ഡിജി എൻ‌സി‌സി മൊബൈൽ ട്രെയിനിങ് ആപ്പ് 2.0 പ്രതിരോധ സെക്രട്ടറി പുറത്തിറക്കി

502
0

ഡയറക്ടറേറ്റ് ജനറൽ നാഷണൽ കേഡറ്റ് കോർപ്സ് മൊബൈൽ ട്രെയിനിംഗ് ആപ്പിന്റെ രണ്ടാം പതിപ്പ് പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ ഇന്ന് (2021 മെയ് 28 ) ന്യൂഡൽഹിയിൽ പുറത്തിറക്കി.കോവിഡ് 19 മഹാമാരിക്കാലത്ത്, രാജ്യവ്യാപകമായി എൻ‌സി‌സി കേഡറ്റുകൾക്ക്, ഓൺലൈൻ പരിശീലനം നടത്താൻ ഈ ആപ്ലിക്കേഷൻ സഹായിക്കും.എൻ‌സിസിയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങളും മുഴുവൻ പരിശീലന സാമഗ്രികളും (സിലബസ്, പരിശീലന വീഡിയോകൾ, നിരന്തരം ചോദിക്കുന്ന ചോദ്യങ്ങൾ) ഒരു പ്ലാറ്റ്ഫോമിൽ നൽകുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച്, കേഡറ്റുകൾക്ക് ഓൺലൈൻ പരിശീലനത്തിൽ പങ്കെടുക്കാനും സർട്ടിഫിക്കറ്റ് പരീക്ഷകളിൽ ഹാജരാകാനും അധ്യയന വർഷം നഷ്ടപ്പെടുന്നത് തടയാനും കഴിയും.

എല്ലാ എൻ സി സി ഡയറക്ടറേറ്റുകളിലും വിവിധ തരത്തിലുള്ള സിമുലേറ്ററുകളുടെ എണ്ണം വർധിപ്പിക്കുന്നത് ഉൾപ്പെടെ ഡിജിറ്റൽ മാർഗങ്ങളിലൂടെ കേഡറ്റുകൾക്ക് പരിശീലനം നൽകാൻ പ്രതിരോധ മന്ത്രാലയം സ്വീകരിച്ച വിവിധ നടപടികൾ ചടങ്ങിൽ സംസാരിച്ച പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ എടുത്തുപറഞ്ഞു. എൻ‌സി‌സി കേഡറ്റുകൾക്ക് സാറ്റലൈറ്റ് ഇമേജറി, ജി‌ഐ‌എസ് അടിസ്ഥാനമാക്കിയുള്ള മാപ്പിംഗ് എന്നിവയെക്കുറിച്ച് ഉടൻ തന്നെ പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേഡറ്റുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് യൂണിഫോം അലവൻസുകൾ നേരിട്ട് കൈമാറുമെന്നും (DBT)ഡോ. അജയ് കുമാർ പറഞ്ഞു.

കേഡറ്റ് പരിശീലനത്തെ ഓൺ‌ലൈൻ വഴി നടത്തുന്നതിനുള്ള ഡിജി എൻ‌സി‌സി മൊബൈൽ ആപ്പിന്റെ ഒന്നാം പതിപ്പ് പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 2020 ഓഗസ്റ്റ് 27 ന് ഉദ്ഘാടനം ചെയ്തിരുന്നു.ആപ്ലിക്കേഷന്റെ പ്രവർത്തനത്തെക്കുറിച്ച് ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ കേഡറ്റുകൾക്ക് കൂടുതൽ ഉപയോഗപ്രദമാക്കുന്നതിനായാണ് പതിപ്പ് 2.0 ലേക്ക് ഈ ആപ്ലിക്കേഷൻ നവീകരിച്ചത് എന്ന് എൻസിസി ഡിജി പറഞ്ഞു .

ഡിജി എൻ‌സി‌സി മൊബൈൽ‌ പരിശീലന അപ്ലിക്കേഷൻ‌ പതിപ്പ് 2.0 രണ്ട് ഭാഷകളിൽ (ഹിന്ദി, ഇംഗ്ലീഷ്) ആയാണ് സജ്ജമാക്കിയിരിക്കുന്നത്. ക്ലാസുകൾ‌ കൂടുതൽ‌ രസകരമാക്കുന്നതിന് 130 പരിശീലന വീഡിയോകൾ‌ ചേർത്തിട്ടുണ്ട്. സംശയങ്ങൾ ചോദിക്കാൻ ഉള്ള ഓപ്‌ഷൻ രണ്ടാം പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത് അപ്ലിക്കേഷനെ സംവേദനാത്മകമാക്കിയിട്ടുണ്ട്.ഈ ഓപ്ഷൻ ഉപയോഗിക്കുന്നതിലൂടെ, പരിശീലന സിലബസുമായി ബന്ധപ്പെട്ട ചോദ്യം ഒരു കേഡറ്റിന് പോസ്റ്റുചെയ്യാൻ കഴിയും. യോഗ്യതയുള്ള ഇൻസ്ട്രക്ടർമാരുടെ പാനൽ അതിന് ഉത്തരം നൽകുകയും ചെയ്യും.

രാജ്യമെമ്പാടുമുള്ള 17 എൻ‌സി‌സി ഡയറക്ടറേറ്റുകളിലെയും ഉദ്യോഗസ്ഥരും കേഡറ്റുകളും ചടങ്ങിൽ പങ്കെടുത്തു. പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന സിവിൽ, സൈനിക ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു .