മാധ്യമ പ്രവർത്തകരെ ആക്രമിച്ചവരെ ജയിലിലടയ്ക്കണം: പ്രസ് ക്ലബ്

37
0

വിഴിഞ്ഞം തുറമുഖ നിർമ്മാണ വിരുദ്ധ സമിതിയുടെ സമരം റിപ്പോർട്ട്‌ ചെയ്തുകൊണ്ടിരുന്ന മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയും ക്യാമറകൾ തകർക്കുകയും ചെയ്ത കിരാത നടപടിയിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു.
വിഴിഞ്ഞം തുറമുഖത്തെ അനുകൂലിച്ചും എതിർത്തുമുള്ള സമരങ്ങൾ നടക്കുന്നുണ്ട്. ഇവയെല്ലാം സമഗ്രമായി റിപ്പോർട്ട് ചെയ്ത് ജനങ്ങളിലെത്തിക്കേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണ്. ഇന്നത്തെ തുറമുഖ വിരുദ്ധ സമരം റിപ്പോർട്ട്‌ ചെയ്ത മാധ്യമ പ്രവർത്തകർ സംഘർഷ ദൃശ്യങ്ങൾ ചിത്രീകരിക്കവെയാണ് സമരക്കാർ പ്രകോപിതരായത്.
ഇന്ന് മാധ്യമ പ്രവർത്തകർ ആക്രമിക്കപ്പെട്ടതിനു പിന്നിൽ ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഢതന്ത്രവും കാരണമായിട്ടുണ്ട്.

ഏഷ്യാനെറ്റ്‌, മീഡിയ വൺ ചാനലുകളുടെ ക്യാമറകൾ തകർക്കുകയും ഏഷ്യാനെറ്റ്‌, മീഡിയ വൺ, കൈരളി, ജനം, റിപ്പബ്ലിക് ടി വി ചാനലുകളുടെ റിപ്പോർട്ടർമാരെയും ക്യാമറമാന്മാരെയും കയ്യേറ്റം ചെയ്യുകയുമുണ്ടായി.

അക്രമികളെ ഒറ്റപ്പെടുത്തി ശക്തമായ നടപടി സ്വീകരിക്കാനും പരസ്യമായി മാപ്പ് പറയാനും വൈദിക സമൂഹവും സമര നേതൃത്വവും തയ്യാറാകണം. അക്രമികളുടെ പേരിൽ ക്രിമിനൽ കേസെടുത്ത് ശിക്ഷാ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയോടും ഡി ജി പി യോടും പ്രസ് ക്ലബ് പ്രസിഡന്റ്‌ എം. രാധാകൃഷ്ണനും സെക്രട്ടറി എച്ച്. ഹണിയും ആവശ്യപ്പെട്ടു.