തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതി പ്രവീണിന്റെ മൊഴി പുറത്ത്.

49
0

രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങൾ ​ഗായത്രി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടതാണ് കാെലയ്ക്ക് കാരണമായതെന്ന് പ്രവീൺ പറഞ്ഞു. എന്നാൽ പ്രവീണിന്റെ മൊഴി തന്നെയാണോ കൊലപാതകത്തിന് കാരണമെന്നതിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രവീണിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

കാട്ടാക്കട കള്ളിക്കാട്‌ വീരണകാവ്‌ സ്വദേശി പരേതനായ മാരിയപ്പന്റെയും സുജാതയുടെയും മകൾ ഗായത്രി(25)യാണ്‌ തമ്പാനൂർ അരിസ്റ്റോ ജങ്‌ഷനിലെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ടത്‌. പ്രമുഖ ജ്വല്ലറിയിലെ ഡ്രൈവറായിരുന്ന പ്രവീണും റിസപ്‌ഷനിസ്റ്റായിരുന്ന ഗായത്രിയും തമ്മിൽ അടുപ്പത്തിലായിരുന്നു. വിവാഹിതനും രണ്ട്‌ മക്കളുടെ അച്ഛനുമായ പ്രവീണിന്റെ ഭാര്യ ഇവരുടെ ബന്ധത്തെ എതിർക്കുകയും ജ്വല്ലറിയിൽ എത്തി പ്രശ്‌നമുണ്ടാക്കുകയും ചെയ്‌തു. ഇതേ തുടർന്ന്‌ ഗായത്രി ജോലി ഒഴിവാക്കി. പ്രവീണിനെ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലേക്ക്‌ സ്ഥലം മാറ്റി. ഇതിനിടെയാണ്‌ ശനി രാവിലെ തമ്പാനൂർ അരിസ്റ്റോ ജങ്‌ഷനിലുള്ള ഹോട്ടലിൽ പ്രവീൺ മുറിയെടുത്തത്‌. ഉച്ചയോടെ ഗായത്രിയുമെത്തി. രാത്രിവരെ ഇരുവരും സ്ഥലത്തുണ്ടായിരുന്നതായി ഹോട്ടൽ ജീവനക്കാർ പറഞ്ഞു. മുറി പൂട്ടി പുറത്തുപോയ പ്രവീൺ പുലർച്ചെ ഹോട്ടലിൽ വിളിച്ച്‌ ഗായത്രി മരിച്ചതായി അറിയിച്ചു. ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന്‌ പൊലീസ്‌ എത്തി മുറി തുറന്ന്‌ നോക്കിയപ്പോഴാണ്‌ മൃതദേഹം കണ്ടത്‌.

ഗായത്രിയുമായുള്ള ബന്ധം രഹസ്യമാക്കി വെക്കാനാണ് പ്രവീൺ ആ​ഗ്രഹിച്ചിരുന്നത്. ഭാര്യയെ ഉപേക്ഷിച്ച് ​ഗായത്രിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും അതിന് തയ്യാറായില്ല. എന്നാൽ ​ഗായത്രി തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധം പിടിച്ചു. ഒടുവിൽ 2021 ഫെബ്രുവരിയിൽ തിരുവനന്തപുരത്തെ പള്ളിയിൽ വെച്ച് ​​താലി കെട്ടി. ഈ ചിത്രങ്ങൾ ഇരുവരും രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ വെച്ചുണ്ടായ തർക്കത്തോടെ ​ഗായത്രി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു. ഇതോടെ പ്രകോപിതനായ താൻ ​ഗായത്രിയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രവീൺ പൊലീസിനോട് പറഞ്ഞത്.
കൊലപാതകശേഷം കൊല്ലത്തേക്ക്‌ കടന്ന പ്രവീൺ ഞായർ പകൽ അഭിഭാഷകനൊപ്പം പരവൂർ പൊലീസ്‌ സ്റ്റേഷനിൽ കീഴടങ്ങാനെത്തിയപ്പോൾ തമ്പാനൂർ ഷാഡോ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.മകളെ കാണാതായതോടെ ഗായത്രിയുടെ അമ്മ കാട്ടാക്കട പൊലീസ്‌ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ്‌ പുലർച്ചെ ഗായത്രിയുടെ മരണവിവരം പുറത്തറിഞ്ഞത്‌. തമ്പാനൂർ പൊലീസ്‌ സ്റ്റേഷനിലെത്തിച്ച പ്രതിയെ തിങ്കൾ കോടതിയിൽ ഹാജരാക്കും