പ്രതിപക്ഷനേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനം (22.11.2022)

9
0

കോര്‍പ്പറേഷന്‍ കത്ത് വിവാദത്തില്‍ സ്വന്തക്കാരെ രക്ഷിക്കാനുള്ള തത്രപ്പാടിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സി ആയ ക്രൈം ബ്രാഞ്ചിനെ അപഹാസ്യ പ്പെടുത്തിയിരിക്കുകയാണ്. അവര്‍ അന്വേഷിച്ചിട്ടു വാലുംതുമ്പും ഇല്ല. വ്യാജമാണോ യാഥാര്‍ത്ഥമാണോ കത്ത് എന്ന് കണ്ടെത്താന്‍ പറ്റിയിട്ടില്ല. യഥാര്‍ത്ഥ പ്രതിയാവേണ്ട ആനാവൂര്‍ നാഗപ്പനെ ഫോണിലൂടെ ആണ് ക്രൈംബ്രാഞ്ച് മൊഴി എടുത്തത്. കത്ത് പ്രചരിപ്പിച്ച ബ്രാഞ്ച് കമ്മിറ്റി ഏരിയാക്കമ്മിറ്റി നേതാക്കളുടെ ആരുടെയും മൊഴി എടുത്തില്ല. അവിടെ പോയി അന്വേഷിച്ചാല്‍ ഈ കത്തിന്റെ ഉറവിടം കൃത്യമായി പുറത്തു വരുമായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ പ്രതിയാവേണ്ട ആനാവൂര്‍ നാഗപ്പന്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി കേസ് അന്വേഷിക്കുകയാണ്. കേരളത്തിലെ കുറ്റാന്വേഷണ ഏജന്‍സി അന്വേഷിച്ചിട്ടു ഒന്നും കിട്ടാത്തത് ഇപ്പോള്‍ പാര്‍ട്ടി അന്വേഷിക്കുകയാണ്. പാര്‍ട്ടിയാണ് അന്വേഷണ ഏജന്‍സി. പരിതാപകരമായ അവസ്ഥയാണ് കേരളത്തിലേത്. പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി കമ്മ്യൂണിസ്റ്റ്‌വല്‍ക്കരിക്ക പ്പെട്ട പോലീസ് ആണ് കേരളത്തില്‍ ഉള്ളത് എന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കോര്‍പ്പറേഷനിലെ സംഭവം സൂചിപ്പിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ വകുപ്പുകളും ഇങ്ങനെയാണ്. ഞങ്ങള്‍ നിയമസഭയില്‍ മുന്നറിയിപ്പ് കൊടുത്തതാണ് ഈ പോക്കുപോയാല്‍ സംസ്ഥാനത്ത് പെന്‍ഷന്‍ കൊടുക്കാന്‍ പോലും പണം ഉണ്ടാവില്ലെന്ന്. കഴിഞ്ഞ രണ്ടു മാസമായി സാമൂഹ്യസുരക്ഷാപെന്‍ഷന്‍ മുടങ്ങികിടക്കുകയാണ്. തളര്‍ന്നു കിടക്കുന്ന രോഗികളെ പരിചരിക്കുന്നവര്‍ക്ക് യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ട് വന്ന പെന്‍ഷന്‍ ഇപ്പോള്‍ കൊടുക്കുന്നില്ല. സാമൂഹ്യസുരക്ഷാപെന്‍ഷന്‍ നല്‍കിയിരുന്ന സഹകരണ ബാങ്ക് ജീവനക്കാര്‍ക്ക് ഒരു വര്‍ഷമായി ശമ്പളം കൊടുത്തിട്ട്. പക്ഷേ, ദുര്‍ചിലവുകള്‍ ഇപ്പോഴും നടക്കുകയാണ്. ദുര്‍ചിലവ് നിയന്ത്രിക്കാന്‍ ധനകാര്യ വകുപ്പ് സര്‍ക്കുലര്‍ ഇറക്കുന്നു. ഓരോ വകുപ്പുകള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യുന്നു അതാണിപ്പോള്‍ നടക്കുന്നത്. യാതൊരു റിസള്‍ട്ടും ഇല്ലാത്ത വിദേശയാത്രകള്‍ നടക്കുന്നു. ചെലവ് കൂടുമ്പോഴും വരുമാനം കൂടുന്നില്ല. വാറ്റ് ഉണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്ന നികുതി പിരിവു സമ്പ്രദായം തന്നെയാണ് ജി..എസ്.റ്റി. കാലത്തും സര്‍ക്കാര്‍ പിന്തുടരുന്നത്. 2019 ല്‍ ഉണ്ടായ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ഇപ്പോഴും വീട് വെച്ച് കൊടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. കൊക്കയാറിലും നിലമ്പൂരിലും ആളുകള്‍ ദുരിതത്തിലാണ്. നിലമ്പൂരില്‍ നൂറ്റിഅമ്പതിലധികം ആദിവാസികള്‍ വന്യജീവിശല്യം ഭയന്ന് മരത്തിന്റെ മുകളില്‍ ആണ് താമസിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച റീ ബില്‍ഡ് കേരളയും നവകേരള നിര്‍മിതിയും എവിടെ പോയി.
സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ശമ്പളം കൊടുക്കാന്‍പോലും പണമില്ലാത്ത അവസ്ഥ. നിരവധി വകുപ്പുകളില്‍ പണമില്ലാത്തതുകൊണ്ട് പലകാര്യങ്ങളും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഈ അവസ്ഥ നിയമസഭക്ക് അകത്തുംപുറത്തും നിരവധിതവണ പ്രതിപക്ഷം മുന്‍കൂട്ടി പറഞ്ഞതാണ്. സാമ്പത്തിക മാനേജ്മെന്റില്‍ ഈ സര്‍ക്കാര്‍ ദയനീയമായി പരാജയപെട്ടിരിക്കുകയാണ്. ഒരു കാര്യത്തിലും മുന്നോട്ടുപോകാന്‍ പറ്റാത്ത അവസ്ഥ. വികസനപ്രവര്‍ത്തനങ്ങള്‍ എല്ലാം തടസപ്പെട്ടിരിക്കുന്നു. അധികാരവികേന്ദ്രീകരണം നടത്തി എന്ന് അവകാശപ്പെടുന്നവര്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കഴുത്തിന് പിടിച്ചിരിക്കുകയാണ്. രൂക്ഷമായ സാമ്പത്തിക സ്തംഭനത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. എന്നാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്രമാത്രം ആക്ഷേപം ഉണ്ടായിട്ടും കേരള വര്‍മ്മ കോളേജിലെ ഗസ്റ്റ് ലക്ച്ചര്‍ക്ക് വേണ്ടി പിന്‍വാതില്‍ നിയമനത്തിന് ശ്രമിക്കുന്നു. എത്ര വികൃതവും വികലവും ആയ കാര്യങ്ങളാണ് അവിടെ നടന്നത്. സബ്ജക്ട് എക്‌സ്‌പേര്‍ട്ടിനെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തുന്നു. ഒന്നാം റാങ്കുകാരെ പി•ാറാന്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തുക. ക്രൂരമായാണ് കേരളത്തിലെ ഉദ്യോഗാര്‍ഥികളോട് പാര്‍ട്ടിയും പോഷകസംഘടനകളും പെരുമാറുന്നത്. രണ്ടാം റാങ്ക് കിട്ടിയ ആളെ പിന്‍വാതിലിലൂടെ നിയമിക്കാന്‍വേണ്ടി വിദ്യാര്‍ത്ഥി സംഘടനകളെ പ്രയോജനപ്പെടുത്തി അവിടെ സമരം നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഉടനീളം നടത്തിയിട്ടുള്ള ഒരു ലക്ഷത്തില്‍ അധികം പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കാന്‍ ഉള്ള സമരം യു.ഡി.എഫ്. ഉം കോണ്‍ഗ്രസും ആരംഭിക്കുകയാണ്. പിന്‍വാതില്‍ നിയമനങ്ങള്‍ മുഴുവന്‍ റദ്ദാക്കി വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ നിയമനം നടത്താന്‍ സര്‍ക്കാര്‍ തയാറാവണം. സംസ്ഥാനത്ത് പിന്‍വാതില്‍ നിയമങ്ങളെ എല്ലാകാലത്തേക്കും ഇല്ലാതാക്കാനുള്ള സമര പരിപാടികള്‍ക്കു യു.ഡി.എഫ്. നേതൃത്വം നല്‍കുകയാണ്. കെ.പി.സി.സി.യുടെ പൗരവിചാരണയുടെ ഒന്നാംഘട്ടമായി സെക്രട്ടേറിയേറ്റിലും കളക്ട്രേറ്റ് കളിലേക്കും മാര്‍ച്ചുകള്‍ കഴിഞ്ഞു. രണ്ടാംഘട്ടം ആയുള്ള ബ്ലോക്ക്തലപ്രചാരണ ജാഥകള്‍ കേരളത്തിലെ ഇരുന്നൂറ്റി എന്‍പത് ബ്ലോക്കുകളില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

