ഏകീകൃതൃ സിവില്‍ കോഡ് നടപ്പാക്കാന്‍ കളമൊരുക്കി കേന്ദ്ര സര്‍ക്കാര്‍

32
0

ഏകീകൃതൃ സിവില്‍ കോഡ് നടപ്പാക്കാന്‍ കളമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മന്ത്രി അമിത് ഷാ, കേന്ദ്ര നിയമമന്ത്രി, സോളിസിറ്റര്‍ ജനറല്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി. നേരത്തെ ഈ വിഷയം കേന്ദ്രം നിയമകമ്മീഷനു വിട്ടിരുന്നു. പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഏക വ്യക്തിനിയമം നടപ്പാക്കാനാണ് നീക്കം.

◾സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ച 726 കാമറകള്‍ നാളെ മിഴി തുറക്കും. മോട്ടോര്‍ വാഹന, ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കു കൈയോടെ പിഴശിക്ഷ നല്‍കുന്ന കാമറാ സംവിധാനമാണു പ്രവര്‍ത്തനം ആരംഭിക്കുന്നത്. രാത്രിയിലും വാഹനത്തിനകത്തെ ദൃശ്യങ്ങള്‍ വ്യക്തതയോടെ ഒപ്പിയെടുക്കാന്‍ ശേഷിയുള്ള കാമറകളാണ് സംസ്ഥാന, ദേശീയ പാതകളില്‍ സ്ഥാപിച്ചിരിക്കുന്നത്. (ഇനി കാമറക്കണ്ണില്‍, പിഴയ്ക്കു പഞ്ഞമുണ്ടാകില്ല …

◾വന്ദേഭാരത് എക്സ്പ്രസ് കാസര്‍കോട് വരെ നീട്ടി. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെയാണ് നേരത്തെ അനുവദിച്ചിരുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് കാസര്‍കോട് വരെ നീട്ടിയെന്നു പ്രഖ്യാപിച്ചത്. രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തും. കണ്ണൂരില്‍നിന്ന് ഉച്ചക്കു രണ്ടിന് തിരിച്ച് 9.20 ന് തിരുവനന്തപുരത്ത് എത്തും. 78 സീറ്റ് വീതമുള്ള 12 ഇക്കോണമി ചെയര്‍കാര്‍ കോച്ചുകളാണുള്ളത്. 54 സീറ്റ് വീതമുള്ള രണ്ടു എക്സിക്യൂട്ടീവ് കോച്ചും ഉണ്ടാകും. 25 നു രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യും. രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ഇന്നു രാവിലെ രാവിലെ 5.10 ന് തമ്പാനൂരില്‍ നിന്ന് ആരംഭിച്ചു.

◾തിരുവനന്തപുരത്തുനിന്ന് ഏഴര മണിക്കൂര്‍കൊണ്ട് കണ്ണൂരിലെത്തുന്ന വന്ദേഭാരത് എക്സ്പ്രസില്‍ എസി ചെയര്‍കാറിന് 950 രൂപ ടിക്കറ്റ് നിരക്ക്. ഇക്കണോമി കോച്ചില്‍ 1,400 രൂപയും എക്സിക്യൂട്ടീവ് കോച്ചില്‍ 2,400 രൂപയുമാണു ടിക്കറ്റ് നിരക്കെന്നു വാര്‍ത്ത പ്രചരിക്കുന്നുണ്ടെങ്കിലും റെയില്‍വേ സ്ഥിരീകരിച്ചിട്ടില്ല. ജനശതാബ്ദി ചെയര്‍കാറില്‍ 755 രൂപക്ക് കണ്ണൂരെത്താം. മാവേലിയില്‍ ഫസ്റ്റ് എ സി 1855 രൂപയും സെക്കന്‍ഡ് എ സി 1105 രൂപയും തേര്‍ഡ് എ സി 775 രൂപയുമാണ്. രാജധാനിയില്‍ ഫസ്റ്റ് എ സി 2440 രൂപയാണു ടിക്കറ്റ് നിരക്ക്. രാജധാനിയില്‍ സെക്കന്‍ഡ് എ സി 1970 രൂപയും തേര്‍ഡ് എ സി 1460 രൂപയുമാണ്.

