ആത്മബലി

426
0

സാറാ

അസ്തമയ സൂര്യനെ എനിക്ക് ഭയമാണ്…

സായംസന്ധ്യയിൽ ചുവപ്പ് ചായം
അഴിഞ്ഞു തുടങ്ങി…
പക്ഷികൾ കളകള ശബ്ദത്തോടെ
കൂടണയുന്നു…
തമസ്സ് പിച്ചവെച്ച് കടന്ന് വരുന്നു…
ചിന്തകൾക്ക് കനം കൂടി നൊമ്പരങ്ങൾ
മുടന്തൻ കാലിനാൽ ഇഴഞ്ഞിഴഞ്ഞു…
തുരുമ്പിച്ച വാളിനാൽ നെഞ്ചകം
കീറിമുറിക്കുന്നു…
എങ്ങും നിശബ്ദ ശോകം മാത്രം…
ഈയിടെയായി ഇതൊരു പതിവായ്
മാറിയിരിക്കുന്നു…
വായിച്ച് മടുത്ത ജീവിത കഥയിലെ
യക്ഷിക്കൂട്ടങ്ങൾ ദുഃസ്വപ്നമായ്
കടന്ന് വരുമെന്നുള്ള ഭയം
കൺപീലികളെ പിണക്കത്തിലാക്കും…

മനുഷ്യത്വമില്ലായ്മയുടെയും അഹന്തയുടെയും
അസഹിഷ്ണുതയുടെയും സാമ്രാജ്യം
അടക്കിഭരിച്ച് അവിടുത്തെ ചക്രവർത്തിയായ്
വാഴുമ്പോൾ ആയുധം തറയിൽ വീഴ്‌ത്തിയിട്ട
പടയാളിയായ് ഞാനും…
നഷ്ടപ്പെട്ട യൗവ്വനത്തിന്റെ നിധികൾ
എവിടെപോയി തിരയണമെന്നറിയാതെ….
നേരിന്റെ ഇലകൊഴിഞ്ഞ ഒറ്റമരത്തിൽ
അവശേഷിക്കുന്നത് കരുണവറ്റിയ
ഉണക്കക്കമ്പുകൾ മാത്രം…
അനുഭവങ്ങളുടെ വറ്റ്‌ ഉണങ്ങിയ
കലത്തിൽ നൊമ്പരങ്ങൾ
തിളച്ച് മറിയുന്നു…
ഇതൊരു തൊട്ടാവാടിയുടെ കഥ…
അതെ…തൊടുമ്പോൾ വാടാനായ്…
അല്പനേരത്തെ പരിഭവത്തിന് ശേഷം
മറ്റൊരു സ്പർശത്താൽ തലകുമ്പിടാൻ
മാത്രം വിധിക്കപ്പെട്ട പെണ്മനസ്സ്…

ഇനിയൊരു പടിയിറക്കം വേണമെന്ന്
ആശിച്ചാലും മുൻപെന്നോ കത്തിച്ചുവെച്ച
എഴുതിരി വിളക്കിന്റെ ക്ലാവുകൾ
തേച്ച് മിനുക്കി ആ തിളക്കം ഉള്ളാൽ
ആസ്വദിക്കാൻ മാത്രമറിയുന്ന
പാഴ് ജന്മമെന്ന് പലനാളും ഓർമ്മപ്പെടുത്തുന്ന വിധിയുടെ മറ്റൊരു രൂപം…
നിറവസന്തം ഉള്ളിലൊളിപ്പിച്ച്
പെയ്തൊഴിയാത്ത മഴയുടെ കനവും പേറി
മേഘങ്ങൾ ആകാശത്തിലൂടെ
ശരീരം വിട്ടൊഴിഞ്ഞ ആത്മാവെന്നപോൽ
അലയുന്നു…

വൈകിയെത്തിയ തീർത്ഥാടകനായ്
ഒരു മൂവന്തിയിൽ നീ കടന്ന് വന്നതും
കാൽച്ചുവട്ടിൽ ദേവാലയം തീർത്തതും
എന്തിനായിരുന്നു..??
പ്രാർത്ഥനയുടെ മണിമുഴക്കങ്ങൾ
കാതുകളെ പ്രകമ്പനം കൊള്ളിക്കുന്നു…
എന്നാണ് നീ അവിടുത്തെ പൂജാരിയായി
മാറിയത്..??
നീ നടത്തുന്ന ഹോമത്തിൽ വെന്തുരുകുവാൻ
വേണ്ടിയായിരുന്നോ ഞാനെന്റെ വേദനകളുടെ
ഭാണ്ഡങ്ങൾ നിറച്ച് വെച്ചത്..??
മനസ്സിന്റെ മൂടുപടം തീ നാളങ്ങൾ
വിഴുങ്ങുമ്പോൾ കാലത്തിന്റെ കറുപ്പഴകിൽ
ഒളിപ്പിച്ച് വെച്ച മുഖം അന്തിവാനിന്റെ
ചുവപ്പ് പോലെ തുടുത്തിരിക്കും…
ഇവിടെ ആത്മബലി സംഭവിക്കും…

നാളത്തെ പുലരിയിൽ നീ സൂര്യതേജസ്സോടെ
ഉദിച്ച് വരുമ്പോൾ ആ രശ്മികളാൽ കരിഞ്ഞു
പോകുമോ ഈ ജന്മം..??