രാഷ്ട്രീയാധിനിവേശങ്ങളുടെ ആദം

121
0

ഡോ.പി.ശിവപ്രസാദ്


കഥപറച്ചില്‍ നിരന്തരം അലട്ടുന്ന പ്രശ്‌നമായി അനുഭവപ്പെടാത്ത കാഥികന്മാര്‍ ഒരുതരത്തില്‍ ഭാഗ്യവാന്മാരാണ്. അവര്‍ക്ക് പരീക്ഷണത്തിന്റെ ഭൂതകാലത്തെ ഭയക്കേണ്ടതില്ല. പരിവര്‍ത്തനവിധേയമായ വര്‍ത്തമാനത്തിലേക്ക് എത്തിനോക്കേണ്ടതില്ല. കഥയെഴുത്തിന്റെ പിന്നില്‍ നീണ്ടുകിടക്കുന്ന ചരിത്രത്തെക്കുറിച്ചുള്ള സമ്പൂര്‍ണ്ണമായ അജ്ഞത മറ്റൊരുതരത്തില്‍ കഥാകാരന്റെ ഒളിയിടമാണ്. തങ്ങള്‍ക്ക് പ്രധാനമെന്ന് തോന്നുന്ന ആശയങ്ങളോ സംഭവങ്ങളോ ചേര്‍ത്ത് കഥയുടെ ചതുരവടിവില്‍ അ വതരിപ്പിച്ച് തൃപ്തിയടയുകയെന്നതൊഴിച്ചുനി ര്‍ത്തിയാല്‍ അവരെ സംബന്ധിച്ച് എഴുത്തനുഭവം തങ്ങളുടെ പ്ര തിഭയുടെ പ്രതിസന്ധിയായി ഒരിക്കലും മാറുന്നില്ല. എന്നാല്‍ മറ്റുചിലരുണ്ട്. അവര്‍ക്ക് കഥപറച്ചില്‍ അനായാസമായ പ്രവര്‍ത്തിയല്ല. സമീപഭൂതകാലംവരെയുള്ള പ്രതിഭിന്നവിചിത്രമായ കഥയെഴുത്തുരീതികള്‍ അവരുടെ ബോധത്തില്‍ ക നം തൂങ്ങിനില്‍ക്കും. വിഷയം മനസ്സില്‍ രൂപം കൊള്ളുന്നതു മുതല്‍ ഓരോ ഘട്ടത്തിലും അതിന്റെ ആവിഷ്‌കരണ സാധ്യതകള്‍ വലിയൊരു ഭാരമായി അവരുടെയുള്ളില്‍ നിറയും. പരീക്ഷണത്തിന്റെ പതിവുമാര്‍ഗ്ഗങ്ങളില്‍ നിരാശയുടെ മെഴുകുതിരികള്‍ കത്തിച്ചുവെക്കാന്‍ അവര്‍ നിര്‍ബന്ധിതരാവും. സ്വയം നവീകരണത്തിന്റെ തുരുത്തുകളിലേക്ക് അടുക്കുന്തോറും ചിരപരിചിതമായ വാക്കുകളും പ്രയോഗങ്ങളും കൊണ്ട് കഥയും കഥാപാത്രങ്ങളും അവരെ അലോസരപ്പെടുത്തും. മലയാളത്തിലെ പുതിയ കഥാകൃത്തുക്കളില്‍ ചിലരെങ്കിലും ഇത്തരമൊരു പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടുണ്ടെന്ന് അവരുടെ കഥകള്‍ സാക്ഷിപറയും. അതേസമയം, മുത്തശ്ശിക്കഥകളിലാണ് ഏറ്റവും വലിയ സങ്കീര്‍ണ്ണതകളുള്ളതെന്ന് ഉറച്ച് വിശ്വസിച്ച് എഴുത്തുപ്രക്രിയയെ അതിലാഘവത്തോടെ നേരിടുന്ന ഒരാള്‍ ഇവരുടെ കൂട്ടത്തിലുണ്ട്- എസ്. ഹരീഷ്
