സ്വകാര്യ ബസ് ചാര്‍ജ് വര്‍ധനവില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന ആവശ്യവുമായി ബസ്സുടമകള്‍

112
0

സ്വകാര്യ ബസ് ചാര്‍ജ് വര്‍ധനവില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന ആവശ്യവുമായി ബസ്സുടമകള്‍. തീരുമാനം ഉണ്ടാകാത്ത പക്ഷം ഡിസംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്നും ഉടമകള്‍ പറഞ്ഞു. മിനിമം ചാർജ് 12 രൂപയും വിദ്യാർത്ഥികളുടെ നിരക്ക് 6 രൂപയുമാക്കണമെന്നാണ് ആവശ്യം. ബസ് ഉടമ സംയുക്ത സമിതി യോഗത്തിന്റേതാണ് തീരുമാനം.

കിലോമീറ്ററിന് ഒരു രൂപയെന്ന നിരക്കിലാണ് സ്വകാര്യ ബസ് ഉടമകൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ പറയുന്നത്. വിദ്യാർത്ഥികളുടെ ചാർജ് വർധനവ് ഇല്ലാതെ ബസ് ചാർജ് വർധനവ് വേണ്ടെന്ന നിലപാടിലാണ് ബസുടമകൾ. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെയും ആശാവഹമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ബസ്സുടമകള്‍ പറഞ്ഞു.

കണ്‍സഷന്‍ നിരക്ക് ആറ് രൂപയാക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം ശക്തമായതോടെയാണ് വിദ്യാര്‍ത്ഥി സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും, ഗതാഗത മന്ത്രി ആന്റണി രാജുവും നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം സംഘടനകള്‍ എതിര്‍ത്തിരുന്നു. ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു. എല്ലാ ആവശ്യങ്ങളും പരിഗണിക്കാനാവില്ലെന്ന് അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. ബസ് ചാർജ് വർധനയിൽ വിദ്യാർഥികൾക്കടക്കം ആശങ്കയുണ്ട്.