◾എല്‍ഡിഎഫ് സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി അടഞ്ഞ അധ്യായമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേഭാരത് ട്രെയിനിന്റെ വിവരങ്ങള്‍ പ്രഖ്യാപിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി വൈകാതെ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.

◾ഓരോ പഞ്ചായത്തിലും ഒരു കളിസ്ഥലം എന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു രാവിലെ 11 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യും. 450 തദ്ദേശ സ്ഥാപനങ്ങള്‍ക്കു സ്റ്റേഡിയം ഇല്ല. മൂന്നു വര്‍ഷത്തിനകം എല്ലാ പഞ്ചായത്തുകളിലും സ്റ്റേഡിയം സജ്ജമാക്കും. ആദ്യ ഘട്ടത്തില്‍ 113 പഞ്ചായത്തുകളിലാണു കളിക്കളം ഒരുക്കുക. ഒരു കളിക്കളത്തിന് ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പകുതി തുക കായികവകുപ്പ് നല്‍കും.

◾ട്രെയിന്‍ തീവയ്പു കേസ് എന്‍ഐഎ ഏറ്റെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രേഖകളും തെളിവുകളും കേരള പോലീസ് അടുത്ത ദിവസം എന്‍ഐഎയ്ക്കു കൈമാറും. പ്രതി ഷാറൂഖ് സെയ്ഫിയെ കോടതി റിമാന്‍ഡു ചെയ്ത് വിയ്യൂര്‍ ജയിലിലേക്കയച്ചു.

◾അരിക്കൊമ്പനെതിരെ പറമ്പിക്കുളം ഡിഎഫ്ഒ ഓഫീസിനു മുന്നില്‍ ഇന്നു സത്യഗ്രഹം ആരംഭിക്കും. നെന്‍മാറ എം എല്‍ എ. കെ ബാബുവിന്റെ നേതൃത്വത്തിലാണു സത്യഗ്രഹം.

◾ബിജെപിക്ക് മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയില്‍ അംഗത്വം സ്വീകരിച്ചവര്‍ക്ക് കോട്ടയത്ത് നല്‍കിയ സ്വീകരണത്തിനുശേഷം സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.

◾ലോകായുക്തയെ നിയമിക്കുന്നതു മുഖ്യമന്ത്രിയല്ലെന്നും വിമര്‍ശിക്കുന്നവരോട് സഹതാപമെന്നും ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്. ഈയിടെ ഒരാള്‍ തന്റെ കരിയര്‍ ഗ്രാഫ് വിശദീകരിച്ചതുകണ്ടു. 12 വര്‍ഷം കേരള ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍ ആയിരുന്നെന്നാണ് ഒരു വിശദീകരണം. വിവിധ മുഖ്യമന്ത്രിമാര്‍ ഭരിച്ചപ്പോഴാണ് ആ സ്ഥാനത്തു പ്രവര്‍ത്തിച്ചത്. കൊച്ചിയില്‍ അഡ്വ: ജോസ് വിതയത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു സിറിയക് ജോസഫ്.

◾സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജന്റെ കുടുബത്തിന്റെ നിയന്ത്രണത്തിലുള്ള വൈദേകം റിസോര്‍ട്ട് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനു കൈമാറി. ജൂപിറ്റര്‍ കാപിറ്റലിനു കീഴിലുള്ള നിരാമയ റിട്രീറ്റ്സ് എന്ന സ്ഥാപനമാണ് വൈദേകം ഏറ്റെടുത്തത്.

◾അബ്ദുല്‍ നാസര്‍ മദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതാവസ്ഥയില്‍. സുപ്രീം കോടതി അനുവദിച്ചെങ്കിലും കര്‍ണാടക പോലീസ് ഒപ്പമുണ്ടാകണമെന്ന നിര്‍ദേശമാണു തടസമുണ്ടാക്കുന്നത്. ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കാണും.

◾വന്ദേഭാരത് എക്സ്പ്രസിന് ഷൊര്‍ണൂരിലും ചെങ്ങന്നൂരിലും സ്റ്റോപ് അനുവദിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഈ ആവശ്യം ഉന്നയിച്ചുള്ള നിവേദനവും കൈമാറിയിട്ടുണ്ട്.