അതിലാഘവത്വം ആഖ്യാനത്തിന്റെ തൊടുകുറിയാക്കുമ്പോഴും ഹരീഷിന് പറയാനുള്ളത് നിസ്സാരമായ സംഗതികളാണെന്ന് ധരിച്ചുപോവരുത്. ആദമെന്ന സമാഹാരത്തിലെ കഥകളിലൂടെ കടന്നു പോവുമ്പോള്‍ നമുക്ക് ഇക്കാര്യം ബോധ്യപ്പെടും. നാടോടിക്കഥയുടെ ഘടനയ്ക്കകത്തുനിന്നുകൊ ണ്ട്, വിമുക്തഭടന്‍ എന്‍.കെ. കുറുപ്പ് മംഗലാപുരത്തുനിന്നും കൊണ്ടുവന്ന വിശേഷപ്പെട്ട പട്ടിയുടെ കുടുംബകഥയായി വേണമെങ്കില്‍ ആദത്തെ വായിക്കാം. എന്നാല്‍ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്ന നല്ല വായനക്കാരനെ പ്രസ്തുത കഥ അന്വേഷണത്തിന്റെ ജാഗ്രതയിലേക്ക് പെട്ടന്നുതന്നെ വലിച്ചിടും. കഥയുടെ തുടക്കവും ഒടുക്കവും അയാളെ സഭവങ്ങളുടെ വിപരീതദിശകളിലേക്ക് നയിക്കും. കഥാവസാനം കുറുപ്പിന്റെ മകന്‍ അഖിലേഷ് വായിക്കുന്ന പത്രവാര്‍ത്തയില്‍നിന്നും അയാള്‍ വസ്തുതകളെ തലതിരിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കും. അപ്പോള്‍ കുറുപ്പിന്റെ വിശേഷപ്പെട്ട പട്ടിയുടെ കുടുബകഥയ്ക്കകത്തു നിന്നും ഇരുപതാം നൂറ്റാണ്ടില്‍ കേരളവും ഇന്ത്യയുമുള്‍പ്പെടെ ലോകത്തിന്റെ ഭൂ രിഭാഗം സ്ഥലങ്ങളെയും ഗ്രസിച്ച സ്വേ ച്ഛാധിപത്യത്തിന്റെ അലര്‍ച്ചകള്‍ അ യാള്‍ക്ക് കേള്‍ക്കാന്‍ സാധിക്കും. സോവിയറ്റ് യൂനിയനിലും ഇറ്റലിയിലും ജര്‍മ്മിനിയിലും കൂണുപോലെ മുളച്ചുപൊന്തിയ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍നിന്നും ശ്വാസം കി ട്ടാതെ പിടഞ്ഞു മരിച്ച ലക്ഷക്കണക്കി ന് നിരപരാധികളുടെ തേങ്ങലുകള്‍ ആദമെന്ന കഥയുടെ പിന്നാമ്പുറത്തുനിന്നും ഉയരുന്നുണ്ട്. കോളനിവല്‍ക്കരണത്തിനുവേണ്ടി യൂറോപ്യന്മാര്‍ നടത്തിയ യാത്രയില്‍ പ്രസിദ്ധമായ ഫിലിപ്പൈന്‍സ്സിനെക്കുറിച്ചുള്ള പ്രത്യക്ഷമായ സൂചന കഥയിലുണ്ട്. മഗല്ലന്‍ തന്റെ യാത്ര പൂര്‍ത്തിയാക്കുംമുമ്പ് മരണമടഞ്ഞത് ഫിലിപ്പെന്‍സിലാണ്. സ്‌പെയിനിന്റെയും അമേരിക്കയുടെയും ജപ്പാന്റെയും നിരന്തരമായ അധിനിവേശംകൊണ്ട് പൊറുതിമുട്ടിയ ഫിലിപ്പെന്‍സ് ജനത കോളനിവല്‍കരണത്തിന്റെ ഏറ്റവും വലിയ രക്തസാക്ഷികളാണ്. ഫിലിപ്പെന്‍സ്സില്‍നിന്നും പോളിമാത്യൂ കൊണ്ടുവന്നതാണ് ബെല്‍ജിയന്‍ മാലിനോയ്‌സ് വര്‍ഗ്ഗത്തില്‍പെട്ട നൂറ് എന്ന നായ. അവളുടെ ഒരേയൊരു സഹോദരനെ അ മേരിക്കയിലേക്കും കൊണ്ടുപോവുന്നു. അമേരിക്കന്‍ വാര്‍ഡോഗുകളില്‍ ഏറ്റവും വീര്യവും ആക്രമസ്വഭാവവുമുള്ള ബെല്‍ജിയന്‍ മാലിനോയിസ്സ് സാമ്രാജ്യത്വത്തിന്റെ ഭീമരൂപകമായി കഥയുടെ കേന്ദ്രസ്ഥാനത്തുണ്ട്. പോളീമാത്യുവില്‍ നിന്നാണ് നൂറിനെ എന്‍.കെ. കുറുപ്പിന് ലഭിക്കുന്നത്. തന്റെ വിശേഷപ്പെട്ട പട്ടിക്കുഞ്ഞുമായി കുറുപ്പ് കാറില്‍ വേഗത്തില്‍ വീട്ടിലേക്ക് വരുന്നിടത്ത് കഥ തുടങ്ങുന്നു. കുറുപ്പും പട്ടിയും ഏകാധിപത്യ ത്തിന്റെ ചരിത്രത്തില്‍ ഭാഗവാക്കാവുന്നത് കഥയില്‍ സൂചിപ്പിച്ച വര്‍ഷത്തില്‍നിന്നാണ്. 1970 കളിലാണ് കുറുപ്പ് പട്ടിയുമായി വരുന്നത്. ഇന്ത്യയില്‍ ഏകാധിപത്യത്തിന്റെ പ്രച്ഛന്നരൂപമായ അടിയന്തിരാവസ്ഥയിലേക്ക് ഭരണകൂടം വേഗത്തില്‍ നടന്നടുക്കുന്ന സമയമാണിത്. ഫിലിപ്പെന്‍സിലാവട്ടെ ഫെര്‍ഡിനന്റ് മാര്‍ ക്കോസിന്റെ സര്‍വ്വാധിപത്യവും. നൂറി ന് നാലു കുട്ടികളുണ്ടാവുന്നു. ഈ കുട്ടികളുടെ ജിവിതത്തിലുണ്ടാവുന്ന വ്യത്യസ്തമായ അനുഭവങ്ങളുടെ വിശദാംശങ്ങളാണ് പിന്നീട് കഥയിലുള്ളത്. ഒടുവില്‍ കുറുപ്പിന്റെ കാലശേഷം മകന്‍ അഖിലേഷ് നൂറിന്റെ സന്തതിപരമ്പരകളിലൊന്നിനെ വഴിയല്‍നിന്നും എടുത്തുവളര്‍ത്തുന്നു. ബിന്‍ ലാദനെ വധിക്കാന്‍ കെയ്‌റോ എന്ന ബെല്‍ജിയന്‍ മാലിനോയ്‌സും എന്ന പത്രവാര്‍ത്ത വായിച്ച് അത് താന്‍ എടുത്തു വളര്‍ത്തുന്ന നായയുടെ ബന്ധുവാണെന്ന് അയാള്‍ ഉറപ്പിച്ച് പറയുന്നിടത്ത് കഥ അവസാനിക്കുന്നു. സമഗ്രാധിപത്യത്തിന്റെ ബീജം ലോകംമൂഴുവനുമുള്ള എല്ലാ ഭരണാധികരികളുടെ സിരകളിലുമുണ്ടെന്ന ഭീതിതമായ യാഥാര്‍ത്ഥ്യത്തെ എത്ര ലാഘവത്വത്തോടെയാണ് ഹരീഷ് ഈ കഥയില്‍ സ്ഥാപിക്കുന്നത്! യഥാര്‍ത്ഥത്തില്‍ ഒരു ബൃഹത്‌നോവലിലൂടെ മാത്രം അവതരിപ്പിക്കാന്‍ സാധിക്കുന്ന ലോകചരിത്രത്തിലെ വളരെ നിര്‍ണ്ണായകമായ രാഷ്ട്രീയ സമസ്യയെ അസാധരണമായ കൈയ്യൊതുക്കത്തോടെയാണ് ഹരീഷ് ഇവിടെ ചെറുകഥയുടെ ചിമിഴിലൊതുക്കുന്നത്. സ്റ്റാലിന്‍ യുഗത്തില്‍ സോവിയറ്റ് യൂനിയന്‍ ജനത അനുഭവിച്ച നിസ്സാഹയതയുടെ ആഴം സോള്‍ ഷെനിത്സന്റെ ദി ഫസ്റ്റ് സര്‍ക്കിളി’ലൂടെ കടന്നുപോവുമ്പോള്‍ നാം മനസ്സിലാക്കുന്നു. നാസി ഭൂതകാലത്തെക്കുറിച്ച് ജര്‍മ്മന്‍ മനസ്സാക്ഷി സൂക്ഷിക്കുന്ന ഭയം മിലന്‍ കുന്ദേരയുടെ ടിന്‍ഡ്രം’ വായിക്കുമ്പോള്‍ നാം തിരിച്ചറിയുന്നു. ഇതുപോലെ അടിയന്തരാവസ്ഥയുടെ ഇരുണ്ട പശ്ചാത്തലം പേറുന്ന നമ്മുടെ ബോധത്തെ ആദം’തീര്‍ച്ചയായും പൊളളലേല്‍പ്പിക്കേണ്ടതാണ്. വേട്ടനായ്ക്കളും നന്ദിയുള്ള നായ്ക്കളും ഇന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരാണ്. അധികാരത്തിന്റെ ധാര്‍ഷ്ഠ്യവും അതില്‍നിന്നുണ്ടാവുന്ന ഹിംസാരതിയും ഒരുഭാഗത്തും, അടിമത്തത്തിന്റെ നിസ്സഹായാവസ്ഥയും അതി ല്‍നിന്നുണ്ടാവുന്ന വിധേയത്വവും വേദനകളും മറുഭാഗത്തും നിര്‍ത്തി ആമയും മുയലും പന്തയംവെച്ച നാടോടിക്കഥയുടെ സരളതയില്‍(കഥാകൃത്തിന്റെ കാഴ്ചപ്പാടില്‍ സങ്കീര്‍ണ്ണതയില്‍) ഹരീഷ് കഥ പറയുന്നു.
ഇതിനേക്കാള്‍ കളിമട്ടിലാണ് ‘മാവോയിസ്റ്റെന്ന കഥയില്‍ ഹരീഷിന്റെ പരിചരണം. ആദ ത്തില്‍ പട്ടികളാണെങ്കില്‍ മാ വോയിസ്റ്റില്‍ എരുമയും പോ ത്തുമാണുള്ളത.് രണ്ട് അറവുമാടുകളുടെ കയറുപൊട്ടിക്കലില്‍ നിന്നാരംഭിക്കുന്ന ഈ കഥ എഴുപതുകളിലെ ചുവന്ന ചരിത്രത്തിന്റെ അവശേഷിപ്പുകള്‍ തന്നെയാണ്. കഥയില്‍ പ്രതീകങ്ങള്‍ വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് മാവോയിസ്റ്റിലെ അറവുമാടുകള്‍ എഴുപതുകളിലെ നക്‌സല്‍ സംഘങ്ങളുടെ പ്രതീകങ്ങളാണെന്ന ലളിതമായ നിഗമനത്തില്‍ പെട്ടെന്ന് എത്തിച്ചേരാം. കാളവര്‍ക്കി അധികാരത്തിന്റെയും മാടുകളെ തിരയാന്‍ കാളവര്‍ക്കിയെ സഹായിക്കുന്നവര്‍ അധികാരത്തിന്റെ അപ്പക്കഷ്ണം നുണയുന്നവരുടെയും പ്രതീകങ്ങളാണെന്ന് അവര്‍ ഉടന്‍ തീരുമാനിക്കും. ഇതിലൊന്നും ഭാഗമാവാതെ സംഭവങ്ങളെ തമാശമട്ടില്‍ നോക്കിനില്‍ക്കുന്ന നാട്ടുകാര്‍ മധ്യവര്‍ഗത്തിന്റെ പ്രതിനിധികളായി അവരുടെ വായനയില്‍ തെളിയും. ഇത്തരം വായന ‘മാവോയിസ്റ്റ് ‘എന്ന കഥ അര്‍ഹിക്കുന്നില്ലെന്നല്ല പറഞ്ഞുവരുന്നത്. തീര്‍ച്ചയായും നിഗമനങ്ങളിലേക്കുള്ള എടുത്തുചാട്ടം മാറ്റി നിര്‍ത്തിയാല്‍ പ്രസ്തുത കഥ എഴുപതുകളിലെ സായുധകലാപത്തിന്റെ ചരിത്രപരമായ മണ്ടത്തരത്തിലേക്കുതന്നെയാണ് ഉന്നംവെക്കുന്നത്. എന്നാല്‍ പ്രതീകങ്ങള്‍ ക്കും പ്രതിനിധാനങ്ങള്‍ക്കും അപ്പുറത്ത് മറഞ്ഞുനില്‍ക്കുന്ന, ഹരീഷിന്റെ തൂലിക ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന്റെ അര്‍ത്ഥസാധ്യതകളിലാണ് നല്ല വായനക്കാരന്റെ ശ്രദ്ധ പതിയേണ്ടത് എന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. പ്രാണന്‍ കൈയ്യിലെടുത്ത് കിതച്ചോടുന്ന മാടുകളെ യും പ്രാണന്‍പോയാലും മാടുകളുടെ കഥകഴിക്കാന്‍ നിശ്ചയിച്ചുറപ്പിച്ച മനുഷ്യരെയും മുഖാമു ഖം നിര്‍ത്തി ഹരീഷ് ചിരിക്കുന്ന ആ ചിരിയില്‍ കേവലമായ സായുധസമരത്തിന്റെ പൊള്ളത്തരങ്ങള്‍ മാത്രമല്ല ഉളളത്. മനുഷ്യവംശത്തിന്റെ ഇന്നേവരെയുള്ള ചരിത്രത്തില്‍ അവന്‍ വെട്ടിപ്പിടിച്ചെന്ന് അഹങ്കരിക്കുന്ന സര്‍വ്വതിന്റെയും അടിത്തറയിളക്കാന്‍ പോന്ന ഒന്ന് ആ ചിരിയിലുണ്ട്.
ഹിംസയിലൂടെ മനുഷ്യന്‍ കൈയടക്കിയ ചരിത്രത്തെ നിര്‍ ദ്ദാക്ഷിണ്യത്തോടെ ആക്രമിക്കാന്‍ ഹരീഷ് നടത്തുന്ന ശ്രമങ്ങള്‍ക്ക് മുന്‍ മാതൃകയുണ്ടെങ്കില്‍ അത് ഫ്രാന്‍സ് കാഫ്കയായിരിക്കും. കാഫ്ക മാനവചരിത്രത്തിന് നല്‍കിയ അസ്വാ സ്ഥ്യത്തെ നേരിയ അളവിലെങ്കിലും തന്റെ പ്രതിഭയുടെ ഭാഗമാക്കാന്‍ ഹരീഷ് ശ്രമിച്ചിട്ടുണ്ട്. ഹരീഷിന്റെ കഥകളില്‍ ആവര്‍ത്തിച്ചു കടന്നുവരുന്ന ഹിംസാവാസനയുടെ കാരണമന്വേഷിച്ച് പോവുന്ന ഒരാള്‍ തീര്‍ച്ചയായും കാഫ്കയുടെ പീനല്‍ കോളനിയിലെത്തിച്ചേരും. അമ്മയുടെ നിര്‍ദ്ദേശാനുസരണം പ്രസവിച്ചയുടനെയുള്ള