വിയറ്റ്നാമുമായി വ്യവസായ – വാണിജ്യ സഹകരണം ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

120
0

വിയറ്റ്നാമും കേരളവുമായുള്ള വ്യവസായ – വാണിജ്യ സഹകരണം ശക്തിപ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷി, മത്സ്യ വ്യവസായ മേഖലകളിൽ വിപുല സാധ്യതകൾ തുറക്കുന്നതാകും ഈ സഹകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിയറ്റ്നാം – കേരളം സഹകരണം സംബന്ധിച്ചു തിരുവനന്തപുരത്തു സംഘടിപ്പിച്ച ശിൽപ്പശാലയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക രംഗത്തും മത്സ്യബന്ധന, സംസ്‌കരണ രംഗത്തും വിയറ്റ്നാമുമായി ഏറെ സാമ്യത പുലർത്തുന്ന സംസ്ഥാനമാണു കേരളമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നെല്ല്, കുരുമുളക്, കാപ്പി, റബർ, കശുവണ്ടി തുടങ്ങിയ മേഖലകളിൽ മികച്ച രീതികളും ഉത്പാദനക്ഷമതയും വിയറ്റ്നാം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സമുദ്രോത്പന്ന സംസ്‌കരണം, മൂല്യവർധന എന്നിവയിലും മികവു പുലർത്തുന്നുണ്ട്. ഈ നേട്ടം എങ്ങനെ കൈവരിച്ചുവെന്നതു സംബന്ധിച്ച വിനിമയം ഈ മേഖലകളിലെ ഭാവി വികസനത്തിൽ കേരളത്തിന് വലിയ മുതൽക്കൂട്ടാകും. ഇതിനൊപ്പം ഉന്നത വിദ്യാഭ്യാസം, പ്രൊഫഷണൽ പരിശീലനം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ വിയറ്റ്നാമിനു മികച്ച പിന്തുണ നൽകാൻ കേരളത്തിനും കഴിയും. ഡിജിറ്റൽ വിദ്യാഭ്യാസ മേഖലയിലും ഓൺലൈൻ പഠന രംഗത്തും സഹായം നൽകാനുമാകും. ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കേരളത്തിലേക്കു വിയറ്റ്നാമിൽനിന്നുള്ളവരെ മുഖ്യമന്ത്രി സ്വാഗതം ചെയ്യുകയും ചെയ്തു.
വിയറ്റ്നാമുമായി സഹോദര നഗര ബന്ധം വിപുലമാക്കാനുള്ള ആശയം ഏറെ പ്രയോജനകരമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദഗ്ധരുടെ സന്ദർശനങ്ങളിലൂടെയും വെബിനാറുകളിലൂടെയും ഈ ബന്ധം ശക്തിപ്പെടുത്തും. കൃഷി, മത്സ്യബന്ധന മേഖലകളിൽ സംയുക്ത വർക്കിങ് ഗ്രൂപ്പുകളുടെ രൂപീകരണം ഇരു പ്രദേശങ്ങളും തമ്മിലുള്ള സഹകരണത്തിനു പൊതുവേദിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാണിജ്യ – വ്യവസായ രംഗങ്ങളിൽ കേരളവുമായി വിപുലമായ സഹകരണം സാധ്യമാണെന്നു ശിൽപ്പശാലയിൽ പങ്കെടുത്ത വിയറ്റ്നാം അംബാസിഡർ ഫാം സാങ് ചൂ പറഞ്ഞു. വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങൽ കേരളത്തിന്റെ പാരമ്പര്യവും മുന്നേറ്റവും പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൃഷി, മത്സ്യമേഖല, വിവരസാങ്കേതികവിദ്യ, വ്യവസായം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾ സംബന്ധിച്ച വിപുലമായ ചർച്ച ശിൽപ്പശാലയിൽ നടന്നു. മന്ത്രിമാരായ പി. രാജീവ്, സജി ചെറിയാൻ, പി. പ്രസാദ്, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി(ഫോറിൻ അഫയേഴ്സ്) വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാം, വിയറ്റ്നാം സംഘാംഗങ്ങളായ പൊളിറ്റിക്കൽ കൗൺസിലർ ഗുയെൻ തി നഗോക് ഡൂങ്, കൗൺസിലർ ഗുയെൻ തി താൻസുവാൻ, ട്രേഡ് കൗൺസിലർ ബുയി ട്രങ് തുവാങ്, പ്രസ് അറ്റാഷെ സോൻ ഹോവാങ് മെഡൂങ്, സംസ്ഥാന സർക്കാരിലെ അഡിഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.