പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തുടർച്ചയായി മൂന്നാം തവണയാണ് മമത ബംഗാൾ മുഖ്യമന്ത്രി കസേരയിലേക്കെത്തുന്നത്.
രാത്രി ഏഴ് മണിയോടെ മമത ഗവർണർ ജഗ്ദീപ് ധർഖറിനെ സന്ദർശിച്ചു സർക്കാരുണ്ടാക്കാനുള്ള അവകാശവാദം നടത്തുമെന്ന് തൃണമൂൽ വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രിയെ നാളെ വൈകീട്ട് രാജ്ഭവനിലേക്ക് വിളിക്കുമെന്ന് ഗവർണർ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ട്വീറ്റ് ചെയ്തിരുന്നു.
നന്ദിഗ്രാമിൽ പരാജയപ്പെട്ടെങ്കിലും മമത തന്നെയാകും മുഖ്യമന്ത്രിയെന്നാണ് തൃണമൂൽ കോൺഗ്രസ് തീരുമാനം.
മുഖ്യമന്ത്രിയാവുകയാണെങ്കിൽ ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തി മമതക് വിജയിക്കേണ്ടിവരും.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ നിയമസഭാ പാർട്ടി നേതാവായി മമതാ ബാനർജിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തതായി പാർട്ടി സെക്രട്ടറി ജനറൽ പാർത്ഥ ചാറ്റർജി പറഞ്ഞു.
സ്പീക്കർ ബിമൻ ബാർജിയെ പ്രോടേംസ്പീക്കറായും നിയുക്ത എംഎൽഎമാർ തിരഞ്ഞെടുത്തിട്ടുണ്ട്. പുതുതായി തിരഞ്ഞെടുത്ത അംഗങ്ങൾ വ്യാഴാഴ്ച നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യും.
ബിജെപി ഉയർത്തിയ ഭീഷണിയെ മറികടന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 212 സീറ്റുകൾ നേടിയാണ് അധികാരം നിലനിർത്തിയത്. 77 സീറ്റുകൾ നേടിയ ബിജെപി മുഖ്യപ്രതിപക്ഷമാകും. തുടർച്ചയായി രണ്ടാം തവണയാണ് തൃണമൂൽ കോൺഗ്രസിന് നിയമസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നത്.
നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി നടന്നതായി ആരോപിച്ച് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് മമത. 1956 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർഥി സുവേന്ദു അധികാരി വിജയിച്ചത്. മമത ബാനർജി വിജയിച്ചതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമീഷനിൽ നിന്നും വ്യക്തമായ ഉത്തരം ലഭിച്ചില്ല. പിന്നീട് സുവേന്ദു അധികാരിക്ക് 1,10,764 വോട്ടുകളും മമതക്ക് 1,08808 വോട്ടുകളും ലഭിച്ചതായി തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിക്കുകയായിരുന്നു.