ഏഴ് പട്ടിക്കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചിട്ട് തള്ളപ്പട്ടിക്ക് മീന്‍കറിയൊഴിച്ച് ചോറുകൊടുക്കുന്ന മകനെ നിര്യാതരായി’എന്ന കഥയില്‍ ഹരീഷ് വളരെ നിസ്സാരമെന്നവണ്ണം അവതരിപ്പിക്കുന്നുണ്ട്. അമ്മയെക്കുറിച്ചുള്ള വിശുദ്ധസങ്കല്‍പ്പത്തെ തകര്‍ക്കുന്നതിലൂടെ മനുഷ്യവംശത്തിന്റെ ചരിത്രത്തെത്തന്നെയാണ് കഥാകാരന്‍ ഇവിടെ പരിഹസിക്കുന്നത്. ചെമ്പുചട്ടിയിലിട്ട് ആമയെ പുഴുങ്ങുന്ന വിവരണം നമ്മുടെ സ്വാസ്ഥ്യം കെടുത്തുന്ന ഹിംസയുടെ രൂപംതന്നെ. ആദമെന്ന പട്ടിയോട് കുട്ടായി കാണിക്കുന്നതും തടവുകാരോട് വിക്ടര്‍ എന്ന പട്ടി കാണിക്കുന്നതും ഹിംസയുടെ മാരകപ്രയോഗങ്ങളാണ്. ‘വേട്ടക്കൊരുമകനെന്ന കഥയിലെ അസിസ്റ്റന്റ് മാനേജര്‍ ദിലീപന്റെ ഹിംസാവാസന ആധുനികമനുഷ്യന്റെയുള്ളിലുള്ള പ്രാകൃതനെ തുറന്നുകാട്ടുന്നുണ്ട്. വെടിയിറച്ചിയില്‍ കമ്പമുള്ള ഈ കഥാപാത്രത്തിന് പശുവിന്റെ ജീവന് പകരം തന്റെ ജീവന്‍ ദാനം ചെയ്യാന്‍ തുനിഞ്ഞ സൂര്യവംശരാജാവിന്റെ പേര് തന്നെ കൊടുത്ത് കഥാകാരന്‍ ചിരിക്കുന്നു. ‘മാവോയിസ്റ്റിലെ അറവിന്റെ വിവരണം നോക്കുക. എത്ര ലാഘവത്തോടെയാണ് ക്രൂരതകളെ ഈ കഥാകാരന്‍ കൈകാര്യം ചെയ്യുന്നത്!’ക്രൂരതേ നീതാനത്രേ ശ്വാശ്വതസത്യം’ എന്ന് ഇടശ്ശേരി പറഞ്ഞതുപോലെ ഹരീഷിന്റെ കഥകളെല്ലാം ക്രൂരതകളുടെ നേരെ എറിയപ്പെട്ട പൂജാപുഷ്പങ്ങളാവുന്നത് എന്തുകൊണ്ടാവാം?
ഹരീഷിന്റെ കഥകളിലൂടെ കടന്നുപോവുമ്പോള്‍ നാം ആദ്യം ശ്രദ്ധിക്കുന്നത് ആയാസരഹിതമായ അദ്ദേഹത്തിന്റെ കഥപറച്ചിലാണ്. ഏറ്റവും അടുത്ത കൂട്ടുകാര്‍ ഏറെക്കാലത്തിനുശേഷം ഒത്തുകൂടുമ്പോള്‍ അതില്‍ പൊടിപ്പും തൊങ്ങലും വെച്ച് കഥപറയാന്‍ കഴിവുള്ള ഒരാള്‍ രസകരമായി തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നതുപോലെ ഹരീഷിന്റെ കഥകള്‍ നമുക്ക് കേട്ടിരിക്കാം. അതില്‍, കൂട്ടുകാരന്റെ സാഹസികതകള്‍ അറിയാനുള്ള കൗതുകമുണ്ട്. പരദൂഷണം കേള്‍ക്കാനുള്ള ആഗ്രഹമുണ്ട്. നേരംപോക്കിനുള്ള സാധ്യതയുണ്ട്. ചപ്പാത്തിലെ കൊലപാതകം’എന്ന