തനംചെയ്ത ആഫ്രിക്കന്‍ കവിതയുടെ പ്രകാശനവേദിയായിരുന്നു അത്. ആ പ്രകാശനച്ചടങ്ങില്‍ ആഫ്രിക്കന്‍ അംബാസിഡര്‍ പങ്കെടുത്തിരുന്നു. അവര്‍ എന്റെമുടിയ്ക്ക് വിലയിട്ടു. നാല് ലക്ഷം രൂപതരാം എന്നുപറഞ്ഞു. ഞാന്‍ എം.പി ആയിരിക്കുമ്പോള്‍ സോണിയ ഗാന്ധി എ.കെ ആന്റണി എന്നിവരോടൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ സോണിയഗാന്ധി കൈനീട്ടി ഷെയ്ക്ക്ഹാന്റ് തന്ന് മുടിയെ പ്രശംസിച്ചു. ആ വേദിയില്‍വെച്ച് എ.കെ ആന്റണി പറഞ്ഞു മുടിവെട്ടുമെന്ന്. അപ്പോള്‍ സോണിയഗാന്ധിപറഞ്ഞു വെട്ടരുതെന്ന്. അതു നിങ്ങളുടെ ഐഡന്റിറ്റിയാണെന്ന്. ഒരിക്കല്‍ മുടിഅല്‍പം കയറ്റി വെട്ടിയപ്പോള്‍ ഇനി ഇത്രയ്ക്കു വെട്ടണ്ട എന്ന അഭ്യര്‍ത്ഥനയാണ് ഭാര്യ രത്‌നവല്ലിയില്‍ നിന്നും ഉണ്ടായത്.

പന്ന്യന്‍ രവീന്ദ്രന്‍ എന്ന ആദര്‍ശധീരനായ രാഷ്ട്രീയക്കാരന്റെ ഫുട്‌ബോള്‍ ജീവിതത്തെക്കുറിച്ച് ഒന്നു പറയാമോ?
ചെറുപ്പകാലത്ത് ഫുട്‌ബോള്‍ കളിക്കുമായിരുന്നു. പിന്നീട് ഫുട്‌ബോള്‍ ഭ്രാന്തനായി മാറി. കണ്ണൂര്‍ ലക്കിസ്റ്റാര്‍ ക്ലബിന്റെ മുഖ്യസംഘാടകനായി മാറി. ലക്കിസ്റ്റാര്‍ ജനപ്രിയ ടീം ആയിരുന്നു. ആ ടീമിന്റെ കൂടെയാണ് കളിച്ചത്. അത്ര പ്രഗത്ഭനൊന്നുമായിരുന്നില്ല. അതുകൊണ്ട് കളിയെഴുത്തുകാരനായി. ശ്രീനാരായണ സ്മാരക ഫുട്‌ബോള്‍ടൂര്‍ണമെന്റിലെ അനൗണ്‍ സറായി. കമന്ററി പറഞ്ഞു. ഫുട്‌ബോള്‍എന്റെ ജീവിതവുമായി ഏറെ ബന്ധപ്പെ ട്ടു കിടക്കുകയാണ്.
. ലോകഫുട്‌ബോളിലെ ഇഷ്ടതാരങ്ങള്‍ ആരൊക്കെയാണ്?
ലോകഫുട്‌ബോളിലെ എന്റെ ആരാധനാപാത്രം പെലെയാണ്. ഓരോ ചലനങ്ങളും ഞാന്‍ നിരീക്ഷിക്കും. അഭിപ്രായം പറയും. ഫുടിബോളിന്റെ വലിയ പ്രത്യേകതകളിലൊന്ന് അവിടെ തുല്യതയാണ് പ്രധാനം. എല്ലാം ചേര്‍ന്ന കൂട്ടായ്മയാണ് ഫുട്‌ബോള്‍. അവിടെ മതമില്ല. നിറമില്ല. മനുഷ്യസാഹോദര്യത്തിന്റെ പര്യായമാണത്. അതുകൊണ്ടാണ് മാര്‍ക്‌സ് പറഞ്ഞത് ‘തൊഴിലാളികള്‍ ഫുട്‌ബോള്‍ പരിശീലിക്കട്ടെയെന്ന്’.

. കേരളത്തിന്റെ പുതിയ രാഷ്ട്രീയ ശ്രമങ്ങളെ പഴയകാലത്തോട് താരതമ്യം ചെയ്യുമ്പോള്‍ എന്തുതോന്നുന്നു?