◾ഗായിക അമൃത സുരേഷിന്റെ പിതാവും ഓടക്കുഴല്‍ വാദകനുമായ പി ആര്‍ സുരേഷ് അന്തരിച്ചു. അറുപതു വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

◾മലപ്പുറത്ത് എടക്കോട് വനമേഖലയോടു ചേര്‍ന്നുള്ള പറമ്പിലെ കിണറ്റില്‍ വീണ കാട്ടാനയെ കരകയറ്റി. നിലമ്പൂര്‍ മമ്പാട് കരക്കാട്ടുമണ്ണ പൈക്കാടന്‍ റസാഖിന്റെ പറമ്പിലെ 15 അടി താഴ്ചയുള്ള കിണറ്റിലാണ് ആന വീണത്. ജെസിബി എത്തിച്ച് വഴി നിര്‍മിച്ച കരയ്ക്കു കയറ്റിയ ആന കാട്ടിലേക്കു കയറിപ്പോയി.

◾ഒന്നാം മാറാട് കേസില്‍ ജീവപര്യന്തം തടവു ശിക്ഷ ലഭിച്ച രണ്ടു പ്രതികള്‍ക്ക് കേരളത്തിലേക്കു പോകാന്‍ സുപ്രീം കോടതി അനുമതി. കേസിലെ പ്രതികളായ ഷാജി, ശശി എന്നിവര്‍ക്കാണ് അനുമതി. പത്തു വര്‍ഷത്തിലേറെ ശിക്ഷ അനുഭവിച്ചതിനാല്‍ 2020 ലാണ് ഇരുവര്‍ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ താമസം മംഗലാപുരത്തേക്കു മാറ്റണമെന്നും കേരളത്തിലേക്കു പോകരുതെന്നും കോടതി ഉപാധി വച്ചിരുന്നു.

◾വര്‍ക്കലയില്‍ പ്രണയത്തില്‍നിന്ന് പിന്മാറാന്‍ വിദ്യാര്‍ത്ഥിയെ കാമുകിയും ഗുണ്ടകളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍. കേസില്‍ ഇനി രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്. ലക്ഷ്മിപ്രിയ, ലക്ഷ്മിപ്രിയയുടെ പുതിയ കാമുകനായ അഭിനവ് ജോജോ, ഒബത്ത്, അതുല്‍ പ്രശാന്ത്, അശ്വിന്‍, നീരജ്, അമല്‍ എന്നിവരെയാണ് നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

◾പീരുമേട് പൊലീസ് സ്റ്റേഷനു സമീപം പൊലീസുകാരന്റെ നേതൃത്വത്തില്‍ അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തില്‍ പോലീസുകാരന്‍ ഉള്‍പെടെയുള്ള പ്രതികളെ പിടികൂടാനാകാതെ പോലീസ്. വിഷയം റിപ്പോര്‍ട്ടു ചെയ്യാതെ വീഴ്ച വരുത്തിയ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ സജീവനെ സ്ഥലം മാറ്റി. പ്രതികളായ പൊലീസുകാരന്‍ അജിമോന്‍, മുണ്ടക്കയം സ്വദേശി ജോണ്‍സണ്‍, തൃശൂര്‍ സ്വദേശി ജിമ്മിച്ചന്‍ എന്നിവര്‍ തമിഴ്നാട്ടിലേക്കു മുങ്ങിയെന്നാണു റിപ്പോര്‍ട്ട്.

◾കൊട്ടിയത്ത് പൊലീസുകാര്‍ വീട്ടില്‍ കയറി സൈനികനെ അടിച്ചുവീഴ്ത്തിയും ബലപ്രയോഗത്തിലൂടേയും അറസ്റ്റു ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ച് നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദര്‍. ഒരു പ്രാദേശിക വിഷയത്തിന്റെ പേരില്‍ ഒരു സൈനികനോട് ഇത്രയും ക്രൂരത വേണോ പിണറായി വിജയന്‍ സര്‍ എന്നു കുറിച്ചുകൊണ്ടും മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്തുകൊണ്ടുമാണ് ഖുഷ്ബുവിന്റെ ട്വീറ്റ്.

