കോവിഡിനെ പ്രതിരോധിക്കുമെന്ന് പറഞ്ഞ് പാമ്പിനെ കൊന്നുതിന്നയാള്‍ അറസ്റ്റില്‍. തമിഴ്നാട്,തിരുനെല്‍വേലി ജില്ലയിലെ പെരുമാള്‍പാട്ടി ഗ്രാമത്തിലുള്ള വടിവേലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാമ്പിനെ തിന്നുന്നത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. വീഡിയോ വൈറലായതോടെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. വടിവേലുവിന് 7500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പാമ്പിനെ വയലില്‍ നിന്നും പിടിച്ചു കൊന്നുവെന്ന് വടിവേല്‍ പൊലീസിനോട് പറഞ്ഞു. കൊറോണ വൈറസിനെ അകറ്റാന്‍ ഉരഗങ്ങളെ ഭക്ഷിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിടിവേലുവിന്‍റെ വാദം. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അങ്ങേയറ്റം ദോഷകരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ചില മൃഗങ്ങളെ ഭക്ഷിക്കുന്നത് അപകടകരമാണെന്നും അവ വഹിക്കുന്ന രോഗാണുക്കള്‍ അതുവഴി ശരീരത്തിലേക്ക് എത്തുകയും ആരോഗ്യത്തിന് ഹാനികരമാവുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.