കേരളത്തില്‍ എന്നും ഒരു പ്രത്യേകതയുണ്ട്. ലോകത്ത് എവിടെയുമുള്ള ജനം കേരളത്തെ പ്രത്യേകമായി കാണുന്നു. ലോകത്ത് ആദ്യമായി ബാലറ്റിലൂടെ അധികാരത്തില്‍ വന്ന ഒരു സ്റ്റേറ്റാണിത്. ഈ സ്റ്റേറ്റിന് ലോകത്തെവിടെയും ഇല്ലാത്ത ഒരു നാമമുണ്ട്- ദൈവത്തിന്റെ സ്വന്തം നാട്. വിശ്വാസികള്‍ പറയുന്നു പ്രപഞ്ചം മുഴുവത്തെയും ദൈവം സൃഷ്ടിച്ചു. അതില്‍ കേരളം എന്ന ചെറിയ സംസ്ഥാനം മാത്രം ദൈവത്തിന്റെനാടായി അതിന് ഒരു പ്രത്യേക കാരണമുണ്ട്. വിവേകാനന്ദന്‍ എന്ന ഒരു കാഷായ വസ്ത്രക്കാരന്‍ കേരളം സന്ദര്‍ശിച്ചു. സന്ദര്‍ശിച്ചത് ഷിക്കാഗോയില്‍ നടന്ന ലോകസമ്മേളനത്തിനു മുമ്പാണ്. അതിനുമുമ്പ് കേരളത്തെ ഇതു ഭ്രാന്താലയമാണ്, എന്ന് പറഞ്ഞു അധിക്ഷേപിച്ചിരുന്നു. കേരളത്തിനോട് ഒരു മുന്‍കാല വൈരാഗ്യം വെച്ചു പറഞ്ഞതല്ലിത്. അതിന്റെ അവസ്ഥവെച്ചു പറഞ്ഞതാണ്. അത്രയധികം ദയനീയമായിരുന്നു. ഒന്ന് സവര്‍ണ്ണ മോധാവിത്വത്തിന്റെ ശക്തമായ സാന്നിദ്ധ്യം. രണ്ട്, അതിന്റെ അരക്കിട്ടുറപ്പിച്ച ശക്തിയായ പോരാട്ടം. ഇതിനെ രണ്ടിനെയും മുന്നില്‍ വെച്ചാണ് വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു പറഞ്ഞത്. ആ ഭ്രാന്താലയത്തെ തിരിച്ചുപിടിക്കാന്‍ നടത്തിയ ശക്തമായ പ്രവര്‍ത്തനങ്ങളുടെ ചരിത്രം പിന്നാലെ വരുന്നുണ്ട്. വിവേകാനന്ദന്‍ ഇതു പറഞ്ഞിട്ട് പോയത് ലോകസമ്മേളനത്തിനു മുമ്പാണ്. 23 വയസ്സുള്ള ഈ സന്യാസി അഭിസംബോധന ചെയ്തത്- ലോകത്തിലുള്ള എന്റെസഹോദരീ സഹോദരന്‍മാരേ എന്നാണ്. വിവേകാനന്ദന്‍ ഷിക്കാഗോയില്‍ ചെല്ലുന്നതിനുമുമ്പുള്ള കേരളത്തിന്റെ ചിത്രംവച്ചാണ് ഭ്രാന്താലയം എന്നു പറഞ്ഞത്. തുടര്‍ന്ന് ഇവിടെനടന്ന ഐതിഹാസികമായ പോരാട്ടങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളായിരുന്നില്ല. നവോത്ഥാനപ്രസ്ഥാനങ്ങളായിരുന്നു. അതിനു നേതൃത്വം കൊടുത്തത് ശ്രീനാരായണഗുരുവാണ്. സ്വാമി വിവേകാനന്ദന്‍ കേരളത്തെ ബാധിച്ച രോഗമെന്താണെന്ന് പരസ്യമായി പറഞ്ഞു. ശ്രീ നാരായണഗുരു ആ രോഗചികിത്സയ്ക്കായി വന്നു. അതാണ് അരുവിപ്പുറത്തെ ആദ്യത്തെ പ്രതിഷ്ഠ. സവര്‍ണര്‍ക്കു മാത്രം അവകാശപ്പെട്ടതിനെ അലിഖിതനിയമം കൊണ്ടായിരുന്നു നാട്ടിയത്.