◾വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഇടുക്കി എ ആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനായ കോതമംഗലം സ്വദേശി അനസ് നാസറിനെ (39) യാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പുനര്‍ വിവാഹത്തിന് ഓണ്‍ലൈനില്‍ പരസ്യം നല്‍കിയ തൃശൂര്‍ പാവറട്ടി സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചെന്നാണു പരാതി.

◾ഇടുക്കി മുനിയറയില്‍ കൊലക്കേസ് പ്രതിയായ വീട്ടമ്മയെ കൊലക്കേസിലെ കൂട്ടുപ്രതിയായ സുഹൃത്ത് കൊലപ്പെടുത്തി. എളംബ്ലാശേരി ആദിവാസി കോളനിയിലെ അളകമ്മ (66 ) ആണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന കരിമല മുരിക്കുംകണ്ടത്തില്‍ സുരയുടെ ഭൂമിയുടെ പട്ടയ രേഖകള്‍ അളകമ്മ ഒളിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഇരുവരും മുനിയറ സ്വദേശി നാരായണനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളാണ്.

◾എറണാകുളം കുമ്പളങ്ങിയില്‍ മാമോദീസ വിരുന്നിനിടെ യുവാവിനെ കുത്തിക്കൊന്ന കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. കുമ്പളങ്ങി സ്വദേശികളായ ജിജോ, ഷാരോണ്‍ എന്നിവരെയാണ് പള്ളുരുത്തി പൊലീസ് അറസ്റ്റു ചെയ്തത്.

◾പത്തനംതിട്ട നാരങ്ങാനത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാടുമേച്ചിലില്‍ പുത്തെന്‍പുരയില്‍ ബിജു, ഭാര്യ സുമ എന്നിവരാണ് മരിച്ചത്.

◾ട്വിറ്ററില്‍ പാര്‍ട്ടി പേരും ചിഹ്നവുമുള്ള കവര്‍ ഫോട്ടോ എന്‍സിപി നേതാവ് അജിത് പവാര്‍ നീക്കം ചെയ്തു. പാര്‍ട്ടി വിട്ട് ബിജെപി മുന്നണിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അജിത് പവാര്‍ ട്വിറ്ററില്‍ ഈ മാറ്റങ്ങള്‍ വരുത്തിയത്. ഇതേസമയം, താന്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങളെല്ലാം നുണയെന്ന് അജിത് പവാര്‍. എന്‍സിപിയില്‍ തന്നെ തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

◾ഉത്തര്‍പ്രദേശില്‍ ആതീഖ് അഹമ്മദിന്റെ അഭിഭാഷകന്റെ വീടിനു സമീപം നാടന്‍ ബോംബ് സ്ഫോടനം. അഭിഭാഷകനായ ദയ ശങ്കര്‍ മിശ്രയുടെ പ്രയാഗ്രാജിലെ വീടിന് സമീപമാണ് സ്ഫോടനം. മൂന്നു ബോംബുകള്‍ എറിഞ്ഞു. ആക്രമണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തന്നെ ഭയപ്പെടുത്താനാണ് ശ്രമമെന്നും ദയ ശങ്കര്‍ മിശ്ര പറഞ്ഞു.

◾ഗുജറാത്തിലെ ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളെ വിട്ടയച്ചതിനു ഗുജറാത്ത് സര്‍ക്കാര്‍ കാരണം ബോധിപ്പിക്കണമെന്നു സുപ്രീം കോടതി. സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ല. പ്രതികള്‍ കുറ്റം ചെയ്ത രീതി ഭയാനകമാണ്. പ്രതികള്‍ക്ക് 1500 ദിവസം പരോള്‍ കിട്ടിയതെങ്ങനെയെന്നും ജസ്റ്റിസ് കെ എം ജോസഫ് ചോദിച്ചു.

◾കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏഴു സീറ്റുകളിലേക്കു കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ മുഹമ്മദ് യൂസഫ് സാവന്നൂര്‍ മത്സരിക്കും. ജഗദീഷ് ഷെട്ടാറിനേയും സ്ഥാനാര്‍ത്ഥിയാക്കി. മെയ് പത്തിനാണ് വോട്ടെടുപ്പ്. 13 ന് വോട്ടെണ്ണല്‍.

