അനുപമക്കു നീതി: അഞ്ച് ദിവസത്തിനകം കുഞ്ഞ് കേരളത്തിൽ എത്തും

100
0

പേരൂർക്കടയിൽ അമ്മ അറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ കേരളത്തിലെത്തിക്കും. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ നാട്ടിലെത്തിക്കുമെന്നാണ് ഉത്തരവ്. ഇത് സംബന്ധിച്ച് ഉത്തരവ് സിഡബ്ല്യുസി ശിശുക്ഷേമ സമിതിക്ക് കൈമാറി. ഇന്ന് രാവിലെ 11 മണിക്ക് ഉത്തരവ് അനുപമക്ക് കൈമാറും.

കുഞ്ഞിനെ കേരളത്തിലെത്തിച്ച് ഡിഎൻഎ പരിശോധന നടത്തും. നിലവിൽ ആന്ധ്രാപ്രദേശ് സ്വദേശികളായ ദമ്പതികൾക്കൊപ്പമാണ് കുഞ്ഞ്. പോലീസ് സംരക്ഷണത്തിലാവും കുഞ്ഞിനെ ആന്ധ്രയിൽ നിന്നും കേരളത്തിലെത്തിയ്‌ക്കുക. ദത്ത് വിവാദത്തില്‍ ഒത്തുകളി സംശയിക്കുന്നതായി അനുപമ ആരോപണം ഉന്നയിച്ചിരുന്നു. ശിശുക്ഷേമ സമിതിയും ചൈല്‍ഡ്​ വെല്‍ഫെയര്‍ കമ്മിറ്റിയും (സി.ഡബ്ല്യൂ.സി) പരസ്പരം പഴിചാരുകയാണെന്നും ഇവരുവരുടെയും വാദങ്ങളില്‍ ആശയക്കുഴപ്പമുണ്ടെന്നും അനുപമ ആരോപിച്ചിട്ടുണ്ട്.

അതേസമയം തന്റെ കുഞ്ഞിനെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അനുപമയുടെ സമരം ഏഴ് ദിവസം പിന്നിടുകയാണ്. നിർത്തിയിട്ട വാനിനുള്ളിലാണ് രാത്രികൾ കഴിച്ചുകൂട്ടുന്നത്. കുഞ്ഞിനെ തിരികെ കിട്ടുന്നതുവരെ സമരം തുടരുമെന്ന് അനുപമ പറഞ്ഞു. അനധികൃത ദത്തിനു കൂട്ടുനിന്ന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ.എസ്. ഷിജുഖാൻ, സിഡബ്ല്യുസി ചെയർപഴ്‌സൻ എൻ.സുനന്ദ എന്നിവരെ സ്ഥാനങ്ങളിൽ നിന്നു പുറത്താക്കണം. സംഭവത്തിൽ പാർട്ടി നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അനുപമ പറഞ്ഞിരുന്നു.