കഥയില്‍ ഒരു കൊലപാതകത്തിന്റെ നേ രിയ സൂചനയേയുള്ളു. അതാവട്ടെ പണ്ടെന്നോ നടന്നതാണ്. മാടന്‍തമ്പിയുടെ അപ്പനെ അയാളുടെ അമ്മാവന്‍മാര്‍ തല്ലിക്കൊന്നതാണത്. കൂ ടാതെ കഥയില്‍ രണ്ട് മരണങ്ങളും കടന്നുവരുന്നു. തമ്പിയുടെ അമ്മയുടെയും കുട്ടപ്പനാശാരിയുടെയും. കഥാവസാനം ചപ്പാത്തില്‍ ഒരു കൊലപാതകശ്രമം നടക്കുന്നുണെങ്കിലും അത് മരണത്തില്‍ കലാശിക്കുന്നില്ല. വഴക്ക്,ആക്രമണം,കൊലപാതകം, മരണം എന്നിങ്ങനെ വളരെ സീരിയസ്സായ വിഷയങ്ങള്‍തന്നെയാണ് ഹരീഷ് അവതരിപ്പിക്കുന്നത്. എ ന്നാല്‍ ഏറ്റവുമടുത്ത കൂട്ടുകാരന്‍ സൗഹൃദസദസ്സില്‍ നര്‍മ്മമധുരമായി അവതരിപ്പിക്കുന്ന കെട്ടുകഥകളേക്കാള്‍ ലാഘവത്തോടെയാണ് ഹരീഷ് കഥപറയുന്നത്. യാഥാര്‍ത്ഥ്യത്തിന് ഇങ്ങനെയും മുഖങ്ങളുണ്ടെന്ന് വായനക്കാര്‍ തിരിച്ചറിയും. ഒരു സുപ്രഭാതത്തില്‍ മര്യാദാരാമനായിമാറിയ മാടന്‍തമ്പിയെന്ന റൗഡിയെക്കുറിച്ചുള്ള വിചിത്രമായ കഥകള്‍ രണ്ട് കൂട്ടുകാര്‍ തമ്മില്‍ പറഞ്ഞു ചിരിക്കുമ്പോള്‍ നമ്മളും അതില്‍ പങ്കാളിയാവും. അതിനിടയില്‍ ചപ്പാത്തില്‍ വീണ് മരിച്ച കുട്ടപ്പനാശാരിയും അളിയന്മാര്‍ തല്ലിക്കൊന്ന തമ്പിയുടെ അപ്പനും കോമാളിവേഷങ്ങളായി നമുക്കുചുറ്റും വന്നിരുന്ന് കഥകേള്‍ക്കും. കഥ മുന്നോട്ടുപോവുന്തോറും കഥ പറയുന്ന കൂട്ടുകാര്‍ വായനക്കാരുടെയും കൂട്ടുകാരാവും. ഒടുവില്‍ നിസ്സാരമായ ഒരു തര്‍ക്കത്തിന്റെ പേരില്‍ ചപ്പാത്തില്‍ കിടന്ന് അവര്‍ വഴക്കിടുകയും അതിനിടയിലൊരാള്‍ അടുത്തയാളുടെ തലയ്ക്കടിച്ച് മൃതപ്രായനാക്കിയശേഷം ഓടിപ്പോവുകയും ചെയ്യുന്നത് കണ്ട് നാം അന്തിച്ചു നില്‍ക്കും. കാരണം വഴക്കടിക്കുന്നവര്‍ അപ്പോഴേക്കും വായനക്കാരുടെ കൂടി കൂട്ടുകാരായിക്കഴിഞ്ഞിരിക്കുമല്ലോ. മാടന്‍തമ്പി മരിച്ചതിനുശേഷം ചപ്പാത്തിലുണ്ടാവുന്ന ആദ്യത്തെ ക്രൂരകൃത്യത്തിന് വായനക്കാര്‍കൂടി സാക്ഷികളാണെന്ന മട്ടില്‍ അവതരിപ്പിക്കുന്നിടത്താണ് എസ്. ഹരീഷ് യാഥാ ര്‍ത്ഥ്യത്തെ മുഖാമുഖം നിര്‍ത്തുന്നത്.