പുതിയ നേതൃത്വം വന്നതിനുശേഷം മുഴുവന്‍ നേതാക്കളെയും ഉള്‍കൊണ്ട് ഓരോ വിഷയങ്ങള്‍ വരുമ്പോഴുംകൂടി ആലോചനകള്‍ നടത്തിയുമാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ട് പോകുന്നത്. എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും കേരളത്തില്‍ ഇടമുണ്ട്. ഒരാളുടെ ഇടവും ഞങ്ങള്‍ ആരും കവര്‍ന്ന് എടുക്കില്ല. പക്ഷേ, ഒരുതരത്തിലും ഉള്ള സമാന്തര പ്രവര്‍ത്തനം നടത്താനോ വിഭാഗീയ പ്രവര്‍ത്തനം നടത്താനോ ആരായാലും അനുവദിക്കുന്ന പ്രശ്‌നമില്ല. കാരണം ഇനി ഒരു സമാന്തര പ്രവര്‍ത്തനത്തിനോ വിഭാഗീയ പ്രവര്‍ത്തനത്തിനോ ഉള്ള ആരോഗ്യം കേരളത്തിലെ കോണ്‍ഗ്രസിന് ഇല്ല. തുടര്‍ച്ചയായ രണ്ടാമത്തെ പരാജയത്തില്‍ വീണുപോയ കോണ്‍ഗ്രസിനെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് കൈപിടിച്ച് ഉയര്‍ത്താനുള്ള കഠിനാധ്വാനം ചെയ്യുകയാണ്. അതിന്റെ ഭാഗമായാണ് തൃക്കാക്കരയിലെയും അവസാനമായി നടന്ന തദ്ദേശതിരഞ്ഞെടുപ്പിലെയും യു.ഡി. എഫിന്റെ ഉജ്വലമായ വിജയം. വലിയ ഒരു തകര്‍ച്ചയില്‍ നിന്നും യു.ഡി.എഫ്. ഉം കോണ്‍ഗ്രസും തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ്. സംഘടനാ കാര്യങ്ങളില്‍ കെ.പി.സി.സി. പ്രസിഡന്റ് ആണ് അഭിപ്രായം പറയുന്നത്. ദൃശ്യ മാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും കോണ്‍ഗ്രസിനെ തകര്‍ക്കാനും ദുര്‍ബലപ്പെടുത്താനും ഉള്ള അജണ്ട നടപ്പിലാക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച ബലൂണുകള്‍ ഒരു സൂചികൊണ്ട് കുത്തിയാല്‍ പൊട്ടിപ്പോകും. പക്ഷേ, ഞങ്ങള്‍ ഒന്നും പൊട്ടില്ല. കാരണം ഞങ്ങള്‍ മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച ബലൂണുകള്‍ അല്ല. പോലീസും സി.പി.എം. ഉം, മാധ്യമങ്ങളും സംഘടനയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെ സംഘടനയെ ശക്തിപ്പെടുത്തി പ്രവര്‍ത്തിക്കാന്‍ ആണ് എല്ലാവരും ശ്രമിക്കേണ്ടത്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഗാര്‍ഖേ ഗവര്‍ണര്‍ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു എന്ന് മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഇല്ലാത്ത കത്തിലെ ഇല്ലാത്ത ഉള്ളടക്കം പറഞ്ഞ് കെ.പി.സി.സി. പ്രസിഡന്റിനെയും പ്രതിപക്ഷനേതാവിനെയും തമ്മില്‍ തെറ്റിക്കാനുള്ള ശ്രമം മാധ്യമങ്ങള്‍ നടത്തി. ഇതെല്ലാം കേരളത്തിലെ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള അജണ്ടയുടെ ഭാഗമാണ്. ഇല്ലാത്ത വാര്‍ത്തകള്‍ ശൂന്യതയില്‍നിന്നും സൃഷ്ടിച്ച് കോണ്‍ഗ്രസിനെ അവഹേളിക്കുന്നു. ഇല്ലാത്ത വാര്‍ത്തകള്‍ നല്‍കിയാല്‍ മാധ്യമങ്ങളുടെ വിശ്വാസ്യത ആണ് നഷ്ടപ്പെടുത്തുന്നത്. യു.ഡി.എഫിലെ ഘടക കക്ഷികള്‍ എക്കാലവും വളരെ സ്‌നേഹപൂര്‍വ്വമുള്ള സമീപനമാണ് കോണ്‍ഗ്രസ് നേതാക്ക•ാരോട് സ്വീകരിച്ചിരിക്കുന്നത്. പ്രത്യേകിച്ച് പാണക്കാട് കുടുംബവുമായി എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഹൃദയബന്ധമുണ്ട്. കോണ്‍ഗ്രസും ഘടകകഷികളും പോഷകസംഘടനകളും പിണറായി സര്‍ക്കാരിനെതിരെ പോര്‍മുഖത്ത് നില്‍ക്കുമ്പോള്‍ ചര്‍ച്ചയുടെ ഫോക്കസ് മാറ്റുന്നത് ആരുടെ അജണ്ട ആണെന്നു പരിശോധിക്കണം. ഒരു കൂട്ടം മാധ്യമങ്ങള്‍ ഇതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.