സവര്‍ണമേധാവിത്വത്തിനെതിരായി ആദ്യത്തെ വെല്ലുവിളിയാണ് ഗുരു പ്രതിഷ്ഠനടത്തിയത്. അതൊരു നവോത്ഥാന തുടക്കമായിരുന്നു. ഗുരുദേവനു പിറകെ അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍ തുടങ്ങി നവോത്ഥാന പ്രസ്ഥാനത്തിന്റെ നായകനിരതന്നെ പല കാലങ്ങളിലായി വികസിച്ചു.
. അപ്പോള്‍ ബഹുജനപ്രസ്ഥാനങ്ങള്‍ ഒന്നും ചെയ്തില്ലായെന്നാണോ ഉദ്ദേശിക്കുന്നത്?
അങ്ങനെയല്ല. ബഹുജനപ്രസ്ഥാനങ്ങള്‍ ശക്തിപ്രാപിച്ചതും ആ കാലഘട്ടത്തില്‍ തന്നെയാണ്. അതില്‍ രാജഭരണത്തിനെതിരെ തൂലിക പടവാളാക്കി മാറ്റിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അടക്കമുള്ളവരെ ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. തിരുവിതാംകൂര്‍ സ്വാതന്ത്ര്യസമരപോരാട്ടവും സ്റ്റേറ്റ്‌കോണ്‍ഗ്രസ്സും തുടര്‍ന്നുവന്ന കമ്മ്യൂണിസ്റ്റ്‌ലീഗും നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി വന്നതാണ്. അതിലൊന്നാണ് ഗുരുവായൂര്‍ സത്യാഗ്രഹം. വൈക്കം സത്യാഗ്രഹത്തെ തുടര്‍ന്ന് നാടിന്റെ പല ഭാഗങ്ങളില്‍ നടന്ന ജനകീയ സമരങ്ങള്‍. കേരളസംസ്ഥാന രൂപീകരണത്തിനുമുമ്പ് ഈ സമരങ്ങളുടെയെല്ലാം മുദ്രാവാക്യങ്ങള്‍ നാട്ടില്‍ ജനമനസ്സുകളില്‍ ചലനം സൃഷ്ടിച്ചു. അതോടൊപ്പം തന്നെ ചേര്‍ത്തുപറയേണ്ടുന്നതാണ് മലയാളത്തിന്റെ സാമൂഹികജീവിതത്തിലെ എഴുത്തുകാരും കവികളും കലാകാരന്‍മാരും സാഹിത്യനായകന്‍മാരും വഹിച്ച പങ്ക്. ഭക്ത കവിത്രയത്തില്‍ നിന്നും നവോത്ഥാന കവിത്രയത്തിലേക്കും തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് കവിത്രയത്തിലേക്കും കടന്നുവന്ന സാംസ്‌കാരിക രംഗത്തിന്റെ ചലനങ്ങള്‍ കേരളത്തിന്റെ ചരിത്രത്തില്‍ ശക്തമായ പങ്കുവഹിച്ചു. ‘മൂളിപ്പാട്ടുമായി തമ്പ്രാന്‍ വരുമ്പോള്‍ ചൂളാതങ്ങനെ നില്ലടി പെണ്ണെ’ ഒ.എന്‍.വി എഴുതിയ ഈ വരികള്‍ ജന്മിത്വത്തിനെതിരായ ശക്തമായ ഒരു വിപ്ലവസന്ദേശമായിരുന്നു. കാരണം അന്ന് സ്ത്രീകള്‍ ജന്മിമാര്‍ക്ക് ഇഷ്ടംപോലെ ഉപയോഗിച്ച് വലിച്ചെറിയാമായിരുന്ന മാംസപിണ്ഡങ്ങള്‍ ആയിരുന്നു. ആ വരികളുടെ വിപ്ലവാവേശം ജന്മിത്വവിരുദ്ധ പോരാട്ടത്തിന്റെ ശംഖൊലിയായി മാറി. കുമാരനാശാന്റെ വരികള്‍’മാറ്റുവിന്‍ ചട്ടങ്ങളെസ്വയ മല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെ താന്‍’ എന്ന് ആശാന്‍ തറപ്പിച്ചു പറഞ്ഞതും കേരളീയ മനസ്സില്‍ ചലനം സൃഷ്ടിച്ചതാണ്. കവികളും