തിരുവനന്തപുരം: 18 മാസം കൊണ്ട് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത് മൂന്ന് ലക്ഷം ട്രിപ്പുകൾ. സംസ്ഥാനത്തെ ട്രോമാ കെയർ മേഖലയിൽ സജീവ പങ്ക് വഹിക്കുന്നവരാണ് കനിവ് 108 ആംബുലൻസുകളും അതിലെ ജീവനക്കാരും. സംസ്ഥാനത്തുടനീളം 316 കനിവ് 108 ആംബുലൻസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാർ, പൈലറ്റുമാർ, എമർജൻസി റെസ്പോൺസ് ഓഫീസർമാർ, ഓഫീസ് ജീവനക്കാർ ഉൾപ്പടെ 1300 ജീവനക്കാർ നിലവിൽ ജോലി ചെയ്തു വരികയാണ്. 263 കനിവ് 108 ആംബുലൻസുകളും ആയിരത്തോളം ജീവനക്കാരും നിലവിൽ സംസ്ഥാനത്തുടനീളം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ്. കോവിഡിന് വേണ്ടി മാത്രം സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഇതുവരെ ഓടിയത് 209141 ട്രിപ്പുകളാണ്.
2019 സെപ്റ്റംബർ 25 മുതലാണ് സംസ്ഥാനത്തെ നിരത്തുകളിൽ കനിവ് 108 ആംബുലൻസുകൾ സേവനം ആരംഭിച്ചത്. 2019 സെപ്റ്റംബർ 25 മുതൽ 2021 മാർച്ച് 20 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 300159 ട്രിപ്പുകളാണ് കനിവ് 108 ആംബുലൻസുകൾ ഓടിയത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ആളുകൾ 108 ആംബുലൻസിന്റെ സേവനം വിനിയോഗിച്ചത്. 42990 ട്രിപ്പുകളാണ് ജില്ലയിൽ 108 ആംബുലൻസുകൾ ഓടിയത്. ഇടുക്കി ജില്ലയിൽ നിന്നാണ് ഏറ്റവും കുറവ് വിളികൾ എത്തിയത്. 8,399 ട്രിപ്പുകൾ മാത്രമാണ് ജില്ലയിൽ 108 ആംബുലൻസുകൾ ഇതുവരെ ഓടിയത്. കൊല്ലം 19000, പത്തനംതിട്ട 14779, ആലപ്പുഴ 23527, കോട്ടയം 20507, എറണാകുളം 17698, തൃശ്ശൂർ 24481, പാലക്കാട് 34056, മലപ്പുറം 27791, കോഴിക്കോട് 20977, വയനാട് 9693, കണ്ണൂർ 22117, കാസർഗോഡ് 14144 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലും കനിവ് 108 ആംബുലൻസുകൾ ഓടിയ ട്രിപ്പുകളുടെ എണ്ണം. മൂന്ന് കോവിഡ് രോഗികളുടെ ഉൾപ്പടെ 33 പേരുടെ പ്രസവങ്ങൾ കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ഇതുവരെ നടന്നു. അടിയന്തിര ഘട്ടങ്ങളിൽ കേരളത്തിൽ എവിടെനിന്നും ജനങ്ങൾക്ക് 108 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിച്ച് സൗജന്യ ആംബുലൻസ് സേവനം തേടാവുന്നതാണ്. ഹൈദരാബാദ് ആസ്ഥാനമായ ജി.വി.കെ ഈ.എം.ആർ.ഐ എന്ന കമ്പനിയുടെ തിരുവനന്തപുരം ടെക്നോപാർക്കിൽ സജ്ജീകരിച്ചിരിക്കുന്ന 24 മണിക്കൂറും സജ്ജമായ കണ്ട്രോൾ റൂമിലേക്കായിരിക്കും 108ലേക്ക് വരുന്ന ഓരോ വിളികളും എത്തുന്നത്. രോഗിയുടെ പേര്, സ്ഥലം തുടങ്ങി അവശ്യ വിവരങ്ങൾ ശേഖരിച്ച ശേഷം കണ്ട്രോൾ റൂമിൽ നിന്നായിരിക്കും നിങ്ങൾക്ക് അടുത്തുള്ള ആംബുലൻസിന് സന്ദേശം കൈമാറുന്നത്. അത്യാധുനിക സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ കണ്ട്രോൾ റൂമിൽ നിന്ന് ആംബുലൻസിൽ സജ്ജമാക്കിയിട്ടുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോണിലേക്ക് സന്ദേശം കൈമാറും. രോഗിയുടെ പേര്, എന്താണ് അത്യാഹിതം എന്നിങ്ങനെയുള്ള വിവരങ്ങളും സംഭവസ്ഥലത്തെക്കുള്ള മാപ്പും മൊബൈലിൽ തെളിയും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ആംബുലൻസുകൾ കുതിച്ചെത്തുക. ഓരോ ആംബുലൻസുകളുടെയും യാത്ര കണ്ട്രോൾ റൂമിന്റെ നിരീക്ഷണത്തിലായിരിക്കും.