ദൃക്‌സാക്ഷി

269
0

             മോഹൻകുമാർ S. കുഴിത്തുറ


             എന്റെ അച്ഛൻ, പ്രീയപ്പെട്ട അച്ഛൻ യാത്രയായിരിക്കുന്നു. കഴിഞ്ഞ അഞ്ചുദിവസമായി ഞാൻ കൂടെത്തന്നെ ഉണ്ടായിരുന്നു. വരാൻ പോകുന്ന മരണത്തെക്കുറിച്ച്  അച്ഛന് ബോധമുണ്ടായിരുന്നിരിക്കാം. അതാണ് എത്രയും പെട്ടെന്ന് എത്തുവാൻ എന്നെ വിളിച്ചു പറഞ്ഞത്. ഭാര്യയെയും മോനെയും കൂട്ടാതെ മുംബയിൽ നിന്ന് ടിക്കറ്റ് ഒപ്പിച്ചു വീട്ടിലെത്താൻ  രണ്ടുദിവസം ആയി. അറുപതു പോലും തികയാത്ത അച്ഛൻ. എഴുതി വച്ചിരുന്ന പ്രകാരം കണ്ണുകൾ നേത്രബാങ്കും  മുഴുവൻ ശരീരം മെഡിക്കൽകോളേജുകാരും കൊണ്ടുപോയി.                                            ഞാൻ വീട്ടിൽ വന്നു കയറുമ്പോൾ അമ്മ വരാന്തയിൽ ഉണ്ടായിരുന്നു. അമ്മ അതിശയത്തോടെ എന്റെ മുഖത്തേക്ക് നോക്കി.”അച്ഛന് എന്തുപറ്റി?” ഞാൻ വേറെ എന്തെങ്കിലും ചോദിക്കുന്നതിനുമുൻപ് അമ്മ പറഞ്ഞു, “വിശേഷിച്ചൊന്നും ഇല്ല. എങ്കിലും കുറച്ചു ദിവസമായി വലിയ ആലോചനയിൽ ആണ്. തന്നെത്താനെ എന്തോ ഒക്കെ  ആരോടോ സംസാരിക്കുന്നു.”  കണ്ണുതുറന്നു സ്വപ്നം കാണുന്ന പോലെ അച്ഛൻ. വളരെ ക്ഷീണിച്ചിരുന്നു. ഞാനൊന്ന് തൊട്ടപ്പോൾ പെട്ടെന്ന് ഉണർന്ന ആ മുഖത്തു സംതൃപ്തിയുടെ ഒരു സന്തോഷം മിന്നി. എന്നെ അടുത്ത് പിടിച്ചിരുത്തി. അച്ഛന്റെ നീളമുള്ള വിരലുകളിൽ പിടിച്ചു മുഖത്തേക്ക് നോക്കി നടക്കുന്ന ഒരു ബാലനായി ഞാൻ.”അച്ഛന് എന്തെങ്കിലും അസുഖം തോന്നുന്നോ? ഞാൻ ഡോക്ടറെ വിളിക്കട്ടെ?” ചോദ്യം തീരുന്നതിനു മുമ്പ് അച്ഛൻ പറഞ്ഞു, “എന്റെ അസുഖം ഒരു ഡോക്ടർക്കും മാറ്റാൻ ആവില്ല. ” ആവില്ല… ആവില്ല…. എന്ന് ആവർത്തിച്ചുകൊണ്ടിരുന്നു.      മനസ്സിന്റെ ഒരു കോണിൽ ഒരു മുള്ളുതറ ച്ചത്  വേദന തന്നു. എന്നാണ് അച്ഛൻ അമ്മയിൽ നിന്നും അകന്നത്? രണ്ടു ധ്രുവങ്ങളിൽ അവർ ആയപ്പോൾ ഒറ്റപ്പെട്ടത് ഞാനും എന്റെ കൗമാരവും ആയിരുന്നു. കുറ്റബോധം തോന്നി. ഞാനല്ലേ അച്ഛനിൽ നിന്നും പതിയെ പതിയെ പിന്തിരിഞ്ഞത്?  അച്ഛൻ എന്റെ വിരൽത്തുമ്പിൽ പിടിച്ചു. “നീ എന്താണ് ആലോചിക്കുന്നത്?”  ഞാൻ അച്ഛനെ നോക്കിയിരുന്നു. പിന്നെ പുറത്തിറങ്ങി. ഫ്രഷ് ആയി വന്നപ്പോൾ അമ്മ ചായക്കൊപ്പം ഒരു കടലാസ് പൊതി എന്നെ ഏൽപ്പിച്ചു. ഞാൻ കണ്ണു മിഴിച്ചു. “നിനക്ക് തരാൻ അച്ഛൻ ഏൽപ്പിച്ചതാണ് ” അമ്മ പറഞ്ഞു.  ആ പൊതിയുമായി ഞാൻ അച്ഛന്റെ മുറിയിൽ പോയി. അസ്‌തമിക്കാറായ സൂര്യനെ നോക്കി അച്ഛനിരിക്കുന്നു. സൂര്യരശ്മികൾ  അച്ഛന്റെ തലമുടിയെ പ്രകാശപൂരിത മാക്കുന്നു. നരച്ച താടി രോമങ്ങൾ നിറഞ്ഞ ആ മുഖം കണ്ടപ്പോൾ, പണ്ടത്തെ സുന്ദരനും സുമുഖനുമായ അച്ഛനെ ഞാൻ ഓർത്തു. ഡൽഹിയിൽ നിന്ന് കൊണ്ടു വരുന്ന ഷൂസും ഡ്രെസ്സും ഒക്കെ ഇട്ടു ആ കൈ പിടിച്ചു നടന്ന കുട്ടിയായി ഞാൻ മാറി. കൈയിലെ പൊതിയിൽ നോക്കി അച്ഛൻ ചോദിച്ചു, “നീ ഇതു നോക്കിയോ?””ഇല്ല. നോക്കാം ” അച്ഛൻ മൂകനായി. കുറെ നേരം പുറത്തുനോക്കിയിരുന്നു. പിന്നെ പറഞ്ഞു. ” എനിക്ക് ഡയറി എഴുതുന്ന പതിവുണ്ടായിരുന്നു. പിന്നെ എപ്പോഴോ നിറുത്തി. ആ കുറിപ്പുകളും എനിക്കു കിട്ടിയ കുറെ കത്തുകളും ആണ് ഇതിൽ. ആ കത്തുകൾ നശിപ്പിക്കാൻ എനിക്കു തോന്നിയില്ല. അവ നശിപ്പിക്കുക എന്നാൽ അതെഴുതിയ ആളിനെ തന്നെ നശിപ്പിക്കുക, അല്ലെങ്കിൽ അവരുടെ ഓർമ്മ എന്റെ മനസ്സിൽ നിന്ന് പറിച്ചു കളയുക എന്നാണ്. എനിക്കതിനാവില്ല. അവ എന്നോടൊപ്പം നിർജീവമാകട്ടെ. എങ്ങനെ നിന്നോട് പറയാൻ എന്നറിയില്ല. ഭയം എപ്പോഴും രഹസ്യം സൂക്ഷിക്കുന്നവർക്കാണല്ലോ. എനിക്കൊരു രഹസ്യവും ഇല്ലായിരുന്നു. തെറ്റാണെന്ന് എനിക്ക് ബോധ്യമുള്ള ഒന്നും ഞാൻ ഒരിക്കലും ചെയ്തീട്ടില്ല. അതിനുള്ള ദൃക്‌സാക്ഷികൾ ആണ് ഈ പൊതിക്കെട്ടിൽ ഉള്ളത് . മാറ്റാരെക്കാളും എന്നെ മനസ്സിലാക്കേണ്ടവർ പോലും…………. ” അച്ഛൻ വിങ്ങി പൊട്ടി.  എനിക്കൊന്നും പറയാനും ചോദിക്കാനും ഇല്ലായിരുന്നു. ആ ജീവിതത്തിന്റെ ഒരു വശം ഞാനറിയുകയായിരുന്നു. ഞാൻ അച്ഛനോട് ചേർന്നിരുന്നു. അച്ഛന്റെ നീളമുള്ള വിരലുകൾ എന്റെ മുടിയിലൂടെ ചലിച്ചു. തികച്ചും അജ്ഞാനമായ ഒരു ലോകമായിരുന്നു ആ ഡയറികളിൽ. സന്തോഷവും സങ്കടവും അത്ഭുതവും ദേഷ്യവും നിരാശയുമൊക്കെ അവിടെ സമ്മേളിച്ചിരുന്നു. പവിത്രമായ സ്നേഹത്തെ കുറിച്ചുള്ള വിചിത്രവും അതി വിശുദ്ധവും ആയ സങ്കൽപ്പങ്ങൾ.            