മാളികപ്പുറത്തെ സര്‍പ്പപാട്ട്

128
0

മാളികപ്പുറത്തെ സര്‍പ്പപാട്ട് വളരെ പ്രസിദ്ധമാണ്. പാരമ്പര്യമായി സര്‍പ്പപാട്ട് പാടുന്ന 16 പേരാണ് ശബരിമല ഉണ്ടായിരുന്നത്. നിലവില്‍ ആറു പേരാണ് സര്‍പ്പപാട്ട് പാടുന്നത്. മാളികപ്പുറത്ത് 18 വര്‍ഷമായി സര്‍പ്പപാട്ട് പാടി ഉപജീവനം കഴിക്കുകയാണ് ആലപ്പുഴ മുഹമ്മ സ്വദേശി പുഷ്‌ക്കരന്‍. കോവിഡ് കാലം ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കിയെങ്കിലും മാളികപ്പുറത്തമ്മയ്ക്ക് അരികില്‍ വന്ന് സര്‍പ്പപാട്ട് പാടുമ്പോള്‍ എല്ലാ പ്രയാസങ്ങളും മറക്കുന്നതായി പുഷ്‌ക്കരന്‍ പറയുന്നു. തൃശൂര്‍, പാലക്കാട് ഭാഗങ്ങളില്‍ നാഗൂര്‍ പാട്ട് എന്നാണ് സര്‍പ്പപാട്ട് അറിയപ്പെടുന്നത്.
നാട്ടിന്‍പുറങ്ങളിലെ വീടുകളിലും കാവുകളിലും ക്ഷേത്രങ്ങളിലുമൊക്കെ പാരമ്പര്യമായി സര്‍പ്പപാട്ട് നടത്തുന്നവരുണ്ട്. വീണയാണ് സര്‍പ്പപാട്ടിന് വാദ്യോപകരണമായി ഉപയോഗിക്കുന്നത്. കാശിരാമേശ്വരം, പാണ്ടിമലയാളം അടച്ചു വാണിരിക്കും ശബരിമല ശാസ്താവിന്റെ പള്ളിക്കെട്ടും കെട്ടി സത്യമായ പൊന്നു പതിനെട്ട് പടിയും ചവിട്ടി സ്വാമി ദര്‍ശനം കണ്ട് സ്വാമി തൃപ്പാദം കണ്ട് കൈവണങ്ങുന്നു. കന്നിമൂല ഗണപതി ഭഗവാനെയും വന്ദിച്ച് മാളികപ്പുറത്ത് വേണ്ട വഴിപാടുകളും ചെയ്ത് നാഗരാജന്‍ നാഗയക്ഷി സന്നിധിയില്‍ വന്ന് നാരദ ശ്രീ കൈലാസവീണ വായിച്ച് ദോഷങ്ങള്‍ തീര്‍ക്കുന്നു ദുരിതങ്ങള്‍ മാറ്റുന്നു. വെട്ടിക്കോട്ട് നാഗരാജനും മണ്ണാറശാലയില്‍ നാഗയക്ഷിയമ്മയും വീണ സ്വരം കേട്ട് പ്രസാദിക്കണം. നെല്ലും പൊന്നും പണവും എന്നും വര്‍ധന ഉണ്ടാകണം. ദീര്‍ഘായുസ് കല്‍പന ഉണ്ടാകണം. ഭഗവാന്റെ കടാക്ഷത്താല്‍ മാളികപ്പുറത്തമ്മയും മലനട ഭഗവതിയും നവഗ്രഹങ്ങളും കൊച്ചു കടുത്ത സ്വാമിയും വീണ സ്വരം കേട്ട് പ്രസാദിക്കണം. പാടിച്ച് സന്തതി സന്താനങ്ങള്‍ക്ക് സര്‍പ്പങ്ങളുടെ ദോഷങ്ങള്‍ തീര്‍ക്കണം ഇതാണ് സര്‍പ്പപാട്ടിന്റെ പ്രധാന ഐതിഹ്യം.