കലാകാരന്‍മാരും എല്ലാം കേരളത്തിലെ സാമൂഹികജീവിതത്തെ തന്നെ ഉടച്ചുവാര്‍ക്കാന്‍ തനതു സംഭാവനകള്‍ നല്‍കി. കേരളം എന്ന ഈ സംസ്ഥാനത്തിന്റെ രൂപീകരണത്തില്‍ എത്തുന്നതിനുമുമ്പ് മലബാറും തിരുവിതാംകൂറും കൊച്ചിയും പ്രത്യേക ഭരണരീതിയിലായിരുന്നു. മലബാര്‍ ബ്രിട്ടീഷ്‌കാരന്റെ ഭരണത്തിലും തിരുവിതാംകൂര്‍ രാജഭരണത്തിലും. 1956 നവംബര്‍ 1ന് ഐക്യകേരളം യാഥാര്‍ത്ഥ്യമായപ്പോള്‍ കേരളീയ സാമൂഹിക ജീവിതത്തില്‍ ഒരു ഏകീകരണം വന്നു എന്നതാണ് സത്യം. നവോത്ഥാന ചിന്തകള്‍ക്ക് കരുത്തുനല്‍കാനും ആ ചിന്തകളെ സാധ്യതപ്രായമാക്കാനും തൊഴിലാളിവര്‍ഗ കര്‍ഷകപ്രസ്ഥാനങ്ങള്‍ പങ്കുവഹിച്ചു. അതുകൊണ്ടാണ് കേരളത്തെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി പലരും കാണുന്നത്. ഇന്നത്തെ ബഹുജനപ്രസ്ഥാനങ്ങള്‍ എത്രത്തോളം നീതിയുക്തമാണെന്ന് കാത്തിരുന്നു കാണേണ്ടതാണ്.
. വര്‍ത്തമാനകാല രാഷ്ട്രീയത്തെ എങ്ങനെയാണ് നിരീക്ഷിക്കുന്നത്?
ഇന്ന് കേരളത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണിരാഷ്ട്രീയത്തിന്റെ കേന്ദ്രമായി. ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിന് മൂന്നാമതൊരു മുന്നണി എന്‍.ഡി.എ വന്നു. കേരളത്തിലെ അസംബ്ലിയില്‍ ബി.ജെ.പിക്ക് ആദ്യമായി പ്രാതിനിധ്യം ലഭിച്ച ഒരു കാലമാണ്. മുന്നണി ബലാബലത്തില്‍ പ്രഥമസ്ഥാനത്ത് എല്‍.ഡി.എഫ്. തൊട്ടടുത്ത സ്ഥാന ത്ത് യു.ഡി.എഫ്. തമ്മില്‍ 5% വോട്ടിന്റെ വ്യത്യാ സമേയുള്ളൂ. എന്നാലും ഒരു സീറ്റുനേടിയ ബി.ജെ.പി ഒരു പുതിയ മുന്നണിയുടെ നേതൃത്വത്തില്‍ ഇവിടെ മത്സരിച്ചു. അവര്‍ക്ക് 14%വോട്ടുകിട്ടി എന്നത് നിസാരവല്‍ക്കരിക്കാനാവില്ല. തിരഞ്ഞെടുപ്പിനു ശേഷമുള്ള യു.ഡി.എഫ് എന്ന മുന്നണി പരസ്പരവിശ്വാസമില്ലായ്മയുടെ ഭാഗമായി മാറി എന്ന് അതിനു ശേഷം തെളിയിച്ചു.
ഒന്ന് : അധികാരം പോയവിഷമം
രണ്ട് : ഭാവിയെക്കുറിച്ചുള്ള ആശങ്ക
യ.ഡി.എഫ് മുഖ്യ പ്രതിപക്ഷമെങ്കിലും പുതിയ രാഷ്ട്രീയത്തിലെങ്കിലും യു.ഡി.എഫിനെ പുറകിലേക്ക്തള്ളി ബി.ജെ.പി കടന്നുവരാനുള്ള തീവ്രശ്രമമുണ്ടെന്നുള്ള കാര്യം കാണാതിരുന്നുകൂട. അതിനാവശ്യമായ ഒരു ഏൃലലി ശെഴിമഹ കോണ്‍ഗ്രസ് തന്നെ കൊടുത്തു കഴിഞ്ഞു. അതാണ് നേമത്തെ ബി.ജെ.പിയുടെ ജയവും കോണ്‍ഗ്രസ് വോട്ടിന്റെ കുത്തൊഴുക്കും. കോണ്‍ഗ്രസിന്റെ വോട്ടുബാങ്കുകള്‍ താമരയോടുചേര്‍ന്നു നില്‍ക്കുന്നതില്‍ ഒരു വ്യസനവുമവര്‍ക്കില്ല.