ഡൽഹിയെ മുഴുവൻ അവിടെ വായിച്ചെടുക്കാം. ഓരോ സ്ഥലങ്ങളും കാഴ്ചകളും ഒപ്പിയെടുത്തിരുന്നു. കറോൽബാഗ്, കോണാട്ട് പ്ലേസ്, ചാന്തിനീചൗവ്ക്ക്, ഹ്യൂമയോൺ ടോമ്പ്, റെഡ് ഫോർട്ട്‌, രാജ്ഘട്ട്, ഇന്ദിരഗാന്ധി മ്യൂസിയം, ഇന്ത്യഗേറ്റ്, രാഷ്‌ട്രപതി ഭവൻ, പിന്നെ ആഗ്രാ ഫോർട്ടും പ്രണയ പ്രതീകമായ താജ്‌മഹലും, ഹൌസ്ഖാസ്, ലോഡി ഗാർഡൻസ്, ജെ.എൻ. യു. ഗംഗ ദംബ്ബാ, പറന്തവാലി ഗലി, കുത്താബ്മിനാർ, അതിനടുത്തുള്ള ഇരുമ്പ് തൂൺ, അമർ ജവാൻ ജ്യോതി, ലോഡി ടോംമ്പ്, പുരാതന കില, അലെ ദർവാസ, പാർലമെന്റ് ഹൌസ്, ചാർമിനാർ, ലോട്ടസ് ടെംബിൾ, ഡൽഹി ജൂമാ മസ്ജിത്, ലോട്ടസ് മഹൽ, ഫത്തേഫൂർ സിക്രി തുടങ്ങിയവയും, കേരള ഹൗസിന്റെ അടുത്തുള്ള ക്വാർട്ടേഴ്‌സും, കേരള ഹൗസിലെ ടെലിഫോൺ  ഓപ്പറേറ്റർ രാജേട്ടന്റെ ഭാര്യ സരോജം ചേച്ചിയുണ്ടാ ക്കുന്ന ചപ്പാത്തിയും സബ്ജിയും രാവിലെയും വൈകുന്നേരവും കഴിക്കുന്നതും, എല്ലാമെല്ലാം ഒരു സിനിമയിൽ എന്നവണ്ണം വിവരിച്ചിരിക്കുന്നു. അവിടെയെല്ലാം സന്ദർശിക്കുമ്പോൾ കൂടെയുണ്ടായിരുന്ന ലോകപ്രശക്ത എഴുത്തുകാരി സുനന്ദകൗൾ  എന്ന പഞ്ചാബി സ്ത്രീയെ കുറിച്ചും. വായിച്ചപ്പോൾ തന്നെ ഞാൻ ഒരു സാക്ഷിയാണോ എന്നു തോന്നിപ്പോയി . പിന്നെ അച്ഛന്റെ വിവാഹം. അമ്മയുടെ സാമ്പത്തിക ചുറ്റുപാടുകൾ. അച്ഛന്റെ സ്ഥലം മാറ്റം ഒക്കെ. എന്റെ ജനനവും വളർച്ചയുടെ ഓരോ ഘട്ടവും വ്യക്തമായി രേഖപ്പെടുത്തി കാണുന്നു. എന്നോടുള്ള സ്നേഹം അവിടെയാണ് ഞാൻ കണ്ടത്. അച്ഛനെഴുതിയിരിക്കുന്നു. ” എന്റെ മോന് ഏഴു വയസുള്ളപ്പോൾ, ഇത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. ഞാൻ അറിയാതെ എന്റെ മേശ കുത്തി തുറന്ന് എന്റെ പേപ്പറുകൾ  എടുക്കുക. എനിക്കതു ഊഹിക്കാനെ കഴിയുന്നില്ല. ഞാൻ സ്നേഹിക്കുകയും അങ്ങേയറ്റം വിശ്വസിക്കുകയും ചെയ്ത എന്റെ പ്രീയ ഭാര്യ. അവൾ എന്തിനിത് ചെയ്തു? എന്നോട് ചോദിച്ചാൽ ഞാൻ എടുത്തു കൊടുക്കുമായിരുന്നല്ലോ. ആരാണ് ഈ കത്തെഴുതുന്നതെന്നും അവരുമായി എനിക്കുള്ള ബന്ധം എന്തെന്നും ഞാൻ വ്യക്തമായി പറഞ്ഞു കൊടുക്കുമായിരുന്നല്ലോ. പക്ഷെ, അതിനുപകരം…. ഇല്ല. എനിക്ക് ഇതൊരിക്കലും സഹിക്കാൻ കഴിയില്ല……… എനിക്കു തോന്നി. അവിടെ തുടങ്ങിയതാണ് അവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ. കുറച്ചു നാളത്തെ ഇടവേളക്കുശേഷം എഴുതിയിരിക്കുന്നു. ” എന്റെ കത്തുകൾ മടക്കി തരാൻ ഞാൻ ആവശ്യപ്പെട്ടു. അവൾ നീരസത്തോടെ എന്നെ നോക്കി ” ഏതു കത്ത് ” എന്ന് പുച്ഛത്തോടെ ചോദിച്ചു. ഞാൻ ഞെട്ടിപോയ നിമിഷം ആയിരുന്നു അത്. പിന്നെ എന്നോ എപ്പോഴോ അവ എന്റെ മേശപ്പുറത്തു ചിതറി കിടന്നു.  എന്തിനാണ് ഇങ്ങനെ ചെയ്തത്? ഇത്തരം ഒരു പെരുമാറ്റം ഒരിക്കലും ഞാൻ പ്രതീക്ഷിച്ചതല്ല. വീണ്ടും ദിവസങ്ങൾ കഴിഞ്ഞ് എഴുതിയിരിക്കുന്നു. “ഈ ബന്ധം ശിഥിലമാകുന്നു. ഇനി ഒരിക്കലും ഇത് കൂട്ടി ചേർക്കാൻ ആവില്ല എന്നതോർക്കുമ്പോൾ വിഷമം തോന്നുന്നു. അവളുടെ പെരുമാറ്റങ്ങൾ കണ്ടു ഞാൻ എന്നോടുതന്നെ ചോദിച്ചു പോകുന്നു, ഇവൾ എന്റെ ആരാ എന്ന്. എനിക്ക് ദുഃഖം തോന്നുന്നു. എന്തുപറഞ്ഞു ഞാൻ അവളെ വിശ്വസിപ്പിക്കേണ്ടത്. ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള സ്നേഹത്തിന്റെ വ്യാപ്ത്തിയെ കുറിച്ച്, അതും സമാനചിന്തകളിൽ വ്യാപരിക്കുന്നവരെ, സാഹിത്യ പ്രവർത്തകരെ കുറിച്ച്. ഞാൻ അതിനൊന്നിനും തുനിയുന്നില്ല. എന്തു വേണമെങ്കിലും ഊഹിച്ചു കൊള്ളട്ടെ. ഞാൻ വീണ്ടും പറയുന്നു. ഞങ്ങൾ ഭാര്യാഭർത്താക്കൻമാരോ, കാമുകീകാമുകൻമാരോ ആയിരുന്നില്ല. സുനന്ദകൗൾ  എന്റെ ഗുരുവും ഞാൻ അവർക്കൊരു ശിഷ്യനും ആയിരുന്നു. പരസ്പരം വളരെയധികം സ്നേഹം ആയിരുന്നു. അവർ എഴുതുന്ന കത്തുകൾ വായിച്ചാൽ അതു മനസ്സിലാകും. ഇനിയൊരു കാമുകഭാവം എന്റെ മനസ്സിലെവിടെയെങ്കിലും ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ എനിക്കതിനു ഉത്തരം പറയാൻ കഴിയില്ല. വീണ്ടും എഴുതി ” എനിക്ക് കരച്ചിൽ വരുന്നു. എന്തു പ്രയാസപ്പെട്ടാണ് ഞാൻ ട്രാൻസ്ഫർ ശരിയാക്കിയത്. ഇനി ഒരിക്കലും ഡൽഹിയിലോട്ടില്ല.