വനം വകുപ്പിന്റെ താമസസൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്കുകൂടി ലഭ്യമാക്കുന്ന കാര്യം പരിഗണിക്കും: വനം വകുപ്പ് മന്ത്രി

45
0

ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവുകളടക്കമുള്ള വനംവകുപ്പിന്റെ താമസ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്കു കൂടി ലഭ്യമാക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. സഞ്ചാരികള്‍ക്ക് വനത്തിന്റെ ഭംഗി ആസ്വദിക്കുന്നതിന് പര്യാപ്തമാകുന്ന വിധത്തില്‍ ഇക്കോ ടൂറിസം സെന്ററുകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുമെന്നും പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള ഇക്കോ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പ് ആസ്ഥാനത്തെ സ്‌ട്രോംഗ് റൂമിന്റെയും സംസ്ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകളില്‍ പോയന്റ് ഓഫ് സെയില്‍സ് മെഷീനുകള്‍ നടപ്പിലാക്കുന്നതിന്റെയും ഉദ്ഘാടന ചടങ്ങില്‍ ഓണ്‍ ലൈനായി സംസാരിക്കുകയായിരുന്നു മന്ത്രി.
പരിസ്ഥിതി സൗഹൃദ ഇക്കോ ടൂറിസത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കണമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന ഗതാഗത വകുപ്പ് മന്ത്രി അഡ്വ ആന്റണി രാജു പറഞ്ഞു.കാലാവസ്ഥാ വൃതിയാനത്തിലെ വെല്ലുവിളികളെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കണം. പ്രകൃതിയെ ദുര്‍ബലപ്പെടുത്താതെയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വനംവകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്‌ട്രോംഗ് റൂമിന്റെയും ഇക്കോ ടൂറിസം സെന്ററുകളില്‍ പി ഒ എസ് മെഷിനൂകള്‍ നടപ്പിലാക്കുന്നതിന്റെയും ഉദ്ഘാടനം ഗതാഗതവകുപ്പ് മന്ത്രി നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ 35 ഇക്കോ ടൂറിസം സെന്ററുകളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹായത്തോടെ പി ഒ എസ് മെഷീനുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ക്കാണ് തുടക്കമായത്. നിലവില്‍ 73 പോയന്റ് ഓഫ് സെയില്‍സ് മെഷീനുകള്‍ ഇക്കോ ടൂറിസം സെന്ററുകളിലും ഇക്കോ ഷോപ്പുകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. മെഷീന്‍ സ്ഥാപിക്കുന്നതോടുകൂടി ടിക്കറ്റ് കൗണ്ടറുകളിലും സെയില്‍സ് ഔട്ട് ലെറ്റുകളിലും ക്രഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍, യു പി ഐ എന്നിവ മുഖാന്തിരം തുക ഡിജിറ്റലായി നല്‍കാവുന്നതാണ്.
ആര്‍ ബി ഐ നിഷ്‌കര്‍ഷിച്ചിരിക്കുന്ന മാനഡണ്ഢങ്ങള്‍ പാലിച്ച് തയ്യാറാക്കിയിരിക്കുന്ന പുതിയ സ്‌ട്രോഗ് റൂമില്‍ ആനക്കൊമ്പുകള്‍, ചന്ദനം, ചന്ദനത്തൈലം, വനംവകുപ്പിന്റെ വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ സൂക്ഷിക്കും. ഫയര്‍ അലാം സിസ്റ്റം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിസിടിവി ക്യാമറകള്‍ അവ നിരീക്ഷിക്കുന്നതിനായുള്ള കണ്‍ട്രോള്‍ റൂം എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
ചടങ്ങില്‍ മുഖ്യ വനം മേധാവി പി കെ കേശവന്‍ സ്വാഗതവും എപിസിസിഎഫ് (ഭരണം) ഡോ പി പുകഴേന്തി കൃതജ്ഞതയുമര്‍പ്പിച്ചു. പിസിസിഎഫുമാരായ നോയല്‍ തോമസ്, ഡി ജയപ്രസാദ് എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ്, എപിസിസിഎഫ്മാരായ ഇ പ്രദീപ്കുമാര്‍,രാജേഷ് രവീന്ദ്രന്‍, പ്രമോദ് കൃഷ്ണന്‍, ഡിസിഎഫ് ബി.എന്‍.നാഗരാജ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രതിനിധികളായ സഞ്ജയ് സിന്‍ഹ, ജോളി സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.