◾മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസ് എംപിയുമായ കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഐഎന്‍എക്സ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി.

◾മുംബൈ താനെയില്‍ വന്‍ തീപിടിത്തം. ഗോഡ്ബന്ധര്‍ റോഡിലെ ഓറിയോണ്‍ ബിസിനസ് പാര്‍ക്കിലാണ് രാത്രി എട്ടു മണിയോടെ തീപിടിത്തമുണ്ടായത്. പല നിലകളിലേക്കു തീ പടര്‍ന്നു. പാര്‍ക്കിംഗിലെ കാറുകള്‍ കത്തി നശിച്ചു.

◾സോണി വേള്‍ഡ് ഫോട്ടോഗ്രാഫി ‘ക്രിയേറ്റീവ് ഓപ്പണ്‍’ വിഭാഗത്തില്‍ പുരസ്‌കാരം നേടിയ തന്റെ ചിത്രം ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൃഷ്ടിയായതിനാല്‍ പുരസ്‌കാരം നിരസിക്കുകയാണെന്ന് ജര്‍മ്മന്‍ കലാകാരനായ ബോറിസ് എല്‍ഡാഗ്‌സെന്‍. സരോജിനി നായിഡു സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ഫൈന്‍ ആര്‍ട്ട് പൂര്‍വ വിദ്യാര്‍ത്ഥിയാണ് ബോറിസ് എല്‍ഡാഗ്‌സെന്‍. ‘സ്യൂഡോംനേഷ്യ: ദി ഇലക്ട്രീഷ്യന്‍’ എന്ന ചിത്രമാണു പുരസ്‌കാരം നേടിയത്.

◾ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 14 റണ്‍സിന്റെ വിജയം. 40 പന്തില്‍ 64 റണ്‍സ് നേടിയ കാമറോണ്‍ ഗ്രീനിന്റെ മികവില്‍ മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദ് 19.5 ഓവറില്‍ 178 ന് ഓള്‍ ഔട്ടായി.

◾അദാനി ഗ്രൂപ്പിന്റെ കടബാധ്യത കഴിഞ്ഞ വര്‍ഷം 21 ശതമാനം വര്‍ധിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ആഗോള ബാങ്കുകളില്‍ നിന്നുള്ള വായ്പാ വിഹിതം ഏകദേശം മൂന്നിലൊന്നായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നിലവില്‍ ഗ്രൂപ്പിന്റെ 29 ശതമാനം വായ്പകളും രാജ്യാന്തര ബാങ്കുകളില്‍ നിന്നാണ്. ഏഴ് വര്‍ഷം മുമ്പു വരെ ആഗോള ബാങ്കുകളെ വായ്പയ്ക്കായി അദാനി ഗ്രൂപ്പ് ആശ്രയിച്ചിരുന്നില്ല. അതേസമയം, കടം തിരിച്ചടയ്ക്കാനുള്ള ഗ്രൂപ്പിന്റെ ശേഷി ഉയര്‍ന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് അദാനി ഗ്രൂപ്പിനു കീഴിലുള്ള ഏഴ് ലിസ്റ്റഡ് കമ്പനികളുടെ മൊത്തം കടം 20.7 ശതമാനം ഉയര്‍ന്ന് 2.30 ലക്ഷം കോടി രൂപയായി. കമ്പനി വളരെ വേഗത്തില്‍ വളര്‍ച്ച പ്രാപിച്ചു തുടങ്ങിയതോടെ 2019 മുതല്‍ കടം കുത്തനെ കൂടിയിട്ടുണ്ട്. മാര്‍ച്ച് വരെയുള്ള ഗ്രൂപ്പിന്റെ കടത്തിന്റെ 39 ശതമാനവും ബോണ്ടുകളാണെന്നാണ് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് കാണിക്കുന്നത്. 2016 ല്‍ 14 ശതമാനമായിരുന്നു ഇത്. മാര്‍ച്ചില്‍ അവസാനിച്ച 2023 സാമ്പത്തിക വര്‍ഷത്തില്‍ പലിശ, നികുതി, ഡിപ്രീസിയേഷന്‍, കടം തിരിച്ചടയ്ക്കല്‍ എന്നിവയ്ക്ക് മുമ്പുള്ള ഗ്രൂപ്പിന്റെ അറ്റ കടം അനുപാതം 2013 സെപ്റ്റബറില്‍ 7.6 ശതമാനമായിരുന്നത് 2023 സാമ്പത്തിക വര്‍ഷത്തില്‍ 3.2ശതമാനമായി കുറഞ്ഞിട്ടുണ്ട്. സിമന്റ്, മീഡിയ തുടങ്ങിയ മേഖലകളിലേക്ക് കമ്പനിയുടെ വിപുലീകരണം ശക്തമാകുന്നതോടെ ഗ്രൂപ്പിന്റെ ആസ്തി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്.