എനിക്കു പിടിച്ചു നിൽക്കാൻ ആവുമോ ” എന്ന ചോദ്യത്തോടെ അച്ഛന്റെ ഡയറി അവസാനിച്ചിരിക്കുന്നു. ഞാൻ കത്തുകൾ ഓരോന്നായി തുറന്നു. നിറയെ കവിതകളും സാഹിത്യവും പിന്നെ തനിയെ സഞ്ചരിക്കുന്ന ഒരു സഞ്ചാരിയുടെ കുറിപ്പുകളും. അവയ്ക്കിടയിലൂടെ സ്നേഹത്തിന്റെ അതിലോ ലവും അതിശക്തവുമായ പൊൻനൂലുകൾ പോലുള്ള പല്ലവികൾ. എന്തൊരു സംശുക്തവും സരളവുമായ ബന്ധം. ഞാൻ അതിശയിച്ചു പോയി. അച്ഛന്റെ  പരിശുദ്ധിക്കുള്ള ദൃക്‌സാക്ഷികളാണ് എന്റെ കയ്യിലിരുന്നു വിറക്കുന്നത് . ഞാനുണർന്നപ്പോൾ സൂര്യൻ എന്റെ പുറത്തുണ്ടായിരുന്നു. അച്ഛൻ കട്ടിലിൽ എന്റെ മുഖത്തു നോക്കിയിരിക്കുന്നു. പതിയെ എണീറ്റ് എന്റെ അടുക്കൽ വന്നു. ആ കാലുകൾ തളരുന്നത് ഞാൻ അറിഞ്ഞു.  ഞാൻ പിടിച്ചു എന്റെ പുറത്തു ചാരി ഇരുത്തി.   തോളിൽ തല ചായ്ച്ച അച്ഛൻ പിന്നെ ഉണർന്നില്ല.*         രാവിലെ വന്ന ആളുകളൊക്കെ തിരികെ പോയിരിക്കുന്നു. വൈകുന്നേരം തൊടിയുടെ അറ്റത്തുനിന്ന് സൂര്യനെ നോക്കുമ്പോൾ ചുവന്നു തുടുത്തിരിക്കുന്നു. അമ്മ എന്റെ അടുത്തു വന്നു.  കുറച്ചു നേരം ഒന്നും മിണ്ടിയില്ല. പിന്നെ മനസ്സിലെ ഭാരം ഇറക്കിവയ്ക്കുന്ന പോലെ പറഞ്ഞു. “ഒരുമാസത്തിനു മുമ്പാണ് അവർ മരിച്ചത്. അതിനുശേഷമാണ് ഇത്രയും ക്ഷീണിച്ചത്. ടി വി യിൽ വാർത്ത ഉണ്ടായിരുന്നു പത്രത്തിലും. ഒരു പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്നിരിക്കാം ” എനിക്കൊന്നും പറയാൻ തോന്നിയില്ല. ഇരുട്ട് കറുക്കാൻ തുടങ്ങിയപ്പോൾ  വീട്ടിനുള്ളിൽ കയറി. അപ്പോഴും അമ്മ എന്തോ ഒക്കെപുലമ്പുന്നുണ്ടായിരുന്നു. അമ്മ തുടർന്നു, “ഓ. കവിതയും സാഹിത്യവും ഒന്നും ഒരിക്കലും എന്റെ വിഷയമായിരുന്നില്ല. അതുകൊണ്ട് എനിക്ക്  ഒന്നും ഒന്നും മനസ്സിലാകില്ല ”        ഞാനൊന്നും പ്രതികരിച്ചില്ല. പാവമായി നടന്ന ഒരു ഏകാന്തപഥികൻ   ആയിരുന്നു എന്റെ ആലോചനയിൽ.  ആ എഴുത്തുകളിലെയും  ഡയറിയിലെയും വരികൾ എന്റെ സ്‌മൃതിയിൽ മിന്നി മറഞ്ഞു കൊണ്ടിരുന്നു .