മാറുന്ന കേരളമാണിത്. മാറികൊണ്ടേയിരിക്കുന്ന സമരമുറകളും നമുക്കുണ്ട്. നമ്മുടെ സമരമുറകളുടെ രീതി എങ്ങനെ?
സമരങ്ങള്‍ എന്നു പറയുന്നത് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണ്. സാധാരണ പേരിനുവേണ്ടി സമരം ചെയ്യുകയും ലക്ഷ്യംകാണാതെ പോകുകയുംചെയ്യുന്ന ഒരുപാട്‌സമരങ്ങള്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ എല്ലാക്കാലത്തും സമരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടെ സൃഷ്ടിക്കപ്പെടുന്ന സംഭവങ്ങളുടെ പ്രതികരണമായിരുന്നു ദേശീയ പ്രസ്ഥാനകാലത്തിലെ സമരങ്ങള്‍. 2016-സെപ്തംബര്‍ 2-ാം തീയ തി രാജ്യവ്യാപകമായി പണിമുടക്കു നടക്കുന്നു.ആ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഭരണപക്ഷമെ ന്നോ പ്രതിപക്ഷമെന്നോ ഇല്ലാതെ എല്ലാ തൊഴിലാളികളും സംയുക്തമായിട്ടാണ്. അത് രാഷ്ട്രീയമല്ല. പുതിയ സമരമുറയാണ്. സര്‍ക്കാര്‍ നയവിരുദ്ധമായി മാറുമ്പോള്‍ ജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ വേറെ മാര്‍ഗമില്ല. സമരത്തില്‍ പരമാവധി ആത്മസംയമനം പാലിക്കണമെന്നത് ശരിയാണ്. സമരത്തെ നേരിടാന്‍ കൂടി അവര്‍ പഠിക്കുക പ്രധാനമാണ്. പരമാവധി സമരങ്ങളെ വേണ്ടായെന്നും ഒഴിവാക്കണമെന്നുമൊക്കെപറയുന്നത് ലോകത്തൊരിടത്തും നടക്കാത്ത കാര്യമാണ്. അതിന്റെ പേരില്‍ തര്‍ക്കിച്ചിട്ടു കാര്യമില്ല. സമരമുറകള്‍ ഇനിയും മാറേണ്ടിയിരിക്കുന്നു.

കേരളത്തിലെ ന്യൂനപക്ഷം (ഇന്ത്യയിലെയും) നേരിടാന്‍ പോകുന്ന പ്രതിസന്ധികള്‍ എന്തൊക്കെയാണ്?
വലിയപ്രതിസന്ധികള്‍നേരിടാന്‍ പോകുന്നത് ഇവിടുത്തെ ഇടതുപക്ഷം തന്നെയാണ്. അതിനു കാരണം വര്‍ഗീയസ്പര്‍ദ്ധയും വര്‍ഗീയരാഷ്ട്രീയവുമാണ്. നമ്മുടേത് ഒരു സെക്കുലര്‍ രാജ്യമാണ്. വര്‍ഗീയതയുടെ പ്രതിഫലനം ഈ കൊച്ചുകേരളത്തിലും വരുന്നു. തീവ്രവാദസംഘടനകളുടെ രൂപീകരണം ധ്രുതഗതിയില്‍ നടക്കുന്നു ഹിന്ദു തീവ്രവാദവും മുസ്ലീം തീവ്രവാദവും മുറുകിവരുന്നു. വാക്കുകളില്‍ സുഗന്ധം പുരട്ടി പ്രവര്‍ത്തനത്തില്‍ വിഷം കലര്‍ത്തുന്ന സമീപനമാണ് ഈ തീവ്രവാദസംഘങ്ങള്‍ ചെയ്യുന്നത്. അതിനുള്ള താവളങ്ങളാണ് സ്‌കുളുകളും കോളേജുകളും. സ്‌കൂളുകളിലും കോളേജുകളിലും വരുന്ന ചെറുപ്പക്കാരെ തീവ്രവാദ വീക്ഷണത്തിലേക്ക് നയിക്കുന്നു. അതിനു അനുകൂലമായ സാഹചര്യങ്ങള്‍- കഞ്ചാവ്,മയക്കുമരുന്ന്,ചരസ്സ് അസത്മാര്‍ഗിക സാഹചര്യങ്ങള്‍. ഇത്തരം ഒരു സ്ഥിതി കേരളത്തില്‍ സംജാതമാകുകയാണ്. കോളേജുകളിലൂടെയാണ് നാട്ടിലെ നല്ല പൗരന്‍മാര്‍ വന്നിരുന്നത്. സാഹിത്യ-കലാ-രാഷ്ട്രീയ നേതൃത്വങ്ങള്‍ അങ്ങനെയാണുണ്ടായത്. 18 വയസ്സ് വോട്ടവകാശം ഉള്ള ഈ നാട്ടില്‍ കോളേജ് രാഷ്ട്രീയം വേണ്ടായെന്ന് പറയുന്നത് തെറ്റാണ്. എഴുതിയാല്‍ മതം ഇടപെടുന്നു. ഇതെല്ലാം കേരളത്തില്‍ ഇതിനുമുമ്പ് അന്യമായിരുന്നു. അതെല്ലാം ഇപ്പോള്‍ വരുന്നു, കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി മത-സംഘടനകളുടെ ഇടപെടലാണ്. അടുത്ത ഇലക്ഷനില്‍ അതു ബാധിക്കും എന്ന് മതനിരപേക്ഷ കക്ഷികള്‍ മനസ്സിലാക്കണം.

