പരിസ്ഥിതി സൗഹൃദക്വാറികളോ?

1128
0

ബാലചന്ദ്രന്‍ അമ്പലപ്പാട്ട്‌

വന്നുപോകുന്ന എല്ലാ സര്‍ക്കാരുകളും കൂടെക്കൂടെ പരിസ്ഥിതി സൗഹൃദമെന്ന് ആണയിട്ടു പറയുന്ന ഒട്ടുമുക്കാല്‍ പദ്ധതികളും അങ്ങനെയല്ലെന്നു കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പശ്ചിമഘട്ടസംരക്ഷണത്തിന് ഗാഡ്ഗില്‍ സമര്‍പ്പിച്ച പ്രകൃതിസൗഹൃദ നടപടി ക്രമങ്ങളെ ഒരു വിഭാഗം ജനങ്ങളുടെ പ്രകൃതി ചൂഷണത്തിനായി തള്ളിക്കളഞ്ഞവര്‍ ഇന്നും തിരുത്താന്‍ തയ്യാറായിട്ടില്ല.
കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ കേരളത്തില്‍ 5924 പാറമടകളുണ്ടത്രെ. ഇതില്‍ വളരെ കുറച്ചെണ്ണം മാത്രമാണ് നിയമാനുസൃതമുള്ളത്. ബാക്കിയെല്ലാം രാഷ്ട്രീയ ഒത്താശയോടെ നാടിന്റെ ഉറക്കം കെടുത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്നു.ഇവരെ സംബന്ധിച്ചിടത്തോളം ഇതെല്ലാം പ്രകൃതിസൗഹൃദങ്ങളാണ്. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മണലൂറ്റാനില്ലാത്തതിനാല്‍ പാറഖനനം നിരോധിക്കാനുമാവില്ലെന്നാണ് വാദം. നിരോധിക്കേണ്ട, നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.

പാറയുടെ ഉപയോഗത്തിലെ ധൂര്‍ത്ത് അവസാനിപ്പിച്ചാല്‍ യഥാര്‍ത്ഥ ഉപയോഗത്തിന് നിയമാനുസരണം പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ തന്നെ ധാരാളമാണ്. പശ്ചിമഘട്ടത്തിലെ തുടര്‍ച്ചയായ ഖനനവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ ഉരുള്‍പൊട്ടലിനും മലയിടിച്ചിലിനും കാരണമാകുമെന്ന് രണ്ടാമത്തെ പ്രളയവും തെളിവായി മുന്നിലുള്ളപ്പോള്‍ പശ്ചിമഘട്ടം തകരാന്‍ അനുവദിക്കരുത്.