ആരോഗ്യ ഇൻഷുറൻസ് സ്കീം

535
0

അതിഥി തൊഴിലാളികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് സ്കീമിൽ ഇതുവരെ അംഗമായത് അഞ്ച് ലക്ഷത്തിലധികം പേർ

അതിഥി തൊഴിലാളികൾക്കായുള്ള ആരോഗ്യ ഇൻഷുറൻസ് സ്കീം “ആവാസ് “- ൽ ഇതുവരെ അംഗമായത് 5,09,451 പേർ. ഇൻഷുർ ചെയ്യപ്പെടുന്ന ഓരോ വ്യക്തിക്കും രണ്ടുലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ് ക്ലെയിമോടെ ആണ് ആരോഗ്യ ഇൻഷുറൻസ് സ്കീം നടപ്പാക്കിയിട്ടുള്ളതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

കോട്ടയം ജില്ലയിലെ പായിപ്പാട്, എറണാകുളം ജില്ലയിലെ ബംഗാൾ കോളനി, പാലക്കാട് ജില്ലയിലെ പട്ടാമ്പി എന്നിവിടങ്ങളിൽ ഗസ്റ്റ് വർക്കേഴ്സ് ഫ്രണ്ട്‌ലി റസിഡൻസ് ഇൻ കേരള എന്ന പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിക്കും.
തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ കൂടുതൽ തൊഴിൽദായക കേന്ദ്രങ്ങൾ സ്ഥാപിക്കും. ഡിജിറ്റൽ ഡാറ്റ അടിസ്ഥാനത്തിൽ 37.9 ലക്ഷം തൊഴിലന്വേഷകരുടെ ഒരു ഇ – എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർക്കായി പരിശീലനവും സ്വയംതൊഴിൽ പരിപാടികളും, കുടിയേറ്റ തൊഴിലാളികളുടെ രജിസ്ട്രേഷനായി ഒരു മൊബൈൽ ആപ്പ്, അഗ്രഗേറ്റർ മാതൃകയിൽ ഒരു ഓൺലൈൻ ടാക്സി സേവനം എന്നിവയാണ് വകുപ്പ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രധാന സംരംഭങ്ങളിൽ ചിലത്.

പട്ടികയിൽ ഉൾപ്പെട്ട 9 തൊഴിൽ മേഖലകളിലെ ഏറ്റവും കുറഞ്ഞ കൂലി നിരക്കുകൾ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഉൽപാദനക്ഷമത വർധിപ്പിക്കാനും തൊഴിലാളികളുടെ തൊഴിൽ നൈപുണ്യം ഉയർത്താനുമായി 15 തൊഴിൽമേഖലകളിൽ “തൊഴിലാളി ശ്രേഷ്ഠ” അവാർഡ് നൽകുന്നതിനായി സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.