കൂട്ടുകാര്‍ ഒന്നിച്ചിരിക്കുമ്പോള്‍ അതിലൊരാള്‍ മറ്റുളളവരെ ചിരിപ്പിക്കാനും ഉദ്വേഗഭരിതരാക്കാനും വിസ്മയിപ്പിക്കാനും വേണ്ടി പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അനുഭവവിവരണം നടത്തുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷയാണ് ഹരീഷ് തന്റെ മിക്ക കഥകളിലും ഉപയോഗിക്കുന്നത്. അതിലാഘവത്വം അതിന്റെ കൂടിയ അളവില്‍ ഹരീഷിന്റെ ഭാഷയ്ക്ക് നവോന്മേഷം നല്‍കുന്നു. എന്നാല്‍ ഹരീഷ് പറയുന്ന കഥകളൊന്നും ലഘുവല്ലതാനും. ചപ്പാത്തിലെ കൊലപാതകം വിവരിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷ നോക്കുക, വിജനതയില്‍ കേള്‍വിക്കാരില്ലാതെ അവര്‍ വാക്കേറ്റം തുടര്‍ന്നു. പരസ്പരം തെറിവിളിച്ചു. ഒന്നാമന്റെ ഭാര്യ വിദേശത്ത് വ്യഭിചരിക്കുകയാണെന്നും രണ്ടാമന്റെ പിതാവ് സ്വവര്‍ഗരതിക്കാരനായിരുന്നെന്നും പുലഭ്യം പറഞ്ഞു. അന്യോന്യം ഉത്പാദനശേഷിയില്‍ സംശയം പ്രകടിപ്പിച്ചു.അന്ത്യത്തില്‍ ഒരു വലിയ കല്ലെടുത്ത് ജോണ്‍ എബ്രഹാം സുകുമാരക്കുറുപ്പിന്റെ തലയ്ക്കടിച്ച് മൃതപ്രായനാക്കിയ ശേഷം പകപ്പോടെ ഇരുട്ടിലേക്ക് ഓടിമറഞ്ഞു. വഴക്കും അക്രമവും കൊലപാതകവും അവതരിപ്പിക്കുമ്പോള്‍പോലും കാര്‍ട്ടൂണ്‍സിനിമകളുടെ ഭാഷയാണ് ഹരീഷ് ഉപയോഗിക്കുന്നത്. അതിവൈകാരിക ശീലങ്ങളെ പൂര്‍ണ്ണമായും പുറന്തള്ളാനാണ് അദ്ദേഹം ഈ ഭാഷതന്നെ തെരെഞ്ഞെടുക്കുന്നത്.
ആദമെന്ന സമാഹാരത്തിലെ എല്ലാ കഥകളും ഹരീഷിന്റെ പ്രതിഭയുടെ സ്പര്‍ശം പൂര്‍ണ്ണമായും പതിഞ്ഞവയാണെന്ന് പറയാന്‍ സാധിക്കില്ല. ‘ഒറ്റയും ‘രാത്രികാവലും സാധാരണനിലവിട്ട് ഉയരാത്ത രചനകളാണ്. വിഷയത്തില്‍ പുതുമയില്ലെങ്കിലും പരിചരണരീതിയിലെ പരീക്ഷണത്തില്‍ വിജയിച്ച കഥയാണ് ‘കാവ്യമേള. കൂട്ടത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നത് ‘മാന്ത്രികവാല്‍’ എന്ന കഥയാണ്. ഹരീഷിന് മാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന അന്തരീഷംകൊണ്ടും ഭാഷയിലെ ചില ഇഫക്റ്റുകള്‍കൊണ്ടും ‘മാന്ത്രികവാല്‍’ വായനക്കാരില്‍ കൗതുകമുണര്‍ത്തും. മരണത്തെ പിന്നിലിരുത്തി രതി നടത്തുന്ന സ്വച്ഛന്ദയാത്രയില്‍ തലമുറകളുടെ മനോവ്യതിയാനങ്ങളെ കഥാകാരന്‍ അനാദൃശമായ വഴക്കത്തോടെ പിടിച്ചെടുക്കുന്നു. ഒപ്പം വാനരന്റെ വാലിന് പിന്നില്‍ നീണ്ടുകിടക്കുന്ന രതിമൃതികളുടെ പരിണാമചരിത്രം വായനക്കാരന് കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ചെറുകഥകളുടെ നാട്ടില്‍നിന്നും വരുന്ന പുതിയ വര്‍ത്തമാനങ്ങളെ എസ്. ഹരീഷിന്റെ ‘ആദം’ എന്ന സമാഹാരം വിനീതമായി സ്വാഗതം ചെയ്യുന്നുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.