ഇടതുവലത് ഭരണത്തില്‍

696
0

ഇടതുവലത് ഭരണത്തില്‍ കേരളത്തില്‍ നടക്കുന്നത് മസ്തിഷ്‌ക ചോര്‍ച്ചയും പ്രക്ഷാളനവും: കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍

തിരുവനന്തപുരം: ഇടതും വലതും മാറിമാറി ഭരിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ സംഭവിക്കുന്നത് മസ്തിഷ്‌ക ചോര്‍ച്ചയും പ്രക്ഷാളനവുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍. ഇടതുസര്‍ക്കാര്‍ പിന്‍വാതിലിലൂടെ പാര്‍ട്ടി അണികളെയും ക്രിമിനിലുകളെയും നിയമവിരുദ്ധമായി സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിയമിച്ചതുകൊണ്ട് കഴിവുള്ള കേരളത്തിന്റെ യുവത്വം നിലനില്‍പ്പിനായി വിദേശങ്ങളിലേക്ക് കുടിയേറുന്നു. പുതിയ വ്യവസായങ്ങള്‍ ഒന്നും തന്നെ ആരംഭിക്കുന്നില്ല. ഉള്ളവയെ അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് നശിപ്പിക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ യുവാക്കള്‍ തൊഴില്‍തേടി വിദേശങ്ങളിലേക്ക് പോവുക സ്വാഭാവികമാണ്. അങ്ങനെ നമ്മുടെ മസ്തിഷ്‌ക ചോര്‍ച്ച സംഭവിക്കുകയാണ്.
ക്രിമിനലുകള്‍ക്കും സിപിഎം ഗുണ്ടകള്‍ക്കും സര്‍ക്കാര്‍ ഒത്താശയോടെ പോലീസില്‍ പോലും ജോലി ലഭിക്കുന്നു. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ യുവാക്കളെ വെല്ലുവിളിക്കുകയാണ്. സ്വര്‍ണ-ഡോളര്‍ കടത്ത് കേസിലെ മുഖ്യപ്രതിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രിമാരുമായും നിയമസഭ സ്പീക്കറുമായും അടുത്ത ബന്ധമാണുള്ളത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഈ കേസിലെ മറ്റൊരു പ്രധാനപ്രതിയാണ്. അന്വേഷണം തനിക്കു നേരെ നീളുമോ എന്ന ഭയത്തിലാണ് മുഖ്യമന്ത്രി കേരള പോലീസിനെ ഉപയോഗിച്ച് എന്‍ഫോഴ്‌സ്‌മെന്റിനെതിരെ കേസെടുപ്പിച്ചത്. തെറ്റുകാരനല്ലെങ്കില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ അന്വേഷണത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും എന്തിന് ഭയപ്പെടുന്നു എന്നും അനുരാഗ് ഠാക്കൂര്‍ ചോദിച്ചു.
കേന്ദ്രപദ്ധതികളും കേന്ദ്രം നല്‍കുന്ന പണവും സംസ്ഥാനത്തിന്റെ പുരോഗതിക്കായി പിണറായി സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നില്ല. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വിജയിച്ചെങ്കിലും കേരളം പരാജയപ്പെട്ടു. കേരളസര്‍ക്കാര്‍ ഇതുസംബന്ധിച്ച് വിദേശരാജ്യങ്ങളിലെ വിദേശ ഏജന്‍സികള്‍ വഴി പരസ്യം ചെയ്യുന്നതല്ലാതെ ജനങ്ങളെ രക്ഷിക്കാന്‍ ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ല. കേരളത്തില്‍ നടക്കുന്നത് അഴിമതി മാത്രമാണ്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കമ്പനിയുമായി കരാറിലേര്‍പ്പെട്ടതിലൂടെ വന്‍ അഴിമതിക്കാണ് സര്‍ക്കാര്‍ കളമൊരുക്കിയത്.
കേന്ദ്രം ഇക്കഴിഞ്ഞ ഏഴുവര്‍ഷവും കേരളത്തെ കൈ അയച്ച് സഹായിച്ചു. നല്‍കാവുന്നതിന്റെ പരമാവധി ആനുകൂല്യങ്ങളും സഹായങ്ങളും നല്‍കി. കുടിവെള്ള വിതരണത്തിന് ജല്‍ജീവന്‍ പദ്ധതി, എല്ലാ പാവപ്പെട്ട സ്ത്രീകള്‍ക്കും ഉജ്ജ്വല്‍ യോജന വഴി ഗ്യാസ് കണക്ഷന്‍, കോവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍, പാവപ്പെട്ട സ്ത്രീകള്‍ക്ക് 1500 രൂപ എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് കേന്ദ്രം ചെയ്തത്. യുപിഎ ഭരണകാലത്ത് ഫിനാന്‍സ് കമ്മീഷന്റെ ഗ്രാന്റ് 29,841 കോടിയാണ് നല്‍കിയതെങ്കില്‍ എന്‍ഡിഎ ഭരണത്തില്‍ 71,713 കോടി രൂപയാണ് നല്‍കിയത്. റവന്യൂ കമ്മി നികത്താന്‍ യുപിഎ സര്‍ക്കാര്‍ 15,297 കോടി രൂപ നല്‍കിയപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ 44,856 കോടി രൂപയാണ് കേരളത്തിന് നല്‍കിയത്. ദുരന്തനിവാരണത്തിന് യുപിഎ കാലത്ത് 602 കോടിരൂപ നല്‍കിയെങ്കില്‍ മോദി സര്‍ക്കാര്‍ 1800 കോടിരൂപ നല്‍കി. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി പതിനായിരം രൂപ ലഭിക്കാത്ത നിരവധി ആള്‍ക്കാള്‍ ഇപ്പോഴും കേരളത്തിലുണ്ട്.
അഴിമതി സാര്‍വത്രികമാക്കിയതിനൊപ്പം ഈ ഹിന്ദുവിരുദ്ധ സര്‍ക്കാര്‍ പ്രത്യേക മതവിഭാഗത്തെ പ്രീതിപ്പെടുത്തുകയാണ്. മതാചാരമായ ഹലാല്‍ പിന്തുടരാന്‍ ഇതരമതസ്ഥരെയും നിര്‍ബന്ധിക്കുന്നു. കേരളത്തിന്റെ പാരമ്പര്യവും പൈതൃകവും സംസ്‌കാരവും നശിപ്പിക്കാനാണ് നീക്കം. ശബരിമലയിലെ ആചാരലംഘനം അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ഭീകരപ്രവര്‍ത്തനമായ ലൗ ജിഹാദ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ദേശസുരക്ഷയ്ക്ക് ഭീഷണിയായ സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന് ഭീഷണിയായ അവര്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.