◾തൃശൂര്‍ പൂരത്തോടനുബന്ധിച്ചൊരുക്കിയ സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്നു. പാലയ്ക്കത്താഴ ഫിലിംസിന്റെ ബാനറില്‍ ഒരുക്കിയ ഗാനം നടന്‍മാരായ സുരേഷ് ഗോപി, മധുപാല്‍, ജയരാജ് വാരിയര്‍, ജോബി കൊടകര, മണി താമര ഗായകന്‍ അനൂപ് ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഔദ്യോഗികമായി റിലീസ് ചെയ്തത്. ജിബി പാലയ്ക്കത്താഴെയാണ് പാട്ടിനു വരികള്‍ കുറിച്ചത്. കെ.ആര്‍.രാഹുല്‍ ഈണം പകര്‍ന്നു. അനൂപ് ശങ്കറും വിനു.വി.ജോര്‍ജും ചേര്‍ന്നാണു ഗാനം ആലപിച്ചത്. ജയരാജ് വാരിയര്‍, മനോജ് കുമാര്‍ കായംകുളം, വിനു.വി.ജോര്‍ജ് എന്നിവര്‍ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നു. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്ര പരിസരത്തു തന്നെയാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. തൃശൂര്‍ പൂരത്തിന്റെ ആവേശം പകരും ഗാനം ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. വിജി ജോര്‍ജ് മാവേലിക്കര, ജോ ഡെവിസ്, ധനോ ജോസ്, അനന്തനാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ആല്‍ബം നിര്‍മിച്ചത്. രജ്ഞിത്.സി.രാജന്‍ മിക്സിങ്ങും ജെയ് ഓണാട്ട് എഡിറ്റിങ്ങും നിര്‍മഹേഷ് കരുണാകരന്‍ ഡിസൈനിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.

◾തമിഴകത്ത് എത്താനിരിക്കുന്ന പുതിയ പിരിയോഡിക്കല്‍ ഫിക്ഷന്‍ പ്രൊജക്റ്റാണ് ‘യാതിസൈ’. മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ ഫ്രാഞ്ചൈസി ചോളന്മാരുടെ കഥയാണ് പറയുന്നതെങ്കില്‍ ‘യാതിസൈ’ പാണ്ഡ്യ രാജവംശമാണ് കഥാപശ്ചാത്തലമാക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഓണ്‍ലൈനില്‍ വന്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ‘യാതിസൈ’യുടെ ഒരു സ്നീക്ക് പീക്ക് പുറത്തുവിട്ടിരിക്കുകയാണ്. ധരണി രസേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് ‘യാതിസൈ’. വെറും അഞ്ച്- ആറ് കോടി മാത്രമാണ് ഈ ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തി മിത്രന്‍, സെയോണ്‍, രാജലക്ഷ്മി, ഗുരു സോമസുന്ദരം, ചന്ദ്രകുമാര്‍, സെമ്മലര്‍ അന്നം, സുഭദ്ര, സമര്‍, വിജയ് സെയോണ്‍. എസ് റൂബി ബ്യൂട്ടി, രാജശേഖര്‍, സീനു, ശബ്ദശീലന്‍, ജമാല്‍, നിര്‍മല്‍, സുരേഷ് കുമാര്‍ തമിഴ്സെല്‍വി, സതിഷ് നടരാജന്‍, സിധു, സാംസണ്‍ തുടങ്ങിയവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘പിഎസ് 2’ ഏപ്രില്‍ 28നാണ് റിലീസ് ചെയ്യപ്പെടുകയെങ്കില്‍ ‘യാതിസൈ’ റിലീസ് ഏപ്രില്‍ 21ന് ആണ്.