ഇതു പുതിയ രാഷ്ട്രീയ അരാജകത്വമാണോ?
ഈ വര്‍ഗീയതീവ്രവാദ പ്രസ്ഥാനങ്ങള്‍ ചേര്‍ന്നു വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ചാല്‍ ജനാധിപത്യത്തിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെടും. അരാജകത്വം ഉണ്ടാകും. ദൈവത്തിന്റെ സ്വന്തംനാട് സോപ്പു കുമിളപോലെ മാറും. പഴയകാലത്ത് കേരളത്തെ ദൈവത്തിന്റെ സ്വന്തംനാടാക്കാന്‍ നടത്തിയ പ്രയത്‌നങ്ങള്‍ക്ക് പുതിയരൂപം ആരംഭിക്കേണ്ടതുണ്ട്. ഇവിടുത്തെ മതസംഘടനകള്‍ ചെറുപ്പക്കാരെ തട്ടിക്കൊണ്ടുപോകും. ജാതിയില്ലാതെ പ്രവര്‍ത്തിക്കാനുള്ള നവീനചിന്ത ഇവിടെ ആരംഭിക്കേണ്ടതുണ്ട്.

ഇതുവരെ നടക്കാതെപോയതോ ഇനി നടപ്പില്‍ വരണമെന്ന് ആഗ്രഹിക്കുന്നതോ ആയ വലിയസ്വപ്നം എന്താണ്?
പൊതുജീവിതത്തില്‍ എന്നെക്കൊണ്ട് കഴിയുന്ന കാര്യങ്ങള്‍ചെയ്യുക. ആ ചെയ്യുന്നതില്‍ മനുഷ്യര്‍ക്ക് പ്രയോജനം ചെയ്താല്‍ ജീവിതസാഫല്യമായി കാണുന്നു. ഒരു കളങ്കരഹിതനായ പൊതുപ്രവര്‍ത്തകനായി നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അര്‍ഹമായത് മാത്രമെ ഒരാള്‍ നേടാവുവെന്ന് അമ്മ പഠിപ്പിച്ചിട്ടുണ്ട്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്നനിലയില്‍ എന്തു സ്വീകരിച്ചൂകൂടായെന്നും വിവേചനം വേണമെന്നും എന്നെ പഠിപ്പിച്ചത് വെളിയം ഭാര്‍ഗവനാണ്. ഒരു വിദേശനിര്‍മ്മിത ഗോള്‍ഡന്‍വാച്ച് ഒരാള്‍സമ്മാനം തന്നത് ഒരിക്കല്‍കെട്ടി. ആശാന്‍ ആദ്യമായി അതു കണ്ടു. അപ്പോള്‍ സ്വര്‍ണ്ണത്തിന്റെ വാച്ചുകെട്ടിയാണോ പൊതുപരിപാടിക്കിറങ്ങുന്നത് എന്ന്‌ചോദിച്ചു. ആര്‍ഭാടത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം. അതൊരു വലിയ അനുഭവമായി കൊണ്ടുനടക്കും. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ കളങ്കമില്ലാതെ ജീവിക്കാനും പാവപ്പെട്ടവരെ കഴിവിനനുസരിച്ച് സഹായിക്കാനും കഴിഞ്ഞാല്‍ ലഭിക്കുന്ന സന്തോഷങ്ങള്‍ തന്നെയാണ് എന്റെ സ്വപ്നവും. .