യുദ്ധം ഇവര്‍ക്ക് അനിവാര്യമാണ്

206
0

ബാലചന്ദ്രന്‍ അമ്പലപ്പാട്ട്‌


ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വര്‍ഷത്തില്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിന് കളമൊരുങ്ങുന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. വ്യക്തികളുടെ സമനില തെറ്റിയ മാനസികാവസ്ഥകളാണ് പലപ്പോഴും യുദ്ധങ്ങളിലും ലോകമഹായുദ്ധങ്ങളിലും എത്തിച്ചേര്‍ന്നിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മറ്റൊരു ലോകമഹായുദ്ധത്തിന്റെ കെടുതിയിലേക്ക് ലോകത്തെ നയിച്ച പലസന്ദര്‍ഭങ്ങളിലും സൗമ്യരായ ലോകരാഷ്ട്രനേതാക്കന്മാരുടെ ഇടപെടലുകള്‍ കൊണ്ടാണ് ഒഴിവാക്കപ്പെട്ടത്. എന്നാല്‍ ഇന്ന് ഭൂരിപക്ഷം രാജ്യങ്ങളും ആഭ്യന്തരവും ബാഹ്യവുമായ പ്രക്ഷോഭങ്ങളെ ചെറുത്തു നില്‍ക്കാനാവാതെ കഷ്ടപ്പെടുകയാണ്. ആര്‍ക്ക് ആരെയണ് നിയന്ത്രിക്കാനാവുന്നത്. പരസ്പരം ശക്തി തെളിയിക്കാനുമുള്ള അവസരങ്ങള്‍ക്കായി കാത്തുനില്‍ക്കുന്ന ലോകപോലീസുകാര്‍ അവസരങ്ങള്‍ മുതലെടുക്കുവാന്‍ തയ്യാറാകുന്ന പക്ഷം ഇനിയൊരു ലോകമഹായുദ്ധം അകലെയല്ല.
ഒരു വന്‍ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് വിമുക്തമാവും മുന്‍പാണ് മലേഷ്യന്‍ എയര്‍ലൈന്‍സ് വീണ്ടും അപകടത്തിനിരയായത്. മാര്‍ച്ച് എട്ടിന് 239 പേരുമായി ബെയ്ജിംഗിലേക്കു പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം പുലര്‍ച്ചയോടെ അപ്രത്യക്ഷമായിരുന്നു. ഇത് എവിടെയാണ് തകര്‍ന്നതെന്നോ അവശിഷ്ടങ്ങള്‍ എവിടെയാണെന്നോ ഇതുവരെ കണ്ടെത്താനായില്ല. കിഴക്കന്‍ ഉക്രെയിനു മുകളിലൂടെ പറക്കുമ്പോള്‍ തകര്‍ന്ന് 298 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ ആറ് എയിഡ്രോഗ ഗവേഷകരും പ്രതിരോധ പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്. രാജ്യാന്തര എയിഡ്‌സ് സൊസൈറ്റി മുന്‍ മേധാവിയും ഗവേഷകനുമായ ജോയെപ് ലാന്‍ജ്, ലോകാരോഗ്യ സംഘടനയുടെ വക്താവ് ഗ്ലെന്‍ തോമസ് എന്നിവരും ഉള്‍പ്പെട്ടിരുന്നു. എയിഡ്‌സ് പ്രതിരോധ രംഗത്ത് ഇതൊരു വന്‍തിരിച്ചടിയാണ്. ഗാസയിലെയും ഇറാഖിലെയും കൂട്ടക്കൊലകള്‍ക്കു പിന്നിലും ആരുടെയൊക്കെയോ യുദ്ധക്കൊതി ഉണര്‍ന്നുകിടക്കുന്നുവെന്നത് സ്പഷ്ടമാണ് .യുദ്ധക്കെടുതികള്‍ക്ക് ഇരയാകുന്നവരില്‍ ഭൂരിപക്ഷവും നിരപരാധികളാണ്.
ലോകരാഷ്ട്രങ്ങളെ സംഘര്‍ഷഭരിതരാക്കി നിര്‍ത്തുകയും കുമിഞ്ഞു കൂടുന്ന ആയുധശേഖരങ്ങള്‍ വിറ്റഴിക്കുകയും ചെയ്യേണ്ടത് വന്‍കിട രാജ്യങ്ങളുടെ ആവശ്യമാണ്. അമൂല്യമായ പെട്രോളിയം പോലുള്ള ഭൂസമ്പത്തുകള്‍ സ്വന്തമാക്കത്തപക്ഷം വെട്ടിപ്പിടിച്ചതൊന്നും നിലനിര്‍ത്തുവാനാവില്ലെന്നു ഭയക്കുന്ന ഇവര്‍ യുദ്ധങ്ങളിലൂടെ മരണപ്പെടുന്ന നിരപരാധികളായ മനുഷ്യരെ ഒരിക്കലും പരിഗണിക്കില്ല. യുദ്ധം അവര്‍ക്ക് അനിവാര്യമാണ്!