സത്യസന്ധത

198
0

സി.ആര്‍.സുകുമാരന്‍ നായര്‍


അദ്ധ്വാനിയായ കര്‍ഷകനാണ് രാമു.അയാള്‍ക്ക് ധാരാളം പശുക്കളുണ്ട്. പാല്‍ വിറ്റുകിട്ടുന്ന കാശുകൊണ്ടാണ് രാമു കുടുംബം പോറ്റിയിരുന്നത്. രാമുവിന് രണ്ടാണ്‍ മക്കള്‍. മൂത്തവന്‍ സൂര്യ. രണ്ടാമത്തെവന്‍ ചന്ദ്ര. രാമു മക്കളോട് എപ്പോഴും പറയും. നിങ്ങള്‍ ആരേയും വഞ്ചിക്കരുത്. സത്യസന്ധനും കഠിനാദ്ധ്വാനിയും ആയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ സന്തോഷിക്കാം. പശുക്കളെ മേയ്ക്കുന്ന ജോലി മക്കള്‍ക്കായിരുന്നു.
ഒരു ദിവസം സൂര്യ പശുക്കളെ മേയാന്‍ കൊണ്ടു പോകാതിരുന്നപ്പോള്‍ രാമു അവനെ ഒരുപാട് വഴക്കു പറഞ്ഞു. സങ്കടം സഹിക്കാനാകാതെ സൂര്യ നാടുവിട്ടുപോയി.
സൂര്യ ഇപ്പോള്‍ മടങ്ങിവരുമെന്ന് വിചാരിച്ച രാമുവിന് മനസ്സിലായി തന്റെ മകന്‍ പിണങ്ങിപ്പോയതാണെന്ന്.
എവിടെ പോയാലും അവന് നല്ലതു വരട്ടെ എന്ന് വിചാരിച്ച് രാമു രണ്ടാമത്തെ മകന്‍ ചന്ദ്രയെ തന്റെ കൃഷി കാര്യങ്ങള്‍ ഏല്‍പ്പിച്ചു. കാലം കുറെ കഴിഞ്ഞ് രാമു മരിക്കാറായപ്പോള്‍ ചന്ദ്രയെ വിളിച്ചു പറഞ്ഞു.
ചന്ദ്രാ നിനക്ക് ഞാന്‍ പത്തു പശുക്കളെ തരുന്നു. നീ അവയെ നല്ലതുപോലെ നോക്കണം.പക്ഷെ ഒരു കാര്യം ഈ പത്തു പശുക്കളില്‍ അഞ്ചെണ്ണം നിന്റെ ജ്യേഷ്ഠന്‍ സൂര്യക്ക് അവകാശപ്പെട്ടതാണ്.
അതുകൊണ്ട് കഴിയുന്നതു വേഗം നീ സൂര്യയെ കണ്ടുപിടിച്ച് പശുക്കളെ തിരികെ ഏല്‍പ്പിക്കണം.
അഛന്റെ മരണശേഷം ചന്ദ്ര വീട്ടുകാര്യങ്ങള്‍ മുഴുവന്‍ ശ്രദ്ധിച്ചു നടത്തി. ഇതിനിടെ ചന്തകളില്‍ പോകുമ്പോള്‍ ചന്ദ്ര സൂര്യയെ അവിടെയെങ്ങാനും കാണുന്നുണ്ടോയെന്ന് നോക്കും. ഒരു ദിവസം ചന്ദ്ര ചന്തയില്‍ നിന്ന് മടങ്ങുമ്പോള്‍ വഴിവക്കില്‍ ഒരാള്‍ ഇരിക്കുന്നു.
കീറിപ്പറിഞ്ഞ് മുഷിഞ്ഞ വേഷം കണ്ടാല്‍ ഒരു ഭ്രാന്തനെപ്പോലെയുണ്ട്. ശ്രദ്ധിക്കുമ്പോള്‍ ഭ്രാന്തന്റെ നെറ്റിയില്‍ കറുത്ത അടയാളം. ചന്ദ്രക്ക് സന്തോഷവും സങ്കടവും ഒപ്പം വന്നു. അയാള്‍ തന്റെ സഹോദരനായ സൂര്യയാണെന്ന് മനസ്സിലായി. എന്താണ് സൂര്യ ഇങ്ങനെ പ്രാകൃതവേഷമായിപ്പോയത്. വരൂ വീട്ടിലേക്കു പോകാം. അവിടെ സുഖമായി താമസിക്കാം.
ചന്ദ്ര സൂര്യയേയും കൂട്ടി വീട്ടില്‍ വന്നു. നല്ല ഭക്ഷണവും വസ്ത്രവും നല്‍കിയിട്ട് പറഞ്ഞു. സൂര്യാ അച്ഛന്‍ മരിച്ചപ്പോള്‍ എനിക്ക് പത്ത് പശുക്കളെ തന്നിരുന്നു. അവയെ മുഴുവന്‍ ഞാന്‍ വളര്‍ത്തികൊണ്ടുവന്നു. പക്ഷെ അതില്‍ അഞ്ചെണ്ണം സൂര്യയെ ഏല്‍പ്പിക്കാന്‍ വേണ്ടി പ്ര ത്യേകം പറഞ്ഞിരുന്നതാണ്. അതുകൊണ്ട് അഞ്ചു പശുക്കള്‍ സൂര്യക്ക് അവകാശപ്പെട്ടതാണ്. സൂര്യ സമ്മതിച്ചു അന്നു രാത്രി സഹോദരന്മാര്‍ സന്തോഷമായി ഉറങ്ങി. പിറ്റേന്ന് ചന്ദ്ര സൂര്യയെ തിരക്കിയപ്പോള്‍ കിടന്നിരുന്ന മുറിയില്‍ സൂര്യയില്ല. മാത്രമല്ല തൊഴുത്തില്‍ അഞ്ചു പശുക്കളുമില്ല. എന്തിനാണ് സൂര്യ രാത്രിയില്‍ രഹസ്യമായി പൊയ്ക്കളഞ്ഞതെന്ന് എത്ര ആലോചിച്ചിട്ടും ചന്ദ്രയ്ക്ക് പിടികിട്ടിയില്ല. ഒടുവില്‍ സമാധാനിച്ചു.
