ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയം; മുഖ്യമന്ത്രിക്കോ ഡി.ജി.പിക്കോ പൊലീസിനു മേല്‍ നിയന്ത്രണമില്ല

102
0

സംസ്ഥാനത്ത് രാഷ്ട്രീയ- വര്‍ഗീയ കൊലപാതകങ്ങളും ഗുണ്ടാ വിളയാട്ടവും പൊലീസ് അതിക്രമങ്ങളും നിയന്ത്രിക്കാനാകാതെ അഭ്യന്തര വകുപ്പ് നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കോ സംസ്ഥാന പൊലീസ് മേധാവിക്കോ പൊലീസ് സേനയ്ക്കു മേല്‍ യാതൊരു നിയന്ത്രണവുമില്ലാത്ത ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിഷ്‌ക്രിയരാക്കി പാര്‍ട്ടി നേതാക്കളുടെ സെല്‍ ഭരണമാണ് പൊലീസ് സ്റ്റേഷനുകളില്‍ നടക്കുന്നത്. പൊലീസിലെ വര്‍ഗീയവാദികളുടെ സാന്നിധ്യം ക്രമസമാധാനപാലനത്തെ അപകടകരമായ അവസ്ഥയിലെത്തിച്ചു. സര്‍ക്കാരിനെതിരായ പ്രതിപക്ഷ സമരങ്ങളില്‍ തീവ്രവാദ ബന്ധം ആരോപിക്കുന്നതിന് അനുമതി നല്‍കുന്ന ആഭ്യന്തര വകുപ്പ് വര്‍ഗീയവാദികള്‍ക്ക് വഴിവെട്ടുകകൂടിയാണ് ചെയ്യുന്നത്.

സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ബി.ജെ.പിയുടേയും എസ്.ഡി.പി.ഐയുടേയും ശ്രമം. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും മാറി മാറി പുണരുന്ന സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് കേരളത്തെ ഈ സ്ഥിതിയിലെത്തിച്ചത്. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം രാഷ്ട്രീയ കൊലപാതമല്ല വര്‍ഗീയ കൊലപാതകമാണ്. ആര്‍.എസ്.എസും എസ്.ഡി.പി.ഐയും പോലുള്ള വര്‍ഗീയശക്തികളെ നിലയ്ക്കു നിര്‍ത്താന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാകണം. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി വര്‍ഗീയ പ്രീണനം തുടരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കില്‍ ഗുരുതര പ്രത്യാഘാതം കേരളീയ പൊതുസമൂഹം നേരിടേണ്ടിവരും.