ചിത്രാഞ്ജലിയിലെ പടുകൂറ്റന്‍ സെറ്റ് കാണാന്‍ സംവിധായകന്‍ വിനയന്‍ ഇന്നെത്തും (21.12.2021)

57
0

നിഗൂഡതകള്‍ ഒളിഞ്ഞിരിക്കുന്ന പടുകൂറ്റന്‍ സെറ്റ് കാണാന്‍ സംവിധായകന്‍ വിനയന്‍ ഇന്ന് ചിത്രജ്ഞലി സ്റ്റുഡിയോയിൽ എത്തുo (21.12.2021). പ്രശസ്ത ബ്ലോഗളും കലാസംവിധായകനുമായ അനില്‍ കുമ്പഴ ആദ്യമായി സംവിധാനം ചെയ്യുന്ന പള്ളിമണി എന്ന സിനിമയ്ക്കു വേണ്ടി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ അരക്കോടി ചെലവിട്ടു നിര്‍മിച്ച സെറ്റ് കാണാനാണ് വിനയന്‍ എത്തുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ ബിഗ് ബജറ്റ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്കിടയിലാണ് വിനയന്‍ ഈ സെറ്റിനെ കുറിച്ച് അറിഞ്ഞത്. ഏറെ സസ്‌പെന്‍സും നിഗൂഡതകളും നിറഞ്ഞ സെറ്റാണ് ഇതെന്ന് വാര്‍ത്തകളിലൂടെ അറിഞ്ഞതോടെ ത്രീഡി, ഹൊറര്‍, ചരിത്ര സിനിമകള്‍ എടുത്ത വിനയന് സെറ്റ് കാണാനുള്ള ആകാംഷയായി.

പത്തൊമ്പതാം നൂറ്റാണ്ട്, ആകാശ ഗംഗ, ലിറ്റില്‍ സൂപ്പര്‍മാന്‍, ഡ്രാക്കുള, യക്ഷിയും ഞാനും, അതിശയന്‍, അത്ഭുത ദ്വീപ്, വാര്‍ ആന്‍ഡ് ലൗ, തുടങ്ങിയ വിനയന്‍ ചിത്രങ്ങള്‍ക്ക് പടുകൂറ്റന്‍ സെറ്റുകളാണ് ഒരുക്കിയിരുന്നത്. ഈ സിനിമകളുടെ വന്‍ വിജയത്തിന്റെ വഴിയൊരുക്കിയതില്‍ പടുകൂറ്റന്‍ സെറ്റ് നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇന്ത്യ-പാകിസ്ഥാന്‍ തീവ്രവാദ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമായിരുന്നു ദിലീപ് നായകനായ വാര്‍ ആന്‍ഡ് ലൗ. അതിന്റെ സെറ്റും ഏറെ ശ്രദ്ധേയമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ബിഗ് ബജറ്റ് ചിത്രത്തിനും വലിയൊരു സെറ്റാണ് ഒരുക്കിയത്. ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

ഒരു സൈക്കോ ത്രില്ലര്‍ സിനിമയാണ് പള്ളിമണി. യാത്രയ്ക്കിടെ വഴിതെറ്റി എത്തുന്ന ഒരു കുടുംബം ഈ പള്ളിയില്‍ വന്നുചേരുകയും ഒരു രാത്രി അവിടെ ഉണ്ടാകുന്ന സംഭവവിവാകസങ്ങളാണ് ചിത്രം പറയുന്നത്. ഒരു ഹൊറര്‍ മോഡലിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആരാധനയൊന്നും ഇല്ലാതെ കാടുപിടിച്ചു കിടക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയിലാണ് ചിത്രത്തിന്റെ പ്രധാന കഥാഭാഗങ്ങള്‍ നടക്കുന്നത്. ഇതിനായാണ് അരക്കോടി ചെലവിട്ട് കൂറ്റന്‍ സെറ്റൊരുക്കിയിരിക്കുന്നത്. പള്ളിയുടെ അകത്തളം ചിത്രാഞ്ജലി സ്റ്റുഡിയോ ഫ്‌ളോറിലും പുറംവശം സ്റ്റുഡിയോക്കു പുറത്തുമായാണ് ഒരുക്കിയിരിക്കുന്നത്.

40ഓളം കലാകാരന്‍മാര്‍ 17 ദിവസം കൊണ്ടാണ് ഈ കൂറ്റന്‍ സെറ്റൊരുക്കിയത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിക്കു വേണ്ടിയായിരുന്നു നേരത്തെ കൂറ്റന്‍ സെറ്റ് ചിത്രാഞ്ജലിയില്‍ ഒരുക്കിയിരുന്നത്. എന്നാല്‍ ഇത്രയും വലിയ ബജറ്റില്‍ ചിത്രാഞ്ജലിയില്‍ സെറ്റൊരുങ്ങുന്നത് ഇതാദ്യമായാണ്. സജീഷ് താമരശ്ശേരിയുടെ നേതൃത്വത്തിലുള്ള പ്രഗത്ഭരായ കലാകാരന്‍മാരാണ് ഈ സെറ്റ് തയാറാക്കിയത്.

ഏറെ നിഗൂഡതകള്‍ നിറഞ്ഞ സിനിമയാണ് പള്ളിമണി. ആ സെറ്റ് കാണുന്ന ഏതൊരാള്‍ക്കും അത് മനസിലാകും. പള്ളിയുടെ ഓരോ ഇടനാഴിയിലും സംവിധായകന്‍ സസ്‌പെന്‍സ് ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകര്‍ക്ക് ശ്വാസം അടക്കിയിരുന്നു കാണാവുന്ന ഒരു സിനിമയായിരിക്കും പള്ളിമണി എന്നതില്‍ സംശയം വേണ്ട.

ശ്വേതാ മേനോന്‍, നിത്യാദാസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. നിത്യാദാസ് 14 വര്‍ഷത്തിനു ശേഷം വെള്ളിത്തിരയിലേക്ക് നായികാ പദവിയിലേക്ക് തിരിച്ചു വരുന്നൊരു സിനിമ കൂടിയാണ് പള്ളിമളി. കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.

എല്‍എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ാണ് ചിത്രം നിര്‍മിക്കുന്നത്. കഥ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത് കെ. വി. അനിലാണ്. ഛായാഗ്രഹണം അനിയന്‍ ചിത്രശാല. നാരായണന്റെ വരികള്‍ക്ക് ശ്രീജിത്ത് രവി സംഗീതം പകര്‍ന്ന് വിനീത് ശ്രീനിവാസന്‍ ആലപിച്ച മനോഹരമായ ഗാനവും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. വസ്ത്രാലങ്കാരം ബ്യൂസി ബി ജോണ്‍,മേക്കപ്പ് പ്രദീപ് വിധുര,എഡിറ്റിംഗ് ആനന്ദു എസ് വിജയി, സ്റ്റില്‍സ് ഷാലു പേയാട്, ത്രില്‍സ് ജിറോഷ്, പ്രൊജക്റ്റ് ഡിസൈനര്‍ രതീഷ് പല്ലാട്ട്, അനുകുട്ടന്‍, ജോബിന്‍ മാത്യു, ഡിസൈനര്‍ സേതു ശിവാനന്ദന്‍. വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്, സുനിത സുനില്‍.