ആ അഞ്ചെണ്ണം സൂര്യക്ക് അവകാശപ്പെട്ടതുതന്നെയാണെല്ലോ. പക്ഷെ രാത്രി ഒളിച്ചു കടത്തി കൊണ്ടുപോയതെന്തിന്. അഞ്ചെണ്ണം സ്വന്തമായി എടുത്തു കൊള്ളാന്‍ പറഞ്ഞിരുന്നതാണല്ലോ. ചന്ദ്രക്ക് പലവിധ സംശയങ്ങളുമുണ്ടായി. എന്നാലും അയാള്‍ക്ക് സമാധാനമായിരുന്നു. അച്ഛന്‍ പറഞ്ഞതുപോലെ ചെയ്യാന്‍ കഴിഞ്ഞല്ലൊ?
കുറെക്കാലം കൂടികഴിഞ്ഞപ്പോള്‍ ഒരു കാര്‍ ചന്ദ്രയുടെ വീട്ടു പടിക്കല്‍ വന്നുനിന്നു. അതില്‍ നിന്ന് സുമുഖനായ ഒരാള്‍ ഇറങ്ങി. വീടിനുമുന്നില്‍ നിന്നിരുന്ന ചന്ദ്രക്ക് എന്തു ചെയ്യണമെന്നറിയാത്ത ഒരവസ്ഥ.
കാരണം കാറില്‍ നിന്നിറങ്ങിയ ആളുടെ നെറ്റിയില്‍ കറുത്ത പാടുണ്ടായിരുന്നു. ചന്ദ്ര വല്ലാതെ ഭയപ്പെട്ടു. കാരണം കറുത്ത പാട് നെറ്റിയില്‍ കണ്ട ഭ്രാന്തനെ വീട്ടില്‍ വിളിച്ചു വരുത്തി സല്‍ക്കരിച്ചപ്പോള്‍ അയാള്‍ പശുക്കളേയും കൊണ്ട് രാത്രിയില്‍ കടന്നു കളഞ്ഞതല്ലെ. യഥാര്‍ത്ഥത്തില്‍ സൂര്യയ്ക്ക് അവകാശപ്പെട്ട അഞ്ച് പശുക്കളെ നഷ്ടപ്പെട്ടു. ഇപ്പോള്‍ ഇതാ യഥാര്‍ത്ഥ സൂര്യ വന്നിരിക്കുന്നു. ഇനി എന്തു പറയും എന്നായിരുന്നു ചന്ദ്രയുടെ ആലോചന.
ചന്ദ്രയുടെ അടുത്തേക്കു നടന്നുവന്ന സൂര്യ ചോദിച്ചു. ചന്ദ്രാ എന്നെ മനസ്സിലായില്ലെ? ഞാന്‍ തന്നെയാണ് സൂര്യ. വീട്ടില്‍ സല്‍ക്കരിച്ചിരുത്തിയശേഷം ചന്ദ്ര എനിക്ക് പറ്റിയ അബദ്ധമെല്ലാം പറഞ്ഞു. അതുകൊണ്ടു നഷ്ടപ്പെട്ട അഞ്ച് പശുക്കള്‍ക്ക് പകരം അഞ്ച് പശുക്കളെ എടുത്തു കൊള്ളാന്‍ ചന്ദ്ര പറഞ്ഞു.
ഇതു കേട്ട സൂര്യ പൊട്ടിചിരിച്ചു. ചന്ദ്ര അന്നു ഭ്രാന്തന്റെ വേഷത്തില്‍ വന്നതും ഞാന്‍ തന്നെയാണ് ഈ സത്യസന്ധതയില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. അതുകൊണ്ട് ചന്ദ്രാ എന്റെ കൂടെ പട്ടണത്തിലേക്ക് പോരൂ. അവിടെ എനിക്ക് വേണ്ടത്ര സ്വത്തും ധനവും എല്ലാ ഉണ്ട്. നമുക്കൊരുമിച്ച് സുഖമായി ജീവിക്കാം. മാത്രമല്ല അഞ്ച് പശുക്കള്‍ അവിടെത്തന്നെയുണ്ട്. ചന്ദ്രക്ക് പട്ടണത്തില്‍ ഒരു ഡയറി തുടങ്ങിയാല്‍ നല്ല ബിസ്സിനസ്സ് ഉണ്ടാകും. അതുകൊണ്ട് പട്ടണത്തിലേക്ക് ഇന്നു തന്നെ പുറപ്പെടാം. ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് ദൈവം നല്ലതുകൊടുക്കും. അവര്‍ക്ക് എക്കാലവും സന്തോഷിക്കാം.