പ്രവര്‍ത്തനമികവിന് ‘ബാഡ്ജ് ഓഫ് ഓണര്‍’ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

107
0

വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ബാഡ്ജ് ഓഫ് ഓണര്‍ പുരസ്കാരങ്ങള്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് വിതരണം ചെയ്തു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പുരസ്ക്കാരം നേടിയ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

വിവിധ മേഖലകളില്‍ പ്രവര്‍ത്തനമികവുകാട്ടിയ 286 പോലീസ് ഉദ്യോഗസ്ഥരാണ് 2020 ലെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതികള്‍ക്ക് അര്‍ഹരായത്. സായുധസേനാവിഭാഗത്തിലെ 54 ഉദ്യോഗസ്ഥര്‍ക്ക് കമന്‍റേഷന്‍ ഡിസ്കും സമ്മാനിച്ചു. മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ നിന്ന് 25 പേര്‍ പോലീസ് മേധാവിയുടെ കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റിനും അര്‍ഹരായി.

കുറ്റാന്വേഷണമേഖലയിലെ മികവിന് 138 പേര്‍ക്കും ഇന്‍റലിജന്‍സ് മേഖലയിലെ മികവിന് 22 പേര്‍ക്കും ക്രമസമാധാനപാലനത്തിന് 11 പേര്‍ക്കും പരിശീലനമികവിന് എട്ടു പേര്‍ക്കും ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചു. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ 14 പേരും ആന്‍റിഹ്യൂമന്‍ ട്രാഫിക്കിംഗ് വിഭാഗത്തിലെ നാല് പേരും സോഷ്യല്‍ പൊലീസിങ്, ബറ്റാലിയന്‍ ഭരണം, മോട്ടോര്‍ വെഹിക്കിള്‍ എന്നീ വിഭാഗത്തിലെ 24 പേരും ആദരവിന് അര്‍ഹരായി. ട്രാഫിക് വിഭാഗത്തിലെ ആറ് പേരും വനിതാ പോലീസിലെ രണ്ട് പേരും മൗണ്ടഡ് പോലീസ്, ഡോഗ്സ്ക്വാഡ്, പോലീസ് ബാന്‍റ്, ഓര്‍ക്കസ്ട്ര വിഭാഗങ്ങളിലെ 13 പേര്‍ക്കും ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചു. പോലീസ് അഡ്മിനിസ്ട്രേഷന്‍, ഓഫീസ് അഡ്മിനിസ്ട്രേഷന്‍, ഡാറ്റാ മെയിന്‍റന്‍സ് എന്നീ വിഭാഗങ്ങളില്‍ 26 പേര്‍ പുരസ്കാരത്തിന് അര്‍ഹരായി. ഫോറന്‍സിക് വകുപ്പിലെ മൂന്ന് പേരും ഫിംഗര്‍ പ്രിന്‍റിലെ മൂന്ന് പേരും മറ്റ് വിഭാഗങ്ങളില്‍നിന്ന് 13 പേരും തിരഞ്ഞെടുക്കപ്പെട്ടു.
വിവിധ മേഖലകളിലെ

മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ഐ.ജി ഗോപേഷ് അഗര്‍വാള്‍, ഡി.ഐ.ജി മാരായ കെ.സേതുരാമന്‍, കെ.പി.ഫിലിപ്, എസ്.ശ്യാംസുന്ദര്‍, എ.വി.ജോര്‍ജ്, എസ്.പിമാരായ ആര്‍.നിശാന്തിനി, ടി. നാരായണന്‍, ഹരിശങ്കര്‍, ജയ്ദേവ്. ജി, സുജിത് ദാസ്. എസ്, ശില്‍പ.ഡി, വൈഭവ് സക്സേന, ഐശ്വര്യ ഡോംഗ്രെ, ആനന്ദ്.ആര്‍, വിവേക് കുമാര്‍, അഡീഷണല്‍ എസ്.പിമാരായ രാജന്‍.എന്‍, എസ്.മധുസൂദനന്‍, വി.കെ.അബ്ദുള്‍ ഖാദര്‍ എന്നിവര്‍ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി സ്വീകരിച്ചു.