കൂട്ടായ്മകളിലെ കുടിലതന്ത്രങ്ങള്‍

1380
0

നമ്മുടെ മനസ്സ് നമ്മെത്തന്നെ കബിളിപ്പിക്കുന്നത് നാം മനസിലാക്കാതെ പോകുന്ന എത്രയെത്രഅവസരങ്ങള്‍ക്കാണ് നാം കൂട്ടുനില്ക്കുന്നത്. നമ്മുടെവര്‍ഗ്ഗം നമ്മുടെവിഭാഗം എന്നീ രീതിയില്‍ സങ്കുചിതമായ ചിന്തകളെ നമ്മുടെ മനസ്സിലേക്കു കയറ്റി കൂടെനിന്നവരെ ശത്രുതാമനോഭാവത്തോടെ വീക്ഷിക്കുവാനുള്ള അസുത്രിതമായ പ്രേരണ നമ്മില്‍ പലസംഘടനകളും പ്രസ്ഥാനങ്ങളും അടിച്ചേല്‍പ്പിക്കും. വരാന്‍പോകുന്ന അപകടത്തെകുറിച്ച് ഭീകരമായ ആശങ്ക മനസ്സില്‍ കുത്തിനിറയ്ക്കപ്പെടുന്നതോടെ നാം സംഘടനകളോടൊപ്പം ശക്തമായി നില്ക്കാന്‍ പ്രേരിതരാകുന്നു. ഇങ്ങനെയാണ് പലസംഘടനകളും നിലനില്‍ക്കുന്നതുതന്നെ.
കുത്തും വെട്ടും കൊലവിളികളുമായി ജീവിതത്തെ ഒരിക്കലും തീരാത്തപോരാട്ടമാക്കി മാറ്റുന്ന നമ്മള്‍ മനസ്സില്‍ അഴുക്കുപിടിക്കുന്ന കാര്യം അറിയാതെപോകുന്നു. ഇവര്‍ നമ്മളെ ആഴത്തില്‍ കബളിപ്പിക്കുകയാണെന്ന് തിരിച്ചറിയാതെ പോകുന്നു. പ്രായോഗികമായ ലക്ഷ്യങ്ങളും മാര്‍ഗ്ഗങ്ങളും സ്വയം അടച്ചുകഴിഞ്ഞാണ് ഇവര്‍ നമ്മളെ തടങ്കലിലാക്കുന്നത്. ജീവിതത്തില്‍ നേരിടേണ്ടിവരുന്ന വിഘ്ന്നങ്ങളെ പര്‍വതീകരിച്ച് വ്യവസ്തിതിക്കെതിരെ തിരിയാന്‍ നിര്‍ബന്ധിതരാകുന്നതോടെ തെറ്റില്‍നിന്നും തെറ്റിലേക്കുതന്നെ നാം പോകേണ്ടിവരുന്നു. സംതൃപ്തമല്ലാത്ത മനസ്സുകള്‍ നിത്യേന പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുമ്പോള്‍ ഒപ്പം ജീവിക്കുന്നവരുടെ വിജയങ്ങളിലും മുന്നേറ്റങ്ങളിലും അസൂയപ്പെട്ട് ചെറിയന്യായീകരണങ്ങള്‍ കണ്ടെത്തി അക്കൂട്ടരെ എതിര്‍ക്കാന്‍ നാം ശീലിക്കുന്നു. നമ്മുടെ ഈ മനസ്ഥിതിയെ സംഘടനകള്‍ ചൂഷണം ചെയ്ത് നമ്മെ ഒപ്പംനിര്‍ത്തുന്നു.
എന്നിട്ടും നാം പ്രതീക്ഷിക്കുന്ന രീതിയില്‍, അല്ലങ്കില്‍ വാഗ്ദാനം കിട്ടിയപ്രതീക്ഷകള്‍പോലെ ജീവിതം മുന്നോട്ടുപോകുന്നില്ല എന്നു കാണുമ്പോള്‍ എത്തിപ്പെടുന്ന അവസ്ഥയാണ് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. മറ്റുള്ളവര്‍ചെയ്യുന്ന ചെറിയ കുറ്റങ്ങള്‍ക്ക് കണ്ടുപിടിച്ച് ജീവിതത്തില്‍ പരാജയമേറ്റുവാങ്ങിയവരുടെ കഥകള്‍പഠിച്ച് ആശ്വാസം കണ്ടെത്തി സകലതിനെയും എതിര്‍ക്കുന്ന ഒരവസ്ഥയില്‍ നാം എത്തിച്ചേരും.
പിന്നീടാണ് നാം പ്രശ്‌നക്കാരനാകുന്നത്. മറ്റുള്ളവരുടെ കുറ്റങ്ങളെ പെരുപ്പിച്ചുകാട്ടി സമൂഹത്തില്‍ ഉയരാന്‍ ശ്രമിക്കും. സകലതിനെയും നിഷേധിക്കുന്ന ഈ അവസ്ഥയില്‍ മറ്റൊരാളെ ഒരു കാരണവശാലും ഒന്നഭിനന്ദിക്കാന്‍പോലും നമുക്കുകഴിയാതെ വരുന്നു. പരിഭവംപറച്ചിലിലും കുറ്റപ്പെടുത്തലുകളിലും നാം ആശ്വാസം കണ്ടെത്തും. ചിന്താദാരിദ്യം മൂലം മനസ്സുമുഴുവന്‍ അസംതൃപ്തമാകുന്നു. ഒന്നും ഒരിക്കലും തികയാത്ത അവസ്ഥ. പത്തുകിട്ടുന്നവനെ നാം പ്രതിയോഗിയായിക്കാണുമ്പോള്‍ നുറും ആയിരവും നേടാനാണ് ഓടിക്കിതയ്ക്കുന്നത്. അതോടെ പ്രലോഭനങ്ങള്‍ക്കടിമപ്പെട്ട് ഉറക്കംനഷ്ടപ്പെട്ട് കോടീശ്വരന്മാരോടുമത്സരിക്കാനിറങ്ങുന്നു. നാണംകെട്ടാലു പണം നേടണമെന്ന ആര്‍ത്തി മാത്രമെ നമ്മുടെ മനസ്സില്‍ ഉണര്‍ന്നിരക്കുകയുള്ളു. അഴിമതിയും അക്രമവും കൊള്ളയും കൊലപാതകവും ഒന്നും അധാര്‍മികമല്ലെന്ന ചിന്ത മനസ്സില്‍രൂപപ്പെടുന്നു. ഭാവിയെക്കുറിച്ചുള്ള അനാവശ്യ ആകുലതകളാണ്/ ഭീതിയാണ് നമ്മെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നത്. നഷ്ടമാക്കിയ ജീവിതത്തെകുറിച്ച്, ചിന്തിക്കുന്നത് ഓടിത്തളര്‍ന്നശേഷമായിരിക്കും.