◾വെര്‍ട്ടസിന്റെ പുത്തന്‍ വകഭേദങ്ങള്‍ പുറത്തിറക്കാന്‍ ഫോക്‌സ്വാഗണ്‍. ജൂണില്‍ പുതിയ നിറങ്ങളും സ്‌പെഷല്‍ എഡിഷനും 1.5 ടി.എസ്.ഐ മാനുവല്‍ വേരിയന്റും പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവില്‍ 7 സ്പീഡ് ഡി.എസ്.ജി ഗിയര്‍ ബോക്‌സാണ് നിലവില്‍ വെര്‍ട്ടസിന്റെ 1.5 എഞ്ചിനുള്ളത്. മാനുവല്‍ പതിപ്പ് പുറത്തിറങ്ങുന്നതോടെ ഈ കരുത്തുറ്റ എഞ്ചിനുള്ള വെര്‍ട്ടസിന്റെ വില കുറഞ്ഞ മോഡലായും ഇത് മാറും. സ്ലാവിയ, കുഷാക്, ടെയ്ഗൂണ്‍ തുടങ്ങിയ കാറുകളിലുള്ള 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സായിരിക്കും ഫോക്‌സ്വാഗണ്‍ വെര്‍ട്ടസിന് നല്‍കുക. 150എച്പിയും 250എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ ശേഷിയുള്ള എഞ്ചിനാണ് 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍. ഈ മോഡല്‍ പുറത്തിറങ്ങുന്നതോടെ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് നല്‍കുന്ന ഫോക്‌സ്വാഗന്റെ ഇന്ത്യ 2.0 പ്രൊജക്ടിലെ ഏക മോഡലായും വെര്‍ട്ടസ് മാറും. വെര്‍ട്ടസിന്റെ 1.5 ടി.എസ്.ഐ എഞ്ചിനും 7 സ്പീഡ് ഡി.എസ്.ഡി ഗിയര്‍ ബോക്‌സുമുള്ള ഉയര്‍ന്ന മോഡലിന് 18.57 ലക്ഷം രൂപയാണ് ഫോക്‌സ്വാഗണ്‍ വിലയിട്ടിരിക്കുന്നത്. മാനുവല്‍ ഓപ്ഷന്‍ ഇതിനേക്കാള്‍ കുറഞ്ഞ വിലയിലായിരിക്കും ലഭ്യമാവുക.

◾ഒരു അഭിഭാഷകന്റെ ജീവിതവൃത്തി കൃത്യതയുടെയും സത്യസന്ധതയുടെയും അര്‍പ്പണബോധത്തിന്റെയും പ്രതീകമായി മാറുന്നതിന്റെ ഉത്തമ ഉദാഹരണമാണ് അഡ്വ. കെ.ബി. വീരചന്ദ്രമേനോന്‍. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മകന്‍ കേരള ഹൈക്കോടതി സീനിയര്‍ അഡ്വ. വിജയഭാനു മുതല്‍ മുതിര്‍ന്ന ന്യായാധിപന്മാരും ജൂനിയേഴ്സും സഹപ്രവര്‍ത്തകരും നാട്ടുകാരും ജന്മനാട്ടിലുള്ളവരും സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തുള്ളവരും ചേര്‍ന്നൊരുക്കിയ അദ്ദേഹത്തെക്കുറിച്ചുള്ള സ്മൃതിരേഖകള്‍ പ്രസക്തമാകുന്നത്. വീരസ്മൃതിയിലൂടെ പങ്കുവെക്കുന്ന ഓര്‍മ്മശേഖരം അഡ്വ. കെ.ബി. വീരചന്ദ്രമേനോന്റെ അമ്പത്തിയൊമ്പത് വര്‍ഷത്തെ അഭിഭാഷകജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്. ‘വീരസ്മൃതി’. സമാഹരണം – ജൂനിയേഴ്സ് ഓഫ് അഡ്വ. കെ.ബി. വീരചന്ദ്രമേനോന്‍. ഗ്രീന്‍ ബുക്സ്. വില 450 രൂപ.