കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2022

49
0

ലഹരി വിരുദ്ധ മാധ്യമ സാക്ഷരതാ ക്വിസ്; ടീം രജിസ്‌ട്രേഷന്‍ ആരംഭിച്ചു

‘അറിവാണ് ലഹരി’ എന്ന സന്ദേശമേകി കേരള മീഡിയ അക്കാദമി ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംസ്ഥാന തലത്തില്‍ ‘ക്വിസ് പ്രസ്-2022 എന്ന പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. ക്വിസ് പ്രസ്സിന്റെ സെക്കന്റ് എഡിഷനാണിത്. പൊതുവിദ്യാഭ്യാസ വകുപ്പ്, ഐ&പിആര്‍ഡി, സി-ഡിറ്റ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി. മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരു ലക്ഷം രൂപയുമാണ് ഒന്നാം സമ്മാനം. മത്സരം ദൂരദര്‍ശനിലും ജീവന്‍ ടിവിയിലും സംപ്രേഷണം ചെയ്യും. പ്രശസ്ത ക്വിസ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് മത്സരം നയിക്കും. സംസ്ഥാന സിലബസ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകാര്‍ക്കും കോളേജുകാര്‍ക്കും ടീമുകളെ അയയ്ക്കാം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും രണ്ടുപേര്‍ അടങ്ങുന്ന എത്ര ടീമുകള്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം.’അറിവാണ് ലഹരി’ എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ള മത്സരം ലഹരി വിമുക്ത ബോധവത്കരണത്തിനും മാധ്യമസാക്ഷരതയ്ക്കും വേണ്ടിയാണ്. കേരളത്തില്‍ മൂന്ന് ഭാഗങ്ങളിലായി നടത്തുന്ന പ്രാഥമിക മത്സരങ്ങള്‍ക്ക് ശേഷം അവസാന റൗണ്ടിലെത്തുന്ന ആറ് ടീമുകളില്‍ ഏറ്റവും മികച്ച വിദ്യാലയ ടീമിന് മുഖ്യമന്ത്രിയുടെ ട്രോഫിയും ക്യാഷ് പ്രൈസും മറ്റ് വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനം 50,000 രൂപയും മറ്റ് നാല് ടീമുകള്‍ക്ക് 10,000 രൂപ വീതവുമാണ് നല്‍കുക. റീജിയണല്‍ മത്സരങ്ങളിലെ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. പ്രോത്സാഹന സമ്മാനമായി സര്‍ട്ടിഫിക്കറ്റുകളും നല്‍കും.ക്വിസ് പ്രസ് സെക്കന്റ് എഡിഷന്റെ ഉദ്ഘാടനവും മധ്യമേഖലാ മത്സരവും എറണാകുളം ജില്ലയിലെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ ഡിസംബര്‍ 2 ന് നടക്കും. മത്സരത്തില്‍ പങ്കെടുക്കുന്നതിന് നിശ്ചിതമാതൃകയിലുളള ഗൂഗിള്‍ ഫോം വഴി നവംബര്‍ 30ന് വൈകീട്ട് അഞ്ചിനകം ടീം രജിസ്ട്രേഷന്‍ നടത്തണം. മത്സരത്തിന്റെ വിശദവിവരങ്ങളും ഗൂഗിള്‍ഫോം ലിങ്കും അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralamediaacademy.org യില്‍ ലഭിക്കും.അപൂര്‍ണമായ ഫോമുകള്‍ പരിഗണിക്കുന്നതല്ല. മത്സരാര്‍ഥികളുടെ സെലക്ഷന്‍ സംബന്ധിച്ച അന്തിമതീരുമാനം കേരള മീഡിയ അക്കാദമിയുടേതായിരിക്കും. വിശദാംശങ്ങള്‍ക്ക്: സെക്രട്ടറി, കേരള മീഡിയ അക്കാദമി, ഫോണ്‍: 04842422068, 04712726275. വാട്സ്ആപ്പ്നമ്പര്‍: